UPDATES

ട്രെന്‍ഡിങ്ങ്

ആദര്‍ശധീരന്‍ അറയ്ക്കപ്പറമ്പില്‍ കുര്യന്‍ ആന്റണിയുടെ ഗജകേസരിയോഗ കഥകള്‍

പൊതുവില്‍ നോക്കിയാല്‍ ശ്രീനിവാസന്‍ സിനിമകളില്‍ പ്രതിഷ്ഠിക്കുന്ന ഒരു സ്വയം നിര്‍മ്മിത വ്യക്തിത്വത്തിന്റെ രാഷ്ട്രീയ അപരത്വമാണ് അറയ്ക്കപ്പറമ്പില്‍ കുര്യന്‍ ആന്റണി

വെള്ളയാണ് ഇഷ്ട നിറം. അലക്കിത്തേച്ച കുപ്പായത്തോടാണ് കമ്പം. എന്നാലും ഡല്‍ഹിയിലെ തണുപ്പില്‍ രോമക്കുപ്പായങ്ങള്‍ ധരിക്കേണ്ടി വരുമ്പോള്‍, അപ്പോള്‍ മാത്രം ചില വര്‍ണങ്ങള്‍ ആകുന്നതില്‍ വിരോധമല്ല. ഒരു രോമത്തൊപ്പി കൂടിയുണ്ടെങ്കില്‍ അസലായി. അധികാരത്തോട് ആര്‍ത്തിയില്ലാത്ത, അഴിമതിയുടെ കറപുരളാത്ത, വാക്കുകളില്‍ മിതത്വം പാലിക്കുന്ന ഒരു തിരുസ്വരൂപത്തിന്റെ ചിത്രം കേരളത്തിലെ പാവം കോണ്‍ഗ്രസുകാരുടെ മനസില്‍ എല്ലാക്കാലത്തും ഉണ്ടാക്കി വച്ചിട്ടുണ്ട്. വില്ലനായി അഭിനയിക്കാന്‍ ഒരു കെ കരുണാകരന്‍ ഉണ്ടെന്നതായിരുന്നു ഈ വീടിന്റെ ഐശ്വര്യം. എംജിആറിന് എംആര്‍ രാധയെന്നപോലെ, പ്രേംനസീറിന് കെപി ഉമ്മര്‍ എന്ന പോലെ.

ജനിക്കുന്നെങ്കില്‍ 1940 ഡിസംബര്‍ 28-ന് ജനിക്കണം. ജന്മനക്ഷത്രം എന്താണെന്ന് അറിയില്ലെങ്കിലും ഗജകേസരി യോഗം മിക്കവാറും ഉണ്ടായിരിക്കണം. 26-ാം വയസില്‍ – 1966ല്‍ – കെ എസ് യുവിന്റെ സംസ്ഥാന പ്രസിഡന്റായ ശേഷം പിന്നെ തിരിഞ്ഞുനോക്കേണ്ടി വന്നില്ല. രാഷ്ട്രീയ ഗുരു എംഎ ജോണിനെ വെട്ടിക്കൊണ്ട് തുടങ്ങിയതിന്റെ ഗുരുത്വമാവാണം. കെ കരുണാകരന്‍ തുരുപ്പ് ചീട്ടിറിക്കിയ 1991-ലെ കെപിപിസി തിരഞ്ഞെടുപ്പില്‍ (അന്നൊക്കെ കോണ്‍ഗ്രസ് പാര്‍ട്ടിയിലും തിരഞ്ഞെടുപ്പുണ്ടായിരുന്നത്രെ. ആ പുഷ്‌കലകാലമാണ് ഉമ്മന്‍ചാണ്ടി ഇപ്പോള്‍ സ്വപ്‌നം കാണുന്നത്) അധ്യക്ഷ സ്ഥാനത്തേക്കുള്ള മത്സരത്തില്‍ ഉറ്റതോഴനും നാട്ടുകാരനുമായ വയലാര്‍ രവിയോട് തോറ്റതിന് ശേഷം, 1993-ല്‍ രാജ്യസഭാംഗവും പിന്നീട് കേന്ദ്ര മന്ത്രിയുമാകുന്നത് വരെയുള്ള ഒരു ചെറിയ ഇടവേള ഒഴിച്ചാല്‍, ചങ്ങനാശ്ശേരി നായരുടെ ഭാഷയില്‍ പറഞ്ഞാല്‍ താക്കോല്‍ സ്ഥാനങ്ങളിലല്ലാതെ ടിയാനെ കണ്ടവരില്ല.

നല്ല നേതാവാണെന്ന് ഏറ്റവും അടുത്ത അനുയായികള്‍ പോലും പറയില്ല. ആളുകളെ ആകര്‍ഷിക്കുന്നത് പോട്ടെ, അക്രമാസക്തമായ ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ തക്ക ഉത്തമമായ പ്രസംഗരീതിയാണ് കൈവശം. ഭരണശേഷിയുടെ കാര്യം പറയുകയേ വേണ്ട. ഉമ്മന്‍ചാണ്ടി എത്ര ഭേദം എന്ന് ചെറിയാന്‍ ഫിലിപ്പിനെ കൊണ്ടുപോലും പറയിക്കുന്ന ശൈലിയുടെ ഉടമയാണ്. അഴിമതി അടുത്തുകൂടി പോയിട്ടില്ല. പക്ഷെ സ്വന്തം വകുപ്പിലായാലും ആരെങ്കിലും കൈയിട്ടുവാരിയാല്‍ അറിഞ്ഞില്ലെന്ന് നടിക്കാനും അതിന്റെ ഗുണഭോഗം വളഞ്ഞ വഴിയിലൂടെയാണെങ്കിലും അനുഭവിക്കാനും വിരോധമില്ല. ഒരു ഉദാഹരണം പറയാം. ഉന്നതകുലജാതകളുടെ വൈകൃതം എന്ന് വികെഎന്‍ വിശേഷിപ്പിച്ച ഒരിനം ചിത്രകലാ ശാഖയുണ്ട്. അത്തരം ശാഖയില്‍ പെട്ട ചിത്രങ്ങള്‍ ഇന്ത്യയില്‍ എമ്പാടും പ്രദര്‍ശിപ്പിക്കുകയും ഞെട്ടിപ്പിക്കുന്ന വിലകള്‍ക്ക് ചിത്രങ്ങള്‍ വില്‍ക്കുകയും ചെയ്ത കാലത്ത് ഇദ്ദേഹം കേന്ദ്ര പ്രതിരോധ മന്ത്രിയായിരുന്നു എന്ന് കേട്ടിട്ടുണ്ട്.

ആദര്‍ശത്തിന്റെ അസ്‌കിത കൂടുമ്പോള്‍ സ്ഥാനത്യാഗം ചെയ്യുന്നു എന്ന് തോന്നിപ്പിക്കുകയാണ് മറ്റൊരു വിനോദം. സക്ഷാല്‍ ഇന്ദിര ഗാന്ധിയോട് പയറ്റിപ്പുതുക്കിയെടുത്ത പ്രിയ ഖഡ്ഗമാണത്. അടിയന്തിര ഘട്ടത്തിലേ പുറത്തെടുക്കൂ. അടിയന്തിരാവസ്ഥക്കാലത്ത് കേരളത്തിലെ ഭരണമുന്നണിയുടെ ലെയ്‌സണ്‍ കമ്മിറ്റി അംഗത്തിന്റെ വേഷത്തിലായിരുന്നു കളി. അടിയന്തിരാവസ്ഥയും മുഖ്യമന്ത്രിയായുള്ള ആദ്യ വാഴ്ചയും കഴിഞ്ഞപ്പോഴായിരുന്നു ആദ്യ ആദര്‍ശപ്പെരുമ പുറത്തുവന്നത്. ഇന്ദിര ഗാന്ധി ഏകാധിപതിയാണെന്ന് പെട്ടെന്ന് തിരിച്ചറിഞ്ഞു. ദേവരാജ് അരശ് എന്നൊരു അപ്പാവിയുമായി കോണ്‍ഗ്രസിന് പുറത്തേക്ക് പൊയ്ക്കളഞ്ഞു. ശേഷം കേരളത്തില്‍ ആജന്മ ശത്രുവായ സിപിഎമ്മിന്റെ വരാന്തയിലായിരുന്നു കിടപ്പ്. കണ്ടിട്ട് സഹിക്കാന്‍ വയ്യാതായപ്പോള്‍ ലീഡര്‍ തിരികെ പിടിച്ചു കൊണ്ടുപോയി. നായകനില്ലാതെ വില്ലന്‍ കളിച്ച് ബോറടിച്ചിരിക്കുകയായിരുന്നു അദ്ദേഹം. പിന്നീട് ആ പ്രത്യേക രോഗം പ്രത്യക്ഷപ്പെട്ടത് വയലാര്‍ രവിയോട് തോറ്റ് വടക്കോട്ട് പോയി കേന്ദ്ര മന്ത്രിയായി ഒരു വര്‍ഷം വാണശേഷമായിരുന്നു. 1994 അവസാനമായിരുന്നു അതിന്റെ തുടക്കം. പഞ്ചസാര ഇറക്കുമതി കുംഭകോണവുമായി ബന്ധപ്പെട്ട് ഭക്ഷ്യമന്ത്രാലയത്തിലെ ആര്‍ക്കോ ബന്ധമുണ്ടെന്ന് പറഞ്ഞ് കേന്ദ്ര മന്ത്രിസ്ഥാനം വലിച്ചെറിഞ്ഞുകളഞ്ഞു. അടങ്ങ് വേലായുധ എന്ന് പറഞ്ഞ് നരസിംഹ റാവു പിടിച്ച് എഐഐസി ട്രഷറര്‍ ആക്കി. റാവുവിന് അച്ചായന്റെ ആദര്‍ശത്തെക്കുറിച്ച് എന്തറിയാന്‍. കേരളത്തില്‍ രാഷ്ട്രീയം കലങ്ങുന്നതും ഉമ്മന്‍ചാണ്ടി കളിമുറുക്കുന്നതും ആദര്‍ശധീരന്‍ കണ്ടിരുന്നു. കുറുക്കന്‍ കോഴിക്കൂട്ടില്‍ നോക്കുന്നത് പോലെ നോക്കിയിരിക്കുകയായിരുന്നല്ലോ. മുസ്ലീം ലീഗും കരുണാകരനെ വെട്ടും എന്ന് ഉറപ്പായപ്പോഴാണ് പഞ്ചസാര വീണുകിട്ടിയത്. കിടക്കട്ടെ ഒരു രാജി. പിന്നെ പറന്നിറങ്ങുന്നത് നേരേ മുഖ്യമന്ത്രിക്കസേരയിലേക്ക്.

പൊതുവില്‍ നോക്കിയാല്‍ ശ്രീനിവാസന്‍ സിനിമകളില്‍ പ്രതിഷ്ഠിക്കുന്ന ഒരു സ്വയം നിര്‍മ്മിത വ്യക്തിത്വത്തിന്റെ രാഷ്ട്രീയ അപരത്വമാണ് അറയ്ക്കപ്പറമ്പില്‍ കുര്യന്‍ ആന്റണി. സംസ്ഥാനത്തിലും കേന്ദ്രത്തിലും കോണ്‍ഗ്രസ് അധികാരത്തില്‍ ഇല്ലാത്ത അവസ്ഥയിലും നാലു കാലില്‍ വീഴാന്‍ സാധ്യതയുള്ള ഒരേയൊരു നേതാവ് എകെ ആന്റണിയായിരിക്കും എന്ന കാര്യത്തില്‍ സംശയമേതുമില്ലായിരുന്നു. അനുമാനങ്ങളില്‍ വലിയ തെറ്റും പറയാന്‍ കഴിയില്ല. ഇപ്പോഴും താക്കോല്‍ സ്ഥാനത്ത് തന്നെയാണ്. കോണ്‍ഗ്രസുകാരുടെ ഭാഷയില്‍ പറഞ്ഞാല്‍ ഹൈക്കമാന്‍റ്റ. ന്യൂഡല്‍ഹിയില്‍ വലിയ കമാന്‍ഡൊന്നും കൈവശമുള്ള നേതാക്കള്‍ ഇല്ലാത്തതിനാല്‍ പൊട്ടക്കുളത്തിലെ ഫണീന്ദ്രനായി തന്നെയാണ് വാഴ്ച (കട്ടക്കയത്തോട് തെല്ലും വിദ്വേഷമില്ല എന്നൊരു അടിക്കുറിപ്പോടെ).

കേന്ദ്രത്തില്‍ അധികാരം പോയപ്പോള്‍ മുതല്‍ പുതിയോരു റോളിലാണ് ആദര്‍ശധീരന്‍ കേരളത്തില്‍ പ്രത്യക്ഷപ്പെടാറ്. അപൂര്‍വ്വമായേ സംഭവിക്കുവെങ്കിലും വന്നുകഴിഞ്ഞാല്‍ ഒരു പയറ്റാണ്. പൂഴിക്കടകനില്‍ കുറഞ്ഞൊന്നും പ്രതീക്ഷിക്കരുത്. ഉപദേശിയുടെ റോളിലാണ് അവതരിക്കുക. സുറിയാനി ക്രിസ്ത്യാനിയായി പിറന്ന ഒരാള്‍ അങ്ങനെയാവുന്നതില്‍ തെറ്റില്ല. പക്ഷെ തിരുവചനങ്ങളല്ല ഉരുവിടുക. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിന് മുമ്പ് വന്നപ്പോള്‍ ന്യൂനപക്ഷ പ്രീണനത്തെക്കുറിച്ച് ഒരു തട്ടുതട്ടി. സംഭവം തിരഞ്ഞെടുപ്പില്‍ യുഡിഎഫ് തോല്‍ക്കുമെങ്കിലും ഒരു പ്രതിപക്ഷ നേതാവ് ഇവിടെയുണ്ട് എന്നാണ് പറഞ്ഞതെന്ന് ഉമ്മന്‍ചാണ്ടിക്കും രമേശ് ചെന്നിത്തലയ്ക്കും എന്തിന് വിഎം സുധീരനു വരെ പിടികിട്ടി. മറുമരുന്ന് ഉടനടി ചെയ്തിട്ടുണ്ടാവണം. തത്ക്കാലം ഒഴിഞ്ഞുകിട്ടി.

ഡല്‍ഹിയിലെ തണുപ്പ് സഹിക്കാത്തതുകൊണ്ടാവും ഇപ്പോള്‍ വീണ്ടും കേരളത്തിലെ ചൂടിലേക്ക് ഇറങ്ങിയിട്ടുണ്ട്. എന്തും പറയാം. കേരളത്തില്‍ ഇപ്പോള്‍ ഇടതുപക്ഷമാണ് ഭരിക്കുന്നത്. പക്ഷെ അങ്ങനെ സര്‍ക്കാരിനെതിരെ വിമര്‍ശനവും പറഞ്ഞ് വെറുതെ തിരിച്ചുപോയാല്‍ വീക്ഷണത്തില്‍ പോലും വാര്‍ത്ത വരാനുള്ള സാധ്യത വിരളമാണ്. ഇടയ്ക്ക് നാലുകൊല്ലം നമ്മള്‍ പത്രത്തിന്റെ പബ്ലീഷര്‍ ആയിരുന്നു എന്നൊന്നും ഇപ്പോഴത്തെ പിള്ളേര്‍ക്ക് അറിയണമെന്നില്ല. പക്ഷെ വെറും പത്രത്താളില്‍ കയറാനാണെങ്കില്‍ കൂടിയും ഇത്തവണ മലര്‍ന്നുകിടന്നൊരു തുപ്പായിരുന്നു. പക്ഷെ വീണത് കേരള സമൂഹം എന്നൊരു സാധനത്തിന്റെ മുഖത്തായിരുന്നു എന്നുമാത്രം. പറഞ്ഞതിന്റെ അര്‍ത്ഥം ഇത്രയേ ഉണ്ടായിരുന്നുള്ളു. 2001ല്‍ ഞാനൊന്നും ഛര്‍ദ്ദിച്ചു. അതില്‍ ഇത്തിരി വിഷം ഉണ്ടായിരുന്നു കേട്ടോ എന്നായിരുന്നു പറഞ്ഞത്. ഏത് കള്ളുകുടിയനായാലും അന്യവീട്ടിലെ മുറിയിലോ സ്വന്തം വീട്ടിലോ എന്തിന് ബാറില്‍ ഛര്‍ദ്ദിച്ചാല്‍ പോലും ഒരു കുറ്റബോധം ഉണ്ടാവും. സ്വല്‍പം ചമ്മലും. ഛര്‍ദ്ദിയില്‍ വിഷമൊന്നും ഇല്ലെങ്കിലും. പക്ഷെ ഇവിടെ കുറ്റബോധം, ചമ്മല്‍ തുടങ്ങിയ മാനസിക വിഷമങ്ങളൊന്നും അദ്ദേഹത്തിന് ഉണ്ടായിരുന്നില്ല. ഉപദേശത്തിന്റെയും വിമര്‍ശനത്തിന്റെയും ഉത്തമബോധ്യം മാത്രമേ ഉണ്ടായിരുന്നുള്ളു. അതാണ് ആദര്‍ശത്തിന്റെ ഒരു ധൈര്യം.

കേരള വികസനത്തിന് സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടിയന്തിരമാണെന്ന് ആദ്യം തോന്നിയത് മലയാള മനോരമയ്ക്കായിരുന്നു. പല കാര്യത്തില്‍ ആദ്യം ഭൂതോദയം ഉദിക്കുന്നത് കോട്ടയത്തു നിന്നാണെന്നതിന് മറ്റൊരു സത്യസാക്ഷ്യമായിരുന്നു അത്. 90-കളില്‍ കേരള ബജറ്റ് അവതരിപ്പിക്കുന്നതിനോട് അനുബന്ധിച്ച് വികസന സെമിനാറുകള്‍ സംഘടിപ്പിക്കുന്ന ഒരു വിനോദം മുത്തശ്ശി പത്രത്തിനുണ്ടായിരുന്നു. സംസ്ഥാന വികസനത്തിന് മാര്‍ഗ്ഗരേഖ എന്നോ മറ്റോ എഡിറ്റ് പേജില്‍ വിശദമായി റിപ്പോര്‍ട്ടും നല്‍കാറുണ്ടായിരുന്നു. അത്തരം ഒരു സെമിനാറിലാണ് (ജയറാം രമേശായിരുന്നു വിഷയാവതാരകന്‍ എന്നാണ് ഓര്‍മ്മ) സ്വാശ്രയ കോളേജുകള്‍ ഉടനടി തുടങ്ങിയില്ലെങ്കില്‍ സംസ്ഥാനം മുരടിച്ചുപോകുമെന്ന് അചഞ്ചലവിശ്വാസ പൈങ്കിളി കേരള മനഃസാക്ഷിയിലേക്ക് ചിറകടിച്ച് ചേക്കേറിയത്. കേരളത്തിന്റെ വന്‍സമ്പത്ത് തമിഴ്‌നാട്ടിലെയും കര്‍ണാടകത്തിലേയും സ്വാശ്രയ കോളേജുകളിലേക്ക് ഒലിച്ചു പോകുന്നതിലുള്ള ആത്മാര്‍ത്ഥമായ ദുഃഖമായിരുന്നു രോഷപ്രകടനത്തിന് ഹേതു.

നായനാരായിരുന്നു മുഖ്യമന്ത്രിയെങ്കിലും പല്ലിന്റെ ശൗര്യം കുറവായിരുന്നു. പി ശശി എന്ന പൊളിറ്റിക്കല്‍ സെക്രട്ടറിയിലായിരുന്നു കാര്യങ്ങളുടെ കിടപ്പ്. വിദ്യാഭ്യാസമന്ത്രി സാക്ഷാല്‍ പിജെ ജോസഫും. പ്ലസ് ടു കച്ചവടവുമായി പിടിപ്പത് പണിയുള്ള കാലമായിരുന്നതിനാലാവണം സ്വാശ്രയത്തില്‍ കൈവെക്കാന്‍ ആ സര്‍ക്കാരിന് കഴിഞ്ഞില്ല. ഇനി സ്വാശ്രയം വെറും പേട്ട് തേങ്ങയാവുമോ എന്ന സംശയമായിരുന്നോ കൈവെക്കാന്‍ മടിച്ചതിന് കാരണമെന്നും പറയാന്‍ കഴിയില്ല. അല്ലാതെ മനോരമയോടുള്ള ബഹുമാനക്കുറവ് കൊണ്ടായിരുന്നില്ല. എതായാലും മണിച്ചനും താത്തയുമൊക്കെയായി ആര്‍ഭാടപൂര്‍വം മന്ത്രിസഭ കൊണ്ടാടപ്പെട്ടു. ആഘോഷം പക്ഷെ ജനം ഏറ്റെടുത്തില്ല. ബിജെപിക്കാര്‍ അന്നും വോട്ടുകച്ചവടം പോലുള്ള കലാപരിപാടിയുമായി നടന്നിരുന്നതിനാലും എത്ര ചികിത്സിച്ചാലും മാറാത്ത മറവി കേരള സമൂഹത്തിന് ഉള്ളതിനാലും യുഡിഎഫ് 2001ല്‍ അധികാരത്തിലെത്തി.

സ്ഥാനമോഹം തീരെയില്ലാത്തതിനാല്‍ വിനീതവിധേയനായ ആദര്‍ശധീരന്‍ മുഖ്യമന്ത്രിയും നാലകത്ത് സൂപ്പി എന്ന ദിവ്യന്‍ വിദ്യാഭ്യാസമന്ത്രിയുമായി. ഏതായാലും വായില്‍ വെള്ളിക്കരണ്ടിയുമായി പിറന്ന മന്ത്രിസഭയായിരുന്നു അത്. റോഡിലെ കുഴികളും ഐടി വികസനവുമൊക്കെ പോലെ നല്ല വരവിനുള്ള സാധ്യതകള്‍ ധാരാളമായിരുന്നു. എന്നാലും പൊന്മുട്ടയിട്ട താറാവ് സ്വാശ്രയം തന്നെയായിരുന്നു. വലിയ കാലതാമസം വരുത്താതെ തന്നെ കുടത്തിലെ ഭൂതത്തെ തുറന്നു വിടുകയും ചെയ്തു. 12 സ്വാശ്രയ എഞ്ചിനീയറിംഗ് കോളേജുകള്‍ക്ക് അനുമതി നല്‍കിക്കൊണ്ടായിരുന്നു അന്യസംസ്ഥാനങ്ങളിലേക്കുള്ള കേരളത്തിലെ പണത്തിന്റെ കുത്തൊഴുക്ക് തടയാനുള്ള എളിയ ശ്രമങ്ങള്‍ ആരംഭിച്ചത്. അമ്പത് ശതമാനം മെറിറ്റും അമ്പത് ശതമാനം മാനേജ്‌മെന്റും എന്നായിരുന്നു കച്ചവട അനുപാതം. നിയമങ്ങള്‍ മനേജ്‌മെന്റുകള്‍ക്ക് പരമാവധി അനുകൂലമാക്കുന്നതില്‍ സര്‍ക്കാര്‍ പ്രത്യേക ശ്രദ്ധ പതിപ്പിച്ചു.

കോളേജിന് പണമെറിഞ്ഞവര്‍ ഉടന്‍ തന്നെ സംഘടന രൂപീകരിച്ചു. പരിദേവനങ്ങള്‍ മുഖ്യമന്ത്രിയെ അറിയിക്കുന്നതിനായിരുന്നു സംഘടന. പൊതുവില്‍ ആപത്ബാന്ധവനായ അദ്ദേഹം പരാതികള്‍ ‘സഗൗരവം’ കേട്ടു. പഠിച്ച് നടപടി എടുക്കുമെന്ന് പത്രക്കാരെ അറിയിച്ചു. പതിവ് പോലെ ഒന്നും പഠിച്ചില്ല. സ്വാശ്രയ കോളേജ് ഫീസ് കെട്ടാന്‍ പാങ്ങില്ലാതെ രജനി എസ് ആനന്ദ് എന്ന പെണ്‍കുട്ടി 2004 ജൂലൈ 22-ന് എന്‍ട്രന്‍സ് എക്‌സാമിനേഷന്‍ ഡയറക്ടറുടെ കെട്ടിടത്തിന് മുകളില്‍ നിന്നും ചാടി ആത്മഹത്യ ചെയ്ത് മഹത്തായ വിദ്യാഭ്യാസ പരിഷ്‌കരണത്തിന്റെ ആദ്യ രക്തസാക്ഷിയായി മാറി. രജനി വീണ ശബ്ദം കേള്‍ക്കാവുന്ന ദൂരത്തിലായിരുന്നെങ്കിലും അറയ്ക്കപ്പറമ്പില്‍ കുര്യന്‍ ആന്റണി ഒന്നും പഠിച്ചില്ല. മുത്തങ്ങയിലെ ആദിവാസി വേട്ട വിനോദങ്ങളില്‍ മുഴുകിയിരിക്കുകയായിരുന്നു അദ്ദേഹം.

അന്ന് തുടങ്ങിയ സ്വാശ്രയ ശാപം അത്ര വേഗം കേരള സമൂഹത്തില്‍ നിന്നും ഒഴിയില്ല. ഇരുപത്തിയഞ്ചോളം വിദ്യാര്‍ത്ഥികള്‍ സ്വാശ്രയ കോളേജുകളുടെ നേട്ടം മൂലം ജീവനൊടുക്കിയിട്ടുണ്ടാകാം. അങ്ങനെയെ പറയാന്‍ പറ്റൂ. കാരണം കൃത്യമായ കണക്കുകളില്ല. അതില്‍ കുറയില്ല എന്ന് മാത്രമേ ഉറപ്പ് പറയാനാവൂ. മടിയിലെ ഘനം വഴിയില്‍ കൊണ്ടു നടക്കുന്ന ഭയം ഇപ്പോഴില്ലാത്തിതിനാലാവണം പിന്നീട് വന്ന ഇടപതുപക്ഷ സര്‍ക്കാരിന്റെ വിഷയത്തിലുള്ള സംഭാവനയും ഈ കാല്‍ സെഞ്ച്വറി നേട്ടത്തിന് കാരണമായിട്ടുണ്ട്. നിരവധി കുടുംബങ്ങള്‍ അനാഥമായെങ്കിലും ഹൈക്കോടതിയിലെയും സുപ്രീംകോടതിയിലെയും കുറെ വക്കീലന്മാര്‍ക്ക് ചാകരയായിരുന്നു എന്നതാണ് സ്വാശ്രയം കൊണ്ടുണ്ടായ ഒരേ ഒരു നേട്ടം.

ഒന്നും പഠിക്കാതെ ചാരായനിരോധനം എന്നൊരു തീരുമാനത്തിലൂടെ മദ്യപാനം എന്ന സാമൂഹിക മാനസികരോഗമുള്ള ഒരു സംസ്ഥാനമാക്കി കേരളത്തെ മാറ്റിയെന്നതായിരുന്നു കേരള സമൂഹത്തിന് ആദര്‍ശധീരന്‍ നല്‍കിയ ആദ്യ സംഭാവന. പിതാവ് മദ്യപാനിയായിരുന്നു എന്നോ മറ്റോ ആണ് അന്ന് കാരണം പറഞ്ഞത്. വെറും ആറുമാസം മുഖ്യമന്ത്രിയായിരുന്നപ്പോള്‍ നേടിയെടുത്ത നേട്ടമാണ്. അങ്ങനെ നോക്കുമ്പോള്‍ നാലര വര്‍ഷം സാവകാശം എടുത്താണ് സ്വാശ്രയ വിദ്യാഭ്യാസം എന്ന കൂടമെടുത്ത് മലയാളിയുടെ മണ്ടയ്ക്കടിച്ചത് എന്നൊരു ആശ്വാസമുണ്ട്.

എന്നിട്ടിപ്പോള്‍ ഇറങ്ങിയിരിക്കുകയാണ്. 76 വയസേ ആയിട്ടുള്ളു. കുറഞ്ഞപക്ഷം ഒരു തവണ കൂടിയെങ്കിലും മുഖ്യമന്ത്രിയാവാനുള്ള ബാല്യം ഇനിയുമുണ്ട്. ആരും ചോദിക്കാനില്ല. ചത്ത് മേലോട്ട് ചെല്ലുമ്പോള്‍ ചോദിക്കും എന്ന് വിശ്വസിക്കുന്ന സത്യ ക്രിസ്ത്യാനികള്‍ ബാക്കിയുണ്ടാവും. ഒന്നും സംഭവിക്കില്ല. അവിടെയും ഒരു വര്‍ക്കിംഗ് കമ്മിറ്റി അംഗമെങ്കിലും ആകും അറയ്ക്കപ്പറമ്പില്‍ കുര്യന്‍ ആന്റണി. പക്ഷെ ആ അംഗത്വം രാജിവെക്കുകയാണെങ്കില്‍ ദൈവം, ഗബ്രിയേല്‍ മാലാഖ മുതല്‍ പേര്‍ അവനവന്റെ കസേരകള്‍ കാത്തുസൂക്ഷിപ്പാന്‍ അഭ്യര്‍ത്ഥന.

(മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനാണ് ശരത് കുമാര്‍)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

 

ശരത് കുമാര്‍

ശരത് കുമാര്‍

കണ്‍സള്‍ട്ടിംഗ് എഡിറ്റര്‍, അഴിമുഖം

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍