UPDATES

പി കെ ശ്രീനിവാസന്‍

കാഴ്ചപ്പാട്

പി കെ ശ്രീനിവാസന്‍

ന്യൂസ് അപ്ഡേറ്റ്സ്

ബച്ചനും മഞ്ജുവും പിന്നെ കല്യാണ രാമന്‍മാരും

ജീവിതം പോലും മുക്കുപണ്ടമാകുന്ന കാലമാണല്ലോ ഇത്. അക്ഷയത്രിതീയ ആഘോഷിച്ചില്ലെങ്കില്‍ സുനാമികളും ഭൂകമ്പങ്ങളും ഉണ്ടാകുമെന്ന വിശ്വാസം നമ്മുടെ ഞരമ്പുകളില്‍ കുടിയേറിയിട്ട് വര്‍ഷം നാലഞ്ച് കഴിഞ്ഞിരിക്കുന്നു. കപടമന്ത്രവാദങ്ങളിലൂടെ ആവാഹിച്ചെടുത്ത അക്ഷയത്രിതീയ എന്ന ചെകുത്താനെ ഏപ്രില്‍ മാസങ്ങളില്‍ സമൂഹമധ്യത്തില്‍ തുറന്നുവിടുന്നതില്‍ മത്സരിക്കുകയാണ് ചെന്നൈയിലെ സ്വര്‍ണക്കച്ചവട പ്രമാണികള്‍. അവരുടെ ഇടയിലേക്കാണ് കെട്ടിച്ചമച്ച അക്ഷൗഹിണികളുമായി തൃശൂരില്‍ നിന്ന് കല്യാണരാമന്മാര്‍ വന്നിറങ്ങിയത്.

ത്യാഗരാജറോഡിലെ ശിവാജി ഇല്ലത്തിനു സമീപം പതിനയ്യായിരം ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ കെട്ടിപ്പൊക്കിയ കല്യാണ്‍ ജുവലറിയുടെ ഷോറൂമായിരുന്നു കഴിഞ്ഞ വാരത്തിലെ ചെന്നൈ നഗരത്തിലെ പ്രധാന സംഭാഷണ വിഷയം. ഏപ്രില്‍ 17 നു ഇന്ത്യയിലെ വമ്പന്‍ താരനിരയാണ് ഈ ഷോറൂമിന്റെ മുന്നില്‍ ‘ഷോ’ പ്രദര്‍ശിപ്പിക്കാന്‍ നിരന്നുനിന്നത്. ട്രാഫിക് ബ്ലോക്കുകളില്‍ നട്ടം തിരിയുന്ന ചെന്നൈ നഗരത്തെ കൊഞ്ഞനം കാട്ടിക്കൊണ്ട് അമിതാഭ് ബച്ചന്‍ മുതല്‍ മഞ്ജുവാര്യര്‍ വരെയുള്ളവര്‍ നിരന്നുനിന്നപ്പോള്‍ ജനം അന്തംവിട്ടതില്‍ തെറ്റില്ല. ടി നഗര്‍ ‘തീ’നഗറായി മാറാന്‍ അധികം സമയം വേണ്ടിവന്നില്ല. പണം വാരിയെറിഞ്ഞാല്‍ അമിതാഭ് ബച്ചനെന്നല്ല അമേരിക്കന്‍ പ്രസിഡന്റിനെ പോലും വിലക്കെടുക്കാനാകുമെന്ന് മുന്‍കൂട്ടി അറിഞ്ഞവരാണ് കല്യാണരാമന്മാര്‍. 

320 കോടി മുതല്‍മുടക്കില്‍ മൂന്ന് ഷോറൂമുകളാണ് കല്യാണ്‍ ചെന്നൈയില്‍ തുറക്കാന്‍ പോകുന്നത്. അതില്‍ ഒന്നാമത്തേതാണ് 200 കോടി ചെലവിടുന്ന ടി നഗറിലെ ഷോറൂം. ദൃശ്യമാധ്യമങ്ങളുടെ അതിപ്രസരം മൂലം പരസ്യവരുമാനം കുറഞ്ഞിരുന്ന ദിനപത്രങ്ങള്‍ക്ക് കല്യാണിന്റെ വരവ് വമ്പന്‍ ചാകരയായി. ഷോറൂം തുറക്കുന്നതിനു ഒരാഴ്ച മുമ്പും അതിനു ശേഷവും ദിവസവും മൂന്നും നാലും ഫുള്‍പേജ് പരസ്യങ്ങളാണ് ചെന്നൈയില്‍ നിന്നിറങ്ങുന്ന എല്ലാ ഇംഗ്ലീഷ് പത്രങ്ങള്‍ക്കും ഇതര ഭാഷാപത്രങ്ങള്‍ക്കും കനിഞ്ഞുനല്‍കിയത്. അക്ഷയത്രിതീയ കൂടി വന്നപ്പോള്‍ പരസ്യങ്ങളുടെ മേനികളില്‍ നിറങ്ങള്‍ നുരഞ്ഞുപൊന്തി. അതുകണ്ട ജനങ്ങളുടെ മനസ്സില്‍ ആയിരം സുവര്‍ണമണ്ഡലങ്ങള്‍ ഉദിച്ചു. ‘ദി ഹിന്ദു’ പത്രത്തിന്റെ ജാതകമാണ് കല്യാണ്‍പ്പുറപ്പാടിലൂടെ കെങ്കേമമായത്. പത്തു ലക്ഷം മുതല്‍ 15 വരെ ഫുള്‍പ്പേജിനു പരസ്യക്കൂലി വാങ്ങുന്ന ഈ മുത്തശ്ശിപ്പത്രത്തിന്റെ മടിശ്ശീലയില്‍ കോടികളുടെ കിലുക്കമാണുണ്ടായത്. (65 കോടിയുടെ നഷ്ടം ദി ഹിന്ദു ആദ്യമായ രേഖപ്പെടുത്തിയത് കഴിഞ്ഞ വര്‍ഷമായിരുന്നു.) ചെന്നൈ എഡിഷന്‍ മൂന്നര ലക്ഷം കോപ്പി വില്‍ക്കുന്നുണ്ടെന്ന് അവകാശപ്പെടുന്ന ടൈംസ് ഓഫ് ഈന്ത്യയാണ് കിലുക്കത്തിന്റെ കാര്യത്തില്‍ രണ്ടാം സ്ഥാനത്ത് എത്തിയത്. 

എന്നാല്‍ കല്യാണിന്റെ വരവ് നെഞ്ചിടിപ്പു വര്‍ദ്ധിപ്പിച്ചത് തൊട്ടടുത്തു നില്‍ക്കുന്ന തട്ടുപൊളിപ്പന്‍ സ്വര്‍ണ്ണക്കച്ചവടക്കാരെയാണ്. അതില്‍ പലതും മലയാളികളുടേതായിരുന്നു. പണ്ടെ വന്നു വേരുപിടിപ്പിച്ച പ്രിന്‍സ് ജുവലറി, കേരള ഫാഷന്‍ ജുവലറി എന്ന കെ എഫ് ജെ, കേരളാ ജുവലറി, മലബാര്‍ ജുവലറി, ജോയി ആലുക്കാസ് എന്നിവ അതില്‍ ഉള്‍പ്പെടുന്നു. ലളിതാ ജുവലറി, ഖസാന ജുവലറി, ജി ആര്‍ ടി തങ്കമാളികൈ, വി ബി ജെ (രണ്ടു ഗ്രൂപ്പ്) തുടങ്ങിയ ഡസനിലധികം വരുന്ന സ്വര്‍ണ്ണരാജക്കന്മാര്‍ ജനങ്ങളെ അടവുകള്‍ പതിനെട്ടും പയറ്റി പോക്കറ്റടിച്ചുകൊണ്ടിരിക്കുന്ന വേളയിലാണ് കല്യാണ്‍ സുവര്‍ണരഥത്തില്‍ നിന്ന് പൊട്ടിവീണത്.

അമിതാഭ് ബച്ചന്‍, പ്രഭു, ഐശ്വര്യ റോയി ബച്ചന്‍, വിക്രം പ്രഭു, നാഗാര്‍ജ്ജുന്‍, ശിവാജ്കുമാര്‍, മഞ്ജുവാര്യര്‍ എന്നിവരെ നിരത്തിനിറുത്തിയാണ് ബുദ്ധിമാനായ കല്യാണരാമന്‍ കളിച്ചത്. തലശ്ശേരിയിലെ ഒരു സര്‍ക്കസുകാരന്റെ ലാഘവത്തോടെ, മെയ്‌വഴക്കത്തോടെ ഉള്ള ചെപ്പടിവിദ്യ. മഞ്ഞലോഹത്തിന്റെ മോഹഭ്രമം തലയ്ക്കുപിടിച്ച പാവപ്പെട്ട ചെന്നൈ നിവാസികള്‍ ത്യാഗരാജ റോഡിലെ ശിവാജി ഇല്ലത്തിനു സമീപമുള്ള കല്യാണിലേക്ക് മത്സരം ഓട്ടം നടത്തുമ്പോള്‍ കുന്തിച്ചിരുന്നത് വമ്പന്‍ സ്വര്‍ണ്ണക്കച്ചവടക്കാരായിരുന്നു. പത്രങ്ങളിലും ദൃശ്യമാധ്യമങ്ങളിലും കല്യാണിന്റെ പരസ്യങ്ങള്‍ കുമിഞ്ഞുകൂടിയപ്പോള്‍ അവര്‍ക്ക് ഇരുക്കപ്പൊറുതിയില്ലാതായി. മാത്രമല്ല, പതിനായിരം കോടിയുടെ വിറ്റുവരവാണ് ഈ വര്‍ഷം ലക്ഷ്യമിടുന്നതെന്നു കൂടി കല്യാണരാമന്‍മാര്‍ പറഞ്ഞപ്പോള്‍ എതിര്‍ കക്ഷികളുടെ തല ചുറ്റാന്‍ തുടങ്ങി. തങ്ങളുടെ വരുമാനത്തിന്റെ മുഖ്യപങ്കാണല്ലോ ഈ ‘പഹയന്‍’ കൊണ്ടുപോകുന്നതെന്ന് അവര്‍ രഹസ്യം പറഞ്ഞു. 

അങ്ങനെയാണ് ‘പരസ്യമാര്‍ഗ്ഗം’ അവലംബിക്കാന്‍ അവരും നിര്‍ബന്ധിതരായത്. അതാകട്ടെ സാമ്പത്തിക പ്രതിസന്ധിയാലായ ചെന്നൈയിലെ ദിനപത്രങ്ങള്‍ക്ക് അനുഗ്രഹമായി. പ്രിന്‍സ് ജുവലറിയും, മലബാര്‍ ജുവലറിയും, ജോയി ആലുക്കാസും, കെ എഫ് ജെയും, ലളിതാ ജുവലറിയും, ഖസാന ജുവലറിയും, ജി ആര്‍ ടിയും, വി ബി ജെയുമൊക്കെ പരസ്യ ഏജന്‍സികളുടേയും വിഷ്വല്‍ കമ്പനികളുടേയും ആപ്പീസുകളില്‍ ക്യൂ നില്‍ക്കാനും തുടങ്ങി. മൂന്നും നാലും പേജ് പരസ്യങ്ങള്‍ പത്രങ്ങള്‍ക്കും കമനീയമായ ഐറ്റങ്ങള്‍ ദൃശ്യമാധ്യമങ്ങള്‍ക്കും അവര്‍ തരപ്പെടുത്തി. പ്രിന്‍സ് ജുവലറിയും, ലളിതാ ജുവലറിയും തങ്ങളുടെ കുടുംബപുരാണങ്ങള്‍ അവതരിപ്പിച്ചുകൊണ്ടാണ് പരസ്യങ്ങള്‍ നല്‍കിയത്. കോട്ടയത്തെ എണ്‍പതു വര്‍ഷം പഴക്കമുള്ള തന്റെ വേരുകള്‍ അവതരിപ്പിച്ചുകൊണ്ട് പ്രിന്‍സിലെ പ്രിന്‍സന്‍ ജോര്‍ജ്ജ് പ്രധാന പരസ്യം രൂപപ്പെടുത്തി. സാധാരണക്കാരനായ താന്‍ 18 മണിക്കൂര്‍ ജോലി ചെയ്യുന്നതിനെക്കുറിച്ചാണ് ലളിതാ ജുവലറിക്കാരന്‍ എന്‍ കിരണ്‍കുമാര്‍ പരസ്യം കൊടുത്തത്. മൊട്ടത്തലയുമായി ചിരിച്ചുനില്‍ക്കുന്ന ഉടമയുടെ ചിത്രമാണ് പരസ്യവാചകങ്ങളേക്കാള്‍ വായനക്കാരെ ഏറെ ആകര്‍ഷിച്ചത്. ജോയ് ആലുക്കാസാകട്ടെ ലിംകാ ബുക് ഓഫ് റിക്കോര്‍ഡ് ലഭിച്ച ലോകത്തിലെ ഏറ്റവും വലിയ ജ്വല്ലറി എന്ന വിശേഷണത്തോടെയാണ് ചെന്നൈയിലെ മലയാള പത്രങ്ങള്‍ക്ക് പരസ്യം കൊടുത്തത്. അങ്ങനെ പോകുന്നു സ്വര്‍ണ്ണമുതലാളിമാരുടെ പരസ്യ വിക്രിയകള്‍. പക്ഷേ കല്യാണരാമന്റെ താരപ്പെരുമയ്ക്കു മുന്നില്‍ അവര്‍ തലകുനിക്കേണ്ടി വന്നു. സിനിമയുടെ മാസ്മരലോകത്തില്‍ അഭിരമിക്കുന്ന ചെന്നൈ നിവാസികളില്‍ എത്ര പേര്‍ക്ക് താരസംഗമവാര്‍ത്ത ഹൃദയസ്തംഭനമുണ്ടാക്കിയെന്ന് അറിയില്ല. (മഞ്ജുവാര്യര്‍ക്ക് ഇതൊന്നും അത്ര രസിക്കുന്നില്ല എന്ന ഭാവമായിരുന്നു.) 

അക്ഷയത്രിതീയയുടെ പേരില്‍ പണം വാരിക്കൂട്ടാനും ജുവലറി ഉടമകള്‍ക്കായി. കിട്ടിയ വിവരമനസരിച്ച് 2000 കിലോ സ്വര്‍ണാഭരണങ്ങളാണ് ആ ദിവസം വിറ്റുപോയത്. മുമ്പൊക്കെ ഒറ്റ ദിവസത്തെ ആഘോഷമായിരുന്നു അക്ഷയത്രിതീയക്ക്. ഇന്ന് വാരങ്ങളോളം അതിനെ താലോലിച്ചു നീട്ടിക്കൊണ്ടുപോകാനും ജനങ്ങളെ കൊള്ളയടിക്കാനും മുതലാളിമാര്‍ക്ക് കഴിയുന്നു. കോടികള്‍ എറിഞ്ഞ് കോടികള്‍ പിടിക്കുന്ന സുവര്‍ണലോകം റിയല്‍ എസ്റ്റേറ്റുകാരെ പോലും നിഷ്പ്രഭരാക്കുന്നു. ഇത്രമാത്രം സ്വര്‍ണം വാങ്ങിക്കൂട്ടാന്‍ ജനത്തിനു എവിടെ നിന്ന് പണം? ചോദ്യം പ്രസക്തമാണ്. പക്ഷേ സ്വര്‍ണ്ണരാജാക്കന്മാരുടെ മുന്നില്‍ മുട്ടുമടക്കാന്‍ അവര്‍ക്ക് പണം കണ്ടെത്തിയേ തീരൂ.

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions) 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍