UPDATES

ഹരിതാഭമായൊരു ‘അക്ബർകാലം’; കക്കട്ടില്‍ മാഷെ ഓര്‍മ്മിക്കുമ്പോള്‍

കക്കട്ടിൽ എന്ന ദേശം അക്ബർ എന്നുപേരുമായി ബന്ധപ്പെട്ടു എത്രയോ കാലമായി കേൾക്കുന്നു; ഇനിയും ഏറെക്കാലം ആ ദേശത്തുകാരുടെ സ്വകാര്യ അഹങ്കാരമായി അക്ബർ മാഷുടെ പേരുണ്ടാകും.

മരിച്ചവരുടെ പ്രായം ഓരോ വർഷവും പിന്നിടുമ്പോൾ ഉയരുന്നുണ്ടാകുമോ? അതിന് പരലോകത്തെ കണക്കുകൾ നമുക്കറിയില്ലല്ലോ! പോയവരാരും അക്കാര്യം പറയാൻ തിരിച്ചുവന്നതുമില്ല. കൊച്ചുകുട്ടികൾ മരിച്ചാൽ എത്രകാലം പിന്നിട്ടാലും അവർ കൊച്ചുകുട്ടികളായി തന്നെ നമുക്കിടയിൽ തുടരും. 1945 ൽ ജർമ്മനിയിലെ നാസി കേമ്പിൽ വെച്ച് പതിനഞ്ചാം വയസ്സിൽ മൃതിയടഞ്ഞ ആൻ ഫ്രാങ്ക് ജീവിച്ചിരുന്നെങ്കിൽ ഇപ്പോൾ 87 വയസ്സുണ്ടാകണം. പക്ഷെ നമ്മുടെ സംഭാഷണങ്ങളിൽ ആൻ ഇപ്പോഴും കൊച്ചു പെൺകുട്ടിയാണ്!

മരിച്ചവരുടെ ജാതകം കുറിക്കാൻ പറഞ്ഞതല്ല. കാലം പിന്നിടുമ്പോൾ പ്രിയപ്പെട്ടവരുടെ മരണം സൃഷ്ടിച്ച ശൂന്യതയോർത്ത് നെടുവീർപ്പിട്ട്, അറിയാതെ നമ്മൾ പറയുന്ന കാര്യങ്ങൾ അങ്ങനെയൊക്കെയല്ലേ. അദ്ദേഹം നമ്മെ ഇന്നലെ വിട്ടകന്നപോലെ. എല്ലാം ഇന്നലെ കഴിഞ്ഞ പോലെ, അക്ബർ കക്കട്ടിൽ മാഷുടെ കാര്യത്തിൽ അതത്രയും അക്ഷരംപ്രതി ശരിയാണ്. മരിക്കുമ്പോൾ ഉണ്ടായിരുന്ന പ്രായത്തിൽ ഒരു നിമിഷം പോലും കൂടിയില്ല. ഒരു ചുളിവോ, വളവോ ദേഹത്തിന് വന്നതില്ല . ചിരികളും തമാശയും കുശലം പറച്ചിലും എല്ലാം അതേപടിയുണ്ട്. മാഷ് നമ്മളെ വിട്ടകന്നിട്ട് ഒരുവർഷം പിന്നിടുമ്പോഴും എല്ലാം ഇന്നലെ കഴിഞ്ഞ പോലെ.

എങ്ങിനെയാണ് അക്ബർ മാഷെ ക്കുറിച്ച് ഞാൻ പറഞ്ഞുതുടങ്ങുക. അറിയില്ല. നീണ്ട കാലത്തെ ആ സൗഹൃദം അക്ഷരങ്ങളിലേക്ക് പകർത്തുക അത്ര എളുപ്പമല്ല. ഞാൻ അദ്ദേഹത്തെ പരിചയപ്പെടുന്നതിന്‍റെ വളരെ മുൻപ് തന്നെ എന്‍റെ വീട്ടിലെ പലരും മാഷുടെ സുഹൃത്തുക്കളാണ്. ഒടുക്കം ഞാനും അദ്ദേഹത്തിന്‍റെ ചങ്ങാതിയായി. ആഴവും പരപ്പുമുള്ള സൗഹൃദം. അക്ബർ മാഷുടെ കൂട്ടുകാരുടെ നിര വളരെ നീണ്ടതാണ് . ഓരോ കൂട്ടുകാരും അദ്ദേഹത്തിന്‍റെ അടുത്തയാളാണെന്ന് അനുഭവപ്പെടുത്തുന്ന ഒരുതരം നിഷ്കളങ്കത അദ്ദേഹത്തിന്‍റെ ഇടപെടലിലും വാക്കുകളിലുമുണ്ട്‌. അതാകണം അദ്ദേഹത്തിന്‍റെ വേർപാട് പലതലത്തിലൂടെ കൂട്ടുകാരെ വേദനിപ്പിക്കുന്നത്. അതൊരു സിദ്ധിയാണ് . വളരെ അപൂർവം പേരിൽ മാത്രം കാണാവുന്ന നേട്ടം!

മുറുവശ്ശേരി വിജയൻ മാഷ് മരിച്ച ദിവസമാണ് അക്ബർ മാഷെ ഞാൻ അടുത്തറിയുന്നത്. മാഷെ കുറിച്ചോർക്കുമ്പോൾ ആ ഓർമയാണ് ആദ്യം വരിക. അന്ന് മൊകേരിയിലെ ഒരൊഴിഞ്ഞ പീടികത്തിണ്ണയിലിരുന്ന് അക്‌ബർ മാഷും അടുത്ത കൂട്ടുകാരനും സഹപ്രവത്തകനുമായ വാസുദേവൻ മാഷും പരസ്പരം കെട്ടിപ്പിടിച്ച് പൊട്ടിക്കരയുന്നത് കണ്ടു. വിജയൻ മാഷുടെ മരണം ഇരുവരെയും വല്ലാതെ തളർത്തിയിരുന്നു . രണ്ടുപേരെയും ആശ്വസിപ്പിക്കാൻ അന്ന് ഞാനേറെ പാടുപെട്ടു. ഓരോ വ്യക്തികളുടെയും കാര്യത്തിൽ അത്രയും ഊഷ്മളമായ ബന്ധം അക്ബർ മാഷ് ആഴത്തിൽ സൂക്ഷിച്ചിരുന്നു.

പിന്നീട് എന്‍റെ ജീവിതത്തിൽ വന്നെത്തിയ പല ആപൽഘട്ടങ്ങളിലും അക്ബർ മാഷ് എനിക്ക് ജ്യേഷ്ഠ സഹോദരനായി. കൂട്ടുകാരനായി . വെറും ആശ്വാസവാക്കുകൾ മാത്രമായിരുന്നില്ല അദ്ദേഹം എനിക്ക് പകുത്തുതന്നത്, കൊടുങ്കാറ്റിലകപ്പെട്ട ഒരു ജീവിതത്തെ അദ്ദേഹം തന്‍റെ കാഴ്ചവട്ടത്തിൽ താങ്ങിനിർത്തുകയുണ്ടായി. ഒരു വൻ മതിൽ എനിക്ക് ചുറ്റും പണിത് നല്ല സംരക്ഷകനായി. അതേപോലെ പലർക്കും അദ്ദേഹം മാറിയിട്ടുണ്ടെന്ന് കേട്ടിട്ടുണ്ട്. കൂട്ടുകാരുടെ വിവാഹങ്ങൾ, അവരുടെ ആഘോഷങ്ങൾ, ചെറുതും വലുതുമായ അനേകം വേദികൾ തുടങ്ങി എല്ലായിടത്തും അക്ബർ മാഷ് തന്‍റെ സാന്നിധ്യമറിയിക്കും. ഇതിനൊക്കെ എങ്ങനെ എത്തിപ്പെടാൻ കഴിയുന്നുവെന്ന് മാഷോട് ചോദിച്ചാൽ ഉടനെ മറുപടി വരും. “ജയാ അവർ നമ്മുടെ സാന്നിധ്യം ആഗ്രഹിക്കുമ്പോൾ പോകാതിരിക്കുന്നതെങ്ങനെ? അതൊരു നെറികേടല്ലേ?” ഇതൊക്കെയാകണം ആ ദേഹവിയോഗം ഒരു നാടിന്‍റെ മുഴുവൻ വിലാപമായി ഇന്നും നിലനിൽക്കുന്നതിന്‍റെ കാരണം.

അക്ബർ മാഷ് മരിക്കുന്നതിന് ഒരു മാസം മുൻപ് പേരാമ്പ്രയ്ക്കടുത്തുള്ള സ്ഥലത്തെ ഗ്രാമോത്സവത്തിൽ മാഷോടൊപ്പം പങ്കെടുത്തത് ഓർക്കുന്നു . കലാപരിപാടി തുടങ്ങും വരെ ഞങ്ങളുടെ പ്രസംഗം തുടരാൻ സംഘാടകർ ആവശ്യപ്പെട്ടെങ്കിലും അക്ബർ മാഷ് അഞ്ച് മിനിറ്റുകൊണ്ട് തന്‍റെ പ്രസംഗം അവസാനിപ്പിച്ചു. പ്രസംഗത്തിൽ പതിവുതമാശയൊന്നും കണ്ടില്ല. ഒരു ചടങ്ങു തീർക്കുമ്പോലെ ഹൃസ്വമായ പ്രസംഗം. വാക്കുകൾക്ക് പഴയ ആർജവം തോന്നിയില്ല.

“എന്തുപറ്റി മാഷെ.. ആ പഴയ തമാശയൊക്കെ എവിടെപ്പോയി?” അക്ബർ മാഷോടൊപ്പം നിരവധി വേദികൾ പങ്കിട്ട എനിക്ക് അന്നത്തെ മാഷുടെ അവസ്ഥ എവിടെയോ വേദന പകർന്നു. “ഒന്നൂല്ല ജയാ..” എന്ന നിർവികാരമായ മറുപടി മാത്രം അന്ന് ലഭിച്ചു. അത് ഞങ്ങളുടെ അവസാന കൂടിക്കാഴ്ചയാണെന്ന് അപ്പോൾ മനസ്സിലായില്ല. പിന്നീട് ഫോണിലൂടെ മാത്രം ബന്ധപ്പെട്ടുകൊണ്ടിരുന്നു. എന്‍റെ ആദ്യ പുസ്തകപ്രകാശനവുമായി ബന്ധപ്പെട്ട് ജനുവരി അവസാനം മുതൽ ഞാൻ കുറ്റ്യാടി ഉണ്ട്. അക്‌ബർ മാഷും ആ പരിപാടിയിലെ പ്രധാന കണ്ണിയാണ്. അതുമായി ബന്ധപ്പെട്ട് അദ്ദേഹം മരിക്കുന്നതിന്റെ അഞ്ച് ദിവസം മുൻപ് വിളിച്ചിരുന്നു. സന്തോഷപ്രദമായിരുന്നില്ല മാഷിന്റെ മറുപടി. “ജയാ നിന്‍റെ പരിപാടിയ്ക്ക് വരാൻ കഴിയുമെന്ന് തോന്നുന്നില്ല. ഞാൻ ബെഡ് റെസ്റ്റിലാണ്.” മൂന്നു നാൾ കഴിഞ്ഞ് ഫോൺ വഴി ബന്ധപ്പെട്ടപ്പോൾ മകൾ സുഹാനയാണ് സംസാരിച്ചത്. മാഷെ കാണാൻ താല്പര്യം പ്രടിപ്പിച്ചപ്പോൾ “ഇപ്പോൾ ഇങ്ങോട്ട് വരേണ്ടെന്ന്” സുഹാന പറഞ്ഞു . അപ്പോഴും ഗുരുതരമായ രോഗാവസ്ഥയിലാണ് അക്ബർ മാഷെന്ന് കരുതിയില്ല. ആരെയും വേദനിപ്പിക്കാൻ താല്പര്യമില്ലാത്തത് കൊണ്ടോ ചില കപട സഹതാപം അസഹ്യമാവാൻ ഇടയുള്ളതുകൊണ്ടോ ആകണം അദ്ദേഹം രോഗവിവരം ആരോടും പറഞ്ഞതുമില്ല.

ഒടുക്കം മൂന്നു നാൾ പിന്നിട്ടപ്പോൾ സുഹൃത്തും എഴുത്തുകാരനുമായ ബാലൻ തളിയിലിന്‍റെ ഫോൺ വന്നു. പുലർച്ചെ ആറുമണിക്ക് “മാഷെ ഒരു ദുരന്ത വാർത്ത അറിയിക്കാനുണ്ട് . അക്ബർ മാഷ് പോയി”. ബാലന്‍റെ വിറയാർന്ന വാക്കുകൾ കേട്ടപ്പോൾ ശരിക്കും തളർന്നുപോയി. അപ്പോൾ കുറ്റ്യാടി റസ്റ്റ് ഹൌസിലെ മുറിയിൽ ഞാൻ തനിച്ചായിരുന്നു. സഹൃദയ ലോകത്തെ ഒന്നടങ്കം നടുക്കിയ ശ്രേഷ്ഠ വ്യക്തിത്വങ്ങളുടെ വേർപാടിൽ വിറങ്ങലിച്ച ഫെബ്രുവരിയിലെ ഒരു വെളുപ്പാൻ കാലത്തുതന്നെ മാഷും പോയകന്നു!

മുറിയിലെ നിശ്ശബ്ദതയിൽ കടുത്ത നീറ്റൽ അനുഭവപ്പെട്ടു. വല്ലാത്ത ശൂന്യത, തണൽമരം ആരോ വെട്ടിമാറ്റിയപോലെ..! അത്യുഷ്ണത്തിൽ ശരീരം വെന്തുനീറിക്കൊണ്ടിരുന്നു. കോഴിക്കോട് ടൌൺ ഹാളിലെ ആൾക്കൂട്ടത്തിന് നടുവിൽ മാഷുണ്ട്. ചില്ലുകൂടിനുള്ളിൽ അദ്ദേഹത്തിന്‍റെ ചേതനയറ്റ ശരീരം. ഒരുപാട് ചിരിയും ചിന്തയും കൂട്ടുകാർക്ക് പകർന്നയാൾ അവിടെ നിശബ്ദനായി കിടക്കുന്നത് ഒന്നേ നോക്കിയുള്ളൂ . അകത്തെ പൊട്ടിക്കരച്ചിൽ തടഞ്ഞു നിർത്താൻ പാടുപെട്ടു .
നീണ്ടകാലം ജന്മനാട്ടിൽ നിലനിന്ന ഞങ്ങളുടെ സമാന്തര വിദ്യാലയത്തിന് അക്ബർ മാഷ് നൽകിയ സംഭാവന എത്രയോ വലുതാണ്. നിരവധി എഴുത്തുകാരും കലാകാരന്മാരും ആ സ്ഥാപനത്തിലേക്കെത്താൻ വലിയ കാരണക്കാരൻ മാഷാണ്. ഒരു വിദ്യാലയത്തെ കുറിച്ചുള്ള എന്‍റെ സങ്കൽപം മാഷുടെ കാഴ്ചയിലൂടെ വിസ്തൃതമായെന്ന് തോന്നി. എന്‍റെ വലിയൊരു സ്വപ്നം ബാക്കിനിർത്തിയാണ് മാഷ് പോയത്. എന്‍റെ കൈയ്യൊപ്പോടുകൂടിയ ആദ്യ പുസ്തകം സ്വീകരിക്കുവാൻ മാഷ് കാത്തുനിന്നില്ല .

എന്നിട്ടും അക്ബർ മാഷുടെ പേരിനുപകരം മൂന്നു നാലു ഡോട്ടുകളിട്ട് അതിനു കീഴെ സ്നേഹപൂർവ്വം സ്വന്തം അനുജൻ എന്നെഴുതി മാഷുടെ ഭാര്യ ജമീല ചേച്ചിയെ എന്റെ പുസ്തകം ഏൽപ്പിക്കുമ്പോൾ എവിടെ നിന്നോ മാഷുടെ സ്പർശനം ഞാൻ അനുഭവിച്ചു . അദ്ദേഹത്തിന്‍റെ വിളി ഞാൻ കേട്ടു. സംസാരത്തിനിടയിൽ “മാഷ് പ്രായമാകുന്നത് ഭയന്നിരുന്നെന്ന്” ചേച്ചി പറഞ്ഞപ്പോൾ കൂടെവന്ന മണിക്കുട്ടൻ പറഞ്ഞു ” അക്ബർ മാഷ് എന്നും ചെറുപ്പക്കാരനായിരുന്നു. ചെറുപ്പക്കാരുടെ ചിരിയും തമാശയും സന്തോഷവും അദ്ദേഹം എന്നും മറ്റുള്ളവരോട് പങ്കുവെച്ചു . ചെറുപ്പക്കാരനായി തന്നെ അദ്ദേഹം നമ്മെ വിട്ടകന്നു “മണിക്കുട്ടൻ പറഞ്ഞത് വളരെ ശരിയാണ്. മാഷ് എന്നും ചെറുപ്പമായിരുന്നു . മനസ്സിൽ ചെറുപ്പക്കാരന്‍റെ ധൃതിയും ഊർജസ്വലതയും തമാശയുമുണ്ട് . ജീവിതം അദ്ദേഹത്തിന് എന്നും വലിയ തമാശയായിരിക്കണം.

മഹാനായ ചിത്രകാരൻ പാബ്ലോ പിക്കാസോ പറഞ്ഞ ഒരു കാര്യം ഓർമ്മവരുന്നു. “എന്‍റെ മരണം ഒരു കപ്പൽ ഛേദമാകാമെന്ന്!” അദ്ദേഹം പ്രവചിച്ചതുപോലെ അദ്ദേഹത്തിന്‍റെ മരണം കൂടെയുള്ളവരെയും പലതരത്തിൽ തകർത്തുകളഞ്ഞു. മറ്റൊരു രീതിയിൽ അക്ബർ മാഷുടെ മരണവും ഒരു കപ്പൽ ഛേദമാണ്. അദ്ദേഹത്തിന്‍റെ മരണശേഷവും ആ ഓർമ്മകൾ നിരന്തരം നമ്മെ വേട്ടയാടുന്നു. അത്തരമൊന്ന് ചില അപൂർവ്വവ്യക്തികൾക്ക് അവകാശപ്പെട്ടതാകാം. വേർപിരിഞ്ഞുപോയിട്ടും മാഷുമായി ബന്ധപ്പെട്ട ഓർമകളെല്ലാം അതേ പടി നിൽക്കുന്നതിന്‍റെ കാരണവും അതാകണം.

ഫോട്ടോഗ്രാഫറായ ഹക്സർ പറഞ്ഞ ഒരു കാര്യമോർക്കുന്നു. മരണം നേരിട്ടറിയാമായിരുന്നപോലെ അക്ബർ മാഷ് ഹക്സറെകൊണ്ട് തന്‍റെ കുറെ ഫോട്ടോകൾ എടുപ്പിക്കുകയുണ്ടായി. ആ ഫോട്ടോകളിലൂടെ കണ്ണോടിച്ചപ്പോൾ വൈലോപ്പിള്ളിയുടെ ആ കവിതാശകലം ഓർത്തുപോയി. “ഹാ ! വിജിഗീഷു മൃതുവിന്നാമോ ജീവിതത്തിൻ കൊടിപ്പടം താഴ്ത്താൻ”. തന്‍റെ വേർപാടിനുശേഷവും കുറെ ജീവസ്സുറ്റ ചിത്രങ്ങൾ അദ്ദേഹം ബോധപൂർവം ബാക്കിവെച്ചത് മരണത്തെ കുറേനേരമെങ്കിലും തോല്പിക്കാനാകണം എന്ന ചിന്തയുടെ ഭാഗമാകാം എന്നുതോന്നി.

കക്കട്ടിൽ എന്ന ദേശം അക്ബർ എന്നുപേരുമായി ബന്ധപ്പെട്ടു എത്രയോ കാലമായി കേൾക്കുന്നു. ഇനിയും ഏറെക്കാലം ആ ദേശത്തുകാരുടെ സ്വകാര്യ അഹങ്കാരമായി അക്ബർ മാഷുടെ പേരുണ്ടാകും. കക്കട്ടിലുള്ള ആ വീട്ടിലിരുന്ന് ഒരു ദേശത്തിന്‍റെ നിരവധി കഥകളെഴുതിയ ആ മനുഷ്യൻ കമഴ്ന്നു കിടന്ന് കുനുകുനാ അക്ഷരത്തിൽ ദേശ ദൃഷ്ടാന്തങ്ങളുടെ കെട്ടഴിക്കുകയാണെന്ന് ഓർക്കാനാണെനിക്കിഷ്ടം. ആരുടെയും ശല്യമില്ലാതെ.

ഇപ്പോഴും ഫോണിൽ അക്ബർ മാഷുടെ നമ്പർ കിടപ്പുണ്ട് . എന്തുകൊണ്ടോ അത് ഇതേവരെയും ഡിലീറ്റ് ചെയ്യാൻ തോന്നിയില്ല. ഒന്ന് വിളിക്കാൻ ഇടയ്ക്ക് തോന്നും. ആ സ്ഥിരം റിങ് ടോണായ “കൈയ്യെത്തും ദൂരെ ഒരു കുട്ടിക്കാലം.” തന്നെയാകുമോ ഇപ്പോഴും ഉള്ളത്? ഒരുപക്ഷെ ഫോണിന്‍റെ അങ്ങേത്തലക്കൽ നിന്നും മാഷ് മറുപടി പറയുമോ ? ഇപ്പോഴും അപരലോകത്ത് പരശ്ശതം കൂട്ടുകാർക്കിടയിൽ നിന്ന് മാഷ് എന്തൊക്കെ തമാശകളാവും പറയുക. ഒന്ന് വിളിക്കാൻ തോന്നുന്നുണ്ട്. ശരിക്കും ആ ശബ്ദം കേൾക്കാൻ കൊതിയുണ്ട്. പക്ഷെ അതെന്നെ നിരാശപ്പെടുത്തിയാലോ ! അതിനുപകരം എന്നെങ്കിലും മാഷ് വിളിക്കുമെന്ന കരുതലാണ് നല്ലത്. അതാണ് ശരി. അക്കാര്യം എന്നെപോലെ അദ്ദേഹത്തിന്‍റെ കൂട്ടുകാരും ഓർക്കുന്നത് മാഷ് അറിയുന്നുണ്ടോ എന്തോ!

ചിത്രങ്ങള്‍: ഹക്സര്‍ ആര്‍ കെ

(എഴുത്തുകാരനും അദ്ധ്യാപകനുമാണ് ലേഖകന്‍)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

ജയചന്ദ്രന്‍ മൊകേരി

ജയചന്ദ്രന്‍ മൊകേരി

എഴുത്തുകാരന്‍, അധ്യാപകന്‍. മാല്‍ദ്വീവ്സിലെ അനുഭവങ്ങള്‍ തക്കിജ്ജ എന്ന പേരില്‍ പുസ്തകമാക്കിയിട്ടുണ്ട്. കോഴിക്കോട് സ്വദേശി.

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍