UPDATES

യാത്ര

തീയില്‍ കുരുത്ത ജീവിതം-അജിതയിലേക്ക് മാങ്ങാട് രത്നാകരന്‍ നടത്തുന്ന യാത്ര

Avatar

പോരാടാനായി ഒരു ജീവിതം. കുന്നിക്കല്‍ നാരായണന്റെയും മന്ദാകിനി നാരായണന്റെയും മകള്‍ക്ക് മറ്റൊരു ജീവിതം പറഞ്ഞിട്ടില്ലായിരുന്നു. അത്തരമൊരു കുടുംബത്തിലേക്കും ചരിത്രത്തിലേക്കുമാണ് അജിത പിറന്നുവീണത്. ഇന്ത്യന്‍ ചക്രവാളത്തില്‍ വസന്തത്തിന്റെ ഇടിമുഴക്കം എന്ന വിശേഷണം മാവോസേതൂങ്ങിന്റെ ചൈന നക്‌സല്‍ബാരി കലാപത്തിന് ചാര്‍ത്തിക്കൊടുക്കുമ്പോള്‍ അജിത പതിനേഴുകാരി. മധുരപ്പതിനേഴ് എന്ന് ചൊല്ലിവിളിക്കാറുള്ള ആ പ്രായത്തില്‍ അജിതയ്ക്ക് പ്രേമം വിപ്ലവത്തോടായിരുന്നു. സമരവീര്യം അപ്പോഴേയ്ക്കും പാറ പോലെ ഉറച്ചിരുന്നു. വിദ്യാര്‍ത്ഥിനിയായിരുന്നപ്പോള്‍ നടത്തിയ ഒരു സമരത്തിന്റെ ഓര്‍മ്മകളോടെയാണ് ഓര്‍മ്മക്കുറിപ്പുകള്‍ എന്ന് പേരിട്ട ആത്മകഥ അജിത തുടങ്ങുന്നതു തന്നെ. 

അജിത: സമരത്തില്‍ പങ്കെടുത്തതിന്റെ പേരില്‍ ഭയങ്കര അച്ചടക്ക നടപടി കൊണ്ടുവരാന്‍ നോക്കിയപ്പോള്‍ അച്ഛന്റെ ഒരൊറ്റ കത്തുകൊണ്ട് ഹെഡ്മിസ്ട്രസ് പത്തിതാഴ്ത്തി. അച്ഛന്‍ വളരെ ശക്തമായിട്ടുള്ള ഒരു കത്ത് അവര്‍ക്കെഴുതി. മാപ്പു പറഞ്ഞുകൊണ്ട് ഒരു കത്തെഴുതണമെന്നാണ് അവര് പറഞ്ഞത്. രക്ഷിതാക്കന്‍മാരുടെ കത്തുണ്ടെങ്കിലേ സ്‌കൂളിലേക്ക് വരേണ്ടൂ എന്നായിരുന്നു പറഞ്ഞത്. പിറ്റേന്ന് അച്ഛന്‍ എഴുതിയ കത്ത് വായിച്ച് അവര്‍ അവിടെയിരുന്ന് വിയര്‍ക്കുകയായിരുന്നു. പിന്നെ എന്നോടും എന്റെ കൂടെ പങ്കെടുത്ത എല്ലാവരോടും ക്ലാസുകളില്‍ പോയിരിക്കാന്‍ അവര്‍ പറയുകയായിരുന്നു. 

തീയില്‍ കുരുത്ത ജീവിതത്തെപ്പറ്റി അജിത പറഞ്ഞു. അച്ഛന്‍ കുന്നിക്കല്‍ നാരായണന്‍ പഴയ ബോംബെയില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സജീവ പ്രവര്‍ത്തകനായിരുന്നു. അമ്മ മന്ദാകിനി ക്വിറ്റിന്ത്യാ മൂവ്‌മെന്റിലൂടെ രാഷ്ട്രീയത്തില്‍ പ്രവേശിച്ച് പിന്നീട് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തില്‍ ആകൃഷ്ടയായ വ്യക്തി. രാഷ്ട്രീയ പ്രവര്‍ത്തനത്തിനിടെ അവര്‍ അടുത്തു ഒരുമിച്ച് ജീവിക്കാന്‍ തീരുമാനിച്ചു. അജിതയുടെ ജനനത്തിനുശേഷം അവര്‍ കോഴിക്കോട്ടേക്ക് ജീവിതം പറിച്ചു നട്ടു.

അജിത: കുട്ടിക്കാലം മുതലേ അച്ഛന്‍ എന്നു പറഞ്ഞാല് എനിക്ക് എനിക്ക് വളരെയധികം ഇഷ്ടമുള്ള ആളായിരുന്നു. എന്നോട് വളരെധികം താല്‍പ്പര്യമുള്ള ആളായിരുന്നു. എന്നെ അച്ഛന്‍ അടിക്കാറില്ല.  കൂടുതല്‍ അടിച്ചിട്ട് പഠിപ്പിക്കുകയെന്നുള്ളൊരു ലൈന്‍ ഇല്ല. പക്ഷേ അച്ഛന്‍ ഒന്നു മുഖം കറുപ്പിച്ച് കാണിച്ചാല്‍ എനിക്ക് പ്രയാസമാകും. അത്രേയുള്ളു. അതിലപ്പുറം പോവാറില്ല പൊതുവേ. പിന്നെ മോളേന്നേ വിളിക്കാറുള്ളു. വല്ലാത്തൊരു ആത്മബന്ധം ഉണ്ടായിരുന്നു. അമ്മയും ഞാനുമായിട്ട് ഇടയ്ക്ക് കച്ചറ ഉണ്ടാകും. അമ്മ ഒരു ഗുജറാത്തി ബ്രാഹ്മണ്‍ കുടുംബത്തില്‍ നിന്നു വന്നതാണെങ്കില്‍ പോലും ബോംബെ പോലുള്ള ഒരു മെട്രോപോളിറ്റന്‍ സിറ്റിയില്‍ വളരെയധികം ഫ്രീഡം അനുഭവിച്ചിട്ടുള്ള സ്ത്രീയാണ് അമ്മ. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തകയായിരുന്നു. സ്വാതന്ത്ര്യസമര പ്രവര്‍ത്തകയായിരുന്നു. അപ്പോള്‍ അങ്ങനെയുള്ളൊരു വ്യക്തിത്വം പറിച്ചുനടപ്പെടുകയാണ് ഈ കോഴിക്കോട്ടെ ഫ്യൂഡല്‍ മെന്റാലിറ്റി ഉള്ള ഒരു കുടുംബത്തിലേക്ക്. പക്ഷേ, അതൊരു തിയ്യ കുടുംബമായിരുന്നു. അല്ലാണ്ട് വേറെ ഹൈക്ലാസ് കുടുംബമൊന്നുമായിരുന്നില്ല. എന്നാല്‍ പോലും അവിടെ തീരെ അറിയാത്ത ഭാഷ സംസാരിക്കുന്നതുകൊണ്ടു തന്നെ…. അവര്‍ക്കാര്‍ക്കും അമ്മയെ ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞിട്ടില്ല. ഭയങ്കര പ്രശ്‌നങ്ങളായിരുന്നു അമ്മയ്ക്ക്. കാരണം അമ്മ താലികെട്ടിയല്ല വന്നത്. ഇതൊരു കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കല്യാണമായിരുന്നല്ലോ. അക്കാലത്ത് അവിടെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കല്യാണത്തിന് താലിയൊന്നുമില്ല. അതികായി എന്ന് പേരുകേട്ട ഒരു സഖാവുണ്ടായിരുന്നു അവിടെ. മൂപ്പരുടെ കാര്‍മികത്വത്തില്‍ സഖാക്കളെല്ലാം കൂടി ചേര്‍ന്നിട്ട്,  ചായയൊക്കെ കുടിച്ച്, രണ്ട് പ്രസംഗമൊക്കെ കഴിഞ്ഞ് ഭാര്യാഭര്‍ത്താക്കന്‍മാരാവുകയാണ് ചെയ്തത്. 

1964ല്‍ ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പിളര്‍ന്നതോടെ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമായി. ലോകമാകെ കലങ്ങിമറിഞ്ഞ കാലം. ചൈനയിലെ പാത തിരഞ്ഞെടുത്ത് പശ്ചിമബംഗാളിലെ നക്‌സല്‍ബാരിയില്‍ തുടങ്ങിയ സായുധ സമരത്തിന്റെ അലയൊലികള്‍ കേരളത്തിലും മുഴങ്ങി. കുന്നിക്കല്‍ നാരായണനായിരുന്നു ആ പാതയിലെ ആദ്യകാല പഥികരിലൊരാള്‍.  

അജിത: ചൈനീസ് പീപ്പിള്‍സ് റേഡിയോ കേള്‍ക്കുന്ന സ്വഭാവം അച്ഛനുണ്ടായിരുന്നു. കൃത്യമായി 62 മുതലേ അച്ഛന്‍ കേള്‍ക്കാറുണ്ടായിരുന്നു. അതായത് ഇന്ത്യാ ചൈന വാര്‍ മുതല്‍. ഈ റേഡിയോയില്‍ കൂടിയാണ് ശരിക്കും നക്‌സല്‍ബാരി പ്രസ്ഥാനത്തെക്കുറിച്ച് അച്ഛന്‍ അറിയുന്നത്. ഇന്ത്യന്‍ ചക്രവാളത്തില്‍ വസന്തത്തിന്റെ ഇടിമുഴക്കം എന്നൊക്കെ കേട്ടത്. അങ്ങനെ അച്ഛന്‍ ആകൃഷ്ടനാവുകയായിരുന്നു. പാര്‍ട്ടിയില്‍ നിന്നും വിട്ടു… പാര്‍ട്ടി പുറത്താക്കി. സി.ഐ.എ. ഏജന്റാണെന്ന് പറഞ്ഞിട്ട്. മാവോ സാഹിത്യം പ്രചരിപ്പിക്കുന്നതിന്റെ പേരില്‍. എന്നാലും അച്ഛന്‍ പിടിച്ചു നിന്നു. ശരിക്കും വര്‍ക്ക് ചെയ്തു. നക്‌സല്‍ബാരി മൂവ്‌മെന്റിന് വേണ്ടി വര്‍ക്ക് ചെയ്തതിന്റെ പേരില്‍ കേരളം മുഴുവനും ഈ ഗ്രൂപ്പുകളുണ്ടായി. ഫിലിപ്പ് എം. പ്രസാദും കെ.പി.നാരായണനും വര്‍ഗ്ഗീസും ഒക്കെയുണ്ടായത് അതോടുകൂടിയാണ്. 

1968 നവംബര്‍ 24ന് പുല്‍പ്പള്ളി പോലീസ് സ്റ്റേഷന്‍ ആക്രമിച്ച അറുപതംഗ സായുധസംഘത്തില്‍ അന്ന് പതിനെട്ടുകാരിയായ അജിതയുമുണ്ടായിരുന്നു. പിറ്റേന്നാള്‍ പ്രഭാതം പുലര്‍ന്നത് നടുക്കുന്ന ആ വാര്‍ത്തയുമായായിരുന്നു. പത്തുദിവസത്തിനു ശേഷം കൊട്ടിയൂര്‍ക്കാട്ടില്‍ അടക്കാത്തോട്ട് എന്ന സ്ഥലത്ത് വച്ച് അജിതയെ പോലീസ് അറസ്റ്റു ചെയ്തു. പഴയകാലം ഓര്‍മ്മിച്ചെടുക്കാന്‍ അജിത ഇഷ്ടപ്പെട്ടില്ല. ആത്മകഥയില്‍ അതെല്ലാം വിശദമായി എഴുതിയതുകൊണ്ടാവാം, വീരവാദമെന്ന് തെറ്റിദ്ധരിക്കുമോ എന്ന ആശങ്ക കൊണ്ടാവാം, അതുമല്ലെങ്കില്‍ ഇന്നത്തെ തന്റെ പ്രവര്‍ത്തനങ്ങളില്‍ നിന്നും ശ്രദ്ധതിരിയുമോ എന്ന ഉത്കണ്ഠ കൊണ്ടാവാം. എങ്കിലും ഓര്‍മ്മക്കുറിപ്പുകള്‍ പോലെ അജിത ചിലതെല്ലാം ഓര്‍മ്മിച്ചെടുത്തു. 

അജിത: ചിലരെങ്കിലും മോശമായിട്ട് പെരുമാറിയിട്ടുണ്ടെന്നോട്. പക്ഷേ വര്‍ഗ്ഗീസ്, തേറ്റമല കൃഷ്ണന്‍കുട്ടി ഇങ്ങനെയുള്ള മുതിര്‍ന്ന സഖാക്കളുണ്ടല്ലോ അവരെല്ലാം വളരെ പ്രൊട്ടക്ടീവായിരുന്നു. ബാക്കി കുറേ സഖാക്കള്‍ നല്ല രീതിയിലല്ല എന്നോട് പെരുമാറിയത്. എനിക്ക് 19 വയസല്ലേ ഉണ്ടായിരുന്നുള്ളു. കാട്ടില്‍ പോവുമ്പം…. ഇവരുടെയെല്ലാം പ്രൊട്ടക്ഷനിലാ പിന്നെ ഞാന്‍ രാത്രികളില്‍ കിടന്നോണ്ടിരുന്നത്. തീ കൂട്ടി അതിനു ചുറ്റുമാണ് കിടക്കുന്നത്. എല്ലാര്‍ക്കും സ്‌നേഹം തന്നെയായിരുന്നു. പക്ഷേ ചില സമയങ്ങളില്‍ അവര്‍ക്കീ വികൃതി വരുമെന്നുള്ളതാണ്. ആദ്യം ഇതില്‍ പങ്കെടുക്കണ്ടായെന്ന് പറഞ്ഞിട്ട് പ്രതിഷേധമൊക്കെ ഉണ്ടായപ്പോള്‍ അച്ഛനാണ് പങ്കെടുത്തോട്ടെയെന്ന് പറഞ്ഞത്. പിന്നെ ഞാന്‍ വാശിപിടിക്കുകയും ചെയ്തു. എന്തായാലും പങ്കെടുക്കണമെന്നും ഞാന്‍ അതിനാണിവിടെ വന്നതെന്നൊക്കെ പറഞ്ഞു. നക്‌സല്‍ബാരി മൂവ്‌മെന്റിന്റെ ഫലമായിട്ടാണ് ഇവിടെ ഭൂപരിഷ്‌ക്കരണമൊക്കെ വന്നതെന്നാണ് ഞാന്‍ വിചാരിക്കുന്നത്. മിച്ചഭൂമി സമരമൊക്കെ നടത്തിയെങ്കിലും സാധാരണ എല്ലായിടത്തും മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി ചെയ്യുമ്പോലെ പേര് അവര് നേടിയെടുക്കാനുള്ള ചില കാട്ടിക്കൂട്ടലകുള്‍ നടത്തിയെന്നല്ലാതെ, ശരിക്കും ജന്മിത്വം ഇല്ലാതായത് നക്സല്‍ ആക്ഷന്‍, ഭൂപരിഷ്‌ക്കരണം എല്ലാം കൂടി വന്നതുകൊണ്ടാണ്. ഈ ആക്ഷന്‍ വന്നതോടുകൂടിയാണ് ജന്മിത്വത്തിന്റെ ലാന്റ് റൈറ്റ്‌സ് പോയത്. ഭരണകൂടത്തിനും ഇതോടു കൂടിയാണ് അങ്ങനെ ഫീല് ചെയ്ത് തുടങ്ങിയത്. ഇല്ലെങ്കില്‍ വലിയ കലാപങ്ങള്‍ ഇനിയും നേരിടേണ്ടി വരും എന്ന് മനസ്സിലാക്കിയിട്ട് തന്നെയാണ് അവര്‍ ഭൂപരിഷ്ക്കരണം കൊണ്ടുവന്നത്.  

എട്ട് വര്‍ഷത്തിലെ ജയില്‍ ജീവിതത്തിനുശേഷമുള്ള രാഷ്ട്രീയ ശൂന്യതയില്‍ നിന്ന് അജിത എത്തപ്പെടുന്നത് സ്ത്രീ വിമോചന പ്രസ്ഥാനത്തിലേക്കാണ്. ബോധന എന്ന സ്ത്രീ മുന്നേറ്റ പ്രസ്ഥാനത്തിലൂടെയായിരുന്നു തുടക്കം. ദേശീയതലത്തില്‍ തന്നെ സ്ത്രീകള്‍ക്കു നേരെ വ്യാപകമായുണ്ടായ അതിക്രമങ്ങള്‍ക്കു നേരെയുള്ള ചെറുത്തുനില്‍പ്പു മാത്രമായിരുന്നില്ല അജിതയും സുഹൃത്തുക്കളും ലക്ഷ്യമിട്ടത്. ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ പോലും സ്ത്രീകളെ പൊതുരംഗത്തും നയരൂപീകരണരംഗത്തും അവഗണിക്കുന്നതിനെയും ബോധന ചോദ്യം ചെയ്തു. ബോധന ശിഥിലമായതോടെയാണ് 1993ല്‍ അന്വേഷി വിമന്‍സ് കൗണ്‍സലിംഗ് സെന്ററിന് രൂപം നല്‍കുന്നത്. പൊതുസമൂഹത്തില്‍ അന്വേഷി സജീവമായി ഇടപെട്ടു. സ്ത്രീ സമരങ്ങളുടെ മുന്നണി പടയാളിയായും പെണ്‍വാണിഭം പോലുള്ള കുറ്റകൃത്യങ്ങള്‍ക്കെതിരെ സന്ധിയില്ലാ സമരം നടത്തിയും അന്വേഷി ചലനം സൃഷ്ടിച്ചു.   

അജിത: സ്ത്രീ വിമോചന പ്രസ്ഥാനം കേരളത്തില്‍ തുടങ്ങണമെന്ന് ഒരു ആഗ്രഹം വരുന്നു. അപ്പോഴാണ് കേരളത്തില്‍ സാറ ടീച്ചര്‍ മാനുഷി തുടങ്ങുന്നത്. തിരുവനന്തപുരത്തൊരു പ്രചോദന എന്നൊരു ഗ്രൂപ്പുണ്ടായിരുന്നു. അങ്ങനെ ചെറിയ ചെറിയ ഗ്രൂപ്പുകള്‍ അവിടവിടെ പൊങ്ങിവരുന്നു. അന്വേഷി എന്ന സംഘടന ഉണ്ടായതിനു ശേഷം തീര്‍ച്ചയായിട്ടും ഒരുപാട് മാറ്റങ്ങള്‍ കോഴിക്കോട് ജില്ലയിലെങ്കിലും ഉണ്ടാക്കാന്‍ നമുക്ക് കഴിഞ്ഞിട്ടുണ്ട്. അന്വേഷി ഇടപെടുന്നുണ്ടെന്ന് കേള്‍ക്കുമ്പോള്‍ തന്നെ പരിഹരിക്കപ്പെടുന്ന പ്രശ്‌നങ്ങളുണ്ട്. ആളുകള്‍ക്ക് അന്വേഷിയോടുള്ള ഒരു പേടി, ബഹുമാനം ഒക്കെയുണ്ട്. ഇപ്പോള്‍ ഞങ്ങള്‍ പ്രൊഫഷണലൈസ് ചെയ്തിട്ടുള്ള പ്രവര്‍ത്തനമാണ്. ആദ്യത്തെ മാതിരിയല്ല. ആദ്യം വളരെ സ്‌പൊറാഡിക്കായിട്ട്, അന്നേരം തോന്നുന്ന രീതിയില്‍ പ്രവര്‍ത്തിക്കുക, അങ്ങനെയൊക്കെയായിരുന്നു. ഇപ്പോള്‍ ഞങ്ങള് കൗണ്‍സിലിംഗ്, സെമിനാറുകള്‍, ക്ലാസുകള്‍, ലീഗല്‍ ക്ലാസുകള്‍, അഡോളന്‍സ് ക്ലാസുകള്‍, വര്‍ക്ക്‌ഷോപ്പുകള്‍ തുടങ്ങിയവയൊക്കെ സ്ഥിരമായിട്ട് നടത്തുന്നു. പിന്നെ ഒരു ഹെല്‍ത്ത് പ്രോഗ്രാമുണ്ട്.   

അന്വേഷിയുടെ ഒരു ഷോര്‍ട്ട്‌സ്‌റ്റേ ഹോം പണി പൂര്‍ത്തിയാക്കുകയാണ് ഇപ്പോള്‍ അജിതയുടെയും സുഹൃത്തുക്കളുടെയും സ്വപ്നം. 

അജിത: ഞങ്ങളുടെ പ്രാഥമിക പ്രവര്‍ത്തനമെന്ന് പറയുന്നത് കൗണ്‍സലിംഗാണ്. എല്ലാ തരത്തിലുള്ള കേസുകളും വരാറുണ്ട്. പക്ഷേ പ്രധാനമായും വരുന്നത് ഡൊമസ്റ്റിക് വയലന്‍സ് കേസുകളാണ്. ഭാര്യാഭര്‍ത്താക്കന്‍മാര്‍ തമ്മില്‍, അമ്മമാരും മക്കളും തമ്മില്‍, സിസ്റ്റേഴ്‌സ് ബ്രദേഴ്‌സ് തമ്മില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നുണ്ട്. ഭാര്യാ ഭര്‍ത്താക്കന്‍മാര്‍ തമ്മില്‍ ഭയങ്കരമായ ഫമിലിയല്‍ വയലന്‍സാണ് പൊതുവേ കേരളത്തിലെ കുടുംബങ്ങളിലുള്ളത്. എല്ലാവരും അത് പുറത്തുപറയുന്നില്ലെന്ന് മാത്രമേയുള്ളു. രണ്ടു കാര്യങ്ങളാണ് പ്രധാനമായും ഇതിലുള്ളത്. ഒന്ന് സ്ത്രീധനം, പിന്നെ മദ്യപാനാസക്തി. ഈ രണ്ട് കാര്യങ്ങളും സ്ത്രീകള്‍ക്കെതിരെയുള്ള അക്രമങ്ങള്‍, പ്രത്യേകിച്ച് ഡൊമസ്റ്റിക് വയലന്‍സ് വര്‍ദ്ധിപ്പിക്കാനുള്ള കാരണങ്ങളാണ്. അങ്ങനെ നിരന്തരം ഹാബിച്ച്വലായിട്ടുള്ള ഡൊമസ്റ്റിക് വയലന്‍സ് അനുഭവിച്ചുകൊണ്ടിരിക്കുന്ന സ്ത്രീകള്‍ ഞങ്ങളടുത്ത് പരാതികളുമായിട്ട് വരുമ്പോള്‍, പലപ്പോഴും പല സ്ത്രീകള്‍ക്കും പിന്നെ പോവാനിടമില്ലാത്ത അവസ്ഥ വരും. അവര്‍ക്ക് താല്‍ക്കാലികമായി താമസിക്കാനുള്ള ഒരിടമാണ് ഷോര്‍ട്ട് സ്റ്റേ ഹോം. അവരേയും അവരുടെ മക്കളെയും ഞങ്ങള്‍ അക്കൊമഡേറ്റ് ചെയ്യുന്നു. കുട്ടികള്‍ക്ക് സ്‌കൂളില്‍ പോകണമെങ്കില്‍ അതിനുള്ള പരമാവധി സൗകര്യം ഞങ്ങള്‍ ചെയ്തു കൊടുക്കുന്നു. പിന്നെ അമ്മമാര്‍ക്ക് മെഡിക്കല്‍ ഹെല്‍പ്പ് വേണമെങ്കില്‍ അത്.അങ്ങനെ ഒരു വീടിന്റെ അന്തരീക്ഷം ഉണ്ടാക്കിക്കൊടുക്കുക, എന്നിട്ടവര്‍ക്ക് മാനസികമായിട്ടുള്ള ശക്തി വീണ്ടെടുക്കുക. ടു എംപവര്‍ ദെം മെന്റലി… അതായത് ഒരു ആത്മവിശ്വാസം ഉണ്ടാക്കിയെടുക്കുക. ഞാന്‍ ഈ ജീവിതത്തിനൊന്നും കൊള്ളില്ല എന്ന രീതിയില്‍ ടോട്ടലി ഹെല്‍പ്പ്‌ലെസ്സായിട്ടാണ് ഒരു സ്ത്രീ ഇവിടേക്ക് വരുന്നത്. പലപ്പോഴും ആത്മഹത്യാ പ്രവണത കാണിക്കുന്ന സ്ത്രീകളായിരിക്കും ഇവര്. എനിക്ക് തോന്നുന്നു തീര്‍ച്ചയായിട്ടും പ്രശ്നങ്ങള്‍ തീര്‍ക്കാന്‍ പറ്റും. കാരണം ഇത്തരം കാര്യങ്ങളോട് നമ്മുടെ നാട്ടുകാര്‍ക്ക് പൊതുവെ നല്ലൊരു സമീപനം ഉണ്ട്.     

അജിതയോടൊപ്പം അന്വേഷിയുടെ ലൈബ്രറിയിലേക്ക് പോയി. പതിനായിരത്തോളം പുസ്തകങ്ങള്‍. ഇരുന്നൂറോളം അംഗങ്ങള്‍. അണ്ണാറക്കണ്ണനും തന്നാലായത് എന്ന ന്യായത്തില്‍ യാത്രികനും കുറച്ചു പുസ്തകങ്ങള്‍ ഈ ഗ്രന്ഥാലയത്തിനായി നല്‍കി.  ഓര്‍മ്മകുറിപ്പുകളുടെ ഇംഗ്ലീഷ് പരിഭാഷ കേരളാസ് നക്‌സല്‍ബാരി അജിത സ്‌നേഹപൂര്‍വ്വം ഒപ്പിട്ടു തന്നു. സംഘടിത എന്ന മാസികയുടെ പത്രാധിപ കൂടിയാണ് അജിത. സ്ത്രീകള്‍ മാത്രം എഴുതുന്ന കനപ്പെട്ട ഒരു ആനുകാലികം.   

അജിത: 2010 ഡിസംബറിലാണ് അത് തുടങ്ങുന്നത്. അതിന് മുമ്പേ തന്നെ ഞങ്ങള്‍ സാറാ ടീച്ചറോട് സംസാരിച്ചിരുന്നു. ഞങ്ങള്‍ തുടങ്ങുകയാണെങ്കില്‍ നിങ്ങളായിരിക്കും ഞങ്ങളുടെ എഡിറ്റര്‍.  ടീച്ചര്‍ സമ്മതിച്ചു. ആദ്യത്തെ അഞ്ചുമാസംകൊണ്ട് പോകുമെന്ന് പറഞ്ഞ ടീച്ചര്‍ പിന്നീട് പോകുന്ന കാര്യമേ സംസാരിച്ചിട്ടില്ല. ഇതിന്റെ പോക്കുകണ്ടപ്പോള്‍ ടീച്ചര്‍ക്കും അതിനോട് താല്‍പ്പര്യം തോന്നിയെന്നതാണ് സത്യം. ടീച്ചറും ഇതിന്റെ ഭാഗം തന്നെയാണ്. ഇപ്പോള്‍ മാനസികമായിട്ട് അത്ര അടുപ്പമാണ് സംഘടിതയോട്. സംഘടിത നല്ലൊരു ടീമാണ്. ഇതിന്റെ എഡിറ്റോറിയല്‍ കമ്മിറ്റി. കേരളം മുഴുവനുമുള്ള, അല്ലാതെ കോഴിക്കോട് മാത്രം ബെയ്‌സ്ഡായിട്ടുള്ളതല്ല, പ്രഗത്ഭരായ പല സ്ത്രീകളും ഇതിന്റെ ഭാഗമാകുന്നുണ്ട്. സ്ത്രീകളുടെ രാഷ്ട്രീയമായിട്ടുള്ള അറിവ് പാരിസ്ഥിതികമായിട്ടുള്ള അറിവ് സാംസ്‌കാരികമായിട്ടുള്ള അറിവ് ഇതെല്ലാം ഇതില് പ്രതിഫലിക്കുന്നുവെന്നാണ് ഞങ്ങള്‍ വിചാരിക്കുന്നത്. അപ്പോള്‍ എല്ലാ മേഖലയിലുള്ള സ്ത്രീകളെക്കൊണ്ടും എഴുതിക്കാന്‍ വേണ്ടി ഞങ്ങള്‍ ശ്രമിക്കാറുണ്ട്.   

ബെസ്റ്റ് ഓഫ് അഴിമുഖം

എന്റെ ഭര്‍ത്താവിനെ നിശ്ചയിച്ചത് ഞാനല്ല
ഞാന്‍, അന്‍പത്തഞ്ചാം വയസ്സില്‍ മനസ്സിനും ശരീരത്തിനും മുറിവേറ്റവള്‍
സൂചികൊണ്ടും ഏകാന്തതകൊണ്ടും തുന്നിയ ഒരുടുപ്പ്‌
ആണാണോ പെണ്ണിന്റെ ഉടമ?
മിസ്സ് കൌസു: അണ്‍ മാരീഡ് ആന്‍ഡ് കട്ട ഫെമിനിസ്റ്റ്

യാത്രികന്റെ ദീര്‍ഘകാല സുഹൃത്താണ് യാക്കൂബ്. അജിതയുടെ ജീവിത പങ്കാളി. രാഷ്ട്രീയ വീക്ഷണത്തില്‍ അജിതയുടെ സഹയാത്രികനായിരുന്നു യാക്കൂബ്. യാത്രയില്‍ പ്രത്യക്ഷപ്പെടാന്‍ മടിച്ചെങ്കിലും യാത്രികന്‍ നിര്‍ബന്ധിച്ചു. ഭാവിയില്‍ ഇതൊരു ചരിത്രരേഖയാകുന്നെങ്കില്‍ തടസ്സം നില്‍ക്കുന്നില്ല. യാക്കൂബ് ചിരിച്ചു.  

യാക്കൂബ്: അടിയന്തിരാവസ്ഥക്കാലത്താണ് പ്രീഡിഗ്രിക്ക് പഠിക്കുന്നത്. അന്ന് തൊഴിലില്ലായ്മ വലിയ വിഷയമായ ഒരു കാലമായിരുന്നു. അപ്പോള്‍ ഞാനൊരു തീരുമാനമെടുത്തു. ജോലി കിട്ടാന്‍ വേണ്ടി പഠിച്ചിട്ട് കാര്യമില്ല. അറിവുണ്ടാവാനൊട്ട് കോളേജിന്റെ ആവശ്യവുമില്ല. അങ്ങനെയിരിക്കെ അജിത ജയിലില്‍ നിന്നും പുറത്തുവരുന്നുവെന്നൊരു വിവരം കിട്ടുന്നു. അജിതയ്‌ക്കൊരു സ്വീകരണം കൊടുത്താലോ എന്നൊരു ആലോചയുണ്ടായി. അതിന്റെ ആഘാത പ്രത്യാഘാതങ്ങളെക്കുറിച്ചൊന്നും അറിവില്ല. മായെ (മന്ദാകിനിയെ) പോയി കണ്ടു. അങ്ങനെയാണ് അന്ന് വയനാട്ടിലേക്ക് പോകുന്നത്. കര്‍ഷക തൊഴിലാളിയായിട്ട്… റോഡ് പണി അങ്ങനെ എല്ലാ പണികളും ചെയ്യും അതിനിടയില്‍ പാര്‍ട്ടി പ്രവര്‍ത്തനവും. അവിടെ നിന്നാണ് സുബ്രഹ്മണ്യ ദാസിനെ കാണുന്നത്. അപ്പോള്‍ എനിക്ക് സുബ്രഹ്മണ്യ ദാസിനെ അറിഞ്ഞുകൂടാ. നമ്മള്‍ വേറെ ഗ്രൂപ്പാണല്ലോ. ഇപ്പോള്‍ ചിരി വരുമെങ്കിലും ഭയങ്കര പ്രത്യയശാസ്ത്ര വിഭജനം ആണത്. ഏറ്റവും പ്രധാന ശത്രു ആരാണെന്നുള്ള ഒരു സ്ഥിതി ആയിരുന്നു. ഫ്യൂഡലിസമാണോ സാമ്രാജ്യത്വമാണോ പ്രധാനശത്രു? അജിതയ്ക്കും കുന്നിക്കല്‍ നാരായണനുമൊക്കെ സാമ്രാജ്യത്വമാണ് മുഖ്യശത്രു. പിന്നീട് മാര്യേജ് കഴിഞ്ഞു. കേരളത്തില്‍ അന്ന് ന്യൂനപക്ഷ പുസ്തകങ്ങള്‍ കിട്ടാനുണ്ടായിരുന്നില്ല. മായുടെ ഫണ്ടിംഗായിരുന്നു. അങ്ങനെയാണ് ബോധി ബുക്‌സ് വരുന്നത്. ഞാന്‍ ആദ്യം ചെയ്യുന്ന ഒരു സംരംഭം അതായിരുന്നു. പിന്നീട് ഞങ്ങളുടെ മിസ് മാനേജ്‌മെന്റ് കൊണ്ട് ബോധി ബുക്‌സ് പൊളിഞ്ഞുപോയി. പൈസയുടെ പ്രശ്‌നം. പലര്‍ക്കും പൈസ  സഹായിച്ചതുകൊണ്ടാണ് അത് പൊളിഞ്ഞുപോയത്. കേരളത്തില് പുതിയ മാര്‍ക്‌സിസ്റ്റ് ദര്‍ശനങ്ങളെ പരിചയപ്പെടുത്തുന്നതില്‍ അത് വലിയൊരു റോള്‍ വഹിച്ചിട്ടുണ്ട്.    

അജിതയുടെ മകള്‍ ഗാര്‍ഗി എഴുത്തുകാരിയാണ്.  മഹാപണ്ഡിതനായ യാജ്ഞവല്‍ക്യനെ ചോദ്യശരങ്ങള്‍ കൊണ്ട് വീര്‍പ്പുമുട്ടിച്ച ഗാര്‍ഗി എന്ന പുരാണ പ്രശസ്തയായ ദാര്‍ശനികയുടെ പേരാണ് അജിത മകള്‍ക്ക് കണ്ടെത്തിയത്. ദി ലാന്റ് ഓഫ് ലാന്റ് ബെയറേഴ്‌സ് എന്ന് പേരിട്ട ഒരു ഇംഗ്ലീഷ് നോവല്‍ ഉടനെ പുറത്തുവരാനിരിക്കുന്നു. അജിതയുടെ ജീവിതയാത്ര ചിത്രീകരിക്കാനായിരുന്നു യാത്ര ഉദ്ദേശിച്ചിരുന്നത്. അത് ചരിത്രത്തിലൂടെയും കാലത്തിലൂടെയുമുള്ള യാത്രയായി മാറിയത് സ്വാഭാവികം മാത്രം. മനുഷ്യന് അപനിര്‍മ്മിക്കാന്‍ കഴിയാത്തത് നീതി മാത്രമാണെന്ന് ഒരു ചിന്തകന്‍ പറഞ്ഞിട്ടുണ്ട്. നീതിക്ക് വേണ്ടി നിലകൊള്ളുന്ന ഈ പോരാളിയുടെ നിറവ് ചിത്രീകരിച്ച് മടങ്ങുമ്പോള്‍ സാഹോദര്യത്തിന്റെ നിറവ് യാത്രികന്‍ അനുഭവിച്ചു.    

(ഏഷ്യനെറ്റ് ന്യൂസില്‍ ലേഖകന്‍ അവതിരിപ്പിക്കുന്ന യാത്രഎന്ന പരിപാടിയിലെ അജിതയെ കുറിച്ചുള്ള എപ്പിസോഡില്‍ നിന്ന്)       

അഴിമുഖം പ്രസിദ്ധീകരിച്ച മാങ്ങാട് രത്നാകരന്‍റെ മറ്റൊരു യാത്ര

സഞ്ചാരിയുടെ മനസിലേക്കൊരു സഞ്ചാരം

   

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍