നേരത്തെ പാര്‍ട്ടി ജയിച്ചാല്‍ ആര് മുഖ്യമന്ത്രിയാകുമെന്ന് താന്‍ തീരുമാനിക്കുമെന്നാണ് മുലായം പറഞ്ഞിരുന്നത്.
സമാജ് വാദി പാര്‍ട്ടിയിലെ വിഭാഗീയതയില്‍ പരാജയം ഉറപ്പിച്ച സ്ഥാപക നേതാവ് മുലായം സിംഗ് യാദവ് പിന്‍വാങ്ങുന്നു. തിരഞ്ഞെടുപ്പിന് ശേഷം പാര്‍ട്ടി അധികാരത്തിലെത്തുമ്പോള്‍ അഖിലേഷ് യാദവ് തന്നെയാകും മുഖ്യമന്ത്രിയെന്ന് മുലായം വ്യക്തമാക്കി. നേരത്തെ പാര്‍ട്ടി ജയിച്ചാല്‍ ആര് മുഖ്യമന്ത്രിയാകുമെന്ന് താന്‍ തീരുമാനിക്കുമെന്നാണ് മുലായം പറഞ്ഞിരുന്നത്.
അഖിലേഷ് യാദവും മുലായത്തിന്‌റെ ബന്ധു രാംഗോപാല്‍ യാദവും മുലായവും സഹോദരനും എസ്പി സംസ്ഥാന അദ്ധ്യക്ഷനുമായ ശിവ്പാല്‍ സിംഗ് യാദവും അമര്‍ സിംഗും മറുഭാഗത്തുമായുള്ള വിഭാഗീയത മാസങ്ങളായി രൂക്ഷമായിരുന്നു. ശിവ്പാല്‍ യാദവിനേയും അമര്‍ സിംഗിനേയും പുറത്താക്കണമെന്നായിരുന്നു അഖിലേഷ് യാദവിന്‌റെ ആവശ്യം. തിരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥി പട്ടികയടക്കം ഇരുവിഭാഗവും വേവ്വേറെ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഭൂരിപക്ഷം എംഎല്‍എമാരുടേയും പിന്തുണ അഖിലേഷാണ് നേടിയത്. ജനുവരി ഒന്നിന് സ്വയം പാര്‍ട്ടി ദേശീയ അദ്ധ്യക്ഷനായി അഖിലേഷ് യാദവ് പ്രഖ്യാപിച്ചു.
തിരഞ്ഞെടുപ്പിന് ശേഷം പാര്‍ട്ടി ദേശീയ പ്രസിഡന്‌റ് പദവി മുലായത്തിന് തന്നെ നല്‍കുമെന്ന് അഖിലേഷ് ക്യാമ്പ് സൂചന നല്‍കിയിരുന്നെങ്കിലും ഇനി അതിന് തയ്യാറാവാന്‍ സാദ്ധ്യത കുറവാണെന്നാണ് വിവരം. മുലായം വഴി ശിവ്പാല്‍ യാദവും അമര്‍ സിംഗും പാര്‍ട്ടിയില്‍ പിടിമുറുക്കുന്നത് ഒഴിവാക്കുക തന്നെയാണ് അഖിലേഷിന്‌റെ ലക്ഷ്യം. പാര്‍ട്ടിയിലെ പിന്തുണ ആവര്‍ത്തിച്ച് വ്യക്തമാക്കാനായി ഒന്നിലേറെ തവണ എംഎല്‍എമാരുടെ യോഗം അഖിലേഷ് വിളിച്ചിരുന്നു. അഖിലേഷുമായി പ്രശ്‌നമൊന്നും ഇല്ലെന്നാണ് കഴിഞ്ഞ ദിവസം മുലായം പറഞ്ഞത്.