UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഇനി ആരും തടയില്ല; അക്ഷര വീണ്ടും കോളേജ് ഹോസ്റ്റലിലേക്ക്

അഴിമുഖം പ്രതിനിധി

അനിശ്ചിതത്വങ്ങള്‍ക്ക് വിട. അക്ഷരയ്ക്ക് മുന്നിലുണ്ടായിരുന്ന തടസങ്ങള്‍ നീങ്ങി. കോളേജ് ഹോസ്റ്റലില്‍ തന്നെ താമസിച്ച് തന്നെ അവള്‍ക്ക് തുടര്‍ പഠനം നടത്താം.

അക്ഷരയ്ക്കായി പ്രത്യേക മുറിയും ബാത്ത് റൂം സൗകര്യങ്ങളും അനുവദിച്ചു നല്‍കിയിട്ടുണ്ട്. കഴിഞ്ഞ ശനിയാഴ്ച്ച കണ്ണൂര്‍ കളക്ടറിന്റെ ചേംബറില്‍ നടന്ന ചര്‍ച്ചയില്‍ അക്ഷരയ്ക്ക് ഹോസ്റ്റല്‍ സൗകര്യം നല്‍കണമെന്നും ആവശ്യമെങ്കില്‍ പ്രത്യേക മുറി അനുവദിച്ചു കൊടുക്കണമെന്നും കളക്ടര്‍ പി. ബാലകിരണന്‍ നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ മാനേജ്‌മെന്റ് പ്രതിനിധിയായി പങ്കെടുത്ത കോളേജ് പ്രിന്‍സിപ്പല്‍ ഇക്കാര്യത്തില്‍ വ്യക്തമായ ഉറപ്പ് മാനേജ്‌മെന്റുമായി ആലോചിച്ച ശേഷമേ നല്‍കാനാവൂ എന്നാണ് അറിയിച്ചത്. തുടര്‍ന്ന് മാനേജ്‌മെന്റ് നടത്തിയ ആലോചനയില്‍ കോളേജില്‍ വിദ്യാര്‍ത്ഥികള്‍ക്കും മാതാപിതാക്കള്‍ക്കുമായി കൗണ്‍സിലിംഗ് നടത്താന്‍ തീരുമാനിച്ചിരുന്നു. ഇതിനുശേഷം വ്യാഴാഴ്ച്ച അക്ഷരയുടെ ഹോസ്റ്റല്‍ പ്രവേശം സാധ്യമാക്കാമെന്നായിരുന്നു തീരുമാനം. ഇതനുസരിച്ച് ചൊവ്വ, ബുധന്‍ ദിവസങ്ങളിലായി വിദ്യാര്‍ത്ഥികള്‍ക്കും മാതാപിതാക്കള്‍ക്കുമായി കൗണ്‍സിലിംഗുകള്‍ സംഘടിപ്പിച്ചിരുന്നു. എല്ലാവരുടെയും ആശങ്കകള്‍ ദുരീകരിക്കപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ അക്ഷര തുടര്‍ന്നും ഹോസ്റ്റലില്‍ താമസിക്കുന്നതിന് ആര്‍ക്കും എതിര്‍പ്പില്ലെന്ന് മാനേജ്മെന്‍റ് വ്യക്തമാക്കി. ഇന്നു മുതല്‍ വീണ്ടും അക്ഷര ചെറിയൊരു ഇടവേളയ്ക്ക് ശേഷം കോളേജ് ഹോസ്റ്റലില്‍ തന്റെ താമസം തുടങ്ങുകയാണ്.

ഈ പെൺകുട്ടി ഇനി എന്തു ചെയ്യണം? ഒരു എച്ച്.ഐ.വി ബാധിതയോട് നമ്മൾ ചെയ്യുന്നത്
അക്ഷരയെ ഹോസ്റ്റലില്‍ തിരികെ പ്രവേശിപ്പിക്കണമെന്ന് കണ്ണൂര്‍ കളക്ടറുടെ നിര്‍ദ്ദേശം 

നിങ്ങളെന്തിനാണ് അക്ഷരയെ ഇപ്പോഴും വെയിലത്ത് നിര്‍ത്തിയിരിക്കുന്നത്?

കണ്ണൂര്‍ വാദിഹുദ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് റിസര്‍ച്ച് ആന്‍ഡ് അഡ്വാന്‍സ്ഡ് സ്റ്റഡീസില്‍ ഒന്നാം വര്‍ഷ സൈക്കോളജി വിദ്യാര്‍ത്ഥിയായ അക്ഷര എച്ച് ഐ വി പോസിറ്റീവ് ആണെന്ന കാരണം ചൂണ്ടിക്കാട്ടി രണ്ടു വിദ്യാര്‍ത്ഥികള്‍ ഹോസ്റ്റല്‍ മാറിയതിനെ തുടര്‍ന്നാണ് ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ തുടങ്ങിയത്. താമസം മാറ്റിയ വിദ്യാര്‍ത്ഥികളുടെ മാതാപിതാക്കളുടെ പരാതിയ തുടര്‍ന്ന് മാനേജ്‌മെന്റ് എടുത്ത തീരുമാനം ആയിരുന്നു അക്ഷരയ്ക്ക് ഹോസ്റ്റലിനു പുറത്ത് മറ്റൊരിടത്തേക്ക് താമസം ഒരുക്കുകയെന്നത്. ഈ ആവശ്യം അക്ഷരയുടെ വീട്ടിലെത്തി രണ്ട് അധ്യാപകര്‍ അറിയിക്കുകയും ചെയ്തു. തുടര്‍ന്ന് ഹോപ്പ് ചാരിറ്റബിള്‍ കേന്ദ്രത്തില്‍ അക്ഷരയ്ക്ക് താമസം ഒരുക്കുകയും ചെയ്തു. എന്നാല്‍ മാനസികമായി പുതിയ താമസസ്ഥലവുമായി പൊരുത്തപ്പെടാനാകാതെ വന്ന അക്ഷര തനിക്കവിടെ നില്‍ക്കാന്‍ സാധിക്കുന്നില്ലെന്ന് കോളേജില്‍ അറിയിച്ചിരുന്നു. തന്റെ പഠനം തടസമില്ലാതെ തുടരാന്‍ ഹോസ്റ്റല്‍ സൗകര്യം ലഭ്യമാക്കണമെന്നായിരുന്നു അക്ഷരയുടെ ആവശ്യം. ദേശീയ മാധ്യമങ്ങളടക്കം അക്ഷരയുടെ പ്രശ്‌നം ഏറ്റെടുക്കയും ചെയ്തു.

കോളേജില്‍ നിന്ന് ഒരുതരത്തിലുള്ള വിവേചനവും ഉണ്ടായിരുന്നില്ലെങ്കിലും ഹോസ്റ്റലില്‍ താമസിക്കാന്‍ തനിക്ക് ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വന്നത് അക്ഷരയെ വിഷമത്തിലാക്കിയിരുന്നു. അതിനാല്‍ തന്നെ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ആ പെണ്‍കുട്ടി കോളേജില്‍ എത്തിയിരുന്നുമില്ല. ഇപ്പോള്‍ പ്രശ്‌നങ്ങള്‍ക്കെല്ലാം ശുഭപര്യവസാനമായിരിക്കുന്നു.

ഒന്നാം സെമസ്റ്റര്‍ പരീക്ഷ അടുത്തിരിക്കുകയാണ്. ചെറിയ വേദനകളെല്ലാം മറന്ന് ഇനി പരീക്ഷയുടെ ചൂടിലേക്ക് പോവുകയാണ് ഐ എ എസ് എന്ന ലക്ഷ്യം ജീവിതത്തില്‍ പിന്തുടരുന്ന അക്ഷര. എല്ലാവിധ പിന്തുണയും നിറഞ്ഞ സൗഹൃദവുമായി അക്ഷരയുടെ സുഹൃത്തുക്കളും അവള്‍ തിരിച്ചെത്തിയതിന്റെ സന്തോഷത്തിലാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍