UPDATES

ന്യൂസ് അപ്ഡേറ്റ്സ്

വിമാന യാത്രാനിരക്ക് നിശ്ചയിക്കലല്ല, കമ്പോള അച്ചടക്കം കൊണ്ടുവരലാണ് സര്‍ക്കാര്‍ ചുമതല

Avatar

വിമതവിചാരം

ആഭ്യന്തര ഇക്കണോമി ക്ലാസ് വിമാനയാത്രക്കൂലിയുടെ പരിധി 20,000 രൂപയായി നിജപ്പെടുത്തുന്ന കാര്യം സര്‍ക്കാര്‍ പരിഗണിക്കുന്നതായി, വിവിധ പത്രങ്ങളില്‍ പ്രസിദ്ധീകരിച്ച വ്യോമയാന മന്ത്രാലയത്തിന്റെ ഒരു ആഭ്യന്തര കുറിപ്പ് സൂചിപ്പിക്കുന്നുണ്ട്.

 

യാത്രാക്കൂലി കുറവുള്ള സ്‌പൈസ് ജറ്റ് എന്ന വിമാനകമ്പനിയുടെ കമ്പോള ഓഹരി ഒക്ടോബറിനും നവംബറിനും ഇടയില്‍ 17.3 ശതമാനത്തില്‍ നിന്നും 14.9 ശതമാനമായി കുറയുകയും കമ്പനി പ്രതിസന്ധിയിലാവുകയും ചെയ്തതോടെ, ഡിസംബറില്‍ രാജ്യത്തെ ആഭ്യന്തര വിമാനക്കൂലി കുത്തനെ കൂടിയിരുന്നു. ശരാശരി 15 ശതമാനം കണ്ട് വര്‍ദ്ധനയുണ്ടായതായും പ്രധാന മേഖലകളില്‍ 2013 ഡിസംബറിനെ അപേക്ഷിച്ച് നിരക്ക് ഇരട്ടിയായതായും ചില കണക്കുകള്‍ സൂചിപ്പിക്കുന്നു. പ്രതിദിനം സ്‌പൈസ് ജറ്റിന്റെ 50 ലേറെ ഫ്‌ളൈറ്റുകള്‍ റദ്ദാക്കേണ്ടി വന്നത് നിരക്ക് വര്‍ദ്ധനവിനുള്ള ഒരു കാരണമായി ചൂണ്ടിക്കാണിക്കാം. എന്നാല്‍ വിദേശ വിനോദസഞ്ചാരികളുടെ വരവിലുണ്ടായ ആരോഗ്യകരമായ വര്‍ദ്ധനയാണ് ഡിസംബറിലെ നിരക്ക് കുതിച്ച് ചാട്ടത്തിനുള്ള മറ്റൊരു കാരണം.

എന്നാല്‍ നിരക്ക് നിശ്ചയിക്കുന്നതില്‍ സര്‍ക്കാര്‍ ഇടപെടേണ്ട ഒരു സാഹചര്യവും ഇപ്പോള്‍ നിലനില്‍ക്കുന്നില്ല. ആദ്യമായി, യാത്ര നിരക്കിന്റെ പരിധി 20,000 ആയി നിജപ്പെടുത്തുന്നത് ഏകപക്ഷീയമാണ്. ഇതൊരു ‘ന്യായവിലയാണെന്ന്’ കുറിപ്പ് അനുമാനിക്കുന്നു. രണ്ടാമതായി, കാലം, അവധി കലണ്ടര്‍, ഓരോ കമ്പനികളുടെയും ചിലവ് ഘടന എന്നിവയുടെ അടിസ്ഥാനത്തില്‍ വളരെ ചലനാത്മകമായ രീതിയിലാണ് കമ്പനികള്‍ യാത്രക്കൂലി നിശ്ചയിക്കുന്നത്. ലളിതമായി പറഞ്ഞാല്‍, ന്യായമായ കമ്പോള വിലകള്‍ നിശ്ചിയിക്കുന്നതിനാവശ്യമായ വിവരങ്ങളോ വൈദഗ്ധ്യമോ സര്‍ക്കാരിനില്ലെന്ന് സാരം. ഇതേ കാരണങ്ങളാല്‍ തന്നെ, കുറിപ്പ് സൂചിപ്പിക്കുന്നത് പോലെ, സര്‍ക്കാര്‍ പരിഗണനയിലുള്ള അടിസ്ഥാന കൂലി നിശ്ചയിക്കുന്ന തരത്തിലുള്ള ഇടപെടലുകള്‍ നടത്തുന്നതില്‍ നിന്നും സര്‍ക്കാര്‍ പിന്മാറുകയും ചെയ്യണം. അതേ സമയം വിമാനക്കൂലി നിശ്ചയിക്കുന്ന കാര്യത്തില്‍ കമ്പനികള്‍ തമ്മില്‍ ഗൂഢാലോചനയോ രഹസ്യ ഉടമ്പടികളോ ഉണ്ടാവുന്ന പക്ഷം സര്‍ക്കാര്‍ ഇടപെടുകയും ചെയ്യണം. പക്ഷെ ഇത്തരം കാര്യങ്ങള്‍ മണത്തറിയാനുള്ള ഉത്തരവാദിത്വം കോമ്പറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യയ്ക്കായിരിക്കണം. ഏതാനും കമ്പനികള്‍ ചേര്‍ന്ന് വിപണി നിയന്ത്രിക്കുന്ന വ്യോമയാന മേഖല ഉള്‍പ്പെടെയുള്ള അസന്തുലിത മത്സരങ്ങള്‍ നടക്കുന്ന കമ്പോളങ്ങളില്‍ സൂക്ഷ്മനിരീക്ഷണം നടത്താന്‍ കമ്മീഷന് ഉത്തരവാദിത്വമുണ്ട്. ആ ഉത്തരവാദിത്വം കമ്മീഷന്‍ നിര്‍വഹിക്കുന്നുണ്ടെന്നാണ് ലഭ്യമായ വിവരങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്. മത്സര വിരുദ്ധ പ്രവണതകളില്‍ ഏര്‍പ്പെടുന്ന കമ്പനികള്‍ക്ക് മാതൃകാപരമായ പിഴകള്‍ ഈടാക്കിക്കൊണ്ട് വേണം കമ്പോള അച്ചടക്കം നടപ്പില്‍ വരുത്താന്‍. അല്ലാതെ നിരക്ക് നിശ്ചയിക്കാനുള്ള അധികാരം ഏറ്റെടുത്തുകൊണ്ടാവരുത്.

അന്തിമമായി, ഉയര്‍ന്ന വിലകള്‍ക്ക് സ്വതന്ത്ര കമ്പോളവും മത്സരവുമല്ലാതെ മറ്റൊരു മറുമരുന്നില്ല. യഥാര്‍ത്ഥത്തില്‍, കമ്പോളം നല്‍കിയ ദൗര്‍ലഭ്യ സൂചനകളുടെ അടിസ്ഥാനത്തില്‍ ആഭ്യന്തര റൂട്ടുകളില്‍ കൂടുതല്‍ ഫ്‌ളൈറ്റുകള്‍ പറത്താന്‍ വിമാനക്കമ്പനികള്‍ ഇപ്പോള്‍ തന്നെ തയ്യാറായിട്ടുണ്ട്. നേരിട്ടുള്ള വിദേശനിക്ഷേപത്തിലുണ്ടായ ഉദാരീകണത്തിന്റെ ഫലമായി വ്യോമയാന മേഖലയിലേക്ക് വിസ്താര, എയര്‍ ഏഷ്യ എന്നീ രണ്ട് കമ്പനികള്‍ കടന്നുവന്നിട്ടുണ്ട്. തുറന്ന ആകാശ നയങ്ങള്‍ പിന്തുടരാനും കൂടുതല്‍ ഉദാരീകരണം നടപ്പിലാക്കാനും സര്‍ക്കാര്‍ തയ്യാറാവണം. ഈ മേഖലയെ കൂടുതല്‍ ആകര്‍ഷകമാക്കാനും കൂടുതല്‍ നിക്ഷേപങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനുമായി, അന്താരാഷ്ട്ര സേവനങ്ങള്‍ നടത്തുന്നതിന് തുടര്‍ച്ചയായി അഞ്ച് വര്‍ഷം പ്രവര്‍ത്തിക്കുകയും 20 വിമാനങ്ങള്‍ പ്രവര്‍ത്തിപ്പിക്കുകയും ചെയ്യണം എന്ന അടിസ്ഥാന നിബന്ധന (5X20 rule) എടുത്ത് കളയുന്നതിലൂടെയാവട്ടെ ഇതിന്റെ തുടക്കം.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍