UPDATES

ട്രെന്‍ഡിങ്ങ്

സംശുദ്ധ രാഷ്ട്രീയത്തിന്റെ മുഖം; കുറ്റാരോപിതനായി പടിയിറക്കം

തെറ്റ് ചെയ്‌തോ ഇല്ലയോ എന്നു തെളിയിക്കേണ്ടതുണ്ട്, പക്ഷേ ശശീന്ദ്രന്‍ രാഷ്ട്രീയ ധാര്‍മികത കാണിച്ചു

പിണറായി വിജയന്റെ നേതൃത്വത്തില്‍ ഇക്കഴിഞ്ഞ 2016 മേയില്‍ കേരളത്തില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ മന്ത്രിസഭയിലെ ഏറ്റവും സംശുദ്ധമായ രാഷ്ട്രീയ ജീവിതശൈലിയുള്ള നേതാവെന്നു വിശേഷിപ്പിക്കപ്പെട്ട വ്യക്തിയാണ് എ കെ ശശീന്ദ്രന്‍. അതേ ശശീന്ദ്രനാണു ലൈംഗികാരോപണവിധേയനായി രാജി വച്ചു പോകുന്നത്. പിണറായി മന്ത്രിസഭയിലെ രണ്ടാമത്തെ രാജി.

1946ല്‍ കണ്ണൂര്‍ എളയാവൂരില്‍ എ കുഞ്ഞമ്പുവിന്റെയും എംകെ ജാനകിയുടെയും മകനായി ജനിച്ച ശശീന്ദ്രന്‍ വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലൂടെയാണ് പൊതുരംഗത്തെത്തിയത്. ഇക്കുറി കോഴിക്കോട് ജില്ലയിലെ ഏറ്റവും വലിയ ഭൂരിപക്ഷത്തിലാണ് ശശീന്ദ്രന്‍ ജയിച്ചത്. എലത്തൂര്‍ മണ്ഡലത്തില്‍ നിന്നും 2011ല്‍ 14,654 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ജയിച്ച ശശീന്ദ്രന്‍ ഇക്കുറി ഭൂരിപക്ഷം ഇരട്ടിയോളം വര്‍ദ്ധിപ്പിച്ച് 29,057 വോട്ടിന് വിജയിച്ചു. ജനദാള്‍(യു)വിന്റെ പി കിഷന്‍ ചന്ദായിരുന്നു ശശീന്ദ്രനോട് പരാജയം രുചിച്ചത്. 2006ല്‍ ബാലുശേരിയില്‍ നിന്നും 1982ല്‍ എടക്കാട്ടു നിന്നും 1980ല്‍ പെരിങ്ങളത്തു നിന്നും ഇദ്ദേഹം നിയമസഭയിലെത്തിയിട്ടുണ്ട്. 87ല്‍ കണ്ണൂരില്‍ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു.

1962ല്‍ കെഎസ്‌യുവില്‍ അംഗമായ ശശീന്ദ്രന്‍ കെഎസ്‌യു, യൂത്ത് കോണ്‍ഗ്രസ് എന്നിവയുടെ ജില്ല-സംസ്ഥാന തലങ്ങളിലുള്ള വിവിധ ഭാരവാഹിത്വങ്ങള്‍ വഹിച്ചു. 65ല്‍ കെഎസ്‌യു കോഴിക്കോട് ജില്ലാ പ്രസിഡന്റ്, 67ല്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി, 1969ല്‍ സംസ്ഥാന യൂത്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി, 78ല്‍ സംസ്ഥാന പ്രസിഡന്റ് എന്നീ സ്ഥാനങ്ങള്‍ വഹിച്ചു. ഇന്ദിരാഗാന്ധിയും പാര്‍ട്ടിയിലെ മറ്റ് നേതാക്കളും തമ്മിലുണ്ടായ പടലപ്പിണക്കം പാര്‍ട്ടിയുടെ പിളര്‍പ്പിലേക്ക് നയിച്ചപ്പോള്‍ കോണ്‍ഗ്രസ് എസിനൊപ്പമാണ് ശശീന്ദ്രന്‍ നിന്നത്. കെപി ഉണ്ണികൃഷ്ണന്‍, എ സി ഷണ്‍മുഖദാസ് എന്നിവരായിരുന്നു ഇദ്ദേഹത്തോടൊപ്പമുണ്ടായിരുന്ന മറ്റ് പ്രമുഖ നേതാക്കള്‍. 82 മുതല്‍ 98 വരെ കോണ്‍ഗ്രസ്(എസ്) സംസ്ഥാന ജനറല്‍ സെക്രട്ടറിയായി. 99 മുതല്‍ 2004 വരെ എന്‍സിപി സംസ്ഥാന സെക്രട്ടറി, 2004 മുതല്‍ സംസ്ഥാന വൈസ്പ്രസിഡന്റ്, 2006 മുതല്‍ നിയമസഭകക്ഷി നേതാവ്, എന്‍സിപി ദേശീയ നിര്‍വാഹക സമിതി അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുന്നു. കോഫീ ബോര്‍ഡ്, ഹൗസിംഗ് ബോര്‍ഡ് എന്നിവയുടെ അംഗമെന്ന നിലയിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.

2016 മേയ് 25 നു പിണറായി വിജയന്‍ സര്‍ക്കാരില്‍ ഗതാഗതവകുപ്പ് മന്ത്രിയായി ചുമതലയേല്‍ക്കുമ്പോള്‍ എ കെ ശശീന്ദ്രന്റെ രാഷ്ട്രീയജീവിതത്തിലെ അദ്യത്തെ മന്ത്രി പദവിയായിരുന്നു അത്. എന്നാല്‍ സ്വന്തം പാര്‍ട്ടിയില്‍ നിന്നു തന്നെ ആ പദവിയിലേക്ക് എത്താന്‍ ശശീന്ദ്രന്‍ കടുത്ത എതിര്‍പ്പു നേരിടേണ്ടി വന്നു. രണ്ട് എംഎല്‍എമാരുള്ള എന്‍സിപിയില്‍ കുട്ടനാട്ടില്‍ നിന്നുള്ള തോമസ് ചാണ്ടി തെരഞ്ഞെടുപ്പിനു മുന്നേ തന്റെ മന്ത്രിസ്ഥാനം സ്വയം ഉറപ്പിച്ചതാണ്, അതും വകുപ്പ് അടക്കം. എന്നാല്‍ പാര്‍ട്ടി സംസ്ഥാനഘടകവും കേന്ദ്രനേതൃത്വവും ശശീന്ദ്രനൊപ്പം നിലകൊണ്ടത്, അദ്ദേഹത്തിന്റെ രാഷ്ട്രീയ സത്യതന്ധതയില്‍ വിശ്വാസമുള്ളതുകൊണ്ടായിരുന്നു. ഇതേ വികാരം തന്നെയായിരുന്നു മുഖ്യമന്ത്രിക്കും ശശീശന്ദ്രുമേലുണ്ടായിരുന്നത്. ഗതാഗതം പോലൊരു പ്രധാനപ്പെട്ട വകുപ്പ് അദ്ദേഹത്തിനു നല്‍കാനും പിണറായി വിജയനെ പ്രേരിപ്പിച്ചത് ശശീന്ദ്രന്റെ രാഷ്ട്രീയ സംശുദ്ധത തന്നെയായിരുന്നു. അഞ്ചാം തവണയും ശശീന്ദ്രനെ നിയമസഭയിലെത്തിക്കാന്‍ ജനങ്ങള്‍ തയ്യാറായതും അദ്ദേഹത്തിന്റെ പ്രതിച്ഛായ മൂലം തന്നെ.

പിണറായി സര്‍ക്കാരിലെ ഏറ്റവും ‘സാധു’വും ‘തണുപ്പനു’മായ മന്ത്രിയെന്ന നിലയിലായിരുന്നു ശശീന്ദ്രന്‍ അറിയപ്പെട്ടിരുന്നത്. പിണറായിയുടെ അപ്രമാദിത്വം നിലനില്‍ക്കുന്ന മന്ത്രിസഭയില്‍ കാര്യമായി യാതൊന്നും ചെയ്യാനായില്ലെങ്കിലും ടോമിന്‍ തച്ചങ്കരിക്കെതിരെ കടുത്ത നിലപാടുകളെടുത്ത് ശശീന്ദ്രന്‍ ശ്രദ്ധപിടിച്ചുപറ്റിയിരുന്നു. ഹെല്‍മെറ്റ് ഉപയോഗിക്കാത്തവര്‍ക്ക് പെട്രോള്‍ നല്‍കില്ല തുടങ്ങിയ തീരുമാനങ്ങള്‍ മന്ത്രിയുമായി കൂടിയാലോചിക്കാതെ ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ നേരിട്ട് തീരുമാനിച്ചതാണ് വിവാദമായത്. ഈ തീരുമാനം പിന്നീട് മന്ത്രി പിന്‍വലിക്കുകയും ചെയ്തു.

തുടര്‍ച്ചയായി മന്ത്രിയോടു പുലര്‍ത്തിയ ധിക്കാരപരമായ സമീപനം ഇരുവര്‍ക്കുമിടയില്‍ യുദ്ധസമാനമായ അന്തരീക്ഷമാണ് നിലനിര്‍ത്തിയത്. ഇതിനിടെ തച്ചങ്കരിയുടെ പിറന്നാളിനോട് അനുബന്ധിച്ച് സര്‍ക്കുലര്‍ ഇറക്കി ലഡു വിതരണം ചെയ്തതോടെ മന്ത്രിയ്ക്ക് തച്ചങ്കരിയുടെ മേല്‍ ആധിപത്യം സ്ഥാപിക്കാനായി. മന്ത്രിയും എന്‍സിപിയും മുഖ്യമന്ത്രിയെ സമീപിച്ചതോടെ തച്ചങ്കരിയ്ക്ക് സ്ഥാനമൊഴിയേണ്ടതായും വന്നു.

തന്നെ പരാതിയുമായി സമീപിച്ച വീട്ടമ്മയോട് ഫോണിലൂടെ ശശീന്ദ്രന്‍ അശ്ലീല സംഭാഷണം നടത്തിയതിന്റെ തെളിവായി മംഗളം ചാനല്‍ ഓഡിയോ പുറത്തുവിട്ടതോടെയാണ് അദ്ദേഹത്തിന്റെ രാജി പ്രഖ്യാപനമുണ്ടായത്. അടുത്തിടെ കേരളത്തില്‍ വര്‍ദ്ധിച്ചുവരുന്ന സ്ത്രീപീഡനങ്ങളെക്കുറിച്ച് ശശീന്ദ്രന്‍ നടത്തിയ പ്രസ്താവനയും ഇന്ന് മംഗളം ചാനല്‍ പുറത്തുവിട്ടിരുന്നു. അദ്ദേഹത്തിനെതിരെ ഉയര്‍ന്ന ആരോപണത്തിന്റെ സത്യാവസ്ഥ തെളിയിക്കപ്പെടേണ്ടതുണ്ട്.

സംശുദ്ധ രാഷ്ട്രീയ മുഖവുമായി മന്ത്രിസഭയിലെത്തിയ ശശീന്ദ്രന്‍ പടിയിറങ്ങുന്നത് ആരോപണവിധേയനായാണ്. അതേസമയം ആരോപണ വിധേയനായപ്പോള്‍ അധികാരത്തില്‍ കടിച്ചു തൂങ്ങി നില്‍ക്കാതെ രാജി പ്രഖ്യാപിച്ചുകൊണ്ട് അദ്ദേഹം പ്രകടിപ്പിച്ചിരിക്കുന്നത് തന്റെ പാര്‍ട്ടിയോടും മുന്നണിയോടും ഈ സര്‍ക്കാരിനോടുമുള്ള ആത്മാര്‍ത്ഥതയാണ്. അത് അദ്ദേഹത്തിന്റെ ധാര്‍മ്മിക മൂല്യം തന്നെയാണ്.

ധാര്‍മ്മികതയില്‍ അല്ല സ്വന്തം മന:സാക്ഷിയില്‍ വിശ്വസിക്കുന്നെന്ന് പ്രഖ്യാപിച്ചും മന്ത്രിയുടെ രാജിക്കത്ത് ദിവസങ്ങളോളം ഗവര്‍ണര്‍ക്ക് കൈമാറാതെ കൈവശം സൂക്ഷിച്ചും നടന്ന ഒരു മുഖ്യമന്ത്രിയുണ്ടായിരുന്ന സംസ്ഥാനമാണിതെന്ന് കൂടി ഓര്‍ക്കണം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍