UPDATES

തമിഴകത്ത് ഒരുങ്ങുന്നത് ബിജെപി തിരക്കഥ; അന്തിമലക്ഷ്യം ദ്രാവിഡ കക്ഷികളുടെ പതനം

കോണ്‍ഗ്രസ്സിന്റെ അനുഭവം അറിയാവുന്ന ബി ജെപി അനുകൂലമായ സാഹചര്യം ഒരുങ്ങി വരുന്നത് കാത്തിരിക്കുകയായിരുന്നു

അനധികൃത സ്വത്ത് സമ്പാദനകേസില്‍ ശശികല നടരാജന്‍ ജയിലില്‍ പോകാന്‍ തയാറെടുക്കുമ്പോള്‍ തമിഴക രാഷ്ട്രീയം മറ്റൊരു വഴിത്തിരിവിലേക്ക് നീങ്ങുകയാണ്. ജയലളിതയെ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് മുതല്‍ നാടകീയമായ സംഭവങ്ങള്‍ക്കാണ് തമിഴ്നാട് സാക്ഷ്യം വഹിച്ചത്. അത് എഐഎഡിഎംകെയുടെ ആഭ്യന്തര വിഷയങ്ങള്‍ മാത്രമായിരുന്നതുകൊണ്ട് ഡിഎംകെയോ കേന്ദ്രം ഭരിക്കുന്ന ബിജെപിയോ വലിയ താത്പര്യം കാണിച്ചിരുന്നില്ല. എന്നാല്‍ ജയലളിതയുടെ മരണ ശേഷം ശശികലയുടെ മുഖ്യമന്ത്രി മോഹം പുറത്തു വന്നതോടെ തെക്കേ ഇന്ത്യയില്‍ കര്‍ണ്ണാടകയില്‍ മാത്രം ഒതുങ്ങിക്കഴിയുന്ന ബിജെപി ഒരു സുവര്‍ണ്ണാവസരം മുന്നില്‍ കാണുകയായിരുന്നു. മുന്‍ ബിജെപി നേതാവായ തമിഴ്നാട് ഗവര്‍ണ്ണര്‍ വിദ്യാസഗാര്‍ റാവുവിലൂടെ തങ്ങളുടെ തന്ത്രങ്ങള്‍ നടപ്പിലാക്കാന്‍ കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടി കരുക്കള്‍ നീക്കി തുടങ്ങി. അതാണ് ഭരണാ പ്രതിസന്ധിയായും എഐഎഡിഎംകെയിലെ അന്തഃഛിദ്രമായും ഇപ്പോള്‍ കണ്ടുകൊണ്ടിരിക്കുന്നത്. എന്തായാലും ഈ രാഷ്ട്രീയ ചതുരംഗത്തില്‍ അന്തിമ വിജയം പ്രതീക്ഷിക്കുകയാണ് ബിജെപി.

ബിജെപി തമിഴ്നാട്ടില്‍ പയറ്റാന്‍ പോകുന്നത് രണ്ട് തന്ത്രങ്ങളാണ്. ആദ്യത്തേത് തമിഴ്നാട്ടില്‍ തങ്ങളോടു അനുഭാവമുള്ള ഒരു പുതിയ മന്ത്രിസഭ വരുന്നതിന് വേണ്ടിയുള്ള ശ്രമം. അതിലൂടെ ലോകസഭയിലെ മൂന്നാമത്തെ വലിയ പാര്‍ട്ടിയിലെ ഇരുസഭകളിലുമുള്ള പരമാവധി എം പിമാരുടെ നിരുപാധിക പിന്തുണ ഉറപ്പിക്കുക. രണ്ടാമത്തേത് ദീര്‍ഘകാലാടിസ്ഥാനത്തില്‍ തമിഴ് രാഷ്ട്രീയത്തില്‍ നിര്‍ണ്ണായക സ്ഥാനം ഉറപ്പിച്ചെടുക്കുക. അതുകൊണ്ടു തന്നെ ഒരു രാഷ്ട്രപതി ഭരണ സാധ്യതയിലേക്ക് തമിഴ്നാട്ടിലെ ഭരണപ്രതിസന്ധിയെ കൊണ്ട് ചെന്നെത്തിക്കാന്‍ ബി ജെ പി ആഗ്രഹിക്കുന്നില്ല എന്നതുതന്നെയാണ് സത്യം. ദേശീയ രാഷ്ട്രീയത്തില്‍ തങ്ങള്‍ക്ക് ഗുണം കിട്ടുന്ന രീതിയില്‍ സംസ്ഥാന രാഷ്ട്രീയത്തെ ഒരുക്കിയെടുക്കുക എന്നത് തന്നെയായിരിക്കും അവരുടെ ലക്ഷ്യം.

എഐഎഡിഎംകെയ്ക്ക് ലോക സഭയില്‍ 37 അംഗങ്ങളും രാജ്യസഭയില്‍ 11 അംഗങ്ങളുമാണുള്ളത്. ജയലളിത സ്വീകരിച്ച പ്രശ്നാധിഷ്ഠിത പിന്തുണ എന്ന നിലപാടില്‍ നിന്നും മാറി നിരുപാധിക പിന്തുണ എന്ന അവസ്ഥയിലേക്ക് എഐഎഡിഎംകെയിലെ ഭൂരിപക്ഷം എംപി മാരെ കൊണ്ടെത്തിക്കുക എന്നുള്ളതാണ് ബിജെപിയുടെ രാഷ്ട്രീയ ഇന്ദ്രപ്രസ്ഥത്തിലെ തന്ത്രജ്ഞന്‍മാര്‍ക്കുള്ള ജോലി. എം എല്‍ എ മാരില്‍ നിന്നും വ്യത്യസ്തമായി ഇതുവരെയായി 12 എംപിമാര്‍ പനീര്‍സെല്‍വം ക്യാമ്പിലേക്ക് എത്തി എന്നുള്ളത് ഒപിഎസ്  എന്ന പേരില്‍ ഇപ്പോള്‍ സൃഷ്ടിക്കപ്പെട്ടിരിക്കുന്ന പുത്തന്‍ ബ്രാന്‍ഡിന്റെ മികവിനേക്കാള്‍ ബിജെപിയുടെ കളികളാണ് എന്നു കാണേണ്ടി വരും. കൂടുതല്‍ എംപിമാര്‍ ഒപിഎസ് ക്യാമ്പിലേക്ക് വരുന്നതോടെ അത് ശശികല ഇപ്പോള്‍ റിസോര്‍ട്ടില്‍ തടവില്‍ പാര്‍പ്പിച്ചിരിക്കുന്ന എംഎല്‍എ മാരില്‍ സമ്മര്‍ദമുണ്ടാക്കുമെന്നും പിന്‍വാതില്‍ കളികളിക്കുന്ന ബിജെപിക്ക് അറിയാം. സമീപകാലത്ത് അരുണാചല്‍ പ്രദേശില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തി ഗവണ്‍മെന്‍റിനെ അട്ടിമറിക്കാന്‍ ശ്രമിച്ചെങ്കിലും കോടതി ഇടപെട്ട് അത് നടക്കാതെ വന്നതോടെ കോണ്‍ഗ്രസ്സ് എംഎല്‍എമാരെ ഏറെക്കുറെ പൂര്‍ണ്ണമായും തങ്ങളുടെ പാളയത്തില്‍ എത്തിച്ചാണ് ഭരണമാറ്റം ഉണ്ടാക്കിയത്. വരുന്ന ജൂലൈയില്‍ നടക്കാന്‍ പോകുന്ന പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ എഐഎഡിഎംകെയുടെ കൈവശമുള്ള എംപിമാരും എംഎല്‍എമാരുടെയും എണ്ണം നിര്‍ണ്ണായകമാണ്. പ്രത്യേകിച്ചും അഞ്ചു സംസ്ഥാനങ്ങളില്‍ നടന്നു കൊണ്ടിരിക്കുന്ന തെരഞ്ഞെടുപ്പ് ഫലങ്ങള്‍ തങ്ങള്‍ക്ക് എത്രത്തോളം അനുകൂലമായിരിക്കും എന്ന കാര്യത്തില്‍ ബിജെപിക്ക് ഉറപ്പില്ലാത്ത ഈ സമയത്ത് പ്രത്യേകിച്ചും. അതുകൊണ്ട് തന്നെ ഒപിഎസ് പക്ഷത്തേക്ക് പരമാവധി എംഎല്‍എമാരെ എത്തിക്കുക എന്നുള്ളതായിരിക്കും ബിജെപി തന്ത്രം.

തമിഴ്നാട് രാഷ്ട്രീയത്തിലേക്ക് ബിജെപി കടന്നുകയറാന്‍ ശ്രമിച്ചത് 1999ല്‍ എഐഎഡിഎംകെ മുന്നണി പിളര്‍ത്തിക്കൊണ്ടാണ്. മുന്നണിയിലെ ചെറു പാര്‍ട്ടികളായ എംഡിഎംകെ, പിഎംകെ തുടങ്ങിയ പാര്‍ട്ടികള്‍ അന്ന് ബിജെപി മുന്നണിയിലേക്ക് ചേക്കേറി. 2014ല്‍ പിഎന്‍കെ, കെഎംഡികെ എന്നീ പാര്‍ട്ടികളെ കൂടി ചേര്‍ത്തു മുന്നണി വിപുലമാക്കുകയും ചെയ്തു. ആ തെരഞ്ഞെടുപ്പില്‍ ബിജെപിയ്ക്ക് ഒരു സീറ്റും പിഎംകെയ്ക്ക് ഒരോ സീറ്റും വീതം ലഭിക്കുകയുണ്ടായി. എന്തായാലും ചെറു പാര്‍ട്ടികളുമായുള്ള കച്ചവടം കൊണ്ട് തമിഴ്നാട്ടില്‍ ബിജെപിയെ വളര്‍ത്താന്‍ കഴിയില്ല എന്നു ദേശീയ നേതൃത്വം മനസിലാക്കിയിരുന്നു. അതിനു വലിയ തടസ്സമായി നില്‍ക്കുന്നത് ജയലളിതയും എം കരുണാനിധിയുമായിരുന്നു. മരണത്തോടെ ജയലളിത കളം ഒഴിഞ്ഞപ്പോള്‍ തങ്ങള്‍ക്ക് അനുകൂലമായ ഒരു രാഷ്ട്രീയ അന്തരീക്ഷം തെളിഞ്ഞു വരുന്നതായി ബിജെപി തിരിച്ചറിയുകയായിരുന്നു.

തമിഴ് രാഷ്ട്രീയത്തില്‍ ദ്രാവിഡ രാഷ്ട്രീയം കൊടി നാട്ടിയതോടെയാണ് ദേശീയ പാര്‍ട്ടിയായ കോണ്‍ഗ്രസ്സ് ക്ഷയിച്ചു തുടങ്ങിയത്. കോണ്‍ഗ്രസ്സിന്റെ അനുഭവം അറിയാവുന്ന ബി ജെപി അനുകൂലമായ സാഹചര്യം ഒരുങ്ങി വരുന്നത് കാത്തിരിക്കുകയായിരുന്നു. ദ്രാവിഡ പാര്‍ട്ടികള്‍ ക്ഷയിച്ചാല്‍ മാത്രമേ അത് സാധിക്കൂ എന്നും ബിജെപിക്ക് അറിയാമായിരുന്നു. അഴിമതി കേസുകളില്‍ മുങ്ങിക്കിടക്കുന്ന ഡി എം കെ അത്ര വലിയ വെല്ലുവിളിയല്ല എന്നാണ് ബിജെപി കരുതുന്നത്. കരുണാനിധിയാണെങ്കില്‍ രോഗക്കിടക്കയിലുമാണ്. ജയലളിതയുടെ കീഴില്‍ യാതൊരു അന്തഃഛിദ്രവുമില്ലാതെ നിലനിന്നിരുന്ന എഐഎഡിഎംകെയുടെ പിളര്‍പ്പ് തന്നെയാണ് അവര്‍ ആഗ്രഹിച്ചത്. അഴിമതി കേസില്‍ ശശികല അകത്തു പോകുന്നതോടെ ശശികല വിഭാഗം തകരും എന്നു ബിജെപി കണക്ക് കൂട്ടുന്നു. സുപ്രീം കോടതി വിധിയോടെ ഒപിഎസ് ക്യാമ്പിലേക്ക് കൂടുതല്‍ എം എല്‍ എ മാരും എ ഐ എ ഡി എം കെ നേതാക്കളും വരാനുള്ള സാധ്യത എറിയിരിക്കുന്നു. അങ്ങനെ എ ഐ എ ഡി എം കെ യെ പിളര്‍ത്തി എടുക്കുക എന്ന ദൌത്യം പൂര്‍ണ്ണമാകുന്നതോടെ അടുത്ത തെരഞ്ഞെടുപ്പില്‍ ശക്തമായ ഒരു സഖ്യകക്ഷിയായി ഒപിഎസ് വിഭാഗത്തെ കൂടെ കൂട്ടാമെന്നും ബി ജെ പി കണക്കുകൂട്ടുന്നു.

ശശികല ആവശ്യപ്പെട്ട ഉടനെ രാജിവെച്ചൊഴിഞ്ഞ ഒപിഎസ് അമ്മയുടെ ആത്മാവിന്റെ വിളി കേട്ടു ഫെബ്രുവരി ഏഴാം തിയ്യതി രാത്രി 10 മണിയ്ക്ക് മറീന ബീച്ചിലെ ജയലളിതയുടെ സമാധിയില്‍ എത്തി ധ്യാനമിരുന്നത് പെട്ടെന്നുണ്ടായ ഉള്‍വിളിയുടെ പുറത്തല്ല.  അനധികൃത സ്വത്ത് സമ്പാദന കേസില്‍ വിധി ഉടന്‍ ഉണ്ടാകും എന്ന സുപ്രീംകോടതി ജഡ്ജി പറഞ്ഞതും ശശികലയുടെ സത്യപ്രതിജ്ഞ കാര്യത്തില്‍ ഗവര്‍ണ്ണര്‍ എടുത്ത മെല്ലെപ്പോക്ക് നിലപാടും ഒക്കെ സൂചിപ്പിക്കുന്നത് കേന്ദ്ര സര്‍ക്കാരിന്റെ തിരക്കഥയുടെ അടിസ്ഥാനത്തിലാണ് കാര്യങ്ങള്‍ നീങ്ങുന്നത് എന്നുതന്നെയായിരുന്നു. അതിന്റെ അന്ത്യരംഗങ്ങളിലേക്കാണ് തമിഴ രാഷ്ട്രീയം നീങ്ങിക്കൊണ്ടിരിക്കുന്നത്.

പിന്‍കുറിപ്പ്: പിന്തുണ അറിയിച്ചുകൊണ്ടുള്ള ജനങ്ങളുടെ ഫോണ്‍വിളി ക്യാംപയിനും സോഷ്യല്‍ മീഡിയയില്‍ പനീര്‍ സെല്‍വത്തിന് അനുകൂലമായി ഉയര്‍ന്നുവന്ന ട്രെന്‍ഡും ഒക്കെ സൂചിപ്പിക്കുന്നത് ഒരു ഒപിഎസ് ബ്രാന്‍ഡ് ബില്‍ഡിംഗ് തമിഴകത്ത് ആരംഭിച്ചു കഴിഞ്ഞിരിക്കുന്നു എന്നുതന്നെയാണ്. വേണമെങ്കില്‍ ഒരു മോദി മോഡല്‍ എന്നു പറയാം. അതിശയോക്തി ആകുമെങ്കിലും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍