അജ്മാന്‍ തുറമുഖത്ത് നിന്ന് ഒമ്പത് കിലോമീറ്റര്‍ അകലെ കടലില്‍ കുടുങ്ങിയ നാവികര്‍ക്ക് മാസങ്ങളായി ശമ്പളമില്ല.
യുഎഇയിലെ അജ്മാന്‍ തീരത്ത് നാല് കപ്പലുകളിലായി കുടുങ്ങിയ ഇന്ത്യന്‍ നാവികര്‍ക്ക് സഹായവുമായി വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്. അജ്മാന്‍ തുറമുഖത്ത് നിന്ന് ഒമ്പത് കിലോമീറ്റര്‍ അകലെ കടലില്‍ കുടുങ്ങിയ നാവികര്‍ക്ക് മാസങ്ങളായി ശമ്പളമില്ല. സഹായം അഭ്യര്‍ത്ഥിച്ച് ഇവര്‍ സുഷമ സ്വരാജിന് ട്വീറ്റ് ചെയ്തിരുന്നു. മുടങ്ങിയ ശമ്പളം കിട്ടാനും നാട്ടിലേയ്ക്ക് മടങ്ങാനും സഹായം അഭ്യര്‍ത്ഥിച്ചാണ് ഇവര്‍ വിദേശകാര്യ മന്ത്രിയുമായി ബന്ധപ്പെട്ടത്. തുടര്‍ന്ന് ദുബായിലെ ഇന്ത്യന്‍ കോണ്‍സുലേറ്റുമായി ബന്ധപ്പെട്ട സുഷമ സ്വരാജ് ഇവര്‍ക്ക് ആവശ്യമായ സഹായം നല്‍കാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു.
രണ്ട് കപ്പലുകളുടെ ക്യാപ്റ്റന്മാരുമായും നാല് കപ്പലുകളുടേയും ഉടമസ്ഥരായ കമ്പനിയുമായും അജ്മാന്‍ തുറമുഖ അധികൃതരുമായും യുഎഇ ഗവണ്‍മെന്‌റുമായും കേന്ദ്രസര്‍ക്കാര്‍ ബന്ധപ്പെടുന്നുണ്ട്. രണ്ടാഴ്ചയ്ക്ക് ആവശ്യമായ വസ്തുക്കളാണ് ഇവരുടെ പക്കലുള്ളത്. നാല് മാസത്തെ ശമ്പളം കിട്ടാനുള്ളവരുണ്ട്. ശമ്പളം കിട്ടാത്തത് മൂലം നാട്ടിലേയ്ക്ക് പണമയയ്ക്കാന്‍ കഴിയുന്നില്ല. രണ്ട് കപ്പലുകളില്‍ ചോര്‍ച്ചയുണ്ട്. ഏപ്പോള്‍ വേണമെങ്കിലും മുങ്ങാമെന്ന അവസ്ഥയിലേയ്ക്കാണ് ഈ കപ്പലുകള്‍ പോവുന്നത്. കപ്പലുകളുടെ ചോര്‍ച്ച പരിശോധിക്കാനായി ഒരു സംഘം മുങ്ങല്‍ വിദഗ്ധരെ ഇന്നലെ അയച്ചിരുന്നു.
അതേസമയം നാവികരില്‍ നിന്ന് എന്തെങ്കിലും അപായസൂചനാ സന്ദേശം ഇതുവരെ കിട്ടിയിട്ടില്ലെന്നാണ് അജ്മാന്‍ മറൈന്‍ അഫേഴ്‌സ് ഡിപ്പാര്‍ട്ട്‌മെന്‌റ് ഡയറക്ടര്‍ നാസര്‍ ഒബെയ്ദ് അല്‍ സുവൈദി പറയുന്നത്. തങ്ങളെ ഷാര്‍ജ തുറമുഖത്ത് അടുക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് തുറമുഖ അധികൃതരുമായി നാവികര്‍ ബന്ധപ്പെട്ടിട്ടുണ്ട്. യുഎഇ ഗവണ്‍മെന്‌റുമായും ഷാര്‍ജയിലേയും അജ്മാനിലേയും തുറമുഖ അധികൃതരുമായും ബന്ധപ്പെടുന്നുണ്ടെന്നാണ് ഇന്ത്യന്‍ കോണ്‍സുലേറ്റ് അറിയിക്കുന്നത്. സ്‌പോണ്‍സര്‍ കമ്പനിയുമായും കോണ്‍സുലേറ്റ് ആശയവിനിമയം നടത്തി.