UPDATES

വിമര്‍ശിക്കാം, അപമാനിക്കരുത്…; വിശദീകരണവുമായി മന്ത്രി ബാലന്‍

അഴിമുഖം പ്രതിനിധി

അട്ടപ്പാടിയില്‍ ഗര്‍ഭസ്ഥശിശുക്കള്‍ മരണപ്പെടുന്നതുമായി ബന്ധപ്പെട്ടുള്ള ചോദ്യത്തിനുള്ള മറുപടിയില്‍ ആദിവാസികളെ അപമാനിക്കുന്ന തരത്തിലുള്ള പരാമര്‍ശങ്ങള്‍ നടത്തിയ പട്ടികാജി പട്ടികവര്‍ഗ ക്ഷേമവകുപ്പ് മന്ത്രി എ കെ ബാലനുനേരെ വിവിധ കോണുകളില്‍ നിന്നും ശക്തമായ വിമര്‍ശനം ഉയരുന്ന സാഹചര്യത്തില്‍ തന്റെ ഭാഗം ന്യായീകരിച്ചുകൊണ്ട് മന്ത്രി എത്തിയിരിക്കുന്നു. വിമര്‍ശിക്കാം അപമാനിക്കരുത് എന്നു തലക്കെട്ടിട്ട ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് മന്ത്രിയുടെ വിശദീകരണം. തനിക്കെതിരേ ഉയരുന്ന ആരോപണങ്ങള്‍ ഒരിക്കലും ആദിവാസി സമൂഹം വിശ്വസിക്കില്ലെന്നും താന്‍ അവരില്‍ ഒരാളാണെന്നുമാണു ബാലന്റെ വാദം. തന്റെ മറുപടി പൂര്‍ണരൂപത്തില്‍ കൊടുക്കുന്നതിന് പകരം ബോധപൂര്‍വമായി ചില വാക്കുകള്‍ അടര്‍ത്തിയെടുത്ത് ആദിവാസി മേഖലയില്‍ ഈ സര്‍ക്കാര്‍ വന്നതിന് ശേഷം നടത്തിയ ശ്രദ്ധേയമായ പ്രവര്‍ത്ത നങ്ങളെ തമസ്‌കരിക്കാനാണ് ശ്രമം നടന്നതെന്നും ബാലന്‍ ആരോപിക്കുന്നു.

മന്ത്രിയുടെ ഫെയ്‌സ്ബുക്ക്‌ പോസ്റ്റിന്റെ പൂര്‍ണരൂപം

അട്ടപ്പാടിയില്‍ സര്ക്കാര്‍ നടപ്പാക്കുന്ന ജനനി ജന്മരക്ഷാ പദ്ധതിയെ കുറിച്ച് 19.10.2016 ന് നിയമസഭയിലെ ചോദ്യോത്തര വേളയില്‍ മണ്ണാര്ക്കാട് എംഎല്എ ഉന്നയിച്ച ഉപചോദ്യത്തിന് മന്ത്രി എന്ന നിലയില്‍ ഞാന്‍ നല്കിയ ഉത്തരം ദുരുദ്ദേശ്യത്തോടെ നവമാധ്യമങ്ങളില്‍ ചിലത് പ്രസിദ്ധീകരിച്ചിരുന്നു. കേരളത്തിലെ മുഖ്യധാരാ പത്രദൃശ്യ മാധ്യമങ്ങള്‍ ആദ്യം ഇത്തരമൊരു വാര്ത്ത പ്രസിദ്ധീകരിച്ചിരുന്നില്ല. സഭയില്‍ പ്രതിപക്ഷവും ആക്ഷേപം ഉന്നയിച്ചിരുന്നില്ല. എന്നാല്‍ ചില ഓണ്‍ലൈന്‍ വാര്‍ത്താപോര്‍ട്ടലുകളില്‍ വന്ന വാര്‍ത്തകള്‍ പിന്നീട് പലരും ഷെയര്‍ ചെയ്തതിന് ശേഷമാണ് ചില മുഖ്യധാരാ മാധ്യമങ്ങള്‍ ഇത് ഏറ്റുപിടിച്ചത്. ഒരു പുനരാലോചനയുടെ ഭാഗമായി ബോധപൂര്‍വമാണിത്.

എന്റെ മറുപടി പൂര്‍ണരൂപത്തില്‍ കൊടുക്കുന്നതിന് പകരം ബോധപൂര്‍വമായി ചില വാക്കുകള്‍ അടര്‍ത്തിയെടുത്ത് ആദിവാസി മേഖലയില്‍ ഈ സര്‍ക്കാര്‍ വന്നതിന് ശേഷം നടത്തിയ ശ്രദ്ധേയമായ പ്രവര്‍ത്ത നങ്ങളെ തമസ്‌കരിക്കാനാണ് ശ്രമിച്ചത്. ഒപ്പം വ്യക്തിപരമായി എന്നെ അപമാനിക്കാന്‍ വാര്ത്ത വക്രീകരിച്ച് കൊടുക്കുകയും ചെയ്തു. എന്നെ അറിയുന്ന ഒരു ആദിവാസി സുഹൃത്തും ഈ നുണ പ്രചരണത്തില്‍ വീഴില്ലെന്ന് ഉറപ്പാണ്. ഏകപക്ഷീയമായി കേട്ടും വായിച്ചും ചില സുഹൃത്തുക്കള്‍ പ്രതികരിക്കുന്നത് വേദനാജനകമാണ്.

ഓരോ ആദിവാസി കുടുംബത്തേയും എന്റെ സ്വന്തം കുടുംബമായിട്ടാണ് ഞാന്‍ കാണുന്നത്. വിഎസ് സര്‍ക്കാരിന്റെ കാലഘട്ടത്തില്‍ ഈ വകുപ്പ് കൈകാര്യം ചെയ്ത മന്ത്രി എന്ന നിലയില്‍ അത് തെളിയിക്കാനും കഴിഞ്ഞിട്ടുണ്ട്. എന്റെ ആദിവാസി ഊരുകളിലേക്കുള്ള യാത്രയും അവരോടൊപ്പമുള്ള താമസവും പൊതുസമൂഹവും ആദിവാസി വിഭാഗങ്ങളും പുതിയൊരു അനുഭവമായിട്ടാണ് കണ്ടത്. വെളിച്ചമെത്താത്ത ആദിവാസി ഊരുകളില്‍ വെളിച്ചം എത്തിയത് അക്കാലത്തായിരുന്നു.

കഴിഞ്ഞ യുഡിഎഫ് സര്ക്കാാരിന്റെ കാലഘട്ടത്തില്‍ അട്ടപ്പാടിയില്‍ നടന്ന ശിശുമരണവുമായി ബന്ധപ്പെട്ട് ഞാന്‍ അസംബ്ലിയില്‍ കൊണ്ടുവന്ന അടിയന്തിര പ്രമേയത്തെ തുടര്ന്നാണ് ബഹു. മുഖ്യമന്ത്രി ഉമ്മന്ചാണ്ടി ഒരു പ്രത്യേക പാക്കേജ് പ്രഖ്യാപിച്ചത്. ശിശുമരണ നിരക്കില്‍ സര് വകാല റെക്കാര്ഡാണ് യുഡിഎഫ് ഭരണത്തില്‍ കണ്ടത്. ഇത് കേരളത്തിന് അപമാനമാണെന്ന് പറയാന്‍ അന്നത്തെ മുഖ്യമന്ത്രി തന്നെ നിര്ബന്ധിക്കപ്പെട്ടു.

ശിശുമരണ നിരക്ക് കുറയ്ക്കുക, നല്ല പോഷകാഹാരം നല്‍കുക, മതിയായ വൈദ്യസഹായം ലഭ്യമാക്കുക, ഇവ ഉറപ്പുവരുത്താനാണ് ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന് 10 ദിവസം കഴിയുമ്പോള്‍ 2016 ജൂണ്‍ 4 ന് അട്ടപ്പാടി സന്ദര്‍ശിച്ചത്. എംപി, കളക്ടര്‍, സബ്കളക്ടര്‍, എംഎല്‍എ, ഉദ്യോഗസ്ഥര്‍ എന്നിവരുടെ സാന്നിധ്യത്തില്‍ അട്ടപ്പാടിയിലെ പ്രവര്‍ത്തനങ്ങളെ സംബന്ധിച്ച് റിവ്യൂ നടത്തി. ആ ഘട്ടത്തില്‍ 37 ആദിവാസി കുട്ടികളെ സാധാരണ ഭാരത്തേക്കാളും കുറവുള്ളവരായി കണ്ടെത്തിയിരുന്നു. ഇവരുടെ രക്തത്തിലെ ഹിമോഗ്ലോബിന്റെ അളവ് 12 എങ്കിലും ഉണ്ടായിരിക്കേണ്ടത് 7 മാത്രമായിരുന്നു. ശിശുമരണത്തിന് എല്ലാ സാധ്യതയും ഇത് മൂലം ഉണ്ടാകുമായിരുന്നു. ശക്തമായ ഇടപെടല്‍ സര്‍ക്കാര്‍ നടത്തി. ഇതിന്റെ ഭാഗമായി ഒരു കുട്ടിക്കും പിന്നീട് ജീവഹാനിയുണ്ടായില്ല. ഇവര്‍ക്ക് വൈദ്യസഹായവും പോഷകാഹാരവും ഉറപ്പുവരുത്തി. അട്ടപ്പാടി ഉള്‍പെടെയുള്ള ആദിവാസി മേഖലകളില്‍ പഞ്ഞമാസത്തില്‍ (ജൂണ്‍, ജൂലൈ, ആഗസ്ത്, സപ്തംബര്‍) 25 കോടി രൂപ ചെലവഴിച്ച് പോഷകാഹാരക്കിറ്റുകള്‍ വീടുകളിലെത്തിച്ചു. സൗജന്യ റേഷന്‍ ഉറപ്പുവരുത്തി. ഇതിന് പുറമെ ഓണക്കാലത്ത് 1,52,000 ത്തോളം കുടുംബങ്ങള്‍ക്ക് നല്ല ഭക്ഷണസാധനങ്ങള്‍ അടങ്ങിയ കിറ്റുകള്‍ വിതരണം ചെയ്തു. ഇതിന് 13 കോടി രൂപയാണ് ചെലവഴിച്ചത്.

ഡോക്ടര്‍മാരുടെ സംഘം സ്‌കൂളുകളില്‍ പോയി ഹെല്‍ത്ത് സ്‌ക്രീനിംഗ് നടത്തി. ഹിമോഗ്ലോബിന്‍ കുറഞ്ഞ കുട്ടികള്‍ക്ക് പ്രത്യേക ശുശ്രൂഷയും നിരീക്ഷണങ്ങളും ഏര്‍പ്പെടുത്തി. പോഷകാഹാര പുന:രധിവാസത്തിന് (NRC) വേണ്ടി മൂന്ന് സെന്ററുകള്‍ പ്രവര്‍ത്തിപ്പിച്ചു. ഇതിന്റെ ഫലമായാണ് പോഷകാഹാരക്കുറവു മൂലം കുട്ടികള്‍ മരിക്കുന്ന അവസ്ഥ ഒഴിവായത്.

ഇതിനിടയില്‍ 13 വയസുള്ള മണികണ്ഠന്‍ എന്ന കുട്ടി വയറുവേദനയും പനിയും ശ്വാസം മുട്ടലും ബാധിച്ച് മരണമടഞ്ഞു. എല്ലാ വൈദ്യസഹായവും നല്‍കിയിട്ടുപോലും രക്ഷിക്കാന്‍ കഴിഞ്ഞില്ല. ഇത് പോഷകാഹാരക്കുറവിന്റെ ഭാഗമായിരുന്നില്ല. ഈ കുട്ടിയുടെ ഷോളയാര്‍ പഞ്ചായത്തിലെ സ്വര്ണപിരിവ് ഊര് തിരുവോണത്തിന് ഞാന്‍ സന്ദര്‍ശിച്ചിരുന്നു. പോഷകാഹാരം അവിടെ എത്തിയിട്ടുണ്ട് എന്ന് ഉറപ്പുവരുത്തിയിരുന്നു. മാത്രമല്ല, രക്ഷിതാക്കള്ക്കും അത്തരമൊരു അഭിപ്രായം ഉണ്ടായിരുന്നില്ല. ആ ദിവസം തന്നെ മൂലഗംഗ ഊരില്‍ തിരുവോണത്തിന് കുടുംബസമേതം ആദിവാസി സഹോദരങ്ങളോടൊപ്പം ഭക്ഷണം കഴിച്ചു. ഓണത്തിന് സര്‍ക്കാര്‍ നല്‍കിയ ഭക്ഷണക്കിറ്റുകള്‍ ശരിയായ രീതിയില്‍ വീടുകളിലെത്തിയോ എന്ന പരിശോധനയും നടത്തി. ശിശുമരണത്തില് പെടാവുന്ന മൂന്ന് മരണങ്ങള്‍ പിന്നീടുണ്ടായി. ജന്മനാ തലച്ചോറില്‍ ഉണ്ടായ നീര്‍ക്കെട്ടിന്റെി ഭാഗമായി മൂന്ന് ദിവസം പ്രായമുള്ള ഒരു കുട്ടിയും, ഹൃദയത്തിന്റെ വാല്‍വിന്റെ തകരാറു കാരണം രണ്ട് മാസം പ്രായമായ മറ്റൊരു കുട്ടിയും, അബോര്‍ഷന്റെ ഭാഗമായുള്ള മറ്റൊരു മരണവുമായിരുന്നു അത്.

ഇന്ത്യയില്‍ ശരാശരി ശിശുമരണ നിരക്ക് ആയിരം പ്രസവത്തിന് 44 എണ്ണമാണ്. കേരളത്തില്‍ അത് 12 ആണ്. അട്ടപ്പാടി മേഖലയില്‍ 13 മുതല്‍ 33 വരെയാണ് യുഡിഎഫ് ഭരണകാലത്തുണ്ടായിരുന്നത്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ അട്ടപ്പാടിയില്‍ 561 പ്രസവം നടന്നതില്‍ മൂന്ന് ആദിവാസി കുട്ടികളാണ് മരണപ്പെട്ടത്. ഒരിക്കലും അട്ടപ്പാടി മേഖലയിലെ ശിശുമരണം സംസ്ഥാന ശരാശരിയെക്കാള്‍ കൂടില്ല. മാത്രവുമല്ല ഗണനീയമായി കുറയുകയും ചെയ്യും. ഇത് ആശ്വാസകരമാണ്.

ഈ വസ്തുതകള്‍ മറുപടിയായി പറയുമ്പോള്‍ ഞാന്‍ എണ്ണത്തിന്റെ കണക്ക് പറഞ്ഞു. അത് ശരിയുമായിരുന്നു. എണ്ണത്തില്‍ മാത്രമെ അത് പറയാനും കഴിയു. ഇത് എന്റെ പ്രിയപ്പെട്ട ആദിവാസി സമൂഹത്തെ അപമാനിക്കലാണ് എന്നാണ് ചിലര്‍ നവമാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കുന്നത്. ഇത് ബോധപൂര്‍വമായ ഒരു ഇടപെടലാണ്. മറുപടിയെ സമഗ്ര രൂപത്തില്‍ കാണാതെ ചില വാക്കുകള്‍ മാത്രം അടര്‍ത്തിയെടുത്ത് അതിന്റെ അന്തസത്തയെ ദുര്‍വ്യാഖ്യാനം ചെയ്യുന്നത് ലളിതമായ ഭാഷയില്‍ പറഞ്ഞാല്‍ അപമാനിക്കലാണ്. മറ്റൊരു അജണ്ടയുടെ ഭാഗവുമാണിത്.

മരണപ്പെട്ട മൂന്ന് കുട്ടികളുടെ അമ്മമാര്‍ ഈ സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നതിന് മുമ്പ് ഗര്‍ഭിണികളായവരാണ്. ഈ വസ്തുത ഞാന്‍ മറുപടിയില്‍ പറയാന്‍ നിര്‍ബന്ധിക്കപ്പെട്ടതിന് ഒരു കാരണമുണ്ടായി. നാല് മാസത്തിന് മുമ്പ് അധികാരത്തില്‍ വന്ന എല്‍ഡിഎഫ് സര്‍ക്കാരാണ് ഈ മൂന്നു ശിശുമരണത്തിന് ഉത്തരവാദി എന്ന ചോദ്യകര്‍ത്താവിന്റെ ദുഷ്ടലാക്കിനെ തുറന്നുകാട്ടാനാണ് അത് പറയാന്‍ നിര്‍ബന്ധിക്കപ്പെട്ടത്. അതിനെയും വക്രീകരിച്ചു. എന്റെ പ്രസംഗത്തിന്റെ പൂര്‍ണ രൂപം നിയമസഭ വെബ്‌സൈറ്റില്‍ ലഭ്യമാണ്. ആര്‍ക്കുംവേണെങ്കിലും പരിശോധിക്കാം.

നാല് മാസത്തിനുള്ളില്‍ പട്ടികജാതി/പട്ടികവര്‍ഗ, പിന്നാക്ക ക്ഷേമ വകുപ്പ് ചെയ്ത കാര്യങ്ങള്‍ എണ്ണിയെണ്ണി പറയാന്‍ ഇവിടെ ആഗ്രഹിക്കുന്നില്ല. എന്നാല്‍ യുഡിഎഫിന്റെ കാലം എങ്ങിനെയായിരുന്നു എന്നറിയാന്‍ പത്രദൃശ്യമാധ്യമങ്ങളില്‍ ഇപ്പോള്‍ നിരന്തരം വന്നുകൊണ്ടിരിക്കുന്ന അഴിമതിക്കഥകള്‍ മാത്രം നോക്കിയാല്‍ മതി. ഈ നവമാധ്യമങ്ങളില്‍ പലതും പ്രതികരിച്ചും കാണുന്നില്ല. ‘ആശിക്കും ഭൂമി ആദിവാസിക്ക്’ എന്ന പദ്ധതിയില്‍ നടന്ന അഴിമതികള്‍ വിജിലന്‍സ് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍ തന്നെ കത്ത് നല്‍കിയ ദിവസമാണ് ഇത്തരം വാര്‍ത്തകള്‍ പോസ്റ്റ് ചെയ്തത്. സുധീരന്‍ കത്ത് നല്‍കും മുമ്പു തന്നെ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവായിരുന്നു.

ആത്മാര്‍ത്ഥമായ പ്രവര്‍ത്തനത്തെ തമസ്‌കരിക്കാം, വിമര്‍ശിക്കാം, പക്ഷെ, ദയവ് ചെയ്ത് അപമാനിക്കരുത്. കേരളത്തിലെ ആദിവാസി സമൂഹത്തിന് എന്നെ നന്നായി അറിയാം. യുഡിഎഫ് കാലത്ത് മുത്തങ്ങ വെടിവെപ്പില്‍ കൊല്ലപ്പെട്ട ജോഗിയുടെ കുടുംബത്തിന് ജോലിയും സാമ്പത്തിക സഹായവും ചെയ്ത് കൊടുത്ത എല്‍ഡിഎഫ് സര്‍ക്കാരിലെ അംഗമായിരുന്നു ഞാന്‍. ആദിവാസി ഗോത്രസഭാ നേതാവ് ജാനുവിന്റെ അമ്മയ്ക്ക് രണ്ടര ഏക്കര്‍ സ്ഥലം ഉള്‍പെടെ 25000 ആദിവാസി കുടുംബത്തിന് കേന്ദ്രവനാവകാശ നിയമപ്രകാരം ഭൂമി ലഭ്യമാക്കുന്നതിന് ഞാന്‍ നടത്തിയ ഇടപെടല്‍ ആദിവാസി സമൂഹത്തിന് അറിയാം.

ചരിത്രത്തില്‍ ആദ്യമായി ആദിവാസി ജനവിഭാഗങ്ങള്ക്ക് സൗജന്യമായി സമഗ്ര ആരോഗ്യ പദ്ധതി നടപ്പാക്കിയതും കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരാണ്. ആദിവാസികള്‍ തന്ന ഭക്ഷണവും കഴിച്ച് അവര്‍ തന്നെ പായയിലും കിടന്നുറങ്ങിയ എന്നെ അവര്‍ തന്നെ വിലയിരുത്തിക്കൊള്ളും. മന്ത്രി എന്ന നിലയിലും പൊതു പ്രവര്‍ത്തകന്‍ എന്ന നിലയിലും തെറ്റുകള്‍ സംഭവിച്ചാല്‍ ചൂണ്ടിക്കാണിച്ച് എന്നെ തിരുത്താനുള്ള അവകാശവും ഈ അടിസ്ഥാന സമൂഹത്തിന് ഉണ്ടായിരിക്കും. കാരണം ഞാന്‍ അവരിലൊരാളാണ്.

മന്ത്രി ബാലന്‍, നിങ്ങളുടെ അശ്ലീല കോമഡി കേട്ട് തോന്നുന്നത് അവജ്ഞ മാത്രമാണ്

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍