UPDATES

സര്‍ക്കാരിന്റെ അഴിമതിയും വൃത്തികേടും ന്യായീകരിക്കലാണ് എന്റെ ചുമതല; കെപിസിസി വക്താവ് അജയ് തറയില്‍

അഴിമുഖം പ്രതിനിധി

ബാര്‍ കോഴ കേസില്‍ ആരോപണ വിധേയനായ ധനമന്ത്രി കെ എം മാണിക്കെതിരെ യുഡിഎഫിലെ മുഖ്യകക്ഷിയായ കോണ്‍ഗ്രസില്‍ അഭിപ്രായം ശക്തമാകുന്നു. ഇക്കാര്യത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ രണ്ട് തട്ടിലാണെന്ന് വ്യക്തമാക്കുന്ന പ്രസ്താവനകളാണ് പുറത്തുവരുന്നത്. മാണി വിശ്രമിക്കണമെന്ന് കെപിസിസി വക്താവ് പന്തളം സുധാകരന്റെ ഫേസ് ബുക്ക് പോസ്റ്റിന് പിന്നാലെ ശക്തമായ പ്രതികരണവുമായി മറ്റൊരു വക്താവ് അജയ് തറയില്‍ രംഗത്തെത്തി. 

ഈ സര്‍ക്കാര്‍ എന്ത് വൃത്തികേടും അഴിമതിയും കാണിച്ചാലും അതൊക്കെ ന്യായീകരിക്കലാണ് തന്റെ ചുമതലയെന്നും അതിനാല്‍ ഇക്കാര്യത്തില്‍ കൂടുതല്‍ അഭിപ്രായം പറയാനില്ലെന്നും അജയ് തറയില്‍ വ്യക്തമാക്കി. ഇക്കാര്യത്തില്‍ തനിക്ക് വ്യക്തിപരമായ അഭിപ്രായങ്ങളും വിയോജിപ്പുകളും ഉണ്ട്. എന്നാല്‍ പാര്‍ട്ടി അച്ചടക്കം പാലിക്കാന്‍ ബാധ്യസ്ഥനായതിനാല്‍ അതൊന്നും തുറന്ന് പറയുന്നില്ലെന്ന് അജയ് തറയില്‍ പറഞ്ഞു. സര്‍ക്കാര്‍ എന്ത് വൃത്തികേട് കാണിച്ചാലും ന്യായീകരിക്കേണ്ട ഗതികേടിലാണ് തങ്ങളെന്നും ഒരു ചോദ്യത്തിന് മറുപടിയായി അദ്ദേഹം വ്യക്തമാക്കി. കോണ്‍ഗ്രസ് ഉള്‍പാര്‍ട്ടി ജനാധിപത്യമുള്ള പാര്‍ട്ടിയാണെങ്കിലും ബാര്‍ കോഴ കേസില്‍ സര്‍ക്കാര്‍ നിലപാടുകള്‍ പിന്തുടരുക മാത്രമാണ് ചെയ്യുന്നതെന്നും അജയ് തറയില്‍ കൂട്ടിച്ചേര്‍ത്തു. 

നേരത്തെ സര്‍ക്കാര്‍-കെപിസിസി ഏകോപന സമിതയില്‍ മാണിക്കെതിരെ കോട്ടയം ഡിസിസി പ്രസിഡന്റ് ശക്തമായി രംഗത്തെത്തിയിരുന്നു. എന്നാല്‍ അങ്ങനെ ഒരു ചര്‍ച്ച നടന്നിട്ടില്ലെന്നും പ്രതിപക്ഷത്തിന്റെ നെറികേടുകളെ കുറിച്ച് മാത്രമാണ് യോഗം ചര്‍ച്ച ചെയ്തതെന്നും പറഞ്ഞ് മറ്റൊരു കെപിസിസി വക്താവ് ജോസഫ് വാഴക്കനും രംഗത്തെത്തിയിട്ടുണ്ട്. ഏതായാലും മാണി വിഷയത്തില്‍ കോണ്‍ഗ്രസില്‍ രണ്ട് അഭിപ്രായം രൂപപ്പെടുകയാണ്. ഏറെക്കാലമായി അടങ്ങിക്കിടന്ന ഗ്രൂപ്പ് പോര് വീണ്ടും ശക്തിപ്പെടുന്നതിന്റെ സൂചനകളായി വേണം ഇതിനെ കാണാന്‍. പഴയ എ, ഐ ഗ്രൂപ്പുകള്‍ ചേരിതിരിഞ്ഞാണ് അഭിപ്രായ പ്രകടനങ്ങള്‍ നടത്തുന്നതെന്ന കാര്യവും ശ്രദ്ധേയമാണ്.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍