UPDATES

ട്രെന്‍ഡിങ്ങ്

ഒത്തുതീര്‍പ്പിനില്ലാതെ ഒപിഎസ്; ശശികല പോയേ തീരൂ

ശശികലയ്ക്ക് പുറമേ ദിനകരനും ഒഴിയണം

എ ഐ എഡിഎംകെ വിഭാഗങ്ങള്‍ തമ്മില്‍ ലയനത്തിനുള്ള സാധ്യതകള്‍ ശശികലയില്‍ തട്ടി നില്‍ക്കുന്നു. ശശികലയെ ഒഴിവാക്കാതെ യാതൊരുവിധ ചര്‍ച്ചകള്‍ക്കും ഇല്ലെന്നു പറഞ്ഞ മുന്‍ മുഖ്യമന്ത്രി ഒ പനീര്‍ശെല്‍വം, ടിടിവി ദിനകരന്‍ മുന്നോട്ടുവച്ച നിര്‍ദേശങ്ങള്‍ തള്ളിയതോടെയാണു ലയനസാധ്യകള്‍ മങ്ങിയത്. താന്‍ ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി സ്ഥാനം ഒഴിഞ്ഞ് പകരം ആ സ്ഥാനത്തേക്ക് പനീര്‍ശെല്‍വത്തെ കൊണ്ടുവരാമെന്നാണു ദിനകരന്‍ മുന്നോട്ടുവച്ച വാഗ്ദാനം. പക്ഷേ ചിന്നമ്മ (ശശികല) പാര്‍ട്ടി ജനറല്‍ സെക്രട്ടറിയായി തുടരുമെന്നുള്ള തീരുമാനവും ദിനകരന്‍ അറിയിച്ചു. എന്നാല്‍ പാര്‍ട്ടിയില്‍ നിന്നും ശശികലയുടെ കുടുംബവാഴ്ച അവസാനിപ്പിക്കണമെന്നാണു പനീര്‍ശെല്‍വത്തിന്റെ ആവശ്യം. ശശികല ജനറല്‍ സെക്രട്ടറിയായതു ഭരണഘടന ലംഘനമാണ്. ശശികലയേയും കുടുംബത്തേയും ജയലളിത അകറ്റി നിര്‍ത്തിയിരുന്നതായിരുന്നുവെന്നും ഒപിഎസ് ആരോപിച്ചു. ശശികലയെ പുറത്താക്കാതെ ഒരു ഒത്തുതീര്‍പ്പിനും വഴങ്ങില്ലെന്നു തന്നെയാണു ഒപിഎസിന്റെ നിലപാട്.

തെരഞ്ഞെടുപ്പ് കമ്മീഷനെ കോഴ നല്‍കി സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ ദിനകരന്‍ അറസ്റ്റിലാകാന്‍ സാധ്യതയുണ്ടെന്ന സൂചനകള്‍ പുറത്തു വന്നതോടെയാണ് ലയന സാധ്യതകള്‍ക്ക് ചൂടേറിയത്. ദിനകരന്‍ അറസ്റ്റിലായാല്‍ അത് സര്‍ക്കാരിനെ ബാധിക്കാന്‍ പാടില്ലെന്നും ഇപ്പോഴത്തെ സാഹചര്യത്തില്‍ കേന്ദ്രത്തിലെ ബി.ജെ.പി സര്‍ക്കാരിന്റെ ലക്ഷ്യം ശശികലയും ദിനകരനുമായതിനാല്‍ ഇവരെ ഒഴിവാക്കി പാര്‍ട്ടിയേയും സര്‍ക്കാരിനേയും രക്ഷിക്കണമെന്ന ആവശ്യത്തിന് ഭൂരിഭാഗം മന്ത്രിമാരും എം.എല്‍.എമാരും ഒത്തുതീര്‍പ്പിലെത്തിയതോടെയാണ് ഔദ്യോഗിക പക്ഷ നേതാവുമായ എടപ്പാടി പളനിസ്വാമിയുടെ നേതൃത്വത്തിലുള്ള എ.ഐ.എ.ഡി.എം.കെ (അമ്മ) വിഭാഗവും വിമത നേതാവ് ഒ. പനീര്‍ശെല്‍വത്തിന്റെ നേതൃത്വത്തിലുള്ള എ.ഐ.എ.ഡി.എം.കെ (പുരട്ചി തലൈവി അമ്മ) വിഭാഗവും ഒരുമിക്കാനുള്ള സൂചനകള്‍ പുറത്തുവന്നത്. എന്നാല്‍ ശശികലയേയും കുടുംബത്തെയും പുറത്താക്കിയശേഷം മാത്രം ഇങ്ങനെയൊരു ലയനം മതിയെന്ന വാശിയിലാണു ഒപിഎസ്.

ഇരുവിഭാഗങ്ങളും തമ്മിലുള്ള തര്‍ക്കത്തെ തുടര്‍ന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ എ.ഐ.എ.ഡി.എം.കെയുടെ ചിഹ്‌നമായ രണ്ടില മരവിപ്പിച്ചിരുന്നു. എന്നാല്‍ ഇത് കിട്ടുന്നതിന് ദിനകരന്‍ ഇടനിലക്കാരനായ സുകേഷ് ചന്ദ്രശേഖരന്‍ വഴി അഞ്ചു കോടി രൂപ തെരഞ്ഞെടുപ്പ് കമ്മീഷന് നല്‍കുന്നതിന് ശ്രമിച്ചു എന്നാണ് ഡല്‍ഹി പോലീസിന്റെ ആരോപണം. ഒന്നര കോടി രൂപയുമായി സുകേഷ് കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു. ഇന്ന് ചെന്നൈയിലെത്തുന്ന ഡല്‍ഹി പോലീസ് ദിനകരനെ ചോദ്യം ചെയ്യുമെന്നും വൈകാതെ അറസ്റ്റുണ്ടാകുമെന്നുമാണ് സൂചനകള്‍.

ഒപിഎസ് ഇടഞ്ഞു നില്‍ക്കുകയാണെങ്കിലും ലയനം സംഭവിക്കുമെന്ന വിശ്വാസത്തിലാണ് ഔദ്യോഗികപക്ഷത്തെ ഒരുവിഭാഗം. മുഖ്യമന്ത്രി എടപ്പാടി പളനി സാമി, ധനമന്ത്രി ഡി ജയകുമാര്‍, വൈദ്യുതി മന്ത്രി പി തങ്കമണി എന്നിവര്‍ ലയനത്തിനായി ആഗ്രഹിക്കുന്നുണ്ട്. ലോക്‌സഭ ഡെപ്യൂട്ടി സ്പീക്കര്‍ എം തമ്പിദുരൈയുടെ പിന്തുണയും ഇവര്‍ക്കുണ്ട്. പനീര്‍ശെല്‍വുമായി ചര്‍ച്ചകള്‍ നടത്താന്‍ ഒമ്പതംഗ നേതാക്കളെയും ഇവര്‍ നിയോഗിച്ചിട്ടുണ്ട്.

തമിഴ്‌നാട്ടില്‍ അമ്മയുടെ സര്‍ക്കാര്‍ മുന്നോട്ടു പോകണം. അതാണു ഞങ്ങളുടെ ആഗ്രഹം. അതിന് എല്ലാവരുടെയും പിന്തുണ വേണം. അതു ഞങ്ങള്‍ക്ക് ഉണ്ടാകുമെന്നു തന്നെയാണു വിശ്വാസം. പാര്‍ട്ടിയില്‍ ഇതുവരെ പിളര്‍പ്പ് ഉണ്ടായിട്ടില്ല. വ്യത്യസ്ത അഭിപ്രായങ്ങള്‍ മാത്രമാണ് ഉണ്ടായിരിക്കുന്നത്; ഔദ്യോഗികപക്ഷത്തെ മുതിര്‍ന്ന നേതാവ് പറയുന്നു.

ശശികലയേയും അവരുടെ കുടുബക്കാരെയും പാര്‍ട്ടിയില്‍ നിന്നും സര്‍ക്കാരില്‍ നിന്നും നീക്കിയാല്‍ ലയനത്തിന് മറ്റൊരു പ്രതിസന്ധിയുമില്ലെന്നാണു പനീര്‍ശെല്‍വം ക്യാമ്പ് പറയുന്നത്. ഞങ്ങള്‍ക്കും അവര്‍ക്കും ഇടയിലെ ഒരേയൊരു തടസം ശശികല മാത്രമാണെന്നും പനീര്‍സെല്‍വം ക്യാമ്പിലെ മുതിര്‍ന്ന നേതാവ് പറയുന്നു. ഇന്നു വൈകുന്നേരത്തോടെ ഈ കാര്യത്തില്‍ അനുകൂലമായ തീരുമാനം ഉണ്ടാകുമെന്നും അദ്ദേഹം മാധ്യമങ്ങളോടു പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍