UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഇന്ത്യ സ്വന്തമായി വിമാനം നിര്‍മ്മിക്കുമോ?

Avatar

എഡിറ്റോറിയല്‍/ടീം അഴിമുഖം

പൂനക്കടുത്ത് ടാറ്റ ഫാക്ടറിയുടെ അവശിഷ്ടങ്ങള്‍ ഇപ്പോഴുമുണ്ട്. അവിടെയാണ് ഒരു വന്‍കിട വിമാന നിര്‍മ്മാതാവാനുള്ള ഇന്ത്യയുടെ മോഹങ്ങള്‍  കഴിഞ്ഞ നൂറ്റാണ്ടില്‍ മണ്ണടിഞ്ഞത്.

ആ കഥക്ക് 1942-ഓളം പഴക്കമുണ്ട്. രണ്ടാം ലോകമഹായുദ്ധം കൊടുമ്പിരി കൊള്ളുന്നു. ബ്രിട്ടന്റെ യുദ്ധശ്രമങ്ങളെ സഹായിക്കാനായി, മരത്തിലുണ്ടാക്കുന്ന ഇരട്ട എഞ്ചിനുള്ള ഡെ ഹാവില്ലണ്ട് മോസ്കിറ്റൊ എന്നൊരു വിമാനമുണ്ടാക്കാനുള്ള നിര്‍ദ്ദേശം ജെ ആര്‍ ഡി ടാറ്റ സമര്‍പ്പിച്ചു. വലിയ നിര്‍മ്മാണശാലയും, ലോഹസംസ്കരണവുമൊക്കെ ഒഴിവാക്കാനാണ് അദ്ദേഹം ലോഹത്തിന് പകരം തടിയില്‍ വിമാനം നിര്‍മ്മിക്കാന്‍ തുനിഞ്ഞത്.

ബ്രിട്ടീഷ് സര്‍ക്കാര്‍ പദ്ധതി അംഗീകരിച്ച്. ടാറ്റ എയര്‍ക്രാഫ്റ്റ് ലിമിറ്റഡ് എന്ന പുതിയ കമ്പനിയും രൂപം കണ്ടു. ഭൂമി ഏറ്റെടുത്തു, വലിയൊരു നിര്‍മ്മാണശാലയും പണിതു.

എന്നാല്‍ ബ്രിട്ടീഷുകാര്‍ക്ക് വീണ്ടുവിചാരമുണ്ടായി. ടാറ്റയുടെ ശ്രമങ്ങള്‍ ഇന്ത്യയുടെ വിമാന നിര്‍മ്മാണ ശേഷി ഗണ്യമായി വര്‍ദ്ധിപ്പിക്കുമെന്ന് അവര്‍ ഭയന്നു. യുദ്ധം മുന്നോട്ടുപോകവേ ഇന്ത്യക്ക് സ്വാതന്ത്ര്യം നല്‍കേണ്ടി വരുമെന്നു ലണ്ടന്‍ തിരിച്ചറിഞ്ഞു തുടങ്ങിയിരുന്നു. ഇരുപതാം നൂറ്റാണ്ടിന്റെ പകുതിയില്‍ വിമാന നിര്‍മ്മാണ ശേഷി ഒരു വന്‍ശക്തിയുടെ ലക്ഷണമായി കാണാനും തുടങ്ങി. ഈ തോന്നലില്‍ നിന്നാണ് യു എസിന്റെ ബോയിങ്ങും യൂറോപ്പിന്റെ എയര്‍ബസും തമ്മിലുള്ള വമ്പന്‍ മത്സരം തുടങ്ങിയത്.

അവസാന നിമിഷം, യുദ്ധവിമാനങ്ങള്‍ക്ക് പകരം ഇന്‍വേഷന്‍ ഗ്ലൈഡറുകള്‍ ഉണ്ടാക്കാന്‍ ബ്രീട്ടീഷ് സര്‍ക്കാര്‍ ടാറ്റയോട് ആവശ്യപ്പെട്ടു. ടാറ്റ ഗ്രൂപ്പ് വിമ്മിട്ടത്തോടെയാണെങ്കിലും സമ്മതിച്ചു. ഉപേക്ഷിക്കാന്‍ പറ്റാത്ത വണ്ണം പണിശാല നിര്‍മ്മാണവും തൊഴിലാളി നിയമനവുമൊക്കെ മുന്നോട്ടു പോയിരുന്നു. എന്നാല്‍ ഈ പദ്ധതിയും വിചാരിച്ച പോലെ മുന്നോട്ടു പോയില്ല. ടാറ്റയുടെ ഗ്ലൈഡറുകള്‍ അവയെ കെട്ടിവലിച്ചുകൊണ്ടുപോകാന്‍ വിമാനങ്ങളില്ലാത്തത് മൂലം യുദ്ധത്തില്‍ ഉപയോഗിക്കാന്‍ പറ്റാത്തതായിരുന്നു കാരണം. അങ്ങനെയാണ് വലിയ വിമാന നിര്‍മ്മാതാക്കളാകാനുള്ള ഇന്ത്യയുടെ സാധ്യതകള്‍  കഴിഞ്ഞ നൂറ്റാണ്ടില്‍ പൊലിഞ്ഞത്.

ഇരുപതാം നൂറ്റാണ്ട് ആകാശശേഷികളുടെ കാലമായിരുന്നു. എന്നാല്‍ ഇന്ത്യയുടെ പങ്ക് ബഹിരാകാശത്തെ ചില ചെറിയ നേട്ടങ്ങളില്‍ ഒതുങ്ങി നിന്നു. സ്വന്തം വിമാനമെന്ന ഇന്ത്യയുടെ മോഹം ഇപ്പൊഴും നടന്നിട്ടില്ല. ഇക്കാര്യത്തില്‍ എയര്‍ബസ്, ബോയിങ്, എംബ്രയര്‍ എന്നീ വ്യോമയാന ഭീമന്‍മാര്‍ വാഴുന്ന വികസിത ലോകത്തിന് ഒരു നൂറ്റാണ്ട് പിറകിലാണ് ഇന്ത്യ. ആഭ്യന്തര ശേഷികളുടെ കാര്യത്തില്‍ ചൈന വന്‍ കുതിച്ചുചാട്ടം നടത്തുന്നു. അവരുടെ ARJ21-700 ഒട്ടും മോശമല്ലാത്തവയാണ്.

ഇന്നിപ്പോള്‍ ഇന്ത്യയുടെ വിമാന ഭാഗങ്ങള്‍ കൂട്ടിച്ചേര്‍ക്കാനുള്ള മികച്ച ശേഷി ഹിന്ദുസ്ഥാന്‍ എയറോനോറ്റിക്സ് ലിമിറ്റഡ് ആണ്. അതാകട്ടെ റഷ്യ, യു കെ, ഫ്രാന്‍സ് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള യന്ത്രഭാഗങ്ങള്‍ കൂട്ടിച്ചേര്‍ത്തുപയോഗിച്ച് യുദ്ധവിമാനങ്ങള്‍ ഉണ്ടാക്കുന്ന ആകെ കുഴഞ്ഞുമറിഞ്ഞ ഒരു സര്‍ക്കാര്‍ സ്ഥാപനവും. സ്വന്തമായൊരു ഹെലികോപ്റ്ററും പരിശീലന വിമാനവും ഉണ്ടാക്കാനുള്ള അവരുടെ ശ്രമങ്ങള്‍ പരിമിതമായേ വിജയിച്ചുള്ളൂ. വിമാനത്തിന് ഇന്ത്യക്കിപ്പോഴും വിദേശ രാഷ്ട്രങ്ങളെ ആശ്രയിക്കണം. അത് വ്യോമസേനയ്ക്കുള്ള യുദ്ധവിമാനമായാലും, സാധാരണ യാത്രാവിമാനമായാലും ഇതുതന്നെ അവസ്ഥ.

വിവിധോദ്ദേശ്യ വിമാനം സരസ് വികസിപ്പിക്കാനുള്ള സര്‍ക്കാര്‍ നേതൃത്വത്തിലുള്ള ശ്രമങ്ങളും ഇതുവരെ വിജയിച്ചിട്ടില്ല. മറ്റൊന്നിന്റെ രൂപരേഖ ഇപ്പൊഴും പൂര്‍ത്തിയായിട്ടില്ല.

എന്നാല്‍ വ്യോമയാന നിര്‍മ്മാണ മേഖലയില്‍ സ്വകാര്യ മേഖലയെ കൊണ്ടുവരാനുള്ള മോദി സര്‍ക്കാരിന്റെ നീക്കം മുന്നോട്ടുപോയാല്‍ സമീപഭാവിയില്‍ തന്നെ ഈ അവസ്ഥ മാറിയേക്കും.

ബുധനാഴ്ച്ച വൈകീട്ട് പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കരുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന പ്രതിരോധ ഉപകരണങ്ങള്‍ വാങ്ങുന്നതിനുള്ള സമിതി വിമാന നിര്‍മ്മാണത്തിനുള്ള ടാറ്റ-എയര്‍ബസ് സംയുക്ത സംരഭത്തിന്റെ 11,930 കോടി രൂപയുടെ നിര്‍ദേശത്തിന് പച്ചക്കൊടി കാണിച്ചിരിക്കുന്നു.

ഒറ്റ സംരംഭകന്‍ മാത്രമേ ഉള്ളൂ എന്ന കാരണത്താലാണ് ഈ പദ്ധതി കഴിഞ്ഞ വര്‍ഷം അനുമതി ലഭിച്ചിട്ടും ഇതുവരെ തടസപ്പെട്ടത്. 16 വിമാനങ്ങള്‍ പറക്കാന്‍ പാകത്തില്‍ വാങ്ങുമ്പോള്‍ 40 എണ്ണം ഇന്ത്യയില്‍ നിര്‍മ്മിക്കും.

ഇന്ത്യയില്‍ വിമാനം നിര്‍മ്മിക്കാന്‍ ടാറ്റ ഗ്രൂപ്പ് കാണിക്കുന്ന ധൈര്യം നല്ലതുതന്നെ. അവര്‍ വിജയിക്കുകയാണെങ്കില്‍ ഇന്ത്യയില്‍ വിമാന നിര്‍മ്മാണ മേഖല വളരുകയും സ്വന്തമായൊരു വിമാനം അടുത്ത ഭാവിയില്‍ തന്നെ നിര്‍മ്മിക്കാനാവുകയും ചെയ്യും.

മഹീന്ദ്ര & മഹീന്ദ്രയെ പോലുള്ള സ്ഥാപനങ്ങള്‍ക്ക് ഈ മേഖലയില്‍ വലിയ താത്പര്യമുണ്ട്. എന്തായാലും ഒരു സ്വകാര്യ കമ്പനി ഇന്ത്യയില്‍ ഇതിനായുള്ള പണിശാല തുടങ്ങുന്നത് മികച്ച തുടക്കം തന്നെ. ഇത് നരേന്ദ്ര മോദിയുടെ പ്രധാനമന്ത്രി പദത്തിന്റെ ഏറ്റവും വലിയ നേട്ടമായേക്കാം.

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍