UPDATES

ഓഫ് ബീറ്റ്

മണ്ടേലയോടൊപ്പം തടവില്‍ കഴിഞ്ഞ പ്രമുഖ വര്‍ണവിവേചന വിരുദ്ധ നേതാവ് അഹമ്മദ് കത്രാഡ അന്തരിച്ചു

‘അങ്കിള്‍ കാത്തി’ എന്ന് സ്‌നേഹപൂര്‍വം അഭിസംബോധന ചെയ്യപ്പെടുന്ന അദ്ദേഹം 26 വര്‍ഷം തടവില്‍ കഴിഞ്ഞു

നെല്‍സണ്‍ മണ്ടേലയോടൊപ്പം തടവില്‍ കഴിഞ്ഞ പ്രമുഖ വര്‍ണവിവേചന വിരുദ്ധ നേതാവ് അഹമ്മദ് കത്രാഡ അന്തരിച്ചു. അദ്ദേഹത്തിന് 87 വയസായിരുന്നു. മണ്ടേലയോടൊപ്പം ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട ആഫ്രിക്കന്‍ നേതാവായിരുന്നു അദ്ദേഹം. ‘അങ്കിള്‍ കാത്തി’ എന്ന് സ്‌നേഹപൂര്‍വം അഭിസംബോധന ചെയ്യപ്പെടുന്ന അദ്ദേഹം വര്‍ണ്ണവെറിയന്‍ സര്‍ക്കാരിന്റെ കീഴില്‍ 26 വര്‍ഷം തടവില്‍ കഴിഞ്ഞു. ഇപ്പോഴത്തെ പ്രസിഡന്റ് ജോക്കബ് സുമയുടെ കടുത്ത വിമര്‍ശകനായാണ് കത്രാഡ അറിയപ്പെടുന്നത്.

ഇന്ത്യയില്‍ നിന്നും കുടിയേറിയ മാതാപിതാക്കളുടെ മകനായി 1929ല്‍ ജനിച്ച കത്രാഡ ദക്ഷിണാഫ്രിക്കന്‍ യുവ കമ്മ്യൂണിസ്റ്റ് ലീഗിന്റെ ലഘുലേഖകള്‍ വിതരണം ചെയ്തുകൊണ്ട് തന്റെ പന്ത്രണ്ടാം വയസ്സില്‍ തന്നെ രാഷ്ട്രീയ പ്രവര്‍ത്തനം ആരംഭിച്ചു. ഒരു ദശാബ്ദം നീണ്ടു നിന്ന സര്‍ക്കാര്‍ വിരദ്ധ പ്രവര്‍ത്തനങ്ങളുടെ പേരില്‍ മണ്ടേല, വാള്‍ട്ടര്‍ സിസുലു, ഗോവന്‍ എംബെകി തുടങ്ങിയ പ്രമുഖ എഎന്‍സി നേതാക്കള്‍ക്കൊപ്പം 1964ല്‍ അദ്ദേഹത്തെ ജീവപര്യന്തം കഠിന തടവിന് ശിക്ഷിച്ചു. വര്‍ണവെറിയന്‍ സര്‍ക്കാരിന്റെ ഏറ്റവും കുപ്രസിദ്ധ ജയിലായ റോബന്‍ ദ്വീപുകളില്‍ അദ്ദേഹം 18 വര്‍ഷം ശിക്ഷ അനുഭവിച്ചു. 1982ല്‍ പോള്‍മൂര്‍ ജയിലിലേക്ക് മാറ്റിയ അദ്ദേഹത്തെ 26 വര്‍ഷത്തെ തടവ് ജീവിതത്തിന് ശേഷം 60-ാം വയസില്‍ 1989 ഒക്ടോബര്‍ 15ന് മോചിപ്പിച്ചു.

ഈ മാസം ജോഹന്നാസ്ബര്‍ഗിലെ ആശുപത്രിയില്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായ അദ്ദേഹം ഇന്നലെ രാവിലെ പ്രാദേശിക സമയം ആറുമണിയോടെയാണ് അന്തരിച്ചത്. കത്രാഡയ്ക്ക് ഔദ്ധ്യാഗിക ബഹുമതിയോടെ യാത്ര അയപ്പ് നല്‍കുമെന്നും അതുവരെ ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടുമെന്നും പ്രസിഡന്റ് ജേക്കബ് സുമ അറിയിച്ചു. ന്യൂനപക്ഷമായ വെള്ളക്കാരുടെ ഭരണത്തിനെതിരെ ലോക വികാരം ഉയര്‍ത്തിക്കൊണ്ടു വരുന്നതില്‍ നിര്‍ണായ സംഭാവനകള്‍ നല്‍കിയ ആളാണ് കത്രാഡ എന്ന് നോബല്‍ സമ്മാന ജേതാവ് ബിഷപ് ഡെസ്മണ്ട് ടുട്ടു പറഞ്ഞു.

ന്യൂനപക്ഷമായ വെള്ളക്കാരുടെ സര്‍ക്കാരിന്റെ വംശീയ അനീതികള്‍ക്കെതിരെ പോരാടുന്നതിനായി ജീവിതം ഉഴിഞ്ഞുവെച്ച കത്രാഡ, ആഫ്രിക്കന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ ഏറ്റവും മുതിര്‍ന്ന നേതാവായിരുന്നു. സുമ സര്‍ക്കാരിനെതിരായ അഴിമതി ആരോപണങ്ങള്‍ രൂക്ഷമായപ്പോഴാണ് അദ്ദേഹം ഇപ്പോഴത്തെ സര്‍ക്കാരിനെതിരെ തിരിഞ്ഞത്. നാട്ടിന്‍പുറത്തുള്ള സുമയുടെ വീട് മോടിപിടിപ്പിക്കുന്നതിന് സര്‍ക്കാര്‍ പണം ദുരുപയോഗം ചെയ്തുവെന്നും ധനകാര്യ കമ്പോളത്തില്‍ അസ്ഥിരത സൃഷ്ടിക്കുന്നതിനായി കാബിനറ്റ് നിയമനങ്ങളില്‍ വെള്ളം ചേര്‍ത്തു എന്നുമുള്ള ആരോപണങ്ങളെ തുടര്‍ന്ന് ജേക്കബ് സുമ രാജി വെക്കണമെന്ന് കഴിഞ്ഞ വര്‍ഷം അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍