UPDATES

എംജിആറിന്റെ മരണശേഷം സംഭവിക്കുമെന്നു കരുതിയത്‌ ജയയുടെ കാലശേഷം സംഭവിക്കുന്നു

ചരിത്രം ആവര്‍ത്തിക്കുമ്പോള്‍ കഥാപാത്രങ്ങള്‍ മാറുന്നുണ്ടെങ്കിലും കഥ മാറുന്നില്ല

എംജിആറിന്റെ മരണശേഷം ഉണ്ടാകുമെന്നു കരുതിയതു ജയലളിതയുടെ മരണശേഷം സംഭവിക്കുന്നു. എ ഐ എഡി എം കെ പിളര്‍പ്പിലേക്ക്. ഇതുശരിവയ്ക്കുന്ന റിപ്പോര്‍ട്ടുകള്‍ക്കു കനം വയ്ക്കുന്ന സംഭവങ്ങളാണു മറീന ബീച്ചിലെ ‘അമ്മ’യുടെ സാമാധിയില്‍ നിന്നും ആരംഭിച്ചത്. ഇതിന്റെ ക്ലൈമാക്‌സില്‍ ആയിരിക്കും അണ്ണാ ഡിഎംകെയുടെ പിളര്‍പ്പ്.

എംജിആറിന്റെ മരണശേഷം ഭാര്യ ജാനകി രാമചന്ദ്രന്റെയും ജയലളിതയുടെയും നേതൃത്വത്തില്‍ രണ്ടു വിഭാഗങ്ങള്‍ ഉണ്ടായെങ്കിലും കാറ്റ് ജാനകിയ്ക്കായിരുന്നു അനുകൂലം. അതുകൊണ്ട് തന്നെ തമിഴ്‌നാട്ടിലെ ആദ്യത്തെ വനിത മുഖ്യമന്ത്രിയായി ജാനകി രാമചന്ദ്രന്‍ സ്ഥാനമേറ്റു. പക്ഷേ ആ ഭരണം വെറും 24 ദിവസമേ നീണ്ടു നിന്നുള്ളൂ. ജാനകിയുടെ മന്ത്രിസഭയെ സസ്‌പെന്‍ഡ് ചെയ്തു രാഷ്ട്രപതി ഭരണം സംസ്ഥാനത്തു നിലവില്‍ വന്നു. തുടര്‍ന്നു നടന്ന തെരഞ്ഞടുപ്പില്‍ ഫലം കൊയ്തതാകട്ടെ 12 വര്‍ഷമായി പ്രതിപക്ഷ നേതാവായി കഴിയേണ്ടി വന്ന മുത്തുവേല്‍ കരുണാനിധി. ചരിത്രം ആവര്‍ത്തിക്കുകയാണ്. കഥാപാത്രങ്ങള്‍ മാറി വന്നിട്ടുണ്ടെങ്കിലും കഥ മാറുന്നില്ല. അണ്ണാ അറിവാലയത്തിലേക്ക് തമിഴ്‌നാടിന്റെ അധികാരം തിരികെ എത്തുമെന്ന തരത്തില്‍ ഈ കഥ പുരോഗമിക്കുക തന്നെയാണ്.

വളരെ അപ്രതീക്ഷീതമായി മുന്‍ മുഖ്യമന്ത്രി ഒ. പനീര്‍സെല്‍വം നടത്തിയ വെളിപ്പെടുത്തലുകളാണ് ദ്രാവിഡരാഷ്ട്രീയത്തെ കലക്കി മറിച്ചത്. പനീര്‍സെല്‍വം അസംബന്ധം പറയുകയാണെന്ന് എ ഐ എഡിഎംകെ വക്താവ് പറഞ്ഞതോടെ ജയലളിതയുടെ വിശ്വസ്തന്‍ പാര്‍ട്ടിക്കു പുറത്തേക്ക് എന്ന സൂചനയാണ് ശശികലയെ അനുകൂലിക്കുന്ന ഘടകം സൂചിപ്പിക്കുന്നത്. അങ്ങനെയൊരു തീരുമാനം വരികയാണെങ്കില്‍ പനീര്‍സെല്‍വത്തിനൊപ്പം വലിയൊരു വിഭാഗം കൂടി പുറത്തേക്കു പോകും. എംജിആറിന്റെ മരണശേഷം ഭാര്യ ജാനകി രാമചന്ദ്രനും ജയലളിതയ്ക്കും ഇടയില്‍ നടന്ന പോര് തന്നെ ജയലളിതയുടെ മരണശേഷം അണ്ണാ ദ്രാവിഡ മുന്നേറ്റ കഴകത്തില്‍ സംഭവിക്കുകയാണെന്നു രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നു.
അപ്രതീക്ഷിതമായി, മറീന ബീച്ചിലുള്ള ജയലളിതയുടെ സമാധി സ്ഥലത്ത് പനീര്‍സെല്‍വം എത്തിയതോടെയാണു ഒരു തമിഴ് സിനിമയിലെ ട്വിസ്റ്റ് പോലെ ദ്രാവിഡ രാഷ്ട്രീയത്തില്‍ ചില അപ്രതീക്ഷിത സംഭവങ്ങള്‍ ആരംഭിക്കുന്നത്. ജയലളിതയുടെ സമാധിയില്‍ തനിച്ചിരുന്നു 40 മിനുട്ടോളം കണ്ണുകളടച്ചു ധ്യാനിച്ച പനീര്‍ശെല്‍വത്തെ കാണാന്‍ നിരവധി പാര്‍ട്ടി പ്രവര്‍ത്തകരും ജനങ്ങളും ഉണ്ടായിരുന്നു. ധ്യാനത്തിന് ശേഷം അമ്മയുടെ ആത്മാവു വിളിച്ചിട്ടാണ് താനിവിടെ വന്നതെന്ന് പറഞ്ഞു. തുടര്‍ന്ന് ചില സത്യങ്ങള്‍ പറയാനുണ്ടെന്ന് പറഞ്ഞു തുടങ്ങിയ പനീര്‍ശെല്‍വം ശശികലയും സംഘവും തന്നെ സമ്മര്‍ദം ചെലുത്തി രാജിവെപ്പിക്കുകയായിരുന്നു എന്നു വെളിപ്പെടുത്തി. പാര്‍ട്ടിയെയും ജനങ്ങളെയും രക്ഷിക്കാന്‍ അമ്മയുടെ ആത്മാവു തന്നോടു പറഞ്ഞു എന്നും പനീര്‍ശെല്‍വം കൂട്ടിച്ചേര്‍ത്തു. റവന്യൂ മന്ത്രി ആര്‍ ബി ഉദയകുമാര്‍ തന്നോടു രാജിവെക്കണം എന്നാവശ്യപ്പെട്ടു. എന്നാല്‍ ജനങ്ങള്‍ക്കിഷ്ടമില്ലാത്ത ഒരാള്‍ മുഖ്യമന്ത്രി ആകുന്നതില്‍ തനിക്ക് താത്പര്യമില്ലെന്നും പനീര്‍ശെല്‍വം പറഞ്ഞു. ജനങ്ങള്‍ ആവശ്യപ്പെട്ടാല്‍ രാജി പിന്‍വലിക്കാന്‍ താന്‍ തയ്യാറാണെന്നും പനീര്‍സെല്‍വം പറഞ്ഞിട്ടുണ്ട്. ഇത്തരമൊരു പ്രസ്താവനയിലൂടെ ശശികല മുഖ്യമന്ത്രിസ്ഥാനം ഏറ്റെടുക്കുന്നതിലെ വിയോജിപ്പും താന്‍ രാജിവയ്‌ക്കേണ്ടി വന്നതിലെ നീരസവുമാണ് പനീര്‍സെല്‍വം പ്രകടിപ്പിച്ചത്. എന്നാല്‍ ഗവര്‍ണര്‍ രാജി സ്വീകരിച്ച സാഹചര്യത്തില്‍ രാജി പിന്‍വലിക്കുക എന്നതു നിയമപരമായി സാധ്യമല്ല.

അതേസമയം ഇന്നലെ നടക്കേണ്ടിയിരുന്ന ശശികലയുടെ സത്യപ്രതിജ്ഞ മാറ്റിവയ്‌ക്കേണ്ടി വന്നതു കാണിക്കുന്നതു ചിന്നമ്മയുടെ മുഖ്യമന്ത്രി യോഗത്തിനു കാലവിളംബം വരുമെന്നു തന്നെയാണ്. അനധികൃത സ്വത്തുസമ്പാദന കേസില്‍ സുപ്രീം കോടതി അടുത്താഴ്ച വിധി പറയാനിരിക്കെ അതു കഴിഞ്ഞു മതി സത്യപ്രതിജ്ഞ എന്ന നിയമോപദേശമാണു ഗവര്‍ണര്‍ക്ക് കിട്ടിയിരിക്കുന്നതെന്ന് അറിയുന്നു. ഗവര്‍ണര്‍ സി. വിദ്യാസാഗര്‍ റാവു സംസ്ഥാനത്തെ രണ്ടുദിവസത്തെ ഔദ്യോഗിക പരിപാടികളെല്ലാം റദ്ദാക്കി മുംബൈക്കു പോയതിനു പിന്നിലും ഇത്തരമൊരു നിയമോപദേശം കാരണമാണെന്നും പറയുന്നു. എന്നാല്‍ നിയമപരമായി എന്നതിനെക്കാല്‍ രഷ്ട്രീയപരമായാണു ഗവര്‍ണര്‍ നീക്കം നടത്തുന്നുവെന്ന സംശയവും ഉയരുന്നുണ്ട്, ബിജെപി തങ്ങള്‍ക്കു തമിഴ് രാഷ്ടീയത്തില്‍ വളരാനുള്ള സാഹചര്യമായി ഇപ്പോഴത്തെ രഷ്ട്രീയപ്രതിസന്ധിയെ ഉപയോഗിക്കുന്നുവെന്നും തമിഴ്‌നാട്ടില്‍ മുറുമുറുപ്പുകള്‍ ഉയരുന്നുണ്ട്. ദ്രാവിഡരാഷ്ട്രീയത്തെ പൊളിച്ച് താമരയ്ക്കു വേരോട്ടമുണ്ടാക്കുക എന്നതു ബിജെപിയെ സംബന്ധിച്ച് ഇപ്പോള്‍ അത്ര കണ്ടു പ്രാവര്‍ത്തികമായ ലക്ഷ്യമല്ലെങ്കിലും തമിഴ്‌ക്കോട്ടയില്‍ വിള്ളലുകള്‍ വീഴ്ത്തിയാല്‍ പിന്നെ കാത്തിരിക്കുന്നതിന് അര്‍ത്ഥമുണ്ടാകുമെന്ന് അമിത് ഷായ്ക്കും മോദിക്കും അറിയാം. ജയലളിതയുടെ മരണം അതിലേക്കുള്ള വഴിയും തുറന്നു. തമിഴ്‌നാട്ടില്‍ ശക്തി പ്രാപിക്കുന്നതിനൊപ്പം എ ഐ എ ഡി എം കെയുടെ നിലവിലെ പാര്‍ലമെന്റ് അംഗബലം തങ്ങള്‍ക്ക് അനുകൂലമാക്കുക എന്നതും ബിജെപിയുടെ പ്രധാനലക്ഷ്യമാണ്. ലോക്‌സഭയില്‍ 37 ഉം രാജ്യസഭയില്‍ 13 ഉം അംഗങ്ങളുണ്ട് അണ്ണാ ദ്രാവിഡ മുന്നേറ്റ കഴകത്തിന്. രാജ്യസഭയിലെ ആ 13 അംഗങ്ങള്‍ ബിജെപിയെ വലിയ തോതില്‍ പ്രലോഭിപ്പിക്കുന്നുണ്ട്. ജയലളിതയുണ്ടായിരുന്നപ്പോള്‍ ബിജെപി അവവരെ പിണക്കാതിരിക്കാനായിരുന്നു ശ്രദ്ധിച്ചിരുന്നത്. ആ ടാറ്റിക്‌സ് പനീര്‍സെല്‍വം എന്ന ഇടക്കാല മുഖ്യമന്ത്രിയോടും കാണിച്ചു. ജല്ലിക്കെട്ട് വിഷയത്തില്‍ ലോക്‌സഭ ഡെപ്യൂട്ടി സ്പീക്കര്‍ തമ്പിദുരൈയുടെ നേതൃത്വത്തില്‍ തമിഴ് എംപിമാര്‍ ശ്രമിച്ചിട്ടും സന്ദര്‍ശനാനുമതി നല്‍കാതിരിരുന്ന മോദി മുഖ്യമന്ത്രിയായിരുന്ന പനീര്‍സെല്‍വവുമായി കൂടിക്കാഴ്ച നടത്തിയതും ചിലതെല്ലാം മുന്‍കൂട്ടി കണ്ടുകൊണ്ടു തന്നെയാണ്. ജയലളിതയുടെ മൃതദേഹത്തില്‍ ആദരമര്‍പ്പിക്കാനെത്തിയ പ്രധാനമന്ത്രി ശശികലയെ ആശ്വസിപ്പിക്കുന്ന കാഴ്ചകള്‍ നല്‍കിയ സൂചനകളെ തെറ്റിച്ചുകൊണ്ട് ശശികലയെക്കാള്‍ ഉപയോഗം പനീര്‍സെല്‍വം ആണെന്നു ബിജെപി തിരിച്ചറിഞ്ഞതു മറ്റുള്ളവര്‍ തിരിച്ചറിഞ്ഞതു വൈകിയാണ്. പാര്‍ട്ടി ജനറല്‍ സെക്രട്ടറിയായി സ്ഥാനമേറ്റെടുക്കുകയും ഒട്ടും സമയം കളയാതെ തന്നെ മുഖ്യമന്ത്രി പദം ഏറ്റെടുക്കാനും ശശികല തിടുക്കം കാണിച്ചതു പുറമെ നിന്നുള്ള കളികള്‍ ഉണ്ടാകുമെന്ന ബോധ്യത്തോടെയാണ്. സുപ്രീം കോടതി വിധി വന്നിട്ടു മതി ശശികലയുടെ സത്യപ്രതിജ്ഞ എന്നു ഗവര്‍ണര്‍ തീരുമാനമെടുത്താലും അതിനു പിന്നില്‍ അദ്ദേഹത്തെ ആ സ്ഥാനത്തേക്കു നിയോഗിച്ചവരുടെ താത്പര്യം തന്നെയാകും.

ഈ നീക്കങ്ങളൊക്കെ മനസിലാക്കി ഒന്നു രണ്ടു ദിവസത്തിനുള്ളില്‍ തന്നെ എങ്ങനെയെങ്കിലും സത്യപ്രതിജ്ഞ നടത്താനായിരിക്കും ശശികല ശ്രമിക്കുക. മുന്‍ സ്പീക്കര്‍ പാണ്ഡ്യന്‍ അടക്കമുള്ള എ ഐ ഡി എം കെ നേതാക്കന്മാരും ജയലളിതയുടെ സഹോദരീപുത്രി ദീപ ജയകുമാറും ഇപ്പോള്‍ പനീര്‍ സെല്‍വവും വെല്ലുവിളികളുമായി ഇറങ്ങുമ്പോഴും ശശികല കൂടുതല്‍ പ്രതിരോധത്തിലേക്കു വീഴുകയാണ്. അവരുടെ ആത്യന്തികലക്ഷ്യമായ മുഖ്യമന്ത്രി കസേര കരസ്ഥമാകുന്നതുവരെ എന്നാല്‍ വലിയൊരു പൊട്ടിത്തെറി ഉണ്ടാക്കാനൊന്നും ശശികല ശ്രമിക്കില്ല. പക്ഷേ അപ്രതീക്ഷിതമായി എന്തും സംഭവിക്കാമെന്ന ഭയം ശശികലയ്ക്കുണ്ടെന്നും പാര്‍ട്ടിയില്‍ നിന്നും ജനങ്ങള്‍ക്കിടയില്‍ നിന്നും തന്നെ അവര്‍ക്കെതിരായി കാറ്റ് വീശുന്നതായി പനീര്‍സെല്‍വം മനസിലാക്കിയതോടെയാണ് ഇതുവരെ അണിഞ്ഞിരുന്ന വിനീതവിധേയന്റെ വേഷം അഴിച്ചുവച്ചു പെട്ടെന്നു തന്നെ ഒരു പോരാളിയുടെ പോര്‍ച്ചട്ട എടുത്തണിഞ്ഞതും. എന്തായാലും ദ്രാവിഡ രാഷ്ട്രീയം വീണ്ടും കലങ്ങി മറിയാന്‍ പോവുകയാണ്. അതില്‍ നിന്നും ആര് ഇത്തവണ നേട്ടം കൊയ്യുമെന്നു കാത്തിരുന്നു കാണണം. ഒരു തട്ടുപൊളിപ്പന്‍ തമിഴ് സിനിമ കാണുന്നതുപോലെ.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍