UPDATES

അജാസില്‍നിന്ന് ഭീഷണിയുണ്ടായിരുന്നുവെന്ന് തീ കൊളുത്തി കൊലചെയ്യപ്പെട്ട സൗമ്യയുടെ മകന്‍; ‘അമ്മ വല്ലാതെ ഭയന്നിരുന്നു’

ഇന്നലെയാണ് സിവില്‍ പൊലീസ് ഉദ്യോഗസ്ഥയായ സൗമ്യയെ വണ്ടിയിടിപ്പിച്ച് തീ കൊളുത്തി കൊലപ്പെടുത്തിയത്

മാവേലിക്കരയില്‍ തീകൊളുത്തി കൊലചെയ്യപ്പെട്ട സൗമ്യയ്ക്ക് പൊലീസുകാരന്‍ അജാസില്‍നിന്ന് ഭീഷണിയുണ്ടായിരുന്നുവെന്ന് മകന്‍. അമ്മയെ അജാസ് ഫോണില്‍ ഭീഷണിപ്പെടുത്താറുണ്ടായിരുന്നുവെന്നും മകന്‍ വെളിപ്പെടുത്തി.

തനിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ അതിന് ഉത്തരവാദി അജാസാണെന്ന് സൗമ്യ പറഞ്ഞതായാണ് മകന്‍ പറയുന്നത്. സൗമ്യയുടെ മുത്തമകനാണ് സൗമ്യ നേരിട്ട ഭീഷണി വെളിപ്പെടുത്തിയത്. ‘പണത്തിന്റെ കാര്യമാണ് അയാള്‍ പറഞ്ഞത്.’ ഫോണില്‍തന്നെ വിളിക്കരുതെന്ന് സൗമ്യ പറയുന്നത് കേട്ടിരുന്നെന്ന് മകന്‍ പറഞ്ഞു.

തനിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ അതിന് ഉത്തരവാദി അജാസായിരിക്കുമെന്ന സൗമ്യ പറഞ്ഞിരുന്നതായും ഇക്കാര്യം പൊലീസിനോട് പറയണമെന്ന് പറഞ്ഞിരുന്നതായും മകന്‍ വെളിപ്പെടുത്തി. ഇന്നലെ വൈകിട്ടാണ് സിവില്‍ പൊലീസ് ഉദ്യോഗസ്ഥയായ സൗമ്യയെ പൊലീസ് ഉദ്യോഗസ്ഥനായ അജാസ് വണ്ടിയിടിച്ച് വീഴ്ത്തി കുത്തുകയും പെട്രോളൊഴിച്ച് തീകൊളുത്തി കൊലപ്പെടുത്തുകയും ചെയ്തത്.

ഇവര്‍ തമ്മില്‍ നേരത്തെ സൗഹാര്‍ദമുണ്ടായിരുന്നുവെന്നായിരുന്നു പൊലീസിന്റെ ആദ്യ നിഗമനം. കൊലപാതകത്തിലേക്ക് നയിച്ച് കാര്യങ്ങളെക്കുറിച്ച് അജാസിനെ ചോദ്യം ചെയ്താല്‍ മാത്രമെ വ്യക്തമാകുവെന്നാണ് പൊലീസ് പറയുന്നത്.

സൗമ്യ വിവാഹിതയും രണ്ടു കുട്ടികളുടെ അമ്മയുമാണ്. സൗമ്യയുടെ ഭർത്താവ് വിദേശത്താണ്. ഡ്യൂട്ടി കഴിഞ്ഞ് വീട്ടിൽ തിരിച്ചെത്തിയ സൗമ്യ സ്കൂട്ടറിൽ  പുറത്തിറങ്ങുമ്പോഴായിരുന്നു സംഭവം. കാറിലെത്തിയ അജാസ് സൗമ്യയുടെ സ്‌കൂട്ടര്‍ ഇടിച്ചു വീഴ്ത്തുകയായിരുന്നു.

അടുത്തുള്ള വീടിന്റെ ഗേറ്റ് തുറന്ന് അകത്തേക്ക് കയറിയ അജാസ് സൗമ്യയെ തലങ്ങും വിലങ്ങും വെട്ടി. ശേഷം കുപ്പിയിൽ കരുതിയിരുന്ന പെട്രോൾ ഒഴിച്ച് തീക്കൊളുത്തി. ഈ തീ അജാസിന്റെ ശരീരത്തിലേക്കും പടരുകയുണ്ടായി. രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ നാട്ടുകാരാണ് തടഞ്ഞു വെച്ചത്.

സൗമ്യ സംഭവസ്ഥലത്ത് തന്നെ മരിച്ചു.ഗുരുതരമായി പൊള്ളലേറ്റ് പ്രതിയെ കായംകുളത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഗുരുതരാവസ്ഥയിലുള്ള ഇയാള്‍ സംസാരിക്കാന്‍ പറ്റാത്ത നിലയിലായതിനാല്‍ കൊലപാതകത്തിനു പിന്നിലെ കാരണത്തെ കുറിച്ച് വിശദമായി ചോദിച്ചറിയാന്‍ കഴിയുന്നില്ലെന്നാണ് പൊലീസ് പറയുന്നത്.

രണ്ടു വര്‍ഷത്തോളമായി സൗമ്യ വള്ളിക്കുന്നു സ്റ്റേഷനില്‍ ജോലി ചെയ്യാന്‍ തുടങ്ങിയിട്ട്. സൗമ്യ പുഷ്‌ക്കരന്റെ പോസ്റ്റ് മോര്‍ട്ടം ഇന്ന് ആലപ്പുഴ മെഡിക്കല്‍ കൊളെജില്‍ നടക്കും. ഫോറന്‍സിക് സംഘം ഇന്നലെ സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു.

Read More: ഒടുവില്‍ അതിജീവന പോരാട്ടത്തില്‍ അവര്‍ വിജയിച്ചു; സ്ഥിരമല്ലെങ്കിലും നിപ കാലത്തെ താത്കാലിക ജീവനക്കാര്‍ക്ക് വീണ്ടും ജോലി

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍