UPDATES

ന്യൂസ് അപ്ഡേറ്റ്സ്

സ്വര്‍ണ്ണക്കച്ചവടക്കാരും കള്ളുകച്ചവടക്കാരും കൂടി കുളിപ്പിച്ചു കിടത്തുന്ന മലയാളി

ഹിന്ദുക്കള്‍ക്കും ജൈനന്മാര്‍ക്കും വിശേഷദിവസമാണ് അക്ഷയ ത്രിതീയ. വിഷ്ണുവിന്റെ അവതാരമായ പരശുരാമന്റെ ജന്മദിനമാണ് അക്ഷയ ത്രിതീയ. വേദവ്യാസനും ഗണപതിയും ചേര്‍ന്ന് മഹാഭാരതം എഴുതിത്തുടങ്ങിയതും ആ നാളിലാണ്. ജൈന വിശ്വാസമനുസരിച്ച് 24 തീര്‍ത്ഥങ്കരന്‍മാരില്‍ ആദ്യത്തെ തീര്‍ത്ഥങ്കരനായിരുന്ന ഋഷഭദേവ 11 മാസത്തെയും 13 ദിവസത്തേയും ഉപവാസത്തിനുശേഷം ആദ്യത്തെ ആഹാരമായി ഒരു കൈക്കുമ്പിള്‍ കരിമ്പിന്‍ നീരു കുടിച്ചതും അക്ഷയ ത്രിതിയ നാളിലായിരുന്നു. ഈ ദിവസം ദാനധര്‍മ്മങ്ങള്‍ ചെയ്താല്‍ നിങ്ങള്‍ക്ക് ഏറ്റവും വലിയ  പുണ്യം കിട്ടും എന്നാണ് വിശ്വാസം.

ദാനം നല്‍കുവാന്‍ ഏറ്റവും പവിത്രമെന്ന് വിശ്വസിക്കുന്ന ഈ ദിവസമാണ് സ്വര്‍ണ്ണം വാങ്ങാന്‍  ഏറ്റവും പുണ്യദിനമെന്ന് പരസ്യം ചെയ്ത്, കഴിഞ്ഞ കുറേ വര്‍ഷങ്ങളായി, സ്വര്‍ണ്ണക്കച്ചവടക്കാര്‍ മലയാളിയെ പറ്റിച്ചുകൊണ്ടിരിക്കുന്നത്. ഏതു പറ്റിക്കലും കാന്തം വച്ചുപിടിച്ചെടുക്കുന്ന മലയാളി ഈ പറ്റിക്കലിനും വര്‍ഷങ്ങളായി പണം മുടക്കിപ്പോരുന്നു. ഹര്‍ത്താലിനു തലേന്നാള്‍ ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ക്ക് മുന്നിലുള്ളതിനേക്കാള്‍ വലിയ ക്യൂ അക്ഷയ ത്രിതീയ നാളില്‍ സ്വര്‍ണ്ണക്കടകള്‍ക്കു മുന്നിലുണ്ടായിരുന്നു എന്നു പറഞ്ഞാല്‍ കാര്യം കൂടുതല്‍ വ്യക്തമാകും. ഒന്ന് ആണുങ്ങളുടെ ക്യൂ ആണെങ്കില്‍ മറ്റേത് സ്ത്രീകളുടേത്.

അക്ഷയ ത്രിതിയ ഹിന്ദുക്കള്‍ക്കും ജൈനന്മാര്‍ക്കും പുണ്യദിനമാണെങ്കില്‍, ആ ദിവസത്തില്‍ അതിന്റെ പേരില്‍ കച്ചവടം പൊടിപൊടിച്ച സ്വര്‍ണ്ണ കച്ചവടക്കാര്‍ക്കിടയില്‍ മതപരമായ യാതൊരു വ്യത്യാസവുമില്ല. മഹാഭാരതത്തിന്റെ പേരില്‍ മതപരമായോ വിശ്വാസപരമായോ വൈകാരികതകളൊന്നുമില്ലാത്ത ക്രിസ്ത്യാനിയും മുസല്‍മാനുമൊക്കെ മഹാഭാരതം എഴുതിത്തുടങ്ങിയതിന്റെ ഓര്‍മ്മ സ്വര്‍ണ്ണം വില്‍ക്കുക എന്ന ‘സല്‍ക്കര്‍മ്മ’ത്തിലൂടെ പുതുക്കി.

ഏതു വിശ്വാസവും സ്വര്‍ണ്ണം വില്‍ക്കാനുള്ള വഴിയായാണ് സ്വര്‍ണ്ണക്കച്ചവടക്കാരന്‍ കാണുന്നത്. ആ പ്രശസ്തമായ പരസ്യം ഓര്‍മ്മിയില്ലേ? കാമുകനും കാമുകിയും ഒളിച്ചോടാന്‍ തീരുമാനിക്കുന്നു. കാമുകന്‍ ദൂരെ ഒരിടത്ത് കാറുമായി കാമുകിയെ കാത്തുനില്‍ക്കുന്നു. ഒരു കുറിപ്പ് എഴുതിവച്ചിട്ട് കാമുകി ബസ്സില്‍ കയറി വീടുവിടുന്നു. കുറിപ്പ് കണ്ട അച്ഛന്‍ തകര്‍ന്നുപോകുന്നു. ഇതേ സമയം തന്നെ മകളുടെ ചങ്കുപിടയ്ക്കുന്നു. ബസ്സ് നിര്‍ത്തിച്ച്, മകള്‍ വീട്ടിലെത്തുന്നു. അച്ഛന്റെ അടുത്തേയ്ക്ക് ഓടിവരുന്നു. അച്ഛന്‍ മകളെ ചേര്‍ത്തുപിടിക്കുന്നു. ”വിശ്വാസം അതല്ലേ എല്ലാം.”

ഇവിടെ ചില കാര്യങ്ങള്‍ പറയാതെ വിടുന്നു. ഒന്ന്, അച്ഛനോട് വിശ്വാസം കാണിച്ചപ്പോള്‍ മകള്‍ കാമുകനോട് വിശ്വാസവഞ്ചന കാട്ടുന്നു. എന്നാല്‍, കാമുകനോട് കാണിക്കുന്നതിനേക്കാള്‍ വലിയ വിശ്വാസ വഞ്ചനയാണ് അച്ഛനോട് കാണിക്കുന്നത് എന്ന് പുതിയ തലമുറയോട് സ്വര്‍ണ്ണ കച്ചവടക്കാരന്‍ പരസ്യത്തിലൂടെ പറയുമ്പോള്‍ അയാള്‍ ഉന്നം വയ്ക്കുന്നത് സ്വന്തം കച്ചവടം മാത്രമാണ്. കച്ചവടത്തിലുള്ള അയാളുടെ വിശ്വാസമാണ്. അതല്ലേ, ഏറ്റവും വലുത്? കാമുകനുമായി ഒളിച്ചോടിപ്പോയാല്‍ വീട്ടുകാരേം നാട്ടുകാരേം ക്ഷണിച്ചുള്ള വിവാഹം നടക്കില്ല. അങ്ങനെ നടന്നില്ലെങ്കില്‍ അച്ഛന്‍ മകള്‍ക്ക് മുന്നൂറോ അഞ്ഞൂറോ പവന്‍ സ്വര്‍ണ്ണാഭരണം വാങ്ങി നല്‍കില്ല. അച്ഛന്‍ സന്തോഷത്തോടെ മകള്‍ക്ക് സ്വര്‍ണ്ണം വാങ്ങിക്കൊടുക്കുന്ന വിവാഹമാണ് നടക്കേണ്ടത്.  ഐ.ടി. കമ്പനിയില്‍ സോഫ്റ്റ്‌വെയര്‍ എഞ്ചിനീയറായ മകളും ആഗ്രഹിക്കുന്നത് സര്‍വ്വാഭരണഭൂഷിതയായ വധുവായി താന്‍ ഒരുങ്ങി നില്‍ക്കുന്ന വിവാഹമാണ്. കുടുംബബന്ധങ്ങള്‍ക്ക് ശൈഥില്യം സംഭവിക്കുന്ന ഈ കാലഘട്ടത്തിലും കുടുംബബന്ധങ്ങളുടെ മഹത്വത്തെക്കുറിച്ചും കുടുംബാംഗങ്ങള്‍ തമ്മിലുള്ള പരസ്പരവിശ്വാസത്തിന്റെയും സങ്കീര്‍ത്തനം ഉരുക്കഴിക്കുന്ന അതേ സ്വര്‍ണ്ണക്കച്ചവടക്കാരന്റെ കടയില്‍ നിന്ന് സ്വര്‍ണ്ണം വാങ്ങാന്‍ ഏതൊരച്ഛനാണ് കൊതിക്കാത്തത്?

വിശ്വാസത്തെ വ്യഭിചരിച്ചു നടത്തിയ ഈ പരസ്യത്തിന്റെ മറ്റൊരു മുഖമാണ് അക്ഷയ ത്രിതിയ നാളില്‍ സ്വര്‍ണ്ണം വാങ്ങിയാല്‍ ഐശ്വര്യം ഉണ്ടാകുമെന്ന പരസ്യവും. രണ്ടിലും മലയാളി വീണു.

മിക്കവാറും എല്ലാ ചാനലുകളുടെയും പത്രങ്ങളുടെയും അന്നദാതാക്കള്‍ സ്വര്‍ണ്ണക്കച്ചവടക്കാരാണ്. കഴുത്ത് തൊട്ട് പൊക്കിള്‍ വരെ നിരനിരയായി അണിഞ്ഞ മാലകളും കൈത്തണ്ടകള്‍ കാണാന്‍ കഴിയാത്ത വിധം അടുക്കിയിട്ട വളകളും  അരപ്പട്ട പോലത്തെ ഓഢ്യാനവും നെറ്റിപ്പട്ടം പോലത്തെ നെറ്റിച്ചുട്ടിയും കമ്മലും മൂക്കുകുത്തിയും കൊലുസും എല്ലാം കൂടി ഒരു 500 പവന്‍ സ്വര്‍ണ്ണത്തില്‍ പൊതിഞ്ഞുനില്‍ക്കുന്ന ഏതെങ്കിലും മൊഞ്ചുള്ള സ്ത്രീയുടെ ചിത്രമാണ് സ്വര്‍ണ്ണക്കടകളുടെ പരസ്യം. വാസ്തവത്തില്‍, കാമാട്ടിപുരത്തെ വയറും മാറും കാട്ടിനില്‍ക്കുന്ന ലൈംഗികതൊഴിലാളികള്‍ക്ക് ഈ സ്വര്‍ണ്ണാഭാസ പ്രതിമകളേക്കാള്‍ എത്രയോ അന്തസ്സുണ്ട്!

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ സ്വര്‍ണ്ണക്കച്ചവടക്കാരുള്ളത് കേരളത്തിലാണ്. അയ്യായിരത്തിലേറെ. കേരളത്തിലെ ഏത് പട്ടണത്തിലും 60-80 സ്വര്‍ണ്ണക്കച്ചവടക്കാര്‍ കാണും. വലിയ കച്ചവടക്കാര്‍ 75 മുതല്‍ 85 കി.ഗ്രാം സ്വര്‍ണ്ണം സ്റ്റോക്കുള്ളവരാണ്. കേന്ദ്ര എക്‌സൈസ് വകുപ്പിന്റെ ലൈസന്‍സ് ലഭിച്ചവര്‍ക്കു മാത്രമേ പണ്ട് സ്വര്‍ണ്ണക്കട തുടങ്ങാന്‍ കഴിയുമായിരുന്നുള്ളു. ഇപ്പോള്‍ അതിന്റെ ആവശ്യമില്ല. ആര്‍ക്കും തുടങ്ങാം.

കേന്ദ്രസര്‍ക്കാര്‍ പ്രത്യേകമായി അംഗീകരിച്ച ബാങ്കുകള്‍ വഴിയോ മെറ്റല്‍സ് ആന്റ് മിനറല്‍സ് ട്രേഡിംഗ് കോര്‍പ്പറേഷന്‍ വഴിയോ ആണ് കച്ചവടക്കാരന് സ്വര്‍ണ്ണം വാങ്ങാന്‍ കഴിയുക. അങ്ങനെയാകുമ്പോള്‍ വാങ്ങുന്ന സ്വര്‍ണ്ണത്തിന്റെയും വിറ്റഴിയുന്ന സ്വര്‍ണ്ണത്തിന്റെയും കണക്കുകള്‍ തമ്മില്‍ പൊരുത്തപ്പെടും. കണക്കു കൃത്യമാണെങ്കില്‍, വില്‍പ്പന നികുതി കൃത്യമായി പിരിച്ചെടുക്കുകയാണെങ്കില്‍, നല്ലൊരു തുക സ്വര്‍ണ്ണക്കച്ചവടക്കാരന്‍ വഴി ഖജനാവിലെത്തും. എന്നാല്‍ അതൊന്നും നടക്കാറില്ല. കണക്കുകള്‍ കള്ളമാണ്. നികുതി പിരിച്ചെടുക്കാറുമില്ല.

2006 വരെ സ്വര്‍ണ്ണവില്‍പ്പനയ്ക്ക് ഒരു ശതമാനമായിരുന്നു വാറ്റ്. അതാണ് ഒറ്റയടിക്ക് അഞ്ച് ശതമാനമാക്കിയത്. എന്തിനാണ് അങ്ങനെ ചെയ്തതെന്നതിന് ഒരു യുക്തിയുമില്ല. നികുതിവരുമാനം കൂടിയതുമില്ല, സ്വര്‍ണ്ണക്കച്ചവടത്തില്‍ കുറവുവന്നതുമില്ല. ഇത് കണക്കുകള്‍ കൊണ്ടുതന്നെ വ്യക്തമാക്കാം.

2005-2006 ല്‍ പതിനായിരം കോടി രൂപയുടെ സ്വര്‍ണ്ണമാണ് കേരളത്തില്‍ വിറ്റത്. ഒരു ശതമാനം വാറ്റ് വച്ച് നൂറുകോടി രൂപ ഖജനാവില്‍ എത്തേണ്ടയിടത്ത് 21 കോടി രൂപ മാത്രമാണ് പിരിച്ചെടുത്തത്. സ്വര്‍ണ്ണക്കച്ചവടക്കാരന് സര്‍ക്കാര്‍ വക സൗജന്യം 79 കോടി രൂപ. 2013-14 ല്‍ (വാറ്റ് അഞ്ച് ശതമാനമാക്കി 9 വര്‍ഷം കഴിഞ്ഞ്) എണ്‍പതിനായിരം കോടി രൂപയുടെ സ്വര്‍ണ്ണക്കച്ചവടം കേരളത്തില്‍ നടന്നു. ഇതിന്റെ അഞ്ച് ശതമാനം കണക്കാക്കിയാല്‍ 4000 കോടി രൂപ നികുതിയിനത്തില്‍ പിരിഞ്ഞുകിട്ടേണ്ട സ്ഥലത്ത് 471 കോടി രൂപ മാത്രമാണ് പിരിച്ചെടുത്തത്. ബാക്കി 3529 കോടി രൂപ എവിടെപ്പോയി?

ഗവണ്‍മെന്റ് അറിയെ വിറ്റ സ്വര്‍ണ്ണത്തിന്റെ കണക്കാണിത്. എന്നാല്‍, നേരായവഴിയിലൂടെയല്ലാതെയാണ് ഇവിടുത്തെ സ്വര്‍ണ്ണക്കടക്കാര്‍ സ്വര്‍ണ്ണം വാങ്ങുന്നത് എന്ന് ആര്‍ക്കാണ് അറിഞ്ഞുകൂടാത്തത്? എയര്‍പോര്‍ട്ടുകളില്‍ നിന്ന് പിടികൂടുന്ന സ്വര്‍ണ്ണത്തിന്റെ എത്ര ഇരട്ടിയാകും പിടികൂടാതെ പോകുന്നത്! ഫയാസും നിഷാമുമൊക്കെ സ്വര്‍ണ്ണക്കള്ളക്കച്ചവടം നടത്തുന്നു എങ്കില്‍, അവര്‍ ആ സ്വര്‍ണ്ണം ആര്‍ക്ക് വില്‍ക്കുന്നു? സ്വര്‍ണ്ണക്കടത്തിലൂടെയും മറ്റനധികൃത മാര്‍ഗ്ഗത്തിലൂടെയും വരുന്ന സ്വര്‍ണ്ണത്തിന്റെ വില്‍പ്പനയും ബില്ലുതരാതെ വില്‍ക്കുന്ന സ്വര്‍ണ്ണത്തിന്റെ കണക്കും വ്യക്തമായി തിട്ടപ്പെടുത്താന്‍ കഴിഞ്ഞാല്‍, പ്രതിവര്‍ഷം വില്‍ക്കപ്പെടുന്ന സ്വര്‍ണ്ണം രേഖപ്പെടുത്തിയതിന്റെ എത്രയോ ഇരട്ടിയാണ് എന്നു വ്യക്തമാകും.

സ്വര്‍ണ്ണത്തില്‍ നിക്ഷേപിച്ച പണം അങ്ങനെ ലക്ഷക്കണക്കിനു കോടി രൂപ കാണും. ഇതെല്ലാം നിക്ഷേപമായി ബാങ്ക് ലോക്കറുകളിലോ വീടുകളിലോ പണയപണ്ടങ്ങളായോ മാറുന്നു. സ്വര്‍ണ്ണവില കൂടിയാല്‍ അത് നിക്ഷേപകന്റെ വരുമാന വര്‍ദ്ധനമാത്രമായി നിലനില്‍ക്കും. ആ വര്‍ദ്ധന പോലും യഥാര്‍ത്ഥത്തില്‍, കണക്കുപുസ്തകത്തിലെ അക്കങ്ങള്‍ മാത്രമാണ്. കാരണം, ആ സ്വര്‍ണ്ണം മുഴുവന്‍ പണമാക്കി മാറ്റാന്‍ ശ്രമിച്ചാല്‍ അതു മുഴുവന്‍ വാങ്ങാന്‍ ആളുണ്ടാകില്ല. സപ്ലൈ ഒരുപാടായാല്‍ സ്വര്‍ണ്ണത്തിന്റെ വില കുത്തനേ ഇടിയും. അതോടെ നിക്ഷേപകന്റെ നിക്ഷേപത്തിന്റെ യഥാര്‍ത്ഥമൂല്യം ഇടിഞ്ഞുവീഴും. ഈയൊരു സാമ്പത്തിക അസംബന്ധമാണ് ഏറെ നാളായി മലയാളി നടത്തിവരുന്നത്.

സ്വര്‍ണ്ണ നിക്ഷേപം മുഴവനും പണമാക്കി മാറ്റി അത് ഏതെങ്കിലും വ്യവസായത്തില്‍ നിക്ഷേപിക്കുന്നു എന്ന് ചിന്തിച്ചു നോക്കുക. കേരളത്തിലെ സമ്പദ്ഘടന എങ്ങനെ മാറുമായിരുന്നു! എത്ര ലക്ഷം പേര്‍ക്ക് അതു വഴി പുതിയ തൊഴിലവസരങ്ങള്‍ ലഭ്യമാകുമായിരുന്നു?

എന്നാല്‍, ഈ വിധത്തിലുള്ള യാതൊരു ബോധവല്‍ക്കരണ നീക്കവും സര്‍ക്കാര്‍ ചിന്തിച്ചിട്ടുപോലുമില്ല. സ്വര്‍ണ്ണവില്‍പ്പനയിലാണ് സര്‍ക്കാരിന്‌റെ കണ്ണും; വിറ്റ സ്വര്‍ണ്ണത്തിന്റെ നികുതി പിരിച്ചെടുക്കലില്ല. അവരുടെ കള്ളപ്പണത്തിന്റെ ഷെയര്‍ രാഷ്ട്രീയ നേതാക്കള്‍ക്കും അവകാശപ്പെട്ടതാണ്. കള്ളപ്പണം എത്ര കണ്ട് കൂടാന്‍ അനുവദിക്കുന്നുവോ അത്രകണ്ട് നേതാക്കളുടെ ഷെയറും  മറ്റാനുകൂല്യങ്ങളും വര്‍ദ്ധിക്കും. മറ്റാനുകൂല്യങ്ങളില്‍ പ്രധാനപ്പെട്ടതാണ് സ്വര്‍ണ്ണക്കച്ചവടക്കാരുടെ ഗസ്റ്റ് ഹൗസുകളും അവിടെ സൗജന്യമായി ലഭിക്കുന്ന മദ്യവും പെണ്ണും. രണ്ടും രാഷ്ട്രീയ നേതാക്കളുടെ ദൗര്‍ബ്ബല്യങ്ങളാണ്. ഏത് പെണ്‍വാണിഭക്കേസിലും രാഷ്ട്രീയനേതാക്കളും സ്വര്‍ണ്ണക്കച്ചവടക്കാരും കാണും. അതുകൊണ്ടുതന്നെ, അതെല്ലാം തേച്ചുമായ്ച്ചുകളയപ്പെടും.

എങ്കിലും പല സ്വര്‍ണ്ണക്കച്ചവടക്കാരും പൊതുജനങ്ങളെ ടെലിവിഷന്‍ ചാനലുകളിലൂടെ നേരിട്ട് വന്ന് ആക്രമിക്കാറില്ല. അങ്ങനെ ചെയ്യുന്നവരും ഉണ്ട്. അവരില്‍ പ്രമുഖനാണ് മറഡോണയേക്കാള്‍ വലിയ പന്തുകളിക്കാരന്‍ താനാണെന്ന് ഓരോ നിമിഷവും നമ്മളെ ഓര്‍മ്മപ്പെടുത്തുന്ന ചെമ്മണ്ണൂര്‍ ബേബി (മറഡോണ). മറ്റേയാള്‍ അറ്റ്‌ലസ് രാമചന്ദ്രനാണ്. നാട്ടില്‍ ഏതെങ്കിലും ഉത്സവമോ വിശേഷദിവസമോ വന്നാല്‍ ടെലിവിഷന്‍ ഓണാക്കാന്‍ ഭയമാണ്. കണികാണേണ്ടത് രാമചന്ദ്രന്‍ ആശംസകള്‍ നേരുന്നത് കണ്ടുകൊണ്ടാണ്. ചില ദുരന്തങ്ങള്‍ അങ്ങനെയാണ്. അവ ഒഴിയാതെ പിന്തുടരും. കടന്നാക്രമിക്കും.

ഏറെക്കുറെ സ്വര്‍ണ്ണക്കച്ചവടത്തിന്റെ അതേ ട്രാക്കിലൂടെയാണ് കള്ളുകച്ചവടവും നീങ്ങുന്നത്.  എങ്കിലും പ്രകടമായി രണ്ടും തമ്മില്‍ ചില വ്യത്യാസങ്ങളുണ്ട്. സ്വര്‍ണ്ണം ഐശ്വര്യമാണത്രെ! മദ്യം വിഷമാണത്രെ! സ്വര്‍ണ്ണം വാങ്ങാന്‍ മുന്‍പന്തിയില്‍ സ്ത്രീകളാണ്; മദ്യം വാങ്ങാന്‍ പുരുഷന്‍മാരും. സ്വര്‍ണ്ണത്തിന് പരസ്യം ആകാം. മദ്യത്തിന് പരസ്യം പാടില്ല.

മദ്യത്തിന് പരസ്യം പാടില്ല എന്നു പറയുമ്പോള്‍, നടക്കാതെപോയ ഒരു മഹാസംഭവത്തെക്കുറിച്ച് പറയാതെ വയ്യ. പത്തുപതിനഞ്ചുകൊല്ലം മുമ്പാണ്. ശബരിമലയുടെ പ്രധാനക്ഷേത്രത്തിന്റെ മേല്‍ക്കൂര സ്വര്‍ണ്ണം പാകാന്‍ ഇന്ത്യ കണ്ട എക്കാലത്തേയും വലിയ ദുരന്തനായകനായ കള്ളുകച്ചവടക്കാരന്‍ വിജയ് മല്യ പണം കൊടുത്തു. ദേവസ്വം ബോര്‍ഡിലെ ചില മെമ്പര്‍മാര്‍ക്ക് മല്യ കാറും സമ്മാനിച്ചു. പകരം മേല്‍ക്കൂരയില്‍ മല്യയുടെ കള്ളുകമ്പനിയായ United Brewerriesന്റെ സ്‌പോണ്‍സര്‍ഷിപ്പ് ആലേഖനം ചെയ്യാന്‍ ബോര്‍ഡ് അനുവാദം നല്‍കി. ഒടുവില്‍ ഹൈക്കോടതി  ഇടപെട്ട് അത് തടഞ്ഞു. അരിശം മൂത്ത മല്യ ശബരിമലയിലേക്കു പോകുന്ന വഴിയുടെ വശങ്ങളില്‍ മേല്‍ക്കൂര സ്വര്‍ണ്ണം പൂശിയത് United Brewerries ആണെന്ന് പരസ്യ ബോര്‍ഡുകള്‍ സ്ഥാപിച്ചു. കോടതി ഇടപെട്ടില്ലായിരുന്നെങ്കില്‍ കള്ളുകച്ചവടക്കാരന്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന ആദ്യത്തെ ദൈവമായി മാറുമായിരുന്നു ശബരിമല അയ്യപ്പന്‍. അങ്ങനെ സംഭവിച്ചിരുന്നെങ്കില്‍ കള്ളുകച്ചവടക്കാര്‍ക്ക് വലിയ മാന്യത ഉണ്ടാകുമായിരുന്നു. അങ്ങനെ സംഭവിച്ചിരുന്നെങ്കില്‍ കള്ളുകച്ചവടക്കാരുടെ കൈയ്യില്‍ നിന്ന് കോടിക്കണക്കിനു രൂപ വിലപേശി വാങ്ങി പോക്കറ്റിലിട്ട ശേഷം മാണിയും ബാബുവും ബിജുരമേശിനെ വെറും കള്ളുകച്ചവടക്കാരന്‍ എന്ന് പറയില്ലായിരുന്നു. ഓര്‍ക്കുക, ബിജുരമേശനും വിജയ് മല്യയുടെ ഗോത്രത്തിലുള്ളയാളാണ്. രാമകൃഷ്ണ ഹെഗ്‌ഡെയുടെ ജനതാ പാര്‍ട്ടി വിലയ്ക്കുവാങ്ങി, പാര്‍ലമെന്റ് അംഗങ്ങളെ വിലയ്ക്കുവാങ്ങാനുള്ള കരുക്കള്‍ നീക്കി, ഇന്ത്യന്‍ പ്രധാനമന്ത്രിയാകാന്‍ കൊതിച്ച കുതിരപ്പന്തയകമ്പക്കാരനായ വിജയ് മല്യയുടെ അതേ വര്‍ഗ്ഗത്തിലുള്ളയാള്‍.

സ്വര്‍ണ്ണ കച്ചവടക്കാര്‍ പിന്‍വാതിലിലൂടെ സ്വര്‍ണ്ണം വാങ്ങി കണക്കു കാണിക്കാതെ വില്‍ക്കുന്നതിന് സമമാണ് ബാറ് മുതലാളിമാര്‍ ബിവറേജില്‍കൂടിയല്ലാതെ മദ്യകമ്പനികളില്‍ നിന്നും നേരിട്ടു വാങ്ങി കണക്കില്‍പ്പെടുത്താതെ വില്‍ക്കുന്ന മദ്യം. (പണ്ട്,  IMFL ന്റെ കാര്യത്തില്‍ കിട്ടിയത് ഇപ്പോള്‍ ബിയറിന്റെയും വൈനിന്റെയും കാര്യത്തില്‍ കാണിക്കുന്നു.) സംഗതി ഇതാണ്. ബിവറേജസില്‍ കൂടിയല്ലാതെ കമ്പനികളില്‍ നിന്നും നേരിട്ട് വാങ്ങുമ്പോള്‍ കുപ്പി ഒന്നിന് ബിവറേജസ് ഈടാക്കുന്ന തുക മദ്യകമ്പനിക്കാരനും ബാര്‍ മുതലാളിയും തമ്മില്‍ പങ്കിട്ടെടുക്കുന്നു. ബിവറേജസില്‍ നിന്ന് ബാര്‍ മുതലാളിമാര്‍ വാങ്ങുന്നതിന്റെ എത്രയോ ഇരട്ടിയാണ് ഇങ്ങനെ വരുന്ന മദ്യം ഓരോ ബാറുകാരും വിറ്റുവന്നിരുന്നത്. കണക്കില്‍ പെടാത്ത ഈ വലിയ തുകയില്‍ നിന്ന് ചെറിയൊരു പങ്കാണ് ബാറുകള്‍ മാണിയ്ക്കും ബാബുവിനുമൊക്കെ നല്‍കിയത്. ഇങ്ങനെ പണമുണ്ടാക്കാനുള്ള അവസരം സര്‍ക്കാര്‍ ഒരുക്കിക്കൊടുക്കുന്നതിനുള്ള ചെറിയൊരു പ്രത്യുപകാരമായി ഇതിനെ കണ്ടാല്‍ മതി എന്നാണ് രാഷ്ട്രീയക്കാര്‍ പറയുന്നത്. (ഇതേ സൗകര്യം തന്നെയാണ് സെയില്‍ടാക്‌സ് വകുപ്പും സര്‍ക്കാരും സ്വര്‍ണ്ണക്കച്ചവടക്കാര്‍ക്ക് നല്‍കുന്നത്. അതിന്റെ വിഹിതവും  മറ്റാനുകൂല്യങ്ങളുമാണ് അവര്‍ ചോദിച്ചുവാങ്ങുന്നത്.)

ആര്‍ക്കും പരാതിയില്ലാതെ എത്രയോ വര്‍ഷങ്ങളായി തുടര്‍ന്നുപോന്ന ഈ കച്ചവടശൃംഖലയാണ് ബിജു രമേശിന്റെ വെളിപ്പെടുത്തലിലൂടെ പൊട്ടിയത്. സ്വര്‍ണ്ണ കച്ചവടക്കാരില്‍ നിന്ന് ഒരു ബിജുരമേശന്‍ എന്നെങ്കിലും വരുമ്പോള്‍ ബാര്‍ മുതലാളിമാരുടെ സംഘടനയുടെ സ്ഥാനത്ത് സ്വര്‍ണ്ണക്കച്ചവടക്കാരുടെ സംഘടന വരും. ബാക്കി കാര്യങ്ങളൊക്കെ ഒരു റിമേക്ക് സിനിമ പോലെയായിരിക്കും. അന്നും, ആരോപണങ്ങള്‍ മന്ത്രിമാര്‍ക്കും മുഖ്യമന്ത്രിയ്ക്കും നേരയാകും. അന്നും, യാതൊന്നും സംഭവിച്ചിട്ടില്ലാത്ത മട്ടില്‍ മന്ത്രിമാര്‍ നികുതിദായകന്റെ ചെലവില്‍ സ്വൈര്യവിഹാരം നടത്തും. പത്രസമ്മേളനങ്ങളിലൂടെ നമ്മളെ കൊഞ്ഞനം കുത്തും.

കള്ളില്‍ മയങ്ങിപ്പോയ മലയാളി പുരുഷനും സ്വര്‍ണ്ണത്തില്‍ കാഴ്ച മഞ്ഞളിച്ച മലയാളി സ്ത്രീയും ഇതേ കള്ളന്മാരെയും കൊള്ളക്കാരെയും തന്നെ വീണ്ടും അവരുടെ പ്രതിനിധികളായി തിരഞ്ഞെടുത്തുവിടും. (നാല്‍പ്പതും അമ്പതും വര്‍ഷങ്ങളായി ഒരേ മണ്ഡലത്തില്‍ നിന്നുതന്നെ ജയിച്ചുവരുന്ന പെരുംകള്ളന്‍മാരുടെ നാടാണ് കേരളം.) അവര്‍ വീണ്ടും വീണ്ടും നമ്മളെ കൊള്ളയടിക്കും. കൊഞ്ഞനംകുത്തും. എല്ലാമറിഞ്ഞിട്ടും ഒന്നുമറിയാത്ത മട്ടില്‍ മൊബൈല്‍ ഫോണിലൂടെയും ഫേസ്ബുക്കിലൂടെയും ജീവിക്കുന്ന മലയാളി – പ്രതികരണശേഷി നഷ്ടപ്പെട്ട ആണും പെണ്ണുമൊക്കെ രാഷ്ട്രീയനേതാക്കളുടെ അവിഹിതബന്ധങ്ങളുടെ കഥകള്‍ക്കുവേണ്ടി കാതോര്‍ക്കും.  ആ കഥകള്‍ കേട്ടു രമിക്കും.

 

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions) 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍