UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മുസ്ലീങ്ങളായ വ്യോമസേനാംഗങ്ങള്‍ക്ക് താടി വയ്ക്കാന്‍ അനുമതിയില്ല; ഹര്‍ജി സുപ്രീംകോടതി തള്ളി

സേനാ ചട്ടങ്ങളേയും മതവിശ്വാസത്തിന്‌റെ ഭാഗമായുള്ള വ്യക്തിപരമായ കാര്യങ്ങളേയും കൂട്ടിക്കുഴയ്ക്കരുതെന്ന് സുപ്രീംകോടതി നിര്‍ദ്ദേശിച്ചു.

വ്യോമസേനാംഗങ്ങള്‍ക്ക് താടി വയ്ക്കാന്‍ അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളി. ചീഫ് ജസ്റ്റിസ് ടിഎസ് ഠാക്കൂര്‍ അദ്ധ്യക്ഷനായ ബഞ്ചാണ് ഹര്‍ജി തള്ളിയത്. സേനാ ചട്ടങ്ങളേയും മതവിശ്വാസത്തിന്‌റെ ഭാഗമായുള്ള വ്യക്തിപരമായ കാര്യങ്ങളേയും കൂട്ടിക്കുഴയ്ക്കരുതെന്ന് സുപ്രീംകോടതി നിര്‍ദ്ദേശിച്ചു. താടി വടിയ്ക്കാന്‍ തയ്യാറാകാതിരുന്നതിനെ തുടര്‍ന്ന് അഫ്താബ് അന്‍സാരി എന്ന ഉദ്യോഗസ്ഥനെ പുറത്താക്കിയ നടപടി ശരിവച്ച കീഴ്‌ക്കോടതി വിധിക്കെതിരായ ഹര്‍ജിയാണ് പരിഗണിച്ചത്. അച്ചടക്കവും ഏകതയും ഉറപ്പാക്കുന്നതിന്‌റെ ഭാഗമായാണ് സൈനിക ചട്ടങ്ങള്‍ വരുന്നതെന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടി.

സിഖുകാര്‍ക്ക് മതവിശ്വാസപ്രകാരം താടിയും തലപ്പാവും വയ്ക്കാന്‍ അനുമതി നല്‍കിയത് ചൂണ്ടിക്കാട്ടിയാണ് താടി വയ്ക്കാന്‍ അനുമതി വേണമെന്ന് അന്‍സാരി ആവശ്യപ്പെട്ടത്. ഇഷ്ടമുള്ള മതത്തില്‍ വിശ്വസിക്കാനുള്ള സ്വാതന്ത്ര്യമാണ് അന്‍സാരി ന്യായീകരണമായി പറഞ്ഞത്. 2008ലാണ് അച്ചടക്കലംഘനത്തിന്‌റെ പേരില്‍ അന്‍സാരിയെ പുറത്താക്കിയത്. ഇതേ വര്‍ഷം ഇതേ ആവശ്യം ഉന്നയിച്ച് മറ്റൊരു വ്യോമസേനാ ഉദ്യോഗസ്ഥനും ഒരു മഹാരാഷ്ട്ര പൊലീസ് ഉദ്യോഗസ്ഥനും കോടതിയെ സമീപിച്ചിരുന്നു.
എല്ലാ മുസ്ലീങ്ങളും താടി വയ്ക്കാറില്ലെന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടി. താടി വയ്ക്കുന്ന മുസ്ലീം സമുദായക്കാര്‍ക്കെതിരെ നടപടി എടുക്കരുതെന്ന് വ്യോമസേനയ്ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുള്ളതായി പ്രതിരോധ മന്ത്രിയായിരിക്കെ എകെ ആന്‌റണി പറഞ്ഞിരുന്നു.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍