UPDATES

ബജറ്റ് വിറ്റു പണമുണ്ടാക്കിയെന്ന് ആരോപണം പേറുന്ന മാണി ബജറ്റ് അവതരിപ്പിക്കേണ്ടെന്ന് അജയ് തറയില്‍

അഴിമുഖം പ്രതിനിധി

ബാര്‍ കോഴ കേസില്‍ ആരോപണ വിധേയനായ കെ എം മാണിയെ തള്ളി കോണ്‍ഗ്രസ് നേതൃത്വവും രംഗത്തെത്തി. കേരളത്തിന്റെ ബജറ്റ് രഹസ്യങ്ങള്‍ ചോര്‍ത്തി പണം വാങ്ങി എന്ന ആരോപണം നേരിടുന്ന ആള്‍ വരുന്ന സംസ്ഥാന ബജറ്റ് അവതരിപ്പിക്കുന്നത് ഔചിത്യപൂര്‍ണമായിരിക്കില്ലെന്ന് കോണ്‍ഗ്രസ് വക്താവ് അജയ് തറയില്‍ ഒരു ചാനല്‍ ചര്‍ച്ചക്കിടയില്‍ വ്യക്തമാക്കി. കെ എം മാണിയെ മാറ്റി നിര്‍ത്തി മുഖ്യമന്ത്രി തന്നെ ബജറ്റ് അവതരിപ്പിക്കണം എന്ന് കാണിച്ച് ഉമ്മന്‍ ചാണ്ടിക്ക് ഫാക്‌സ് സന്ദേശം അയച്ചതായും അജയ് തറയില്‍ പറഞ്ഞു. 

സംസ്ഥാന ധനമന്ത്രി തന്നെ ബജറ്റ് നിര്‍ദ്ദേശങ്ങള്‍ ചോര്‍ത്തി ധനം സമ്പാദിച്ചതായി കേരളത്തിലെ നല്ലൊരു ശതമാനം ജനങ്ങളും വിശ്വസിക്കുന്നു. ഇത് സംബന്ധിച്ച് അഭിപ്രായം രേഖപ്പെടുത്തുന്ന നിരവധി ഫോണ്‍ കോളുകള്‍ തനിക്ക് കഴിഞ്ഞ ദിവസങ്ങളില്‍ ലഭിച്ചിരുന്നതായി അജയ് തറയില്‍ പറഞ്ഞു. ആ വികാരം മുഖ്യമന്ത്രിയെ അറിയിക്കുകയാണ് ചെയ്തിരിക്കുന്നത്. അഴിമതിക്കെതിരെ ശക്തമായ നിലപാടെടുക്കുന്ന മുന്നണിയാണ് യുഡിഎഫെന്ന് കേരളം വരും ദിവസങ്ങളില്‍ കാണുമെന്നും അജയ് തറയില്‍ പറഞ്ഞു. 

മാണിക്കെതിരെ ആരോപണം ഉന്നയിച്ച ബാലകൃഷ്ണപിള്ളയെ മുന്നണിയില്‍ നിന്നും പുറത്താക്കണമെന്ന കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് എം എം ഹസന്റെ പ്രതികരണത്തിനെതിരെയും അജയ് തറയില്‍ രംഗത്തെത്തി. ഹസന്റേത് രാഷ്ട്രീയ പക്വതയില്ലാത്ത അഭിപ്രായമാണെന്ന് അജയ് പറഞ്ഞു. ഗൗരിയമ്മയും എം വി രാഘവനും ഇല്ലാത്ത മുന്നണിയില്‍ നിന്നും ബാലകൃഷ്ണപിള്ള കൂടി പോകുന്നത് തടയണമെന്ന് അദ്ദേഹം പറഞ്ഞു. ഉമ്മന്‍ചാണ്ടിക്കും കുഞ്ഞാലിക്കുട്ടിക്കും മാണിക്കും മാത്രമായി മുന്നണി കൊണ്ടു നടക്കാനാവില്ലെന്നും അജയ് തറയില്‍ പറഞ്ഞു. 

ഇതോടെ, പുറത്ത് മാത്രമല്ല യുഡിഎഫിനകത്തും മാണിയുടെ നില പരുങ്ങലില്‍ ആവുകയാണ്. ഇത് അജയ് തറയിലിന്റെ മാത്രം വ്യക്തിപരമായ അഭിപ്രായമായി കണക്കാക്കാനാവില്ലെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. കോണ്‍ഗ്രസില്‍ ഉയര്‍ന്ന് വരുന്ന ശക്തമായ മാണി വിരുദ്ധ വികാരമാണ് അജയ് തറയില്‍ പ്രകടിപ്പിച്ചതെന്ന് വേണം വിലയിരുത്താന്‍. ഏതായാലും 28ന് നടക്കുന്ന യുഡിഎഫ് നേതൃത്വയോഗം കലുഷിതമാകുമെന്നതിന്റെ സൂചനകളാണ് ലഭിക്കുന്നത്. ഇക്കാര്യത്തില്‍ മുഖ്യമന്ത്രി മാണിയെ സംരക്ഷിക്കാന്‍ ശ്രമിക്കുമ്പോഴും കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ പ്രതികരണങ്ങളൊന്നും നടത്തിയിട്ടില്ലെന്നതും ശ്രദ്ധേയമാണ്. 

കേരള കോണ്‍ഗ്രസ് എമ്മില്‍ തന്നെ മാണിക്കെതിരായ വികാരം ശക്തമാവുന്നുണ്ടെന്ന റിപ്പോര്‍ട്ടുകളും വരുന്നുണ്ട്. പി സി ജോര്‍ജ്ജ് ഒഴികെയുള്ള മുന്‍ ജോസഫ് ഗ്രൂപ്പ് നേതാക്കളാരും മാണിയെ പിന്തുണച്ച് രംഗത്ത് എത്തിയിട്ടില്ല. മുന്നണിയിലും പാര്‍ട്ടിയിലും ഒറ്റപ്പെടുന്ന സ്ഥിതിക്ക് മാണിക്ക് മുന്നില്‍ രാജിയല്ലാതെ മറ്റ് മാര്‍ഗമില്ല എന്ന് വേണം വിലയിരുത്താന്‍.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍