UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മലയാളത്തിന്റെ സ്വന്തം അക്ബര്‍ നാമ…

Avatar

മാങ്ങാട് രത്നാകരന്‍

(തന്റെ പ്രതിവാര യാത്രാ പരിപാടിയായ ‘യാത്ര’യുടെ ഭാഗമായി പ്രശസ്ത ദൃശ്യ മാധ്യമ പ്രവര്‍ത്തകന്‍ മാങ്ങാട് രത്നാകരന്‍ അക്ബര്‍ കക്കട്ടിലുയായി നടത്തിയ സംഭാഷണം ഞങ്ങള്‍ പുനപ്രസിദ്ധീകരിക്കുന്നു. കടപ്പാട്: ഏഷ്യാനെറ്റ് ന്യൂസ്) 

കക്കട്ടില്‍ അങ്ങാടിയിലൂടെ അക്ബര്‍ കക്കട്ടില്‍ നടന്നുനീങ്ങുന്നത് ചിത്രീകരിക്കുമ്പോള്‍   സ്ഥലനാമധാരികളായ എഴുത്തുകാരെക്കുറിച്ചുള്ള ഒരു ഫലിതം യാത്രികന് ഓര്‍മ്മവന്നു. കവി കടമ്മനിട്ട രാമകൃഷ്ണനോട് ഒരിക്കല്‍ ആരോ ചോദിച്ചത്രേ കടമ്മനിട്ട ഗ്രാമം താങ്കളുടെ സ്വന്തമാണോ എന്ന്. അതിന്റെ ധ്വനി മനസ്സിലാക്കിയ കടമ്മനിട്ട പറഞ്ഞത്രേ മലേഷ്യാ വാസുദേവന്‍പിള്ള എന്ന ഒരു കവി രാജ്യത്തിന്റെ മുഴുവന്‍ പേരും വച്ച് കവിയെഴുതുന്നു. ഞാനെന്റെ പാവം കൊച്ചുഗ്രാമത്തിന്റെ പേരു മാത്രമല്ലേ വെച്ചുള്ളു. അക്ബറിന് കക്കട്ടില്‍ എന്ന് ധൈര്യമായി ചേര്‍ത്തെഴുതാം. അക്ബറിനെ അറിയാത്തവരായി കക്കട്ടിലില്‍ ആരുംതന്നെയുണ്ടാവില്ല. അക്ബര്‍ അറിയാത്തവരായും. കക്കട്ടില്‍ വിട്ടാലും അക്ബറിന് നാടെങ്ങും ചങ്ങാതിമാരാണ്. അതിന്റെ വ്യാപ്തി ഓര്‍ത്താല്‍ വാപൊളിക്കും. ഉമ്മന്‍ചാണ്ടി, പിണറായി വിജയന്‍, അടൂര്‍ ഗോപാലകൃഷ്ണന്‍, പുനത്തില്‍ കുഞ്ഞബ്ദുള്ള… വ്യത്യസ്തരായ ഈ വ്യക്തിത്വങ്ങളെ അക്ബര്‍ സൗഹൃദത്തിന്റെ ഒറ്റച്ചരടില്‍ കോര്‍ക്കുന്നു.

കക്കട്ടില്‍ എന്ന് നാടിന് പേരുവന്നതിനെക്കുറിച്ച് ഗൗരവം കലര്‍ന്നതും തമാശനിറഞ്ഞതുമായ രണ്ട് കഥകളുണ്ട്. പണ്ട് കാലത്ത് ഗുഹകളില്‍ കരിങ്കല്‍ കട്ടിലുകള്‍ ഉണ്ടായിരുന്നുവത്രേ. മരിച്ചവരുടെ അസ്ഥികളും ആഭരണങ്ങളും മണ്‍പാത്രങ്ങളിലാക്കി ഈ കട്ടിലുകളില്‍ വയ്ക്കാറുണ്ടായിരുന്നു. കല്‍ക്കട്ടില്‍ വാമൊഴിയില്‍ കക്കട്ടിലായതെന്ന് ചരിത്രകാരന്‍ ഡോ. എം.ജി.എസ്. നാരായണന്‍. സുകുമാര്‍ അഴീക്കോട് സ്വതസിദ്ധമായ നര്‍മ്മത്തില്‍ പൊതിഞ്ഞ് മറ്റൊരു ഭാക്ഷ്യം ചമച്ചു. കട്ടില്‍ എന്ന വാക്ക് ഒരു വിക്കന്‍ ഉച്ചരിച്ചപ്പോള്‍ കക്കട്ടില്‍ എന്നായി. ഒരു പക്ഷേ അക്ബറിനും ഈ ഭാഷ്യമായിരിക്കണം ഇഷ്ടം.

അക്ബര്‍ കക്കട്ടില്‍: കക്കട്ടില്‍ ഞാനില്ലെങ്കിലും നിലനിന്നുകൊള്ളും എന്നറിഞ്ഞുകൂടാത്ത ഒരു കാലത്താണ് അക്ബര്‍ കക്കട്ടില്‍ എന്ന് വരുന്നത്. യഥാര്‍ത്ഥത്തില്‍ ഞാനങ്ങനെ ഉപയോഗിച്ചതല്ല. ഞാനീ ബാലപംക്തിയില്‍ എന്റെ ആദ്യത്തെ രചന അച്ചടിച്ചു വന്ന സമയത്ത് കുഞ്ഞുണ്ണിമാഷ് അക്ബര്‍ എന്നത് കഴിഞ്ഞിട്ട് ഒരു കോമയിട്ടിട്ട് കക്കട്ടില്‍ എന്നു കൊടുക്കും. പിന്നെ ഞാന്‍ അയയ്ക്കുന്നതിലൊക്കെ അക്ബര്‍ കക്കട്ടില്‍ എന്നെഴുതി.

യാത്രികനും അക്ബറും തമ്മിലുള്ള സൗഹൃദം ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. അനാദികാലം മുതല്‍ക്കേയുള്ള സൗഹൃദമാണ്. ചിരിയും തമാശയുമായി ഉല്ലസ്സിക്കുന്ന സൗഹൃദം. പക്ഷേ ആ സൗഹൃദമല്ല യാത്രയില്‍ അക്ബറെ അടയാളപ്പെടുത്താന്‍ കാരണം.  അക്ബര്‍ മലയാളത്തിന്റെ പ്രിയപ്പെട്ട കഥയെഴുത്തുകാരനാണ്.  വായനക്കാരന്‍ ഓമനിച്ച എഴുത്തുകാരനാണ്.

അക്ബര്‍ കക്കട്ടില്‍: ഞാനൊരു അഞ്ച്, ആറ് ക്ലാസുകളില്‍ പഠിക്കുമ്പോള്‍ തന്നെ കഥകളൊക്കെ എഴുതിത്തുടങ്ങിയിട്ടുണ്ട്. കഥകളെന്നാണ് ഞാന്‍ വിചാരിക്കുന്നത്. അന്ന് കക്കട്ടിലില്‍ ഒരു ടൈയിലര്‍ ബാലേട്ടനുണ്ട്. ബാലേട്ടന്റെ കടയിലാണ് പത്രങ്ങളൊക്കെ വായിക്കാന്‍ ഞങ്ങള്‍ പോവുക. അവിടുന്നാണ് ഈ മാതൃഭൂമി ആഴ്ച്ചപതിപ്പ് ആദ്യമായിട്ട് കാണുന്നത്. സ്വാഭാവികമായും മറിച്ചുമറിച്ച് ബാലപംക്തിയില്‍ എത്തും. കുട്ടേട്ടന്‍ കൃതികളയയ്ക്കാന്‍ പറയുമ്പോള്‍ ഞാനും അയയ്ക്കും.  അയയ്ക്കുകയല്ലാതെ വേറൊരു വിവരവുമുണ്ടാവില്ല. ഇങ്ങനെ അയച്ചയച്ച് ഒന്നുരണ്ട് കൊല്ലമെങ്കിലും ഇങ്ങനെ അയച്ചിട്ടുണ്ടാവുമെന്നാണ്. അതിലെനിക്ക് ഒരു ഭാഗ്യമായിട്ട് തോന്നുന്നത് ഞാന്‍ അതുകൊണ്ട് നിര്‍ത്തിയില്ല എന്നാണ്. നിങ്ങള്‍ക്ക് ശല്യാണ് എന്റെ എഴുത്തെങ്കിലും എന്നെ സംബന്ധിച്ച് അങ്ങനെയല്ലല്ലോ.. ഞാനത് നിര്‍ത്തിയില്ല. 

ബാല്യകാലമാണ് എഴുത്തുകാരനെ സൃഷ്ടിക്കുന്നതെന്ന് പറയാറുണ്ട്. ബാല്യം തിരിഞ്ഞുനോക്കുമ്പോള്‍ സാഹിത്യാനുഭവമായി തീരുന്നതായി മാര്‍ക്കേസിനെപ്പോലുള്ള പെരുന്തച്ചന്‍മാരും സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. സ്വാഭാവികമായി അക്ബറിന്റെ ബാല്യകാലത്തെക്കുറിച്ച് യാത്രികന്‍ അന്വേഷിച്ചു

അക്ബര്‍ കക്കട്ടില്‍: ഇവിടുത്തെ മുസ്ലിങ്ങളധികവും ദേശീയ മുസ്ലിങ്ങളാണ്. ഇവിടെ ശരിക്കുപറഞ്ഞാല്‍ ഈ കമ്മ്യൂണിസത്തിന്റെ സ്വാധീനവും അതുപോലെതന്നെ കോണ്‍ഗ്രസിന്റെ സ്വാധീനവും വളരെ പാരലലായിട്ട് ഉണ്ടായിരുന്ന സ്ഥലമാണ്. എനിക്കിപ്പോഴും ഓര്‍മ്മയുള്ള ഒരു മുദ്രാവാക്യമുണ്ട്.

”കറന്റ് കട്ട്, റേഷന്‍ കട്ട്
പദ്ധതി വിഹിതം പണ്ടേ കട്ട്
ഇതെന്ത് നീതി കോണ്‍ഗ്രസേ,
ഇതെന്ത് ന്യായം കോണ്‍ഗ്രസേ…” എന്ന് ഇങ്ങനെ വിളിക്കും. പിന്നെ സര്‍ക്കാരിനെ ഭയങ്കരമായിട്ട് ചീത്ത പറയും. സര്‍ക്കാരിനെ ഇങ്ങനെ ചീത്തപറയുമ്പോള്‍ എനിക്ക് ഭയങ്കര വിഷമമായി. എല്ലാരും എന്തിനാണ് ഈ സര്‍ക്കാരിനെ ഇങ്ങനെ ചീത്തപറയുന്നത്. അപ്പോള്‍ ഞാന്‍ ഉപ്പയോട് ചോദിച്ചു. ആരാ ഉപ്പാ ഈ സര്‍ക്കാര്..ഉപ്പ പറഞ്ഞു അതൊരു വലിയ ആളാണ്, തൊപ്പിയൊക്കെ വച്ച്.. വലിയ കോട്ടൊക്കയിട്ട ആളാണ്. അയാളാണ് നമുക്കെല്ലാ കാര്യങ്ങളും ചെയ്തുതരുന്നത്. എനിക്ക് തോന്നുന്നു, ഞാനത് കണ്ടുപിടിക്കട്ടെ എന്ന മനസ്സായിരിക്കും ഉപ്പയ്ക്ക്.

അക്ബറിന് മറ്റൊരു സുകൃതം കൂടി ലഭിച്ചു. കുട്ടിക്കാലത്ത് തന്നെ സംസ്‌കൃതം പഠിക്കാനായി. അതും സ്‌കോളര്‍ഷിപ്പോടെ. മഹാഭാരതത്തിലെ ഒരു കഥാസന്ദര്‍ഭത്തെ ഉപജീവിച്ച് പില്‍ക്കാലത്ത് സ്‌ത്രൈണം എന്ന ഒരു നോവലെഴുതാന്‍ പ്രേരണയായത് സംസ്‌കൃത പഠനമാണെന്ന് അക്ബര്‍ അഭിമാനത്തോടെ ഓര്‍മ്മിച്ചു.

അക്ബര്‍ കക്കട്ടില്‍: എട്ടുകൊല്ലത്തോളം സംസ്‌കൃതം പഠിക്കാന്‍ അവസരമുണ്ടായി. ഈ പുരാണേതിഹാസങ്ങളോട് വലിയ താല്‍പ്പര്യമുണ്ടായി. എന്നിട്ടും എന്റെ ഒരു കഥയിലും ഒരു സംസ്‌കൃത വാക്ക് വന്നിട്ടില്ല എന്ന് പറയാറുണ്ടായിരുന്നു. ഏതോ ഒരു നിരൂപകന്‍ പ്രകുലം എന്നോ മറ്റോയുള്ള ഒരു വാക്കേ സാധാരണയില്‍ കവിഞ്ഞ് കണ്ടെത്താന്‍ കഴിഞ്ഞിട്ടുള്ളുവെന്ന് എഴുതിയിട്ടുണ്ട്. തായാട്ട് പറയുമായിരുന്നു ഞാന്‍ സംസ്‌കൃത ശ്ലോകങ്ങളൊക്കെ ചൊല്ലുന്നത് കേള്‍ക്കുമ്പോള്‍ ഒരു നമ്പൂതിരി മാപ്പിളയായ മട്ടുണ്ടെന്ന്.

പാരായണക്ഷമത എന്ന് നമ്മള്‍ കടുക്കട്ടിയായി പറയുന്ന വായനക്കാരെ വലിച്ചടുപ്പിക്കുന്ന ശൈലി വാമൊഴിയില്‍ നിന്ന് വരമൊഴിയായി അക്ബറിന്റെ രചനകളിലേക്ക് വ്യാപിച്ചു. ഒരു ദിവസം ഉണര്‍ന്നെണീറ്റ് നോക്കുമ്പോള്‍ താന്‍ തരക്കേടില്ലാത്തവിധം പ്രശസ്തനായിരിക്കുന്നുവെന്ന് അക്ബര്‍ കണ്ടെത്തി. 

അക്ബര്‍ കക്കട്ടില്‍: എനിക്ക് തോന്നുന്നത് സ്വീകാര്യതയാണ്.. അതിന്റെ… നമ്മള്‍ ഒരു കഥയെഴുതിയിട്ട് അതിനു കിട്ടുന്ന ഒരു അപ്രീസിയേഷന്‍. അത് വായനക്കാരിലെത്തുന്നു അവര് അത് ഉള്‍ക്കൊള്ളുന്നുവെന്നുള്ള നമ്മുടെ ഒരു അനുഭവം. അതുതന്നെയാണ് കഥയില്‍ നമ്മള്‍ സാധാരണ കാണുന്നതെന്നാണ് എനിക്ക് തോന്നുന്നത്.

അക്ബര്‍ ആദ്യം വായിക്കുന്നത് മലയാളത്തിലെ ആദ്യത്തെ ലക്ഷണമൊത്തെ ആ നോവലാണ്. ഒ ചന്തുമേനോന്റെ ഇന്ദുലേഖ. ഇന്ദുലേഖ ആദ്യം വായിക്കുന്ന കാലത്ത് അത്ര ഉള്‍ക്കൊള്ളാനായില്ലെങ്കിലും പിന്നെപ്പിന്നെ മായികാനുഭൂതി പകര്‍ന്നു.

അക്ബര്‍ കക്കട്ടില്‍:’വായിച്ചപ്പോള്‍ എനിക്കൊന്നും മനസ്സിലായിട്ടില്ല. പക്ഷേ അതിലെ ഇന്ദുലേഖയെ എനിക്ക് ഭയങ്കരമായിട്ട് ഇഷ്ടപ്പെട്ടു. അതുപോലെ തന്നെ സൂരി നമ്പൂതിരിപ്പാടിന്റെ ഫലിതങ്ങള്‍. ഇതൊക്കെ ഞാന്‍ ആസ്വദിച്ചു. പക്ഷേ മൊത്തം പറഞ്ഞുവന്നപ്പോള്‍ പതിനെട്ടാം അദ്ധ്യായവും അതില്‍ പറഞ്ഞുവരുന്ന ഫ്യൂഡല്‍ ആയിട്ടുള്ള സംഭവങ്ങളൊക്കെയും മനസ്സിലാവുന്നില്ല. പിന്നെ മുതിര്‍ന്നപ്പോഴാണ് എനിക്ക് മനസ്സിലായത്. ആദ്യം വായിച്ച പുസ്തകം ഇന്ദുലേഖയാണെന്ന് പിന്നെനിക്ക് തോന്നി.

എഴുത്തുകാരന്‍ എന്നതുപോലെ എഴുത്തുകാരുടെ തോഴനുമായി അക്ബര്‍. എം ടി വാസുദേവന്‍നായര്‍ അക്ബറുടെ മനസ്സില്‍ ഒരു കാലപുരുഷനെപ്പോലെ നിറഞ്ഞുനിന്നു.

അക്ബര്‍ കക്കട്ടില്‍: അതില് യാതൊരു സംശയവുമില്ല. എന്താണെന്ന് എനിക്ക് പറയാന്‍പറ്റില്ല. ഞാന്‍ ഓപ്പോള്‍, കുട്ട്യേടത്തി, ഇരുട്ടിന്റെ ആത്മാവ്… ഇതൊക്കെ വായിച്ചിട്ട് കരഞ്ഞിട്ടുണ്ട് ഞാന്‍. എന്താ നിനക്ക് പ്രശ്‌നമെന്ന് ഉമ്മ വന്ന് ചോദിക്കുന്ന ഒരു സ്റ്റേജ് വരെ ഞാനെത്തിയിട്ടുണ്ട്. വായിച്ചുകൊണ്ടിരിക്കുമ്പോള്‍ കരയുന്നത്…അതൊരു വല്ലാത്ത അനുഭവമല്ലേ. ഞാന്‍ മാതൃഭൂമിയില്‍ ചെന്നു. ഒരു ഹാഫ് ഡോറാണ്. ഞാന്‍ തുറന്നുനോക്കുമ്പോള്‍ ഒരു ബീഡിയിങ്ങനെ വലിച്ചുകൊണ്ട് എന്തോ വായിച്ചുകൊണ്ടിരിക്കുന്നു. തൊട്ടപ്പുറത്തിരുന്ന് രണ്ടാളുകള്‍ വരയ്ക്കുന്നുണ്ട്. ഒരാളിങ്ങനെ ഗഹനമായ ചിന്തയിലുണ്ട്. അതിന്റെയുമപ്പുറത്ത് സുന്ദരനായ ഒരു ചെറുപ്പക്കാരന്‍ ഇരിക്കുന്നുണ്ട്. വാതില്‍ മുട്ടണമെന്നൊന്നും അറിയില്ലായിരുന്നു. അപ്പോള്‍ ബീഡി വലിച്ചുകൊണ്ടിരുന്നയാള്‍ ആംഗ്യത്തിലൂടെ യാത്രോദ്ദേശ്യമെന്തെന്ന് ചോദിച്ചു. കുഞ്ഞുണ്ണിമാഷെ കാണാന്‍ വേണ്ടിവന്നതാണെന്ന് പറഞ്ഞു. അദ്ദേഹം ഇവിടെ ആഴ്ചയിലൊരിക്കലേ വരാറുള്ളു. ഇവിടെ രാമകൃഷ്ണാശ്രമം എന്നസ്ഥലമുണ്ട്. അവിടെയുണ്ടാവും. എന്നുപറഞ്ഞ് പുള്ളി പിന്നെയും വായനയിലേക്ക് മടങ്ങിപ്പോയി. ഞാന്‍ ഇറങ്ങി. എന്റെ കൂടെ ദാസനെന്ന ഒരു സുഹൃത്തുമുണ്ട്. അപ്പോള്‍ അകത്തിരുന്ന സുമുഖനായ ചെറുപ്പക്കാരന്‍ എന്റെ കൂടെ വന്നു. അയാളോട് ഞാന്‍ അക്ബര്‍ കക്കട്ടിലാണെന്ന് പറഞ്ഞു. അവിടെ നിന്ന് എന്നോട് സംസാരിച്ചയാളാരാണെന്ന് ഞാന്‍ ചോദിച്ചു. അതാണ് എം ടി വാസുദേവന്‍ നായര്‍ അറിയില്ലേ എന്ന് പറഞ്ഞു. ഞാന്‍ ഒരു ഓട്ടം ഓടി അങ്ങോട്ട്. ഞാന്‍ ഒരു എഴുത്തുകാരനെ ദൈവത്തെ കാണുന്നതുപോലെ കണ്ടത് അദ്ദേഹത്തെയാണ്. 

തകഴി ശിവശങ്കരപ്പിള്ള മുതല്‍ സക്കറിയ വരെയുള്ള എഴുത്തുകാരുടെ സര്‍ഗ്ഗകര്‍മ്മത്തെക്കുറിച്ചുള്ള അന്വേഷണങ്ങള്‍ സര്‍ഗ്ഗസമീക്ഷ എന്ന ഒരു പുസ്തകമായി വികസിച്ചു. ഒരു എഴുത്തുകാരനെ മാത്രമേ മുമ്പ് പരിചയപ്പെടാതിരുന്നുട്ടുള്ളു.

അക്ബര്‍ കക്കട്ടില്‍: പൊന്‍കുന്നം വര്‍ക്കി. അതൊരു വലിയ അനുഭവമായിരുന്നു വര്‍ക്കിച്ചേട്ടന്റെ അടുത്തുപോയത്. ശരിക്കുപറഞ്ഞാല്‍ മൂന്നാല് മണിക്കൂര്‍ ഞങ്ങള്‍ സംസാരിച്ചിട്ടുണ്ടായിരുന്നു. അവസാനമായപ്പോള്‍ എനിക്കൊരു കുറിപ്പെഴുതി തന്നു… പ്രിയപ്പെട്ട അക്ബര്‍… നീയൊരു കള്ളനാണ് എന്റെ മനസ്സാണ് നീ മോഷ്ടിച്ചിരിക്കുന്നത്.

സര്‍ഗ്ഗസമീക്ഷ പക്ഷേ അക്ബറിനെ തിരിഞ്ഞുകുത്തി. ആ സ്വകാര്യാനുഭവം അക്ബര്‍ സ്വതസിദ്ധമായ ആര്‍ജ്ജവത്തോടെ പറഞ്ഞു. 

അക്ബര്‍ കക്കട്ടില്‍: ഒരു ക്രിയേറ്റീവ് റൈറ്റര്‍ എന്ന രീതിയില്‍ എനിക്ക് ഉണ്ടായ ഒരു പ്രശ്നം. പിന്നെ എനിക്ക് തോന്നി. എനിക്കിനി എഴുതാന്‍ പറ്റില്ലെന്ന്. തകഴി, ബഷീര്‍, മുകുന്ദന്‍, സേതു, സക്കറിയ ഇവരുടെ കഥാപാത്രങ്ങളാണ് എപ്പോഴും എന്റെ മനസ്സില്‍. എനിക്കെഴുതാനാവില്ല എന്ന രീതിയില്‍ സങ്കടവും കരച്ചിലുമൊക്കെ വന്നു. വലിയൊരു കഷ്ടമായിപ്പോയി എന്നു തോന്നി.

വൈക്കം മുഹമ്മദ് ബഷീറിനെ കാണാനായി കുഞ്ഞുണ്ണി മാഷിനോടൊപ്പമാണ് അക്ബര്‍ ബേപ്പൂരിലെ വൈലാലില്‍ വീട്ടില്‍ പോകുന്നത്. ഒരു ബഷീറിയന്‍ അനുഭവം തന്നെയായിരുന്നു അത്.

അക്ബര്‍ കക്കട്ടില്‍: കുഞ്ഞുണ്ണി മാഷ് ഒരു പറ്റുന്ന സമയം നോക്കി പറഞ്ഞു. കുറച്ചൊക്കെ എഴുതുന്ന അസുഖമുണ്ട് അക്ബര്‍ക്കെന്ന്. പെട്ടെന്ന് എന്നെ നോക്കിയിട്ട് രണ്ട് കൊല്ലത്തേക്ക് ഒന്നുമെഴുതരുത്…  അനുഭവം ഉണ്ടായാല്‍ മാത്രമേ എഴുതാവൂ. പിന്നെയും ഞാന്‍ ഇടക്കൊക്കെ പോയി. അപ്പോഴൊക്കെ എന്നെ നോക്കും. ഞാനാരാണെന്ന് മനസ്സിലാവില്ല… ഞാനൊരിക്കല്‍ പറഞ്ഞു. ബഷീറിക്കാ ഇനി ഞാന്‍ ഇവിടെ വരില്ല. വരുന്ന സമയത്തൊക്കെ പരിചയപ്പെടുത്തുക എന്നത് ബുദ്ധിമുട്ടുള്ള കാര്യമാണ്. ഫാബിത്താത്ത എന്നെ തിരിച്ചറിയുന്നുണ്ട്. ബഷീറിക്കക്ക് മാത്രമെന്താണിത്. ഇനി ആവര്‍ത്തിക്കയില്ല.

കേരളത്തിലെ സ്‌കൂള്‍ ലോകത്തിന് ഒരു പക്ഷേ അദ്ധ്യാപക കഥകളെഴുതിയ അക്ബറിനെയായിരിക്കും കൂടുതല്‍ പരിചയം. അദ്ധ്യാപക കഥകള്‍ എന്ന കഥാസമാഹാരവും സ്‌കൂള്‍ ഡയറി എന്ന ലേഖന സമാഹാരവും പാഠം 30 എന്ന സര്‍വ്വീസ് സമാഹാരവും അക്ബറിനെ വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും പ്രിയങ്കരനാക്കി. നീണ്ട 30 വര്‍ഷത്തെ അധ്യാപക ജീവിതത്തിന് ശേഷം വട്ടോളി നാഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നിന്ന് അഞ്ച് വര്‍ഷം മുമ്പ് പിരിയുമ്പോള്‍ ചാനലുകളും പത്രങ്ങളും അതൊരു ഉത്സവമാക്കി. ഏഷ്യാനെറ്റ് ന്യൂസിനോട് അക്ബര്‍ ഇങ്ങനെ പറഞ്ഞു.

 ”ഈ വീട് നമ്മള് മറ്റ് അവകാശികള്‍ക്ക് കൈമാറിക്കൊണ്ട് ഇറങ്ങിപ്പോവുകയാണ്. നാളെ ഇവിടെ കയറിവരുമ്പോള്‍ ഇവര് നമ്മളെ സ്വീകരിക്കും. എല്ലാവരും നമ്മുടെ പരിചിതന്‍മാരാണ്. പക്ഷേ… ഒരു വിറ്റവീട്ടിലേക്ക് നമ്മള്‍ തിരിച്ചുവരുന്ന അനുഭവമാണുണ്ടാവുക. ആലോചിക്കുമ്പോള്‍ തീര്‍ച്ചയായും വിഷമമുണ്ട്.”

അദ്ധ്യാപന ജീവിതം ജീവിതത്തില്‍ എന്നുമൊരു വിദ്യാര്‍ത്ഥിയായിരിക്കേണ്ട അനുഭവപാഠമായിരുന്നു അക്ബറിന് നല്‍കിയത്. പഠിച്ചും പഠിപ്പിച്ചും മുന്നേറിയ ആ കാലത്തിലെ മികവുറ്റ ചില അനുഭവങ്ങള്‍ അക്ബര്‍ ഓര്‍മ്മിച്ചെടുത്തു.

അക്ബര്‍ കക്കട്ടില്‍: ഞാന്‍ ശരിക്കും എന്‍ജോയ് ചെയ്ത് ജോലി ചെയ്യുകയായിരുന്നു. കാരണം ഈ കുട്ടികളുടെ ലോകം. ഓരോ കുട്ടിയും എന്നുപറയുന്നത് ഒരു ജീവിതമാണ്.. ഒരു ലോകമാണ്. രണ്ട് രീതിയില്‍ ഇതില്‍ പ്രാധാന്യമുണ്ട് ഒന്ന്, നമുക്ക് നമ്മളെ തന്നെ നവീകരിക്കാനുള്ള ഒരവസരം. പിന്നെ കുട്ടികളില്‍ നിന്ന് നമുക്കൊരുപാട് പഠിക്കാനുണ്ട്. എനിക്ക് തോന്നുന്നത് ഞാനവരെ പഠിപ്പിച്ചിട്ടുള്ളതിനെക്കാള്‍ ഞാനവരില്‍ നിന്നാണ് പഠിച്ചിട്ടുള്ളതെന്നാണ്. വളരെ രസകരമായ ഒരു ലോകമാണിത്. വളരെ ടെന്‍ഷനുണ്ടാകും. ഓഫീസിലിരുന്ന് ഫയല്‍ കൈകാര്യം ചെയ്യുന്നതുപോലെയല്ലല്ലോ. ജീവനുള്ള സംഗതിയെയല്ലേ നമ്മള്‍ കൈകാര്യം ചെയ്യുന്നത്. ചെറിയ പാളിച്ച എവിടെയെങ്കിലും വന്നാല്‍ അന്ന് നമ്മുടെ ജീവിതം മുഴുവന്‍ ബാധിക്കുന്ന കാര്യമാണ്. നമ്മുടെ ഈ സ്വഭാവം വച്ച് മുപ്പതുകൊല്ലത്തെ സര്‍വ്വീസിനിടയില്‍ എങ്ങനെ ഒരു പോറലേല്‍ക്കാതെ രക്ഷപ്പെട്ടുവെന്നത് എന്നെത്തന്നെ അത്ഭുതപ്പെടുത്തുന്ന ഒരു കാര്യമാണ്. മറ്റൊന്നുമുണ്ടായിട്ടല്ല, നമ്മുടെ അശ്രദ്ധ, നമ്മുടെ അലസത ഇതൊക്കെ എഴുത്തുകാരന്റെയൊക്കെ ഒരു ഭാഗമാണല്ലോ. നമ്മള്‍ എന്തൊക്കെ പറഞ്ഞാലും അതുണ്ട്. അതിന്റെയൊക്കെ ഇടയിലൂടെ ഇങ്ങനെ പോകുന്നുണ്ടെന്നേയുള്ളു. കുട്ടികള്‍ക്കൊക്കെ ഞാന്‍ പ്രിയങ്കരനായിട്ടും എനിക്ക് കുട്ടികള്‍ പ്രിയങ്കരരായിട്ടും അവിടുന്ന് വിടവാങ്ങാന്‍ സാധിച്ചുവെന്നത്  വളരെ പ്രധാനപ്പെട്ട ഒരു സംഗതിയായിട്ടാണ് എനിക്ക് സ്വയം അനുഭവപ്പെടുന്നത്.

ഞാനിവിടെ സര്‍വ്വീസില്‍ കയറിയ ഉടനെയാണ്. ഒപ്പനയുടെ റിഹേഴ്‌സല്‍ നടക്കുകയാണ്. ഒരു പെണ്‍കുട്ടി ആ കുട്ടി നന്നായി പഠിക്കുന്ന കുട്ടിയുമാണ് ആ കുട്ടി എനിക്ക് പ്രിയപ്പെട്ട കുട്ടിയുമാണ്. ആ കുട്ടിയോട് ഞാന്‍ പറഞ്ഞു ഒരു ദിവസം റിഹേഴ്‌സല്‍ ഇട്ടിട്ട് നമുക്ക് ഒപ്പന നടത്താം. ഭയങ്കര വാശിയാണ്.  ഹൗസുകള്‍ (ഗ്രൂപ്പുകള്‍) തമ്മിലും വാശിയാണ്. സബ്ജില്ലാതലത്തിലും ജില്ലാതലത്തിലുമൊക്കെ വാശിയാണ്. ഇതിനുവേണ്ടിയങ്ങ് ജീവിക്കയാണ്. മരിച്ച് ജീവിക്കുകയെന്ന് പറയുന്നതുപോലെ. ഈ കുട്ടി വളരെ വൈകിയിട്ടും എത്തുന്നില്ല. അവസാനം കാണാം ഓടിക്കിതച്ച് എത്തുന്നു. ആ സമയത്ത് ഞാനും ഹൗസിലെ സ്റ്റുഡന്‍റ് ലീഡറായ എന്റെ ഒരു സ്റ്റുഡന്റും ഉണ്ട്. ഈ കുട്ടി ഓടിക്കിതച്ചുകൊണ്ട് വന്ന് ഒപ്പനയുടെ സാധനം എവിടെയെന്ന് ചോദിച്ചു. എനിക്കൊന്നും കിട്ടിയില്ല. ഓടിപ്പോയതിന്റെയും കിട്ടാത്തതിന്റെയും പ്രശ്‌നങ്ങള്‍ ഇവളുടെ മുഖത്തുണ്ട്. ഞാന്‍ പറഞ്ഞു… എന്തുംകൊണ്ടാ നീ ഇങ്ങുപോന്നത് എന്ന്. അവള്‍ക്ക് പ്രിയപ്പെട്ട മാഷാണ് ഞാന്‍. പെട്ടെന്ന് അവള്‍ എടുത്തവഴിക്ക്  പറഞ്ഞു. കുന്തോം കൊണ്ടാ… അവളുടെ അദ്ധ്വാനം പാഴായതിന്റെ വിഷമംകൊണ്ടാണ് പറഞ്ഞത്. പെട്ടെന്ന് ഞാന്‍ ചുറ്റും നോക്കി. ആരെങ്കിലും കേട്ടോയെന്ന രീതിയില്‍. അപ്പോള്‍ സ്റ്റുഡന്റ് ലീഡറായിട്ട കുട്ടി എന്നോട് പറഞ്ഞു. സാരമില്ല സാര്‍… നമ്മള്‍ രണ്ടാളല്ലേ കേട്ടിട്ടുള്ളുവെന്ന്.

ഒരിക്കല്‍ ഒരു ബസില്‍ യാത്ര ചെയ്തപ്പോള്‍ ഞാന്‍ ബസില്‍ കയറിയപ്പോള്‍ എന്റെ ഒരു സുഹൃത്തും കൂടെയുണ്ട്. പെട്ടെന്ന് വരികയും വേണം. ഭയങ്കര തിരക്കാണ് ബസില്‍. അപ്പോള്‍ തന്നെ ഒരു ചെറുപ്പക്കാരന്‍ ചാടിയെണീറ്റ് മാഷേ ഇവിടെയിരുന്നോളു എന്ന് പറഞ്ഞു. കഴിവതും ഞാന്‍ ഇരിക്കാറില്ല. കുട്ടികള്‍ നിര്‍ബന്ധിച്ചാലും. പിന്നെ നമുക്ക് ഒരു നിര്‍വ്വാഹമില്ലാത്ത സാഹചര്യം വന്നാലേ ഇരിക്കാറുള്ളു.  വേണ്ട മോനേ നീയിരുന്നോളൂ എന്ന് പറഞ്ഞ് ഞാനും സുഹൃത്തും മുന്നോട്ട് പോയി. അപ്പോള്‍ നോക്കിയപ്പോള്‍ വേറൊരു ചെറിയ പയ്യന്‍ ആ സീറ്റില്‍ കയറിയിരിക്കുന്നു. അപ്പോള്‍ എന്റെ കൂടെവന്ന സുഹൃത്ത് പറഞ്ഞു. ഇത് ഞാന്‍ വിടില്ല. മാഷിന് എഴുന്നേറ്റ് തന്ന സീറ്റില്‍ ഇരിക്കുന്നത് ശരിയല്ല. ഇത് ചോദിക്കുമെന്ന്. അപ്പോള്‍ ഞാന്‍ പറഞ്ഞു. ആദ്യമെനിക്ക് എഴുന്നേറ്റ് തന്നത് ഞാന്‍ 20 കൊല്ലം മുമ്പ് പഠിപ്പിച്ച കുട്ടിയാണ്.. ഇപ്പോള്‍ അവിടെയിരിക്കുന്നത് ഞാന്‍ അഞ്ച് കൊല്ലം മുമ്പ് പഠിപ്പിച്ച കുട്ടിയാണ്. ഈയൊരു വ്യത്യാസം അന്നുമിന്നും തമ്മിലുണ്ട്.

54 പുസ്തകങ്ങള്‍, എണ്ണമറ്റ പുരസ്‌കാരങ്ങള്‍, കേരള സാഹിത്യഅക്കാദമി വൈസ് പ്രസിഡന്റ് ഉള്‍പ്പെടെ എണ്ണപ്പെട്ട പദവികള്‍… അക്ബര്‍ പക്ഷേ ഇതിനെല്ലാമപ്പുറമാണ്. കക്കട്ടിലുകാരന്‍ അക്ബര്‍ അഥവാ അക്ബര്‍ കക്കട്ടില്‍… മലയാളത്തിന്റെ സ്വന്തം അക്ബര്‍ നാമ…

 

(കടപ്പാട്: ഏഷ്യാനെറ്റ്)

 

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍