UPDATES

മാക്കനോളം വരില്ല ബേദിയും കെജ്രിവാളും (സ്വത്തിന്‍റെ കാര്യത്തിലെങ്കിലും)

അഴിമുഖം പ്രതിനിധി

ഡല്‍ഹി നിയമസഭ തിരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസ് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി അജയ് മക്കാന്റെ സ്വത്ത് 2009 ലെ ലോക്‌സഭ തിരഞ്ഞെടുപ്പിന് ശേഷം നാല് ഇരട്ടിയായി വര്‍ദ്ധിച്ചു. കഴിഞ്ഞ ഏപ്രിലില്‍ ലോകസഭ തിരഞ്ഞെടുപ്പിന് മുമ്പ് മക്കാനും കുടുംബത്തിനും 6.1 കോടി രൂപയുടെ സ്വത്തുണ്ടായിരുന്നത് ഇപ്പോള്‍  മൊത്തം 16 കോടിയായി വര്‍ദ്ധിച്ചു. ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി കിരണ്‍ ബേദിയുടെയും എഎപി മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി അരവിന്ദ് കെജ്രിവാളിന്റെയും സ്വത്തുക്കള്‍ കൂട്ടിയാലും ഇത്രയും വരില്ല. എന്നാല്‍ കിരണ്‍ ബേദിയും അത്ര മോശക്കാരിയാണെന്ന് കരുതരുത്. മൊത്തം 11.6 കോടി രൂപ വില മതിക്കുന്ന ആസ്തികളാണ് അവര്‍ക്കുള്ളത്. പാവം കെജ്രിവാളിനാകട്ടെ 2.1 കോടി രൂപയുടെ സ്വത്താണുള്ളത്.

ഡല്‍ഹി നിയമസഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി നാമനിര്‍ദ്ദേശ പത്രികയോടൊപ്പം തിരഞ്ഞെടുപ്പ് കമ്മീഷന് സമര്‍പ്പിച്ചിരിക്കുന്ന സത്യവാങ്മൂലത്തിലാണ് സ്വത്തുവിവരങ്ങള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. പിതാവിന്റെ മരണത്തോടെ തന്റെ അധീനതയില്‍ വന്ന സ്വത്തിന്റെ മൂല്യവും ചേര്‍ന്നപ്പോഴാണ് മക്കാന്റെ ആസ്തികളില്‍ പെട്ടെന്നുള്ള വര്‍ദ്ധനയുണ്ടായതെന്ന് അദ്ദേഹത്തിന്റെ ഓഫീസ് വ്യക്തമാക്കുന്നു. ഹരിയാനയിലും ഡല്‍ഹിയിലുമായി 11.4 കോടി രൂപയുടെ ഭൂമി മാത്രം മക്കാന് സ്വന്തമായുണ്ട്. ദ്വാരക, ഉദയ പാര്‍ക്ക്, ഗൗതം ബുദ്ധ നഗര്‍ എന്നിവിടങ്ങളിലായി ആറ് കോടി രൂപ വിലമതിക്കുന്ന മൂന്ന് ഫ്‌ളാറ്റുകള്‍ കിരണ്‍  ബേദിക്ക് സ്വന്തമായി ഉണ്ട്. കൂടാതെ 2.1 കോടി രൂപയുടെ ഫിക്‌സഡ് ഡിപ്പോസിറ്റും നാല് ബാങ്ക് അക്കൗണ്ടുകളിലായി 25.4 ലക്ഷം രൂപയും അവര്‍ക്കുണ്ട്.

ഇന്ദിരപുരം, ഹരിയാനയിലെ ശിവാനി, ഗുര്‍ഗാവ് എന്നിവിടങ്ങളിലായി 1.9 കോടി വിലമതിക്കുന്ന മൂന്ന് ഫ്‌ളാറ്റുകളാണ് കെജ്രിവാളിനുള്ളത്. ഭാര്യയ്ക്ക് 30 ലക്ഷത്തിന്റെ ഭവനവായ്പയും ബന്ധുക്കള്‍ക്ക് 11 ലക്ഷത്തിന്റെ ഭവന വായ്പയും ബാധ്യതയായുണ്ട്.

രജൊരി ഗാര്‍ഡന്‍ മണ്ഡലത്തില്‍ നിന്നും മത്സരിക്കുന്ന അകാലിദള്‍ സ്ഥാനാര്‍ത്ഥി മഞ്ജീന്ദര്‍ സിംഗ് സിര്‍സയാണ് ഏറ്റവും പണക്കാരന്‍. 239 കോടി രൂപയുടെ ആസ്തിയാണ് അദ്ദേഹത്തിന് ഉള്ളത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍