UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കക്കട്ടില്‍ പറഞ്ഞത് ഞങ്ങളുടെ നേരാണ്

Avatar

പദ്മനാഭന്‍ ബ്ലാത്തൂര്‍

അക്ബര്‍ കക്കട്ടില്‍ ഇനിയില്ല. കഥയോ കാര്യമോ എന്ന് ഇഴപിരിക്കാനാവാത്തവിധം മലയാളിയോട് സംസാരിച്ച അക്ബര്‍ കക്കട്ടില്‍ ആരായിരുന്നു?

അധ്യാപക കഥകളുടെ കഥാകാരനാണ് അക്ബര്‍ എന്ന് എളുപ്പത്തില്‍ പറഞ്ഞുപോകാം. പൊതുവെ എഴുത്തുകാരെയെല്ലാം, ഇങ്ങനെ ഏതെങ്കിലും ഒരു കള്ളിയില്‍ ഒതുക്കിനിര്‍ത്തുന്നതാണ് നമ്മുടെ ശീലം. ‘മൃത്യുയോഗം’ ‘വടക്കു നിന്നൊരു കുടുംബവൃത്താന്തം’ എന്നീ നോവലുകളും ‘ശമീലാ ഫഹ്മി’ ‘ആറാം കാലം’ ‘നാദാപുരം’ തുടങ്ങിയ ചെറുകഥാ സമാഹാരങ്ങളും ‘സര്‍ഗസമീക്ഷ’ എന്ന നിരൂപണ മുഖാമുഖ സമാഹാരവും എഴുതിയിട്ടുണ്ടല്ലോ അക്ബര്‍. ‘കുഞ്ഞി മൂസ വിവാഹിതനാവുന്നു’ എന്ന നാടകവും പ്രാര്‍ത്ഥനയും പെരുന്നാളും’ എന്ന ഉപന്യാസവും അടക്കം ശ്രദ്ധേയമായ നിരവധി രചനകള്‍ അദ്ദേഹത്തിന്റേതായിട്ടുണ്ട്. എന്നിട്ടും മലയാളം അക്ബര്‍ കക്കട്ടിലിനെ അധ്യാപക കഥകളുടെ കഥാകാരന്‍ എന്ന കിരീടം ചാര്‍ത്തി ഓര്‍മിക്കുന്നതിന് എന്താവാം കാരണം എന്നാണ് ഈ കുറിപ്പില്‍ അന്വേഷിക്കുന്നത്.

മലയാളി നേരിട്ടറിഞ്ഞ ജീവിതമാണ് അദ്ധ്യാപകരുടേത്. സ്വാതന്ത്ര്യസമരകാലത്തും തുടര്‍ന്നും സാമൂഹിക മുന്നേറ്റത്തിനുവേണ്ടിയുള്ള പോരാട്ടങ്ങള്‍ക്ക് അധ്യാപകരായിരുന്നു നേതാക്കള്‍. കര്‍ഷകരെയും തൊഴിലാളികളെയും സംഘടിപ്പിക്കാനും മെച്ചപ്പെട്ട ജീവിതത്തിനായി പൊരുതാന്‍ അവരെ ഒരുക്കിയെടുക്കാനും കൈമെയ് മറന്നു പ്രവര്‍ത്തിച്ചിരുന്ന അധ്യാപകര്‍ മുന്‍പറഞ്ഞവരെക്കാളും താണകൂലിയിലും നിലവാരത്തിലുമാണ് ജീവിച്ചുപോന്നത് എന്ന്, പക്ഷേ ലോകം കണ്ടില്ല. അഥവാ കണ്ടാലും കണക്കിലെടുത്തില്ല. ‘അധ്യാപനം രാഷ്ട്രസേവനം’ എന്ന മുദ്രാവാക്യം അധ്യാപകരെ നിസ്വാര്‍ത്ഥികളും ത്യാഗികളുമാക്കി നിലനിര്‍ത്തി.

പാവപ്പെട്ട അധ്യാപകന്റെ ജീവിത നിലയില്‍ മാറ്റമുണ്ടാക്കാന്‍ പിന്നീട് രൂപീകരിക്കപ്പെട്ട അധ്യാപക സംഘടനകളും പോരാട്ടങ്ങളും സഹായിച്ചിരിക്കാം. എന്നാല്‍ ആ പോരാട്ടങ്ങള്‍ക്കഭിമുഖമായി സമൂഹ മനസ്സിനെ പരിവര്‍ത്തിപ്പിച്ചത് കാരൂരിന്റെ അധ്യാപക കഥകളാണ്. കാരൂര്‍ അധ്യാപകനെ മോചിപ്പിച്ചു എന്നു പറയാം.

ഇങ്ങനെ മോചിതനായ അധ്യാപകന്‍ കേരളീയ ജീവിതത്തിന്റെ എല്ലാ മേഖലകളിലും മുന്‍കൈ നേടുന്നതാണ് പിന്നത്തെ ചരിത്രം. ‘മാഷ് എന്തു പറയുന്നു’ എന്നതായി ഏതു വിഷയത്തിലും തീരുമാനമെടുക്കുന്നതിനുമുമ്പുള്ള ചോദ്യം.

പഞ്ചായത്ത് മെമ്പര്‍ മുതല്‍ പാര്‍ലമെന്റ് മെമ്പര്‍ വരെയുള്ളവരില്‍ ഏറിയ പങ്കും മാഷന്‍മാരായി. നാടകവും സിനിമയും രാഷ്ട്രീയവും അധ്യാപകരുടെ നിയന്ത്രണത്തിലായി. ‘ആംവേ’ മോഡല്‍ കച്ചവടം മുതല്‍ ‘റിയല്‍ എസ്റ്റേറ്റ്’ വരെ അധ്യാപകരുടെ വിഹാരരംഗമായി. മാറിയ കാലത്ത് അധ്യാപകര്‍ അതിലേറെ മാറി. വന്നുവന്ന് ആര്‍ക്കും ആരേയും ‘മാഷേ’ എന്നു വിളിക്കാവുന്നവിധം മാഷ് പണി ‘ജനകീയ’ മായി.

ഇങ്ങനെയൊരു ദശാസന്ധിയിലാണ് അക്ബര്‍ കക്കട്ടിലിന്റെ ‘ചെരിഞ്ഞ കണ്ണുകള്‍’ അധ്യാപക കഥകളില്‍ പതിക്കുന്നത്. ‘സ്‌കൂള്‍ ഡയറി’ ‘അധ്യാപക കഥകള്‍’ ‘ശ്രീപ്രിയയുടെ ആധികള്‍’ എന്നീ കഥാസമാഹാരങ്ങളും ‘പാഠം മുപ്പത്’ എന്ന സര്‍വീസ് സ്റ്റോറിയും മാഷന്മാരുടെയും മാഷിണികളുടെയും പുതിയ മുഖം വേണ്ടുംവണ്ണം വെളിച്ചപ്പെടുത്തി.

‘അംബുജാക്ഷന്‍ ഒമ്പതാം ക്ലാസില്‍ പഠിക്കുന്ന യുവാവാണ്’ എന്നും ‘അറബി മൂസയെ കണ്ടപ്പോള്‍ സംസ്‌കൃതം വാസു ചോദിച്ചു’ എന്നും എഴുതുമ്പോള്‍ കേരളത്തിലെ ഒരു സാധാരണ പള്ളിക്കൂടത്തില്‍ മുറ്റത്താണ് നമ്മളിപ്പോള്‍ എന്നു നമുക്കു തോന്നിപ്പോകുന്നു. പത്താം തരത്തിലെ യുവതികളുടെ ലീലാവിലാസങ്ങളെക്കുറിച്ചു പറയുമ്പോള്‍ നമ്മളിലെ സദാചാരി ഉണരുകയും ഇങ്ങനെയൊക്കെ പറയാമോ എന്ന് ആശങ്കപ്പെടുകയും ചെയ്യുന്നു. സ്‌കൂളുകളിലെ മൂത്രപ്പുരകളില്‍ എഴുതിത്തെളിയുന്ന കുമാരീ കുമാരന്മാരെ പൊതുജനത്തിന് വേണ്ടത്ര പരിചയം കാണില്ല. ഒരു ‘ഇരുണ്ട ഭൂഖണ്ഡ’ മായി ഇപ്പോഴും തുടരുന്ന നമ്മുടെ കലാശാലകളുടെ ഇനിയും വെളിച്ചം വീഴാത്ത ആ ഇടങ്ങളിലേക്കായിരുന്നു അക്ബര്‍ മാഷിന്റെ ഞെക്കുവിളക്കു കണ്‍തുറന്നു നോക്കിയത്.

നാം കരുതുന്നതുപോലെ വിശുദ്ധമൃഗങ്ങളല്ല മാഷന്മാരും മാഷിണികളും എന്ന് അക്ബര്‍ കക്കട്ടില്‍ കാട്ടിത്തന്നു. ഇനിയുമൊളിക്കാന്‍ ഇടമില്ലാത്തവിധം അവരൊളിച്ചിരിക്കുന്ന മാളങ്ങളെ ചൂണ്ടിക്കാട്ടി വെളിപ്പെടുത്തിത്തന്നു. കാരൂര്‍ കഥകള്‍ അധ്യാപകരോട് കരുണയും ആദരവും ആവശ്യപ്പെട്ടുവെങ്കില്‍ കക്കട്ടില്‍ കഥകള്‍ അധ്യാപകരും മറ്റുള്ളവരും വ്യതിരിക്തരല്ല എന്നു കാട്ടാന്‍ ശ്രമിച്ചു.

അവശന്മാരും ആര്‍ത്തന്‍മാരും ആലംബഹീനന്മാരുമായിരുന്ന അധ്യാപകര്‍ അധ്യാപഹയന്‍മാരായി വളര്‍ന്നതിന്റെ കഥകളാണ് കക്കട്ടില്‍ പറഞ്ഞ അധ്യാപക കഥകള്‍. പറഞ്ഞുപറഞ്ഞു പൈങ്കിളിയായിപ്പോയ അധ്യാപകമാഹാത്മ്യത്തെ നേരിന്റെ നെറിവോടെ, നിര്‍മമതയോടെ പറയുകവഴി ഞങ്ങള്‍ അധ്യാപകരും സാധാരണ മനുഷ്യരാണെന്നും മനുഷ്യസഹജമായ ബലഹീനതകള്‍ ഞങ്ങള്‍ക്കുണ്ടെന്നും ലോകത്തെ ബോധ്യപ്പെടുത്തി. ദയവുചെയ്ത് അധ്യാപകരെ പ്രതിഷ്ഠിക്കാന്‍ ചില്ലുകൂടുകള്‍ പണിയരുതേ എന്ന നിര്‍വ്യാജമായ അഭ്യര്‍ത്ഥനയാണ് കക്കട്ടിലിന്റെ അധ്യാപക കഥകള്‍.

(കാസര്‍ഗോഡ് മലയാളം അദ്ധ്യാപകനും നാടക പ്രവര്‍ത്തകനുമാണ് ലേഖകന്‍)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍