UPDATES

വായിച്ചോ‌

ശശികലയുടെ പോസ്റ്ററുകള്‍ വലിച്ചുകീറിയ എഐഎഡിഎംകെ പ്രവര്‍ത്തകനെ തമിഴ്‌നാട് മന്ത്രി തല്ലിച്ചതച്ചു

ഇന്ന് നടന്ന എഐഎഡിഎംകെ എംഎല്‍എമാരുടെ യോഗത്തിന് തൊട്ടുമുമ്പായിരുന്നു സംഭവം

നിയുക്ത തമിഴ്‌നാട് മുഖ്യമന്ത്രിയും എഐഎഡിഎംകെ ജനറല്‍ സെക്രട്ടറിയുമായ ശശികല നടരാജന്റെ പോസ്റ്ററുകള്‍ വലിച്ചുകീറിയ പാര്‍ട്ടി പ്രവര്‍ത്തകനെ മന്ത്രി രാജേന്ദ്ര ബാലാജിയുടെ നേതൃത്വത്തില്‍ തല്ലിച്ചതച്ചു. ഇന്ന് നടന്ന എഐഎഡിഎംകെ എംഎല്‍എമാരുടെ യോഗത്തിന് തൊട്ടുമുമ്പായിരുന്നു സംഭവം.

ഇന്ന് രാവിലെ ചെന്നൈയില്‍ വച്ചാണ് സംഭവം. ന്യൂസ് എക്‌സ് ആണ് ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തുവിട്ടത്. ഇതോടെ സംഭവം വിവാദമായിരിക്കുകയാണ്. മന്ത്രിയെക്കൂടാതെ നാലഞ്ച് പേര്‍ ചേര്‍ന്നാണ് ഇയാളെ മര്‍ദ്ദിച്ചത്. അതേസമയം ഈ ദൃശ്യത്തിന്റെ വിശ്വാസ്യത എഐഎഡിഎംകെ വക്താവ് സി രാജശേഖരന്‍ ചോദ്യം ചെയ്തു.

അതേസമയം പോസ്റ്റര്‍ വലിച്ചു കീറിയത് എഐഎഡിഎംകെ പ്രവര്‍ത്തകന്‍ തന്നെയാണോയെന്ന് തനിക്ക് സംശയമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഈ വ്യക്തി ആരാണെന്നും ആര് പറഞ്ഞിട്ടാണ് പോസ്റ്ററുകള്‍ വലിച്ചുകീറിയതെന്നും പോലീസ് അന്വേഷിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഈ ദൃശ്യങ്ങള്‍ എവിടെ വച്ചാണ് ഷൂട്ട് ചെയ്തതെന്ന് തനിക്കറിയില്ലെന്നും അദ്ദേഹം അറിയിച്ചു. ഇതേക്കുറിച്ചെല്ലാം അന്വേഷണം വേണമെന്നാണ് അദ്ദേഹത്തിന്റെ ആവശ്യം.

മുമ്പും ഇത്തരത്തിലുള്ള സംഭവങ്ങളുണ്ടായിട്ടുണ്ടെങ്കിലും പാര്‍ട്ടിക്കുള്ളിലെ അച്ചടക്കം മൂലം അതിന്റെയെല്ലാം വാസ്തവം കണ്ടെത്തപ്പെട്ടിട്ടുണ്ട്. പാര്‍ട്ടിക്ക് പുറത്തുള്ളവരെ പാര്‍ട്ടിയ്ക്കുള്ളിലെ വിഷയങ്ങളില്‍ ഇടപെടാന്‍ അനുവദിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ശശികലയെ മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കുന്നത് എംഎല്‍എമാരുടെ അവകാശമാണെന്നും അദ്ദേഹം പറഞ്ഞു.

ശശികലയെ മുഖ്യമന്ത്രിയാക്കാന്‍ ജനങ്ങളുടെ ഭാഗത്തു നിന്നും ശക്തമായ ആവശ്യം ഉയര്‍ന്നിരുന്നതായി മറ്റൊരു പാര്‍ട്ടി വക്താവ് അപ്‌സര റെഡ്ഡി അറിയിച്ചു. ആരും പനീര്‍സെല്‍വത്തെ വിലകുറച്ച് കാണുന്നില്ലെന്നും അദ്ദേഹം നല്ല മുഖ്യമന്ത്രിയാണെന്നും എന്നാല്‍ തങ്ങള്‍ക്കെല്ലാവര്‍ക്കും മുഖ്യമന്ത്രിയായി ചിന്നമ്മയെ വേണമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍