UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മലാപ്പറമ്പ് ഒറ്റപ്പെട്ടതല്ല; റിയല്‍ എസ്റ്റേറ്റ് ചരക്കുകളാകുന്ന പൊതുവിദ്യാലയങ്ങള്‍

Avatar

എം കെ രാമദാസ്

വിദ്യാലയപ്രവേശനത്തിന്റെ ആരവത്തിനിടയില്‍ അടച്ചുപൂട്ടാന്‍ ഒരുങ്ങുന്ന പൊതുവിദ്യാലയങ്ങളുടെ തേങ്ങല്‍ ഉയരുന്നു എന്നതാണ് ഈ അധ്യായനവര്‍ഷത്തെ വ്യത്യസ്തമാക്കുന്നത്. പെട്ടെന്ന് ഉരുണ്ട് കൂടിയതല്ല ഈ കാര്‍മേഘം. നമ്മുടെ പൊതുബോധത്തിന്റെ ആകെ തുകയാണത്. അക്ഷരജ്ഞാനത്തിലേക്ക് കേരളത്തെ കൈപിടിച്ചുയര്‍ത്തുന്നതില്‍ എയ്ഡഡ് മേഖലയുടെ പങ്ക് നിസ്ഥുലമാണ്. പള്ളിയും പട്ടക്കാരനും മത, ജാതി, സാമുദായിക സംഘടനകളുമൊക്കെ ഈ യജ്ഞത്തില്‍ പങ്കുചേര്‍ന്നു. ഇതൊക്കെ ആവാഹിച്ചെടുത്താണ് കേരള വിദ്യാഭ്യാസനിയമത്തിന് 1957ല്‍ രൂപം നല്‍കിയതും ചട്ടങ്ങള്‍ ഉണ്ടാക്കിയതും. 2009ല്‍ മാത്രമാണ് സമാനമായ നിയമം ഇന്ത്യയില്‍ ആകെ അംഗീകരിക്കപ്പെട്ടത്. ലാഭനഷ്ടക്കണക്കുകകള്‍ പരിശോധിച്ച് വിദ്യാലയങ്ങളുടെ നിലനില്‍പ് വിലയിരുത്തുന്ന അപരിചിത കാലമാണിത്. അങ്ങനെയല്ലാത്തൊരു കാലഘട്ടത്തിന്റെ അവശേഷിക്കുന്ന സമൂഹപരിച്ഛേദമാണ് അടച്ചുപൂട്ടപ്പെടുന്ന വിദ്യാകേന്ദ്രങ്ങളെക്കുറിച്ച് ഉത്കണ്ഠപ്പെടുന്നത്.

മലാപ്പറമ്പ് എയുപി സ്‌കൂള്‍ അടച്ചുപൂട്ടാന്‍ ഹൈക്കോടതി തിട്ടൂരം ഇറക്കിയത് ഈയടുത്ത ദിവസമാണ്. കേരള വിദ്യാഭ്യാസനിയമത്തിലെ ഏഴാം വകുപ്പിലെ ആറാം അനുച്ഛേദമാണ് ഈ സ്‌കൂള്‍ പൂട്ടുന്നതിനു കാരണമായ നിയമം. ഈ നിയമം നടപ്പാക്കാനായി തയ്യാറാക്കിയ ചട്ടമാണ് കുഴപ്പമെന്ന് ഒരു വിഭാഗം ചൂണ്ടിക്കാണിക്കുന്നു. ഈ അപകടം മനസിലാക്കിയതായി നടിച്ച് ഭേദഗതി ചെയ്ത ചട്ടം കോടതി അംഗീകരിച്ചില്ല. മൂലനിയമത്തില്‍ മാറ്റം വേണമെന്ന് ചുരുക്കം. കാര്യക്ഷമമായി ഇടപെടാന്‍ വിദ്യാഭ്യാസവകുപ്പിനോ സര്‍ക്കാരിനോ താത്പര്യമില്ലായിരുന്നുവെന്നും ചുരുക്കം. ഏതാണ്ട് 147 വര്‍ഷത്തെ പാരമ്പര്യമുണ്ട് മലാപ്പറമ്പിലെ ഈ വിദ്യാലയത്തിന്. 300 മുതല്‍ 400 വരെ കുട്ടികള്‍ പഠിച്ചിരുന്ന സ്ഥാപനം. കൈമാറിയെത്തിയ ഉടമസ്ഥാവകാശമാണ് ഇപ്പോഴത്തെ മാനേജറായ പത്മരാജനുള്ളത്.

ഒറ്റപ്പെട്ട സംഭവമല്ല മലാപ്പറമ്പിലേത്. ഏതാണ്ട് 1500-ഓളം വിദ്യാലയങ്ങള്‍ അടച്ചുപൂട്ടാന്‍ വിദ്യാഭ്യാസ വകുപ്പിന് അപേക്ഷകള്‍ നല്‍കി കാത്തിരിക്കുകയാണ് ഉടമകളെന്ന് മലാപ്പറമ്പ് സ്‌കൂള്‍ സംരക്ഷണ സമിതി കണ്‍വീനര്‍ അഡ്വ. എം ജയദീപ് പറയുന്നു. ഒരിടത്ത് ജയിച്ചാല്‍ പിന്നെ എളുപ്പമാകും. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി സ്കൂളിലെത്തുന്ന കുട്ടികളെ തടയാന്‍ മാനേജര്‍ ശ്രമിക്കുകയാണ്. സ്‌കൂള്‍ പൂട്ടാന്‍ ഒരുങ്ങുകയാണെന്ന് കുട്ടികളുടെ വീടുകളില്‍ എത്തി അദ്ദേഹം പ്രചരിപ്പിച്ചു. അങ്ങനെ കുട്ടികളുടെ എണ്ണം കുറച്ചു. റോഡ് വീതി വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി സ്‌കൂള്‍ കെട്ടിടത്തിന്റെ ഒരുഭാഗം നഷ്ടമാകുമെന്ന് കാണിച്ചായി പിന്നത്തെ വാദം. ഇതിനെല്ലാം ഒത്താശ ചെയ്യാന്‍ അഡ്വക്കേറ്റ് ജനറല്‍ ഓഫീസില്‍ കോക്കസ് ഉണ്ട്. മുഖ്യമന്ത്രിയും വകുപ്പ് മന്ത്രിയും സ്‌കൂള്‍ നിലനിര്‍ത്തുമെന്ന് വാക്കുനല്‍കിയതാണ്. ഫലമുണ്ടായില്ലെന്നു മാത്രമല്ല മാനേജര്‍ക്ക് അനുകൂലമായാണ് ഫയലുകള്‍ നീങ്ങിയത്. ഇപ്പോള്‍ രണ്ടാം തരത്തില്‍ ഒമ്പത് കുട്ടികള്‍ പഠിക്കുന്നുണ്ട്. 25 കുട്ടികളെയെങ്കിലും ഇത്തവണ ഇവിടെ എത്തിക്കാനാണ് തീരുമാനം. വലിയ അഴിമതിയാണ് ഈ നീക്കത്തിനു പിന്നില്‍ നടക്കുന്നത്. ഒരുപക്ഷേ ബാര്‍ക്കോഴയെ കവച്ചുവയ്ക്കുന്നത്. മലാപ്പറമ്പ് സ്‌കൂള്‍ അടച്ചുപൂട്ടിയാല്‍ ഭൂമി കൈമാറ്റത്തിലൂടെ ഉടമയ്ക്ക് ഏതാണ്ട് 10 കോടിയോളം രൂപ ലഭിക്കും. അടച്ചുപൂട്ടാന്‍ ഒരുങ്ങുന്ന ഏതാണ്ട് എല്ലാ സ്‌കൂളുകളുടെയും സ്ഥിതി ഇതു തന്നെയാണ്. നഗരങ്ങളുടെ കണ്ണായ സ്ഥലങ്ങളിലുള്ള ഭൂമി വില്‍പ്പനിയിലൂടെ കൈയിലെത്തുന്ന കോടികളിലാണ് ഇവരുടെ പരിഗണന. ഇങ്ങനെ ലഭിക്കുന്ന പണത്തിന്റെ ഒരുപങ്കു ലഭിച്ചാല്‍ തന്നെ ഓരോ ഇടപാടും കോടികള്‍ കവിയുമെന്നതില്‍ തര്‍ക്കമില്ല- അഡ്വ. ജയദീപ് പറഞ്ഞു.

വയനാട് ഡയറ്റ് പ്രിന്‍സിപ്പിലായി വിരമിച്ച ഡോ. പി ലക്ഷ്മണനെ  കാണാനിടയായി. മലാപ്പറമ്പ് സ്‌കൂള്‍ അടച്ചുപൂട്ടലിലെത്തി സംസാരം. സുല്‍ത്താന്‍ ബത്തേരി നഗരമധ്യത്തിലെ ഒരിടത്തേക്ക് ചൂണ്ടി അദ്ദേഹം പറഞ്ഞു; ‘എന്തൊരു തെളിച്ചവും ഭംഗിയുമാണ് ഈ പ്രദശത്തിന്. അതിനു കാരണക്കാരനായതില്‍ സന്തോഷിക്കുന്നു. ഇവിടെ പ്രവര്‍ത്തിച്ചിരുന്ന വിദ്യാലയം അടച്ചുപൂട്ടി മറ്റൊരിടത്ത് സ്ഥാപിക്കുന്നതില്‍ നേതൃത്വം വഹിച്ചതില്‍ അഭിമാനിക്കുന്നു’. ആശ്ചര്യപ്പെടുത്തുന്ന ഈ പ്രതികരണം ഒരു ജീവിതവീക്ഷണമാണ്. ദീര്‍ഘനാളത്തെ അലസ അധ്യാപനത്തിനുശേഷം ഉദ്യോഗത്തില്‍ നിന്നും വിരമിച്ചയുടനെ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അധിപനായി രാപ്പകല്‍ ജോലിക്കിറങ്ങുന്ന മുതിര്‍ന്ന ബഹുമാന്യരുടെ നാട്ടില്‍ ഇതുപോലുള്ള അഭിപ്രായങ്ങള്‍ അത്ഭുതപ്പെടുത്തുന്നതല്ല. ശ്രദ്ധിക്കേണ്ടത് മറ്റൊരു കാര്യമാണ്. പൊതുവിദ്യാലയങ്ങളെ ഇത്രമാത്രം അധിക്ഷേപത്തിനു പാത്രമാക്കിയതിന്റെ ഉത്തരവാദിത്വം ആര്‍ക്കെന്നതാണ് ആദ്യചോദ്യം. ബിനാലെ പോലെ വന്നുപോയിക്കൊണ്ടിരിക്കുന്ന ഇടതു-വലുതുഭരണ കാലങ്ങളില്‍ ഒരിക്കല്‍പോലും ഈ സാമൂഹ്യവിഷയത്തില്‍ ഇടപെടാന്‍ ആരും ധൈര്യം പ്രകടിപ്പിച്ചില്ല.

റിയല്‍ എസ്റ്റേറ്റ് ചരക്കായി സ്‌കൂള്‍ കെട്ടിടങ്ങളും ഭൂമിയും മാറിയപ്പോഴും എതിര്‍ത്തില്ലെന്നു മാത്രമല്ല രഹസ്യമായി കൈയടിച്ചു പ്രോത്സാഹിപ്പിക്കുകയും ചെയ്തു. വിദ്യാലയങ്ങള്‍ക്കു ചുറ്റും രൂപം പ്രാപിച്ച നഗരങ്ങള്‍ അവയെ കൈയോടെ പിഴുതെടുത്ത് നശിപ്പിച്ചപ്പോഴും ഈ കണ്ണടയ്ക്കല്‍ തുടര്‍ന്നു. എല്ലാറ്റിനും പിന്തുണ നല്‍കാന്‍ അധികാര കേന്ദ്രങ്ങള്‍ക്കു ചുറ്റും വലയം യഥേഷ്ടം ഉണ്ട്. നിയമത്തിലെ പഴുതടയ്‌ക്കേണ്ടത് ആരുടെ ചുമതലയെന്ന ചോദ്യത്തിന് പ്രസക്തിയില്ല. നിയമനിര്‍മാണസഭയിലെത്തുന്നവര്‍ക്ക് ഈ ഉത്തരവാദിത്വത്തില്‍ നിന്നും മാറിനില്‍ക്കാന്‍ ആവില്ല. ക്ഷേമരാഷ്ട സങ്കല്‍പ്പം തകിടം മറിഞ്ഞ് അധികാരം കൈയാളുന്നവരുടെ കാടത്ത ആധിപത്യത്തിനു വിധേയമാകുന്ന നാട്ടില്‍ മലാപ്പറമ്പ് ഒരു ചെറിയ സംഭവം മാത്രമാണ്. ഒരുപക്ഷേ ഈ വിദ്യാലയത്തെ രക്ഷിക്കാനായേക്കും. കേരളത്തില്‍ എത്രയോ മലാപ്പറമ്പുകള്‍ ഉണ്ടെന്നത് മറക്കരുത്.

(അഴിമുഖം കണ്‍സള്‍ട്ടന്റ് എഡിറ്ററാണ് ലേഖകന്‍)

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍