UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ആണും പെണ്ണും ഒന്നിച്ചിരിക്കുന്നതില്‍ അശ്ലീലം കാണുന്നവര്‍ അറിയേണ്ട അക്കായ് പദ്മശാലിയുടെ ജീവിതം

Avatar

നിയ മറിയം

പാര്‍ശ്വവത്ക്കരിക്കപ്പെടേണ്ടവരല്ല. മറ്റേതൊരു മനുഷ്യജീവിയെയും പോലെ ആണ്ണിനെയും പെണ്ണിനെയും പോലെ ഞങ്ങള്‍ക്കും ജീവിക്കാന്‍ അവകാശമുണ്ട്. എത്ര ഉച്ചത്തില്‍ വിളിച്ചു കൂവിയാലും ഈ വാക്കുകള്‍ ഒരു പക്ഷേ ആരും കേള്‍ക്കില്ല. കേട്ടാലും കേട്ടില്ലെന്നു നടിക്കും. സ്ത്രീയും പുരുഷനുമല്ലാതെ മൂന്നാമതൊരു വിഭാഗത്തെ അംഗീകരിക്കാന്‍ മടിയുള്ളവര്‍ക്കിടയില്‍ പുരുഷനായി പിറന്ന് പെണ്ണായി ജീവിക്കുന്ന അക്കായ് പദ്മശാലി മൂന്നാംലിംഗക്കാര്‍ക്കു വേണ്ടി പൊരുതുകയാണ്. ഭിന്നലിംഗക്കാരെ പരിഹാസത്തോടെ നോക്കുന്ന സമൂഹത്തെ ചിരിച്ചു കൊണ്ടു നേരിടുകയാണിവള്‍. ആണായി പിറന്നു പെണ്ണെന്ന പേരില്‍ ഡ്രൈവിങ്ങ് ലൈസന്‍സ് സ്വന്തമാക്കിയ ഇന്ത്യയിലെ ആദ്യ ട്രാന്‍സ്‌ജെന്റര്‍. കര്‍ണാടകയുടെ രാജ്യോത്സവ പുരസ്‌കാരം നേടിയ, വിദേശനാടുകളില്‍ മൂന്നാംലിംഗക്കാരെ കുറിച്ചു സെമിനാറെടുക്കാന്‍ പോകുന്ന അക്കായ്.

കുട്ടിക്കാലം തൊട്ടേ അണിഞ്ഞൊരുങ്ങി നടക്കാന്‍, കൂട്ടുകാരികള്‍ക്കൊപ്പം കളിക്കാന്‍ ഇഷ്ടപ്പെട്ടിരുന്നവന്‍. അവന്റെ ഉപബോധങ്ങളില്‍ ഒളിച്ചു കിടക്കുന്ന പെണ്‍ ചിന്തകളെക്കുറിച്ച്, പെണ്‍കുട്ടിയാകാന്‍ വെമ്പുന്ന മനസിനെക്കുറിച്ചൊന്നും ആരും അറിഞ്ഞില്ല. പെണ്മയിലേക്കുള്ള കൂടുമാറ്റത്തില്‍ പലതും നഷ്ടമായ വ്യക്തിയാണ് അക്കയ് പദ്മശാലിയെന്ന 32 കാരി. ഭിന്നലിംഗക്കാര്‍ക്കിടയില്‍ ഇവളിന്നു പ്രതീക്ഷയുടെ നാളമാണ്. തലകുനിച്ചല്ല ലോകമറിയന്ന നേട്ടങ്ങളുമായി അവള്‍ അഭിമാനത്തോടെ തലയുയര്‍ത്തി നില്‍ക്കുകയാണിപ്പോള്‍. ആണ്ണും പെണ്ണും ഒരുമിച്ചിരിക്കുന്നതില്‍ പോലും അശ്ലീലം കാണുന്ന മലയാളികള്‍ക്കു ഭിന്നലിംഗക്കാരോടുള്ള മനോഭാവം എന്താണെന്നു ഊഹിക്കാവുന്നതേയുള്ളൂ. ലിപ്സ്റ്റിക്കും കണ്ണുമെഴുതി പാട്ടും പാടി എത്തുന്നവരെ ആട്ടിയോടിക്കുമ്പോള്‍ ഒന്നോര്‍ക്കണം അവരുടെ ജീവിതം അങ്ങനെയൊക്കെയായതിനു പിന്നില്‍ സദാചാരവാദികളെന്നു വാദിക്കുന്നവരുള്‍പ്പെടുന്ന സമൂഹമാണ്. വീട്ടില്‍ നിന്നു മാനസികപീഢനവും കൂട്ടുകാരില്‍ നിന്നു ശാരീരികപീഢനവും നേരിടേണ്ടിവന്ന ജീവിതമാണു അക്കായ് പദ്മശാലിയുടേത്. രണ്ടു ദശാബ്ദക്കാലമായി ഭിന്നലിംഗക്കാര്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുന്ന അക്കായ് പറയുന്നു കേരളം സുന്ദരം, നല്ല മനുഷ്യര്‍, ഉയര്‍ന്ന സാക്ഷരത പക്ഷേ ലൈംഗികന്യൂനപക്ഷങ്ങളോടുള്ള പെരുമാറ്റത്തില്‍ ഇനിയും മാറാനുണ്ട്. നെറ്റി ചുളിച്ച്, പരിഹാസത്തോടെ മലയാളികള്‍ ഭിന്നലിംഗക്കാരെ നോക്കരുതെന്നാണിവര്‍ക്കു പറയാനുള്ളത്. എന്നാല്‍ ട്രാന്‍സ്‌ജെന്റര്‍ പോളിസി കൊണ്ടു വന്നതിനു സംസ്ഥാന സര്‍ക്കാരിനെ അഭിനന്ദിക്കാനും അവര്‍ മറന്നില്ല.

കഴിഞ്ഞ 20 വര്‍ഷമായി ലൈംഗിക ന്യൂനപക്ഷങ്ങളുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുകയാണ് അക്കയ് പദ്മശാലി. ജന്മം കൊണ്ട് ആണ്‍കുട്ടിയായിരുന്നു. എന്നാല്‍ വളരെ ചെറിയ പ്രായത്തില്‍ ഞാന്‍ എന്നിലെ പെണ്‍കുട്ടിയെ തിരിച്ചറിഞ്ഞു. എല്ലായ്‌പ്പോഴും മനസ് ആകുലമായിരുന്നു. ചെറിയ പ്രായത്തില്‍ ആണ്‍കുട്ടികള്‍ കളിക്കുന്നതു പോലെ കളിക്കാന്‍ ഇഷ്ടം തോന്നിയില്ല. ജഗദീഷ് എന്നായിരുന്നു കുട്ടിക്കാലത്തെ പേര്. ഏതു നേരവും അമ്മയുടെ സാരിത്തുമ്പിലായിരുന്നു. അമ്മയെ അടുക്കളയില്‍ സഹായിച്ചും അവരുടെ വസ്ത്രം ധരിച്ചും ആഭരണങ്ങള്‍ അണിഞ്ഞും കൂടെ നിന്നു. പെണ്‍കുട്ടികളെ പോലെ പെരുമാറുന്നതു കണ്ടു വീട്ടുകാര്‍ അത്ഭുതപ്പെട്ടു. എന്റെ പെരുമാറ്റത്തില്‍ അവര്‍ ഭയന്നു.

ഈ സ്വഭാവം മാറ്റാന്‍ നിര്‍ബന്ധിച്ചു. പക്ഷെ എന്റെ എട്ടാമത്തെ വയസില്‍ പെണ്ണാണെന്നു തിരിച്ചറിഞ്ഞു. അതോടെ അച്ഛനും അമ്മയും ഡോക്ടറെ കാണിച്ചു ചികിത്സിക്കാന്‍ ശ്രമിച്ചു. ക്ഷേത്രങ്ങളില്‍ നേര്‍ച്ച നേര്‍ന്നു. ഒരിക്കല്‍ അയല്‍വക്കത്തെ വീട്ടിലെ കൂട്ടുകാരിക്കൊപ്പം കളിക്കുന്നതു കണ്ട് അച്ഛന്‍ വീട്ടിലേക്കു വിളിച്ചുകൊണ്ടുപോയി തിളച്ച വെള്ളം കാലില്‍ ഒഴിച്ചു. ഇനി പെണ്‍കുട്ടികളെ പോലെ പെരുമാറരുതെന്ന കര്‍ശന നിര്‍ദേശവും തന്നു. പിന്നെ മൂന്നു മാസം വീട്ടുതടങ്കലില്‍. പിന്നെ കുറേക്കാലം അങ്ങനെയാകാതെ ശ്രമിച്ചു, സ്‌ത്രൈണത ഒളിപ്പിച്ചു. പക്ഷെ കൗമാരത്തിന്റെ ആദ്യനാളുകളില്‍ തിരിച്ചറിഞ്ഞു ഒരിക്കലും ആണായി ജീവിക്കാന്‍ സാധിക്കില്ലെന്ന്. പെണ്‍കുട്ടികളോടു സംസാരിക്കുമ്പോളും കളിക്കുമ്പോഴുമെല്ലാമാണ് താന്‍ സന്തോഷിക്കുന്നതെന്നു അക്കായ് പറയുന്നു.

സ്‌കൂള്‍ കാലം ഓര്‍മിക്കാന്‍ അത്ര ഇഷ്ടമൊന്നുമില്ലെന്നു അക്കായ് പദ്മശാലി. സ്‌കൂളില്‍ പോകുമ്പോള്‍ പലരും കളിയാക്കും. എന്റെ ഒപ്പം നില്‍ക്കാനോ എന്നെ മനസിലാക്കാനോ സുഹൃത്തുക്കളൊന്നുമില്ലായിരുന്നു. കണ്ണെഴുതിയും നെയ്ല്‍പോളിഷ് ഇട്ടുമാണു സ്‌കൂളില്‍ പോയിരുന്നത്. എല്ലാവരും കുറ്റപ്പെടുത്തി. വീട്ടുകാരും അധ്യാപകരും ആരുമെന്നെ മനസിലാക്കിയില്ല. സ്‌കൂള്‍ പഠനകാലത്തു രണ്ടു തവണ ആത്മഹത്യയ്ക്കു ശ്രമിച്ചു. പക്ഷെ മരണത്തിനു പോലും എന്നെ വേണ്ടായിരുന്നു. ബാല്യം അത്രയേറെ കയ്‌പേറിയതായിരുന്നു. ട്രെയ്‌നിങ് സെന്ററില്‍ വച്ചു ലൈംഗിക അതിക്രമത്തിനും ഇരയായി. സുഹൃത്തുക്കളായ ആറു പേര്‍ ചേര്‍ന്നാണ് പീഡിപ്പിച്ചത്. ഇതേക്കുറിച്ചു പ്രിന്‍സിപ്പലിനോടു പരാതിപ്പെട്ടപ്പോള്‍ അദ്ദേഹം പറഞ്ഞതു നീ ആണ്‍കുട്ടിയാണ്.. പക്ഷെ പെണ്‍കുട്ടിയെ പോലെ പെരുമാറുന്നു.

അപ്പോള്‍ ഇതൊക്കെ നേരിട്ടേ മതിയാകൂ. ഓര്‍മിക്കാന്‍ പോലും ഇഷ്ടപ്പെടാത്ത കാലമാണതെന്നു അക്കായ്. പ്രതിസന്ധികളെ തുടര്‍ന്നു പാതിവഴിയില്‍ പഠനം നിറുത്തി. പത്താം ക്ലാസില്‍ പരീക്ഷയോടു കൂടിയാണു പഠനം അവസാനിപ്പിക്കുന്നത്. കണക്കിനു തോറ്റു. പിന്നെ സന്തോഷകരമായ ഒന്നുമില്ലല്ലോ പഠനം തുടരാന്‍. ഒടുവില്‍ 16ാമത്തെ വയസില്‍ സഹോദരനോടു പറഞ്ഞു ഞാന്‍ ആണല്ല, പെണ്ണാണെന്ന്. എന്നെ ആദ്യം മനസിലാക്കിയ വ്യക്തിയാണ് ഇളയ സഹോദരനായ പ്രദീപ്. സഹോദരന്‍ വീട്ടുകാരോടു പറഞ്ഞു.

അവര്‍ പക്ഷെ സ്വീകരിക്കാന്‍ തയ്യാറായില്ല. വീട്ടുകാരുമില്ല, സുഹൃത്തുക്കളുമില്ല. ആരുമില്ലാതെ അനാഥയായി. ആ ഒറ്റപ്പെട്ട ദിവസങ്ങളെക്കുറിച്ച് പറയുമ്പോള്‍ അക്കയ്യുടെ മുഖത്തെ ചിരി മായും. ആര്‍ക്കും എന്റെ ജീവിതത്തെക്കുറിച്ചോ പഠനത്തെക്കുറിച്ചോ ഭാവിയെക്കുറിച്ചോ എന്തിനേറെ എന്റെ മനസ് എന്താണെന്നു പോലും മനസിലാക്കാനായില്ല. ആരും അതിനു ശ്രമിച്ചില്ല. എന്നിലെ പെണ്‍സ്വഭാവം എല്ലാവര്‍ക്കും പറഞ്ഞു ചിരിക്കാനുള്ളതായിരുന്നു. എന്റെ സംസാരവും നടത്തവും അവര്‍ അനുകരിച്ചു എല്ലാവരെയും ചിരിപ്പിച്ചു.

സെക്‌സ് റീഅസൈന്‍മെന്റ് സര്‍ജറി ചെയ്തിട്ടുണ്ട്. 2000-04 നാലു വര്‍ഷക്കാലം ലൈംഗിക തൊഴിലാളിയുമായിരുന്നു, ഭിക്ഷ യാചിച്ചിട്ടുണ്ട്. ജീവിക്കാന്‍ വേറെ വഴിയില്ലാതെ വന്നതോടെയാണ് ഈ തൊഴിലൊക്കെ ചെയ്യുന്നത്. കൈനീട്ടി നില്‍ക്കുന്ന തനിക്കു മുന്നില്‍ കാറുകളുടെ ചില്ല് താഴ്ത്തിയും കാര്‍ ഓടിച്ചു പോയും മുഖത്തു നോക്കാതെ പോയും ഭിക്ഷ പോലും തന്നില്ലെന്നും അക്കായ് പറയുന്നു.

ഒടുവില്‍ അക്കയ് മൂന്നാം ലിംഗക്കാരുടെ കൂട്ടായ്മയില്‍ ചേര്‍ന്നു നിലനില്‍പ്പിനുള്ള പോരാട്ടത്തിന് തുടക്കമിട്ടു. പാര്‍ശ്വവത്കരിക്കപ്പെടുന്നവരുടെ പ്രശ്‌നങ്ങള്‍ക്കു പരിഹാരമാകാന്‍ ഓണ്‍ഡഡെ എന്ന പേരില്‍ സംഘടനയുണ്ടാക്കി പ്രവര്‍ത്തിക്കുകയാണിന്നിവര്‍ . ലൈംഗിക ന്യൂനപക്ഷങ്ങള്‍ക്കു സാമൂഹ്യ നീതി ഉറപ്പാക്കിയാല്‍ ഒരിക്കലും അവര്‍ക്കു ലൈംഗിക തൊഴില്‍ ചെയ്തു ജീവിക്കേണ്ടി വരില്ല. പത്താം ക്ലാസിലെ കണക്കു പരീക്ഷയ്ക്കു തോറ്റു പോയ അക്കയ് ജീവിതത്തില്‍ പരാജയപ്പെട്ടില്ല. ബിരുദങ്ങളൊന്നുമില്ലാത്ത അവര്‍ നന്നായി ഇംഗ്ലിഷ് സംസാരിക്കും. മാധ്യമങ്ങളിലൂടെയും ടെലിവിഷനിലൂടെയും ആര്‍ജിച്ചെടുത്തതാണ് ഇതെന്നു അക്കയ് പറയുന്നു. ജപ്പാന്‍, നേപ്പാള്‍ തുടങ്ങിയ വിദേശനാടുകളില്‍ ട്രാന്‍സ്‌ജെന്‍ഡറിനെക്കുറിച്ചു ക്ലാസെടുക്കാനും പോയിട്ടുണ്ട്.

നാട്ടിലും വീട്ടിലും സ്വീകാര്യയാണിപ്പോള്‍. 2012 ല്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസായി അല്‍ത്തമാസ് കബീര്‍ സത്യപ്രതിജ്ഞ ചെയ്യുന്ന ദിവസം ചടങ്ങിലെ ക്ഷണിതാവായി അക്കയ് പദ്മശാലിയുമുണ്ടായിരുന്നു. ഭരണഘടനയില്‍ ഇപ്പോഴും ഭിന്നലിംഗക്കാര്‍ കുറ്റക്കാരാണ്. ഇതില്‍ മാറ്റം വരുന്നതിനു 377ാം വകുപ്പ് പൂര്‍ണമായും പിന്‍വലിക്കുകയാണ് വേണ്ടത്. ഭിന്നലിംഗക്കാരുടെ ജീവിതം കൂടുതല്‍ മെച്ചപ്പെട്ടതാക്കാന്‍ ശ്രമിക്കുകയാണിപ്പോള്‍.

ഈ ദുരിതങ്ങള്‍ക്കിടയിലും സംഗീതമാണു ഇവരുടെ മറ്റൊരു സന്തോഷം. എം.എസ്. സുബ്ബലക്ഷ്മിയെയും എസ്. ജാനകിയെയും ഇഷ്ടപ്പെടുന്ന അക്കായ് പാട്ടുകാരി കൂടിയാണ്. കുറച്ചു കാലം ശാസ്ത്രീയസംഗീതം അഭ്യസിച്ചിരുന്നു. എന്നാല്‍ ആരും പഠിപ്പിക്കാന്‍ വരാത്തതു കൊണ്ടു സംഗീത പഠനവും അവസാനിച്ചു. ഭിന്നലൈംഗികത ഒരു ശരീരാവസ്ഥയാണ്. തൊഴിലിടങ്ങളിലും വിദ്യാഭ്യാസ ഇടങ്ങളിലും മാനസിക പിന്തുണ ലഭ്യമാകാത്ത സാഹചര്യമാണ് ഇന്നുള്ളത്. ഇതിനായി ഭിന്നലിംഗ സംവരണത്തിനു നിയമം കൊണ്ടുവരണം. പാര്‍ശ്വവത്ക്കരിക്കപ്പെടുന്ന ന്യൂനപക്ഷക്ഷങ്ങളെ സംരക്ഷിക്കാനും ലിംഗസമത്വം ഉറപ്പുവരുത്തുന്നതിനും അധികാരികളാണു തീരുമാനമെടുക്കേണ്ടത്. അതിനുള്ള ശ്രമങ്ങള്‍ തന്നെപ്പോലുള്ളവര്‍ തുടരുമെന്നും അക്കായ് പറയുന്നു.

(സ്വതന്ത്ര മാധ്യമപ്രവര്‍ത്തകയാണ് ലേഖിക)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions) 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍