UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പുസ്തകങ്ങള്‍ക്ക് തീയിട്ടവരോട്, അക്ഷരങ്ങളെ നശിപ്പിക്കാന്‍ കഴിയില്ല

Avatar

അഴിമുഖം പ്രതിനിധി

‘സ്ഥിരമായി രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ ഉണ്ടാക്കുക, ആ സംഘര്‍ഷങ്ങളില്‍ പരാജയപ്പെടുമ്പോള്‍ ഗ്രന്ഥശാല ആക്രമിക്കുക, അഗ്‌നിക്കിരയാക്കുക, ആര്‍എസ്എസിന് മാത്രം സാധിക്കുന്ന കാര്യങ്ങള്‍ ആണ് ഇതെല്ലാം. മൂന്നുവട്ടം അവര്‍ ഈ സ്ഥാപനത്തെ ആക്രമിച്ചു. നാലാം വട്ടം കത്തിച്ചു ചാമ്പലാക്കി’ താലൂക്കരയില്‍ സംഘപരിവാര്‍ തീയിട്ടു നശിപ്പിച്ച എകെജി ഗ്രന്ഥശാലയുടെ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്നുകൊണ്ട് സെക്രട്ടറി മുസ്തഫ പറഞ്ഞു.

കഴിഞ്ഞ മാര്‍ച്ച് 22 അര്‍ദ്ധരാത്രിയാണ് മലപ്പുറം ജില്ലയിലെ തിരൂരില്‍ താലൂക്കര എകെജി സ്മാരക കലാവേദിയില്‍ പ്രവര്‍ത്തിച്ചിരുന്ന ഗ്രന്ഥശാല അഗ്‌നിക്കിരയായത്. 

നാലാം വട്ടമാണ് ഈ ഗ്രന്ഥശാല ലക്ഷ്യമാക്കി അക്രമം ഉണ്ടാകുന്നത്. 2013 നവംബറില്‍ ആണ് ആദ്യമായി ഈ സ്ഥാപനത്തിനു നേരെ ആക്രമം ഉണ്ടാകുന്നത്. 2014 ജനുവരിയിലും, 2015 ഓഗസ്റ്റിലും സമാന രീതിയില്‍ ഉള്ള അക്രമങ്ങള്‍ ഉണ്ടായി. 2015ലെ ആക്രമണത്തില്‍ വാതിലുകളും മറ്റും തകര്‍ത്തിരുന്നു. ഈ ആക്രമണങ്ങള്‍ക്കു പിന്നില്‍ ആര്‍എസ്എസ് ആണെന്നു സിപിഐഎം പറയുന്നു.

‘പരിസരപ്രദേശത്ത് എന്ത് പ്രശ്‌നം ഉണ്ടായാലും ആദ്യം അവര്‍ ലക്ഷ്യം വെക്കുന്നത് ഈ ഗ്രന്ഥശാല ആണ്. പാര്‍ടി ഗ്രന്ഥശാല ആണിതെന്നാണ് അവര്‍ പറയുന്നത്. എകെജി സ്മാരകഗ്രന്ഥശാല എന്നു പേരിട്ടിരിക്കുന്നതിനാല്‍ ഇവിടെ പാര്‍ട്ടി പരിപാടികള്‍ മാത്രമാണ് നടക്കുന്നതെന്നാണ് അവരുടെ വിചാരം. ഒരു നടിന്റെ ശബ്ദവും വെളിച്ചവുമാണീ സ്ഥാപനം. ആ വെളിച്ചത്തെ ഇല്ലാതാക്കാനാണ് അവര്‍ ശ്രമിച്ചത്. എന്നാല്‍ അവര്‍ക്ക് തെറ്റുപറ്റി. അയ്യായിരം പുസ്തകങ്ങള്‍ക്ക് പകരം കേരളജനത അന്‍പതിനായിരം പുസ്തകങ്ങള്‍ ഞങ്ങള്‍ക്ക് തരും. അടുത്ത മാസത്തോടു കൂടി ഗ്രന്ഥശാല വീണ്ടും പ്രവര്‍ത്തനം തുടങ്ങും; മുസ്തഫ പറയുന്നു. 

ഇലക്ഷന്‍ പ്രചരണങ്ങളുടെ ഭാഗമായി കൊടി ഉയര്‍ത്തുന്നതും ചുവരെഴുത്തുകള്‍ നടത്തുന്നതുമായി ബന്ധപ്പെട്ടു ഉണ്ടായ സിപി ഐ എം-ആര്‍എസ്എസ് സംഘര്‍ഷങ്ങളാണ് ഗ്രന്ഥശാലയുടെ പൂര്‍ണ നാശത്തില്‍ കലാശിച്ചത്.

ഇരുപത്തിയൊന്നാം തീയതി സിപിഐഎം പ്രവര്‍ത്തകര്‍ ചുവരെഴുതാനായി ബുക്ക് ചെയ്തിരുന്ന മതില്‍ ബിജെപി പ്രവര്‍ത്തകര്‍ കയ്യടക്കാന്‍ ശ്രമിച്ചതോടെയാണ് പ്രശ്‌നങ്ങളുടെ തുടക്കം. ഇതിനെ തുടര്‍ന്ന് സംഘര്‍ഷാവസ്ഥ നിലനിന്ന പ്രദേശത്ത് പൊലീസ് എത്തി രംഗം ശാന്തമാക്കുകയായിരുന്നു. രാത്രി ഒന്നരമണിയോടെ പൊലീസ് സ്ഥലം വിട്ടതിനു പിന്നാലെ സംഘമായെത്തിയ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ഗ്രന്ഥശാല തല്ലിത്തകര്‍ക്കുകയും പെട്രോള്‍ ഒഴിച്ച് തീയിടുകയും ആയിരുന്നുവെന്നാണ് സിപിഐഎം പറയുന്നത്. 

എന്റെ വീട് ഗ്രന്ഥശാലയ്ക്ക് അടുത്താണ്. രാത്രി ഒന്നരയോടെ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ സ്ഥലത്തെത്തുന്നതും ലൈബ്രറി നശിപ്പിക്കുന്നതും ഞാന്‍ വീട്ടിലിരുന്നു കാണുന്നുണ്ടായിരുന്നു. എനിക്കൊന്നും ചെയ്യാന്‍ കഴിഞ്ഞില്ല. ഞാന്‍ നാട്ടുകാരെയൊക്കെ വിളിച്ചു കൂട്ടുമ്പോഴേക്കും അവര്‍ അത് പൂര്‍ണമായും നശിപ്പിച്ചിരുന്നു. അവരുടെ ഉദ്ദേശം ലൈബ്രറി നശിപ്പിക്കല്‍ മാത്രമായിരുന്നോ എന്ന് സംശയമുണ്ട്. അവിടെ അറുപതിനു മുകളില്‍ കസേരകളും മറ്റും ഉണ്ടായിരുന്നു. അതൊന്നും കത്തി നശിച്ച അവശിഷ്ടങ്ങള്‍ക്കിടയില്‍ കാണുന്നില്ല. അതെല്ലാം അവര്‍ കൊള്ളയടിക്കുകയും ചെയ്തുകാണും; മുസ്തഫ പറയുന്നു. 

നാടിന്റെ സമസ്ത പുരോഗതിക്കും കാരണമായ സാമൂഹിക കേന്ദ്രമാണ് ഈ ഗ്രന്ഥശാല. 1980ല്‍ ആണ് അക്കാലത്തെ ചെറുപ്പക്കാര്‍ മുന്‍കൈ എടുത്ത് ഈ ഗ്രന്ഥശാല ആരഭികുന്നത്. അന്നുമുതല്‍ ഗ്രന്ഥശാലയുടെ സജീവ പ്രവര്‍ത്തനത്തിലുണ്ട്. കലാപരമായും, സാഹിത്യപരമായും, ജീവകാരുണ്യ പ്രവര്‍ത്തങ്ങളായും നിരവധി സേവനങ്ങള്‍ ആണ് എകെജി സ്മാരക ഗ്രന്ഥശാല ഈ നാടിനു വേണ്ടി ചെയ്തിട്ടുള്ളതും, ചെയ്തുകൊണ്ടിരിക്കുന്നതും. പുരോഗമന കലാസാഹിത്യ സംഗത്തെ മലബാര്‍ മേഖലയില്‍ ശക്തമായി വേരോടാന്‍ സഹായിച്ച സ്ഥാപനംകൂടി ആണ് എ കെ ജി സ്മാരക ഗ്രന്ഥശാല; മുസ്തഫ പറയുന്നു.

അക്ഷരം എന്ന വാക്കിന് ക്ഷരം(നാശം) ഇല്ലാത്തത് എന്നാണ് അര്‍ത്ഥം. അതറിയാത്തവരാകണം താലൂക്കര എകെജി ഗ്രന്ഥശാലയ്ക്ക് തീയിട്ടവര്‍. അയ്യായിരം പുസ്തകങ്ങളാണ് അന്നു കത്തിനശിച്ചതെങ്കില്‍ പകരം എകെജി ഗ്രന്ഥാശാലയ്ക്ക് സ്വന്തമാകാന്‍ പോകുന്നത് അമ്പതിനായിരം പുസ്തകങ്ങള്‍. അതിനു മുന്‍കൈയെടുക്കുന്നത് സാംസ്‌കാരിക കേരളം ഒറ്റക്കെട്ടയും. ഇതിന്റെ ഭാഗമായി സാമൂഹിക മാധ്യമങ്ങളില്‍ ഉള്‍പ്പെടെ ക്യാമ്പയിനുകള്‍ ആരംഭിച്ചു കഴിഞ്ഞു. ‘ഞങ്ങള്‍ താലൂക്കരയോടൊപ്പം എന്ന ഹാഷ് ടാഗ് വഴിയാണ് സാമൂഹ്യമാധ്യമങ്ങളില്‍ ഗ്രന്ഥശാല നവീകരണത്തിനുള്ള പ്രവര്‍ത്തങ്ങള്‍ നടക്കുന്നത്. താലൂക്കരയിലേക്ക് ഒരു ഒരു പുസ്തകം എന്ന പേരില്‍ ആരംഭിച്ച ഗ്രൂപ്പില്‍ പതിനായിരക്കണക്കിനു ആളുകള്‍ ആണ് പുസ്തകങ്ങളും,പണവും നല്‍കാം എന്ന് ഉറപ്പു നല്‍കിയിരിക്കുന്നത്. പ്രമുഖര്‍ ഉള്‍പെടെ നിരവധിപേര്‍ ഇപ്പോള്‍ തന്നെ താലൂക്കരയിലേക്ക് പുസ്തകങ്ങളും,പണവും നല്‍കി കഴിഞ്ഞു.ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും മലയാളി കൂട്ടായ്മകള്‍ വഴി പുസ്തകങ്ങള്‍ എത്തിത്തുടങ്ങിക്കഴിഞ്ഞു. ഒരു സമൂഹം മുഴുവന്‍ ഒരുമിക്കുകയാണ് അക്ഷരങ്ങളുടെ വിലയറിയാത്തവര്‍ കത്തിച്ചു കളഞ്ഞ പുസ്തക കലവറ തിരികെ കൊണ്ടുവരാന്‍.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍