UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഗോഡ്‌സെയുടെ അനുയായികള്‍ ഹെമുകലാനിയുടെ പിന്തുടര്‍ച്ചക്കാരെ ഭയപ്പെടുത്തരുത്

Avatar

അല്‍ജിഹാന്‍

ഇത് കീഴടങ്ങാനുള്ള സമയമല്ല; അത്യാവശ്യമായ സമരത്തിലെക്കുള്ള തിരിച്ചുവരവാണ്, ചെറുത്തു നില്‍പ്പിനുള്ള കാലമാണ്. ഇനിയും മിണ്ടാതിരുന്നാല്‍ അവര്‍ നമ്മുടെ ഓരോ ശ്വാസവും, ഓരോ ചിരിയും നിഷേധിക്കും, ഓരോ വാക്കും ഇല്ലാതാക്കും അവസാനം അവര്‍ നമ്മളെ ഇന്ത്യ എന്ന സ്വപനഭൂമിയില്‍ നിന്ന് തന്നെ ഇല്ലാതാക്കും.

നമ്മുടെ കലാലയങ്ങളെ മുഴുവന്‍ നിശബ്ദമാക്കാന്‍ സംഘപരിവാര്‍ കിണഞ്ഞു ശ്രമിക്കുന്നുണ്ട്. അവര്‍ക്ക് ചിന്തിക്കുന്നവരെ ഭയമാണ്, സംസാരിക്കുന്നവരെയും, എഴുതുന്നവരെയും അവര്‍ക്ക് ഇല്ലാതാക്കിയേ തീരൂ. കാരണം അത്തരക്കാരിലൂടെ രാജ്യം ചിലപ്പോള്‍ തെറ്റ് തിരിരിച്ചറിഞ്ഞേക്കാം, സംഘപരിവാരത്തിന്റെ കാവി രാഷ്ട്രീയക്കുപ്പായം ജനങ്ങള്‍ കീറിയെറിഞ്ഞേക്കാം..

എന്തായിരുന്നു ജെ എന്‍ യുവിലെ വിദ്യാര്‍ഥികളും വിദ്യാര്‍ഥി യുണിയന്‍ പ്രസിഡന്റ് കനയ്യ കുമാറും ചെയ്ത കുറ്റം? കനയ്യകുമാര്‍ നടത്തിയ പ്രസംഗത്തില്‍ എവിടെയാണ് രാജ്യദ്രോഹം? ആര്‍എസ്എസ് എന്ന ഭീകരസംഘടനയെയും അതിന്റെ ആശയങ്ങളെയും എതിര്‍ക്കുന്നത് എങ്ങനെയാണ് രാജ്യവിരുദ്ധമാകുന്നത്? ആര്‍എസ്എസിന് കരം തീര്‍ത്തുകൊടുത്തോ ഇന്ത്യ? ഒരു ജനാധിപത്യരാജ്യത്തില്‍ ഒരു പൗരനു സ്വന്തം അഭിപ്രായങ്ങള്‍ തുറന്നുപറയാനുള്ള അവകാശം ഇല്ലെന്നുണ്ടോ? ക്ഷമിക്കണം തെറ്റുപറ്റി 2014 മേയ് മാസത്തിനു ശേഷം ഇന്ത്യ ഒരു ജാനധിപത്യരാജ്യം അല്ലാതായ കാര്യം ഞാന്‍ മറന്നുപോയി!

രാജ്യം ഗൗരവപൂര്‍വ്വം ചര്‍ച്ചചെയ്യുന്ന ജെഎന്‍യു വിഷയത്തില്‍ ജെഎന്‍യു വിദ്യാര്‍ഥി യുണിയന്‍ പ്രസിഡന്റ് കനയ്യ കുമാറിനെതിരായും അദ്ദേഹം പ്രതിനിധാനം ചെയ്യുന്ന ആള്‍ ഇന്ത്യ സ്റ്റുഡന്റസ് ഫെഡറേഷനെയും (എഐഎസ്എഫ്) ഇടതു വിദ്യാര്‍ഥിസംഘടനകളെയും പ്രതികൂട്ടിലാക്കാന്‍ ബോധപൂര്‍വമായ ശ്രമങ്ങള്‍ നിരന്തരം നടക്കുകയാണ്. അതിന്റെ ഭാഗമായാണ് സോഷ്യല്‍ മീഡിയയില്‍ അടക്കം പ്രചരിക്കുന്ന നുണക്കഥകള്‍.

യഥാര്‍ത്ഥത്തില്‍ എഐഎസ്എഫോ കനയ്യകുമാറോ അല്ല അഫ്‌സല്‍ ഗുരു അനുസ്മരണം നടത്തിയത്. ക്യാമ്പസിലെ ഒരു കൂട്ടം വിദ്യാര്‍ഥികള്‍ അഫ്‌സല്‍ ഗുരു അനുസ്മരണം നടത്തുവാന്‍ തീരുമാനിച്ചത് എബിവിപി പ്രതിഷേധത്തെതുടര്‍ന്നു മാറ്റേണ്ടി വന്നു. ഒരു കൂട്ടത്തിന്റെ അഭിപ്രായ സ്വാതന്ത്ര്യം ഹനിക്കപ്പെടാതിരിക്കാനാണ് കനയ്യ കുമാറും മറ്റ് ഇടത് ആശയങ്ങളെ പിന്തുണയ്ക്കുന്ന വിദ്യാര്‍ത്ഥികളും ചേര്‍ന്ന് പ്രതിഷേധ കൂട്ടായ്മ നടത്തിയത്. ഇതിലേക്കാണ് എബിവിപി പ്രവര്‍ത്തകര്‍ കടന്നുകയറുകയും ഇന്ത്യ വിരുദ്ധമുദ്രാവാക്യങ്ങള്‍ മുഴക്കിയതും.

അടുത്തതായി ഉയര്‍ന്നു വരുന്ന സംശയം ഇതാകും; എന്തിനു കനയ്യ കുമാര്‍ അഫ്‌സല്‍ ഗുരു അനുസ്മരണം നടത്താന്‍ ശ്രമിച്ച വിദ്യാര്‍ഥികള്‍ക്ക് പിന്തുണ നല്‍കി? അവിടെയാണ് ജെഎന്‍യു എന്ന സര്‍വകലാശാലയുടെ മഹിമ വെളിവാക്കപ്പെടുന്നത്. എന്തിനും മേലേ അഭിപ്രായ സ്വതന്ത്ര്യത്തിനും മാനുഷികതക്കും പരിഗണനനല്‍കുന്ന സര്‍വകലാശാലയാണ് ജെഎന്‍യു. ശക്തമായ രാഷ്ട്രീയ ആശയ സംവാദങ്ങള്‍ അരങ്ങേറുന്ന ജെഎന്‍യുവിലെ ചര്‍ച്ചകള്‍ ഒരിക്കല്‍പോലും അതിരുവിടുകയോ അക്രമത്തില്‍ കലാശിക്കുകയോ ചെയ്തിട്ടില്ല. ഒരു കൂട്ടത്തിന്റെ ആശയപ്രകടനത്തിനുള്ള വേദി നിഷേധിക്കപ്പെട്ടപ്പോള്‍ ആണ് കനയ്യ കുമാറും സംഘവും പ്രതിഷേധിച്ചത്. ആ പ്രതിഷേധം സംഘപരിവാര്‍ മുതലെടുക്കുകായിരുന്നു. നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ നടക്കുന്ന സകല കൊള്ളരുതായ്മകളും മറച്ചുവെക്കാന്‍ അവര്‍ക്കൊരു ഇരയെ വേണമായിരുന്നു. ഇസ്രത് ജഹാനെപ്പോലെ, പ്രാണേഷ് കുമാറിനെപ്പോലെ ശരിയായ സമയത്ത് ശരിയായ ഇരയെതന്നെ കെണിവെച്ചു പിടിച്ചു; കെണിയുടെ പേര് രാജ്യ സ്‌നേഹം!

ഇനി എഐഎസ്എഫും ഇടതു വിദ്യാര്‍ഥി പ്രസ്ഥാനങ്ങളും ദേശ വിരുദ്ധരാണെന്നു അലറുന്ന ചരിത്രം അറിയാത്ത സംഘികള്‍ക്കായി ചില കാര്യങ്ങള്‍. ആള്‍ ഇന്ത്യ സ്റ്റുഡന്റ്‌സ് ഫെഡറെഷന്‍ എന്ന സംഘടന 1936 ല്‍ സ്ഥാപിതമാകുമ്പോള്‍ അതിന്റെ ലക്ഷ്യം ഭാരതത്തെ ബ്രിട്ടീഷുകാരില്‍ നിന്ന് വിമോചിപ്പിക്കുക എന്നതായിരുന്നു. അങ്ങനെയൊരു സംഘടനയുണ്ടാക്കാന്‍ നിര്‍ദേശം നല്‍കിയതോ മഹാത്മാഗാന്ധിയും. ഭാരതത്തിലെ ആദ്യ വിദ്യാര്‍ഥി രക്തസാക്ഷി ഹെമുകലാനി ബ്രിട്ടീഷുകാരനെതിരെ പോരാടി തൂക്കുകയര്‍ വരിച്ചപ്പോള്‍ സംഘപരിവാറിന്റെ കാരണവന്‍ മാപ്പെഴുതി കൊടുത്തു ജീവന്‍ രക്ഷിച്ച ആളാണ്; അത് മറന്നു പോകരുത്. ഇതൊക്കെ ചരിത്രമാണ്. ഗാന്ധിയെ കൊന്ന നാഥുറാം വിനായക് ഗോഡ്‌സേയുടെ പിന്‍തലമുറക്കാര്‍ക്ക് എന്ത് ചരിത്രം, എന്ത് സ്വാതന്ത്ര്യസമരം!

എന്തുകൊണ്ട് സംഘപരിവാര്‍ ജെഎന്‍ യു വിനെ ഭയപ്പെടുന്നു? ഉത്തരം വളരെ ലളിതമാണ്, ജെഎന്‍യുവിലെ വിദ്യാര്‍ഥികളില്‍ ഭൂരിഭാഗവും ഇടതു പ്രത്യയശാസ്ത്രത്തില്‍ വിശ്വസിക്കുന്നവരാണ്. അവര്‍ പഠിച്ചു പുറത്തിറങ്ങിയാല്‍ ആര്‍എസ്എസ്‌നെതിരായി പടയ്ക്ക് കോപ്പുകൂട്ടുമെന്ന് അവര്‍ ഭയപ്പെടുന്നു. അതിനു മുന്‍പ് അടിച്ചമര്‍ത്താനാണ് രാജ്‌നാഥ്‌സിംഗിന്റെ പോലീസിന്റെ ശ്രമം. എത്ര തന്നെ അടിച്ചമര്‍ത്തിയാലും പട നയിക്കുവാന്‍ ഇനിയും നൂറു കനയ്യ കുമാറുമാര്‍ ഉണ്ടാകും. ഇന്നത് ഒരാളാകാം നാളെയത് നൂറാകും പിന്നെയത് ആയിരവും പതിനായിരവും ആകും. അപ്പോള്‍ നിങ്ങള്‍ എന്ത് ചെയ്യും രാജ്‌നാഥ്‌സിംഗ്?

ജെഎന്‍യു പോലുള്ള ഒരു സ്വതന്ത്രസ്വഭാവമുള്ള സര്‍വകലാശാലയെ മുഴുവന്‍ ഹൈജാക്ക് ചെയ്യാന്‍ ശ്രമിക്കുന്ന സംഘപരിവാരങ്ങള്‍ക്കെതിരെ ശക്തമായി പ്രതിരോധിക്കേണ്ടതുണ്ട്. വരൂ അണിചേരു പ്രതിഷേധിക്കു വരാന്‍ പോകുന്നത് പ്രതിരോധത്തിന്റെ രാഷ്ട്രീയ കാലമാണ്..

(എഐഎസ്എഫ് സംസ്ഥാന കമ്മിറ്റിയംഗവും തിരുവനന്തപുരം ഘടകം പ്രസിഡന്റുമാണ് ലേഖകന്‍)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍