UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മലയാളിക്ക് അക്ഷയ തൃതീയ ഫീവര്‍

Avatar

യു കലാനാഥന്‍

ഗ്രഹനക്ഷത്രാദികളുടെ മേഖലയില്‍ വരുന്ന ചില പദപ്രയോഗങ്ങള്‍ കൊണ്ട് ഒരു പ്രത്യേക നക്ഷത്രം ഒരു പ്രത്യേക സ്ഥാനത്തു വന്നാല്‍ അതിന് ഇത്ര ഗുണങ്ങള്‍ ഉണ്ട് എന്ന് പറയുന്നത് വ്യാപാര താല്‍പര്യത്തിന് വേണ്ടി ചില ആധുനിക സ്വര്‍ണ്ണക്കച്ചവടക്കാരുടെ തന്ത്രപരമായ ഒരു നിലപാടാണ്. അക്ഷയതൃതീയ എന്ന പേരുപയോഗിച്ചു ശരിക്കും ലാഭം കൊയ്യാനുള്ള ഒരു കുടിലതന്ത്രം. വ്യാപകമായി ജനങ്ങളെ സ്വാധീനിച്ച ജ്യോതിഷം എന്ന കപടനാണയത്തെ വ്യാപാരവത്കരിച്ചതിന്റെ ഫലമാണ് അക്ഷയതൃതീയ. ഈ ദിവസം സ്വര്‍ണം വാങ്ങുന്നയാള്‍ക്ക് സ്വര്‍ണം കയ്യില്‍ വന്നേക്കാം. പക്ഷെ പണം നഷ്ടപ്പെടുക തന്നെയാണ് സംഭവിക്കുന്നത്. അക്ഷയതൃതീയ കൊണ്ട് ശരിക്കും ഐശ്വര്യം ഉണ്ടാകുന്നതു സ്വര്‍ണ്ണക്കടക്കാരനാണ്, സ്വര്‍ണം വാങ്ങുന്നയാള്‍ക്കല്ല. കൂടുതല്‍ ആള്‍ക്കാര്‍ സ്വര്‍ണം വാങ്ങുമ്പോള്‍ അയാള്‍ക്ക് കൂടുതല്‍ ലാഭം ഉണ്ടാകുന്നു. ആള്‍ക്കാരുടെ അന്ധവിശ്വാസങ്ങളില്‍ കണ്ണുവച്ചുള്ള ദുരുപയോഗപരമായ ഒരു സംഭവമാണ് ഈ ദിവസം നടക്കുന്നത്.

രണ്ടു രീതിയിലാണ് ജനങ്ങള്‍ ഈ സ്വര്‍ണ സംസകാരത്തിനു വിധേയരാകുന്നത്. ഒന്ന്, ഐശ്വര്യം വരുമെന്ന മിഥ്യാധാരണയില്‍, ആഭരണക്കമ്പം രണ്ടാമത്തേത്. കൂടുതല്‍ സ്വര്‍ണം അണിഞ്ഞാല്‍ കൂടുതല്‍ സൗന്ദര്യം വരുമെന്നാണ് പലരും ധരിച്ചു വച്ചിരിക്കുന്നത്. കാശുള്ളവന്‍ സ്വര്‍ണത്തിന്റെ അളവു കൂട്ടാന്‍ വാങ്ങുമ്പോള്‍ കാശില്ലാത്തവന്‍ ഐശ്വര്യം വരാന്‍ കാശു കടം വാങ്ങി സ്വര്‍ണം വാങ്ങുന്നു. ഇതൊരു പച്ചയായ കൊള്ളയടിക്കലാണ്.

അക്ഷയ തൃതീയ എന്ന ഒരു കപടവിശ്വാസ പ്രചാരണം മൂലം പ്രയോജനങ്ങള്‍ ഉണ്ടാകും എന്നതിനു ശാസ്ത്രീയ വശങ്ങള്‍ ഒന്നുമില്ല. ഒന്നും തെളിയിക്കപ്പെട്ടിട്ടുമില്ല. ദൗര്‍ഭാഗ്യമെന്തെന്നാല്‍ കേരള ജനതയുടെ 90 ശതമാനവും ഈ അക്ഷയതൃതീയ ഫീവറിനു അടിമകളാണ്. അന്ധവിശ്വാസികളുടെ എണ്ണം കൂടിയാല്‍ അന്ധവിശ്വാസം വിശ്വാസമാകുമോ, അത് സത്യമാകുമോ? ഭൂരിപക്ഷം ആള്‍ക്കാര്‍ അതില്‍ വിശ്വസിക്കുന്നു എന്നതുകൊണ്ട് മാത്രം അക്ഷയതൃതീയ ഒരു പരമാര്‍ത്ഥമാകുന്നില്ല.

എന്തുകൊണ്ടാണ് ജ്യോതിഷത്തിന്റെ ആദ്യ പാഠങ്ങളില്‍ ഇങ്ങനെ ഒരു വിശ്വാസം ഉണ്ടാവാതിരുന്നത്. കഴിഞ്ഞ കുറെ വര്‍ഷങ്ങളായാണ് ഈ(അന്ധ)വിശ്വാസം വേരുപിടിച്ചത്. ന്യൂ ജനറേഷന്‍ ജ്യോത്സ്യന്മാരുടെ കുരുട്ടുബുദ്ധിയില്‍ ഉദിച്ച തന്ത്രമാണിത്. എപ്പോഴോ അങ്ങനെയൊരു ജോത്സ്യന്‍ ഒരു സ്വര്‍ണ്ണക്കടക്കാരനെ ഇങ്ങനെ ഉപദേശിച്ചിട്ടുണ്ടാവും ‘ഈ ദിവസം സ്വര്‍ണ്ണം വാങ്ങിയാല്‍ ഐശ്വര്യം ഉണ്ടാകും എന്നൊരു പ്രചാരണം നടത്തൂ. ഐശ്വര്യമുണ്ടാവും, നിങ്ങള്‍ക്ക്’. ആ ഉപദേശം ഫലിക്കുകയും ചെയ്തിട്ടുണ്ടാവും.

സാധാരണ മനുഷ്യന്റെ അന്ധവിശ്വാസം എന്ന വിളനിലത്ത് കണ്ണുംപൂട്ടി ചാലു കീറി വിത്തിടുകയാണിവര്‍ ചെയ്യുന്നത്. അതില്‍ നിന്നും സാമ്പത്തിക ലാഭം എന്ന വിളവുമെടുക്കുന്നു.

ഭൂമി സൂര്യനെ ചുറ്റുന്നു എന്ന പ്രപഞ്ച സത്യത്തെ അവഗണിച്ചുകൊണ്ട് സൂര്യന്‍ ഭൂമിയെ ചുറ്റുന്നു എന്ന അസംബന്ധ പ്രമാണങ്ങളാണിന്നും ജ്യോതിഷത്തിന്റെ ആധാരം. നവഗ്രഹങ്ങള്‍ എന്ന സങ്കല്‍പം തന്നെ ഇന്നില്ലാതെയായിരിക്കുകയാണ്. പ്ലൂട്ടോ എന്നത് ഗ്രഹമല്ലെന്ന് ശാസ്ത്രം കണ്ടെത്തിക്കഴിഞ്ഞു. എന്നിട്ട് പോലും ജ്യോതിഷത്തിനിന്നും നവഗ്രഹങ്ങള്‍ തന്നെ, മാറ്റവുമില്ല. 

നക്ഷത്രങ്ങളും ഗ്രഹങ്ങളും ഒരു പ്രത്യേക രാശിചക്രത്തില്‍ നിന്നാല്‍ ആ ഗ്രഹങ്ങള്‍ക്കും നക്ഷത്രങ്ങള്‍ക്കും അത്ഭുതകരമായ ചില പ്രത്യേക ഗുണവിശേഷങ്ങള്‍ ഉണ്ടാവുമെന്നും ആ ഗുണവിശേഷങ്ങള്‍ക്ക് മനുഷ്യജീവിതത്തിന്റെ ഭാവി, ഭൂത,വര്‍ത്തമാന കാലങ്ങളില്‍ സ്വാധീനങ്ങള്‍ ചെലുത്താന്‍ സാധിക്കുമെന്നും ഉള്ള ഒരു ക്രൂരവും അന്ധവുമായ ഒരു വിശ്വാസപ്രമാണമാണ് ജ്യോത്സ്യം ഭാരതത്തിന് നല്‍കിയിട്ടുള്ള ഏറ്റവും വലിയ സംഭാവന .

സത്യത്തില്‍ ഇത് ശാസ്ത്രവുമായി യാതൊരു പൊരുത്തവുമില്ലാത്ത ഒരു പ്രശ്‌നമാണ്. എന്തുകൊണ്ടെന്നാല്‍ നക്ഷത്രങ്ങള്‍ക്കോ ഗ്രഹങ്ങള്‍ക്കോ എന്തെങ്കിലും ചിന്താശേഷിയോ വിശേഷഗുണങ്ങളോ ഉള്ളതായി ജ്യോതിശാസ്ത്രം അഥവാ ആസ്‌ട്രോണമി ഒരിക്കലും വിശദീകരണം നല്‍കിയിട്ടില്ല. 

ആസ്‌ട്രോണമിയാണ് ശരിക്കും ഗ്രഹങ്ങളെക്കുറിച്ചുള്ള ശാസ്ത്രവിഭാഗം. ആസ്‌ട്രോളജി എന്നത് ഫലപ്രവചനഭാഗമാണ്. ഒരു പ്രത്യേക രാശിയില്‍ ഗോളങ്ങളും അല്ലെങ്കില്‍ നക്ഷത്രങ്ങളുമൊക്കെ പ്രത്യേക രീതിയില്‍ സന്നിവേശിപ്പിക്കപ്പെട്ടാല്‍ മനുഷ്യജീവിതത്തില്‍ ഉണ്ടാകുന്ന ഫലങ്ങളെക്കുറിച്ചാണ് അതില്‍ പറയുന്നത്. അത്തരത്തില്‍ മനുഷ്യജീവിതത്തെ സ്വാധീനിക്കാന്‍ ഗ്രഹങ്ങള്‍ക്ക് ഒരു കാരണവശാലും കഴിയില്ല. ഗുരുത്വാകര്‍ഷണം എല്ലാ ഗ്രഹങ്ങള്‍ക്കും ഉണ്ടാവും. ഈ ശക്തി എല്ലാ രീതികളിലും അത് നില്‍ക്കുന്ന സ്ഥലങ്ങളില്‍ സമമായി സമാന്തരമായി വിതരണം ചെയ്യപ്പെടുന്ന ഒന്നാണ്. ഗുരുത്വാകര്‍ഷണത്തിനു മനുഷ്യജീവിതത്തില്‍ നേരിട്ടുള്ള സ്വാധീനം ഉണ്ടാക്കാന്‍ കഴിയുമെന്ന് ആരും എവിടെയും എഴുതി വച്ചിട്ടില്ല. ശാസ്ത്രീയമായ ഒരു പഠനവും അതിനെക്കുറിച്ച് നടത്തിയിട്ടില്ല, അതേ സമയം ഈ ജ്യോതിഷം അശാസ്ത്രീയവും അസംബന്ധവുമാണ് എന്ന നിരവധി പഠനങ്ങള്‍ നടന്നിട്ടുണ്ടു താനും.

ഇങ്ങനെയുള്ള വിശ്വാസങ്ങള്‍ വിറ്റു കാശാക്കുന്ന കള്ളനാണയങ്ങളെ സര്‍ക്കാര്‍ എന്തുകൊണ്ട് നിയന്ത്രിക്കുന്നില്ല. മഹാരാഷ്ട്രയില്‍ അങ്ങനെയൊരു നിയമം പ്രാബല്യത്തില്‍ വന്നു കഴിഞ്ഞു. ഇവിടെ ഇന്നും ആള്‍ ദൈവങ്ങളും അക്ഷയതൃതീയയും പാവപ്പെട്ടവനെ പിഴിഞ്ഞുകൊണ്ട് തന്നെ ഇരിക്കുന്നു.

അന്ധവിശ്വാസങ്ങള്‍ക്കെതിരെ പരിപാടികള്‍ സംപ്രക്ഷേപണം ചെയ്യുന്ന പല മാധ്യമങ്ങളും അക്ഷയ തൃതീയയെ അനുകൂലിക്കുന്ന പരസ്യങ്ങളും സംപ്രേക്ഷണം ചെയ്യുന്നതാണ് അതിലേറെ വിഷമമുളവാക്കുന്നത്. ഇതിങ്ങനെ തുടരുകയാണെങ്കില്‍ കൂടുതല്‍ ആള്‍ക്കാര്‍ ഇത്തരം അന്ധവിശ്വാസങ്ങള്‍ക്ക് ഇരയാകും. അത്തരം നടപടികള്‍ കാരണം ഈ അടുത്തകാലത്ത് മരണങ്ങള്‍ നടന്ന നാടാണിത്, നിയന്ത്രിച്ചില്ലെങ്കില്‍ ഇനിയും പലതും കാണേണ്ടി വരും.

(കേരളത്തിലെ പ്രമുഖ യുക്തിവാദി പ്രസ്ഥാന  നേതാവും വള്ളിക്കുന്ന് മുന്‍ പഞ്ചായത്ത്  പ്രസിഡന്റുമാണ് ലേഖകന്‍ )

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions) 
 
അഴിമുഖം യൂട്യൂബ് ചാനല്‍ സന്ദര്‍ശിക്കുക:

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍