UPDATES

നിങ്ങള്‍ മൊയ്തീന്‍-കാഞ്ചനമാല പ്രണയമഴയില്‍ കുളിച്ചു നിന്നോളൂ; സിദ്ധാര്‍ത്ഥ് ശിവയെ ‘പുലി’ പിടിച്ചു തിന്നോട്ടെ

Avatar

സഫിയ ഒ സി

സിദ്ധാര്‍ത്ഥ് ശിവയുടെ ഐനിലെ കേന്ദ്ര കഥാപാത്രം അയാളുടെ കണ്ണുകാണാത്ത വാവച്ചിയോട് ഒടുവില്‍ പറയുന്നുണ്ട്. ‘ങ്ങള് ഭാഗ്യവാനാണെന്ന്.’ കാരണം ഒന്നും കാണേണ്ടല്ലോ. ചില കാഴ്ചകള്‍ കണ്ടതാണ് മാനുവിനെ കുഴപ്പത്തിലാക്കിയത്. പക്ഷേ ആ കുഴപ്പം മാനുവിനെ ചില തിരിച്ചറിയലുകളില്‍ എത്തിക്കുന്നുണ്ട്. ഒപ്പം പ്രേക്ഷകരെയും.

ഒറ്റ വരിയില്‍ പറയുകയാണെങ്കില്‍ ഒരു നേരെ വാ നേരെ പോ സിനിമ. ആഖ്യാനത്തിന്റെ വളച്ചുകെട്ടലുകളോ ദുര്‍ഗ്രഹതയോ ഇല്ല. ഞാനിതാ ഒരു വമ്പന്‍ കാര്യം പറയാന്‍ പോകുന്നു എന്ന തലക്കനമില്ല. അതി ലളിതവത്ക്കരണത്തില്‍ ഉള്ളുപൊള്ളയുമല്ല. കഥയുടെ ആ വല്ലാത്ത ജീവിത ഗന്ധവുമില്ല. മറിച്ച് നമുക്ക് ചുറ്റും കാണുന്ന ചില മനുഷ്യര്‍. അവരുടെ ജീവിതത്തിലെ ചില നിമിഷങ്ങള്‍. സമൂഹത്തിലെ ചില അസ്വസ്ഥതകള്‍. അനിവാര്യമായ പൊട്ടിത്തെറികള്‍. ചില ഓര്‍മ്മപ്പെടുത്തലുകള്‍.

ഐന്‍ മാനുവിന്‍റെ സിനിമയാണ്. മാനുവിന്‍റേത് എന്നു പറയുമ്പോള്‍ മുസ്തഫയുടെ. പ്രേക്ഷകര്‍ക്ക് അത്ര പരിചയമുണ്ടാവില്ല ഈ നടനെ. ചിലപ്പോള്‍ ദേശീയ അവാര്‍ഡ് പട്ടികയില്‍ ഇടം പിടിച്ചപ്പോള്‍ ആയിരിക്കാം നമ്മള്‍ ഈ നടനെ ശ്രദ്ധിച്ചിട്ടുണ്ടാകുക. (പക്ഷേ അതൊന്നും തിയറ്ററുകളിലെ സീറ്റുകള്‍ നിറയ്ക്കാന്‍ പോന്നതായിരുന്നില്ല.) സംവിധായകന്‍ മനസില്‍ കണ്ട മാനു എന്ന ഉപകാരിയായ മലപ്പുറത്തുകാരന്‍ പയ്യനെ ഇരട്ടിയാക്കി തിരിച്ചു നല്കിയിരിക്കുകയാണ് മുസ്തഫ. കഴിഞ്ഞ ദിവസം സിദ്ധാര്‍ത്ഥ് ഇട്ട എഫ് ബി പോസ്റ്റില്‍ പറയുന്നതുപോലെ ‘മുസ്ത്വോ,ഈ സില്മേല് അഭിനയിപ്പിക്കാന്നുള്ളതെയ്ക്കാരം പടച്ചോൻ അന്നെ പടച്ചയിന്റെ മെയിൻ എയ്മ്’. എവിടേയും ഇരിപ്പുറയ്ക്കായ്ക, നിഷ്കളങ്കത, എന്തിനോടൊക്കെയോ ഉള്ള ഭയപ്പാട് എല്ലാം ഭാവപ്രകാശനത്തിലും ശരീര ഭാഷയിലും ഡയലോഗ് പ്രസന്‍റേഷനിലും കൊണ്ടുവരാന്‍ മുസ്തഫയ്ക്ക് സാധിച്ചിട്ടുണ്ട്. ഈ ഒരു കഥാപാത്രത്തെ മാത്രം കേന്ദ്രീകരിച്ച് വികസിക്കുന്ന കഥയില്‍ മാനുവിന്‍റെ അവതരണത്തിലെ ഒരു ചെറിയ പിഴവ് പോലും സിനിമയുടെ ആസ്വാദ്യതയെ പ്രതികൂലമായി ബാധിക്കുമായിരുന്നു.

പുറമെ കാണുന്ന മാനുവിനപ്പുറം അകത്തൊരു മാനുവുണ്ടെന്ന് കാണിക്കാന്‍ സംവിധായകന്‍ ആശ്രയിക്കുന്നത് അവന്റെ സ്വപ്നങ്ങളെയാണ്. അധികാരത്തിന്റെ രൂപങ്ങളെല്ലാം-അത് കഴുത്തറക്കുന്ന തീവ്രവാദിയായും, ജോലിയില്‍ നിന്ന് പുറത്താക്കുന്ന ബാങ്ക് മാനേജറായും മുഖത്തടിക്കുന്ന ഹോട്ടല്‍ മുതലാളിയായും-അവന്‍റെ സ്വപ്നത്തില്‍ കടന്നു വരുന്നുണ്ട്. മാനു പേടിക്കുന്നത് ജിന്നുകളെയും മലക്കുകളെയുമല്ല, മറിച്ച് നമ്മുടെ സമൂഹത്തില്‍ തന്നെയുള്ള ചില ഹിംസയുടെ രൂപങ്ങളെയാണ് എന്നു സ്ഥാപിക്കാന്‍ സംവിധായകന് കഴിയുന്നുണ്ട്. അത് മറ്റൊരു തരത്തില്‍ മാനുവിന്‍റെ ഉള്‍ക്കാഴ്ച കൂടിയാണ്. അത്തരമൊരു കാഴ്ച ഒരു കൊലപാതകത്തിന്റെ രൂപത്തില്‍ ഇരുട്ടിന്റെ മറവില്‍ മാനുവിന്‍റെ മുന്‍പില്‍ സംഭവിക്കുമ്പോഴാണ് അവന്‍ നാടുവിട്ടോടുന്നത്. മാനുവിനെപ്പോലെ ഒരു ശുദ്ധഗതിക്കാരന് അത്രയേ സാധിക്കുമായിരുന്നുള്ളൂ. 

മാനു മിക്കവാറും സമയങ്ങളില്‍ ഇടപെടുന്നത് മിണ്ടാപ്രാണികളുടെ ഒപ്പമാണ്. കാലിച്ചന്തകളില്‍, അറവുശാലയില്‍ സഹായിയായി, ബംഗാളികള്‍ക്ക് കോഴിയെ അറുത്തുകൊടുക്കുന്നയാളായി, മുസ്ലീം വീടുകളില്‍ നടക്കുന്ന മത ചടങ്ങുകളില്‍ പോത്തിനെ അറക്കുന്നവരുടെ കൂട്ടത്തില്‍ അങ്ങനെയങ്ങനെ. രക്തംപുരണ്ട കുപ്പായമിട്ടാണ് അയാള്‍ പലപ്പോഴും നടക്കുന്നത്. ഈ ഹിംസയുടെ അന്തരീക്ഷത്തില്‍ നിന്നാണ് മനുഷ്യര്‍ തമ്മില്‍ തമ്മില്‍ കൊല്ലുന്ന ഹിംസയുടെ ലോകത്ത് അയാള്‍ ഒരു സാക്ഷിയായി എത്തിപ്പെടുന്നത്. ഉള്ളാളത്ത് ഒളിച്ചു താമസിക്കുമ്പോള്‍ പരിചയപ്പെടുന്ന രാഷ്ട്രീയ കൊലപാതകത്തിനിരയായ ഒരാളുടെ ഭാര്യയുടെയും ഉപ്പയുടേയും ജീവിതത്തില്‍ നിന്നാണ് കൊലപാതകത്തിന്റെ നൈതികതയെക്കുറിച്ചും മറ്റുമുള്ള ചിന്തകള്‍ അയാളെ അസ്വസ്ഥാക്കുന്നത്. അവിടെ നിന്നാണ് ഒളിച്ചോടുകയല്ല വേണ്ടത് താന്‍ കണ്ട കാര്യം ലോകത്തോട് തുറന്നു പറയുകയാണ് വേണ്ടത് എന്ന് അയാള്‍ തീരുമാനിക്കുന്നത്. 

തന്‍റെ സത്യത്തിന് യാതൊരു വിലയുമില്ല എന്ന് മാനു ഒടുവില്‍ തിരിച്ചറിയുന്നു. തന്നെക്കാള്‍ എത്രയോ ശക്തരാണ് എതിരാളികള്‍. പക്ഷേ ചെറിയ ചെറിയ നല്ല കാര്യങ്ങള്‍ ചെയ്യുമ്പോള്‍ ആകാശത്ത് തെളിഞ്ഞു വരുന്ന മലക്കുകളെ കാണാതിരിക്കാന്‍ അയാള്‍ക്ക് ആവുമായിരുന്നില്ല. കാരണം ജീവിതാനുഭവങ്ങള്‍ അയാള്‍ക്ക് അത്രയേറെ ഉള്‍തെളിച്ചം നല്കിയിരിക്കുന്നു. രാത്രിയിലെ നിലാവെളിച്ചത്തില്‍ അറക്കാനായി കെട്ടിയിട്ട കാലിയെ അഴിച്ചു വിട്ട് അയാള്‍ രാമാനത്തേക്ക് ഉറ്റു നോക്കുന്നു. ആ നല്ല മലക്കുകളെ കാണാന്‍. ഐന്‍ അവസാനിക്കുന്നത് ഈ ദൃശ്യത്തിലാണ്.

ജീവിതത്തെ തികഞ്ഞ പ്രത്യാശയോടെ കാണുന്ന ചിത്രമാണ് ഐന്‍. വേണമെങ്കില്‍ മാട്ടിറച്ചി നിരോധന ചര്‍ച്ചയുടെ പശ്ചാത്തലത്തില്‍ ചില വിയോജിപ്പുകള്‍ ഈ ചിത്രത്തെക്കുറിച്ച് രേഖപ്പെടുത്തപ്പെട്ടേക്കാം. പ്രത്യേകിച്ചും വെജിറ്റേറിയനിസം ഫാസിസവുമായി ചേര്‍ത്തു വായിക്കപ്പെടുന്ന ഈ കാലഘട്ടത്തില്‍. ഹിംസ മുസ്ലീം പശ്ചാത്തലത്തില്‍ ചര്‍ച്ച ചെയ്യപ്പെടുന്നതിലെ അപകടകരമായ രാഷ്ട്രീയ സൂചനകളും കണ്ടില്ലെന്ന് നടിക്കാനാവില്ല. പക്ഷേ കൊല്ലുന്നവനെയും കൊല്ലപ്പെടുന്നവനെയും വര്‍ണ്ണ, ജാതി, രാഷ്ട്രീയം കൊണ്ട് അടയാളപ്പെടുത്താതിരിക്കാന്‍ സംവിധായകന്‍ പരമാവധി ശ്രദ്ധിച്ചത് അത്തരമൊരു വ്യാഖ്യാന സാധ്യതയിലേക്ക് എളുപ്പത്തില്‍ ചെന്നു ചേരുന്നതില്‍ നിന്ന് വിമര്‍ശകരെ തടയുന്നുണ്ട്. പക്ഷേ അതിനുമപ്പുറം ഇത്തരം വ്യാഖ്യാനങ്ങളെയൊക്കെ അതിജീവിക്കുന്ന തരത്തില്‍ തികഞ്ഞ സത്യസന്ധതയോടെ മാനു എന്ന കഥാപാത്രം നിറഞ്ഞു നില്‍ക്കുന്നുണ്ട് സിനിമയില്‍ ഉടനീളം. അതുതന്നെയാണ് ഐനിന്റെ വിജയവും.

ഒരുകാര്യം കൂടി പറയാതെ വയ്യ. രാജ്മോഹന്‍ ഉണ്ണിത്താന്‍ കെ എസ് എഫ് ഡി സിയുടെ ചെയര്‍മാനായി അധികാരം ഏറ്റെടുത്തതിന് ശേഷം മലയാളത്തില്‍ ഇറങ്ങുന്ന സ്വതന്ത്ര സിനിമകളെ പ്രേക്ഷകരില്‍ എത്തിക്കാന്‍ നടത്തുന്ന ശ്രമങ്ങളെ ശ്ലാഘിക്കാതിരിക്കാനാവില്ല. പക്ഷേ കേരള അന്തരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ ചില്ല് വാതിലുകള്‍ തല്ലിപ്പൊളിച്ച് തിയറ്ററുകളിലേക്ക് ആര്‍ത്തലച്ചു കയറുന്ന സിനിമാ ദാഹികള്‍ എവിടെ? ഐന്‍ പ്രദര്‍ശിപ്പിച്ച സര്‍ക്കാര്‍ തിയറ്ററിലെ കസേരകള്‍ ചോദിക്കുന്നു. ‘നോക്കൂ ഞാന്‍ നിങ്ങള്‍ പറയാറുള്ള നല്ല സിനിമ പ്രദര്‍ശിപ്പിക്കാനുള്ള അവസരം ഒരുക്കിത്തന്നു. പക്ഷേ നിങ്ങളാരും എന്താണ് അങ്ങോട്ടേക്ക് തിരിഞ്ഞു നോക്കാത്തത്?’ എന്ന് രാജ്മോഹന്‍ ഉണ്ണിത്താന്‍ ഇവിടത്തെ ‘പ്രബുദ്ധരായ’ സിനിമാ പ്രേക്ഷകരോട് ചോദിക്കുന്ന ഒരു ദിനം വരും എന്ന കാര്യത്തില്‍ സംശയമില്ല. അതു വരെ നിങ്ങള്‍ മൊയ്തീന്‍-കാഞ്ചനമാല പ്രണയമഴ കുളിച്ചു നിന്നോളൂ.. പാവം സിദ്ധാര്‍ത്ഥ് ശിവയെ ‘പുലി’ പിടിച്ചു തിന്നട്ടെ..  

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions) 

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

   

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍