UPDATES

സിനിമ

അലമാര: ഒരു ദാമ്പത്യ ട്യൂഷന്‍ ക്ലാസ്, അത്രതന്നെ…

സ്വാഭാവിക ഹാസ്യത്തിലും ജീവിത പരിസരകാഴ്ചകളിലും തുടങ്ങിയ സിനിമ കേരളത്തിലെ വിവാഹ മോചന വാർത്താ ബാഹുല്യത്തെ കുറിച്ചും മാറുന്ന ബന്ധങ്ങളെ കുറിച്ചുമുള്ള വനിതാ മാസിക ഫീച്ചറിന് വഴിമാറുന്നു

അപര്‍ണ്ണ

അപര്‍ണ്ണ

മിഥുൻ മാനുവൽ പുതുതലമുറ സംവിധായക നിരയിൽ വളരെ പെട്ടന്ന് ശ്രദ്ധ നേടിയ ആളാണ്. ഓൺലൈൻ സിനിമാ ചർച്ചകളിൽ ഇപ്പോഴും ഒരു കൂട്ടം ആൾക്കാർ ആട് ഒരു ഭീകരജീവിയാണ് ചർച്ചയാക്കുന്നത് കണ്ടിട്ടുണ്ട്. അനൌണ്‍സ് ചെയ്ത ആടിന്റെ രണ്ടാം ഭാഗം കാത്തിരിക്കുന്നവരും കുറവല്ല. അതിനിടയിലാണ് അലമാര എത്തിയത്. വ്യത്യസ്തമായ പേരും തീമും. അതുകൊണ്ട് തന്നെ വ്യാപക ശ്രദ്ധ കിട്ടിയിരുന്നു.

പേര് സൂചിപ്പിക്കും പോലെ ഒരു അലമാരയിൽ ആണ് സിനിമയുടെ തുടക്കം. അലമാരയുടെ ആത്മഗതം എന്ന അത്ര പഴക്കമില്ലാത്ത പുതുമക്ക് വേണ്ടി ഉള്ള, പുതുമ എന്ന് തോന്നിപ്പിക്കുന്ന ആശയത്തിലൂടെ കഥ തുടരുന്നു. അരുൺ പവിത്രൻ (സണ്ണി വെയ്ൻ) വിവാഹം നടക്കാത്ത നിരാശയിൽ കഴിയുന്ന ആളാണ്. പെണ്ണ് കാണലും നിശ്ചയിച്ച വിവാഹങ്ങൾ മുടങ്ങി പോവുകയും ഒക്കെ ചെയ്ത സാഹചര്യത്തിലാണ് യാദൃശ്ചികമായി അരുൺ സ്വാതിയെ (അദിതി രവി) കാണുന്നത്. ഇങ്ങനെ എപ്പോഴോ അവർക്ക് പരസ്പരം പ്രണയം തോന്നുകയും ശരാശരി മലയാളി കുടുംബങ്ങളിൽ ഉള്ള എല്ലാ ഈഗോയും ചേർന്ന രണ്ടു കുടുംബങ്ങളെയും അനുനയിപ്പിച്ച് കുറെ കാലത്തെ ശ്രമഫലമായി വിവാഹിതരാവുകയും ചെയ്യുന്നു. പിന്നീട് രണ്ടു കുടുംബങ്ങളിലും അവർക്കിടയിലെ ഉണ്ടാകുന്ന പ്രശ്നങ്ങളും അവർക്കിടയിൽ അപ്രതീക്ഷിതമായി കയറി വരുന്ന അലമാരയും ഒക്കെയാണ് സിനിമയെ നയിക്കുന്നത്.

ഇവിടെയൊക്കെ നടക്കുന്ന സ്ഥിരം ചില കല്യാണ ബഹളങ്ങളിലൂടെയും സിറ്റ്വെഷൻ കോമഡികളിലൂടെയും ആണ് സിനിമയുടെ ആദ്യ പകുതി വികസിക്കുന്നത്. കമ്മട്ടിപ്പാടം ഫെയിം മണികണ്ഠനും രഞ്ജി പണിക്കരും സീമ ജി നായരും ചേർന്ന് വളരെ ലളിതമായി ഇത്തരം രംഗങ്ങളെ കൊണ്ടുപോകുന്നുണ്ട്. വലിയ പരിക്കുകൾ ഇല്ലാതെ ഈ ഘട്ടത്തിൽ ഉപകഥയും അലമാരയുടെ കഥയും പ്രധാന കഥയോട് ചേർന്നിരിക്കുന്നുമുണ്ട്. മിഥുന്റെ, ലളിതമായി കഥ കൊണ്ട് പോകുന്ന ശൈലിയും തുടക്കത്തിൽ ഉണ്ട്. സെക്ഷ്വൽ സജസ്റ്റീവ് രംഗങ്ങളെ വൾഗർ ആവാതെ നോക്കാനും ചില സമയത്ത് ശ്രമിച്ചിട്ടുണ്ട്.

കേരളത്തിലെ മധ്യവർഗ ജീവിതത്തിൽ കല്യാണം എന്താണ്, എങ്ങനെ ആണ് എന്നൊക്കെ ചുറ്റിപ്പറ്റി ചില റിയലിസ്റ്റിക് ചിത്രങ്ങൾ ഈ ഭാഗത്തുണ്ട്. നായകനൊപ്പം സഹതാരങ്ങൾ സിനിമയെ നയിക്കുന്ന മിഥുൻ സിനിമകളുടെ പതിവും ഇവിടെ ആവർത്തിക്കുന്നു. സിനിമ കൊണ്ടു പോകേണ്ടത് നായകനോ നായികയോ അല്ല എന്ന ബോധ്യം മിഥുൻ ആദ്യം മുതൽ അറിഞ്ഞോ അറിയാതെയോ പിന്തുടരുന്നു. ആടിലും ആന്‍മരിയയിലും ഇങ്ങനെ വ്യത്യസ്ത കഥയും കഥാപാത്രങ്ങളും നറേറ്റീവുകളും സിനിമയെ നയിക്കുന്നതാണ് കാണാം. അലമാരയിലെ നായകനെയും നായികയെയും വീട്ടുകാരും സുഹൃത്തുക്കളും വില്ലന്മാരുമെല്ലാം തുടക്കം മുതൽ പിന്തുടരുന്നുണ്ട്.

എന്നാൽ ആദ്യ പകുതിയിൽ കണ്ട ഈ എളുപ്പത്തെ രണ്ടാം പകുതിയിലും ആവർത്തിക്കാൻ സിനിമക്ക് കഴിഞ്ഞിട്ടില്ല. വഴക്ക്, സാരോപദേശം, വിട്ടുവീഴ്ച ഒക്കെയായി ഒരു ശരാശരി കുടുംബ സിനിമാ ലൈനിലേക്ക് അലമാരയും വഴുതി വീഴുന്നു. മണികണ്ഠന്റെ കുറച്ചു കയ്യടി രംഗങ്ങളും സിനിമയിൽ കുറെ കാലമായി ആവർത്തിക്കുന്ന ചില രംഗങ്ങളുടെ തുടർച്ച അല്ലാതെ ഒന്നും ഇല്ല. സംഭാഷങ്ങൾ പോലും പഴക്കം ചെന്നതാണ്. ആ രംഗങ്ങളും പിന്നെ സംഘപരിവാർ ട്രോള്‍ തമാശകളും അദ്ദേഹത്തിൻറെ അഭിനയ ജീവിതത്തെ വ്യത്യസ്തമായി അടയാളപ്പെടുത്തിയേക്കാം. ആദ്യ പകുതിയിലെ വേഗം കൈമോശം വന്നു ഇഴഞ്ഞിഴഞ്ഞു സിനിമ നീങ്ങുന്നു. ഉപകഥകളും അലമാരയും എല്ലാം വളരെ ദുർബലമായി പോവുന്നു. ഒരാവശ്യവുമില്ലാതെ കുറെ കഥാപാത്രങ്ങൾ കയറി ഇറങ്ങി പോകുന്നു. പിണങ്ങുന്നു, ഇണങ്ങുന്നു… കല്യാണ ശേഷം നടത്തേണ്ട ഒത്തു തീർപ്പുകളെ കുറിച്ച് സാരോപദേശം നടത്താൻ വന്ന മലയാള സിനിമകളുടെ ശ്രേണിയിലേക്ക് ഈ സിനിമ ദയനീയമായി കൂപ്പുകുത്തുന്നു. ദാമ്പത്യ സ്റ്റഡി ക്ലാസ്സിലേക്ക് വേണ്ട ഒരു മാർഗം മാത്രമായി കേന്ദ്ര കഥാപാത്രമായ അലമാരയും മാറി.

പെൺകോന്തനും സ്ത്രീലമ്പടനുമായ ഭർത്താവ്, കുശുമ്പ് കുന്നായ്മകൾ മാത്രം നയിക്കുന്ന സ്ത്രീ കഥാപാത്രങ്ങൾ തുടങ്ങിയ ടൈപ്പ്കാസ്റ്റുകളുടെ കൂടി ആവർത്തനം സിനിമയിൽ നടക്കുന്നുണ്ട്. ജോലി ലഭിച്ച ശേഷം കല്യാണം കഴിക്കാം എന്ന ഒരു പെൺകുട്ടിയുടെ തീരുമാനം വലിയ ദുരന്തമായി ആചരിക്കപ്പെടുന്നുണ്ട്. ഇതൊക്കെ നമ്മുടെ ശീലപ്പെടലിന്റെ ഭാഗമായതുകൊണ്ടും പ്രശ്നവത്ക്കരിക്കൽ ആണ് പ്രശ്നം എന്ന് പൊതുബോധം പറയുന്നതുകൊണ്ടും അത് സാധാരണത്വം തന്നെ ആവുന്നു. മനുഷ്യരുടെ അഹന്തയുടെയും ശൈഥില്യത്തിന്റെയും പ്രതീകമായി അലമാരയെ കൊണ്ട് വരാനുള്ള ബോധപൂർവമായ ശ്രമവും ഇടക്ക് മൂലയ്ക്കാവുന്നുണ്ട്.

സ്വാഭാവിക ഹാസ്യത്തിലും ജീവിത പരിസരകാഴ്ചകളിലും തുടങ്ങിയ സിനിമ കേരളത്തിലെ വിവാഹ മോചന വാർത്താ ബാഹുല്യത്തെ കുറിച്ചും മാറുന്ന ബന്ധങ്ങളെ കുറിച്ചുമുള്ള വനിതാ മാസിക ഫീച്ചർ പോലെ വഴിമാറുന്നു. പിന്നീട് ഹാസ്യം മനഃപൂർവ്വമായി കുത്തിത്തിരുകിയ ലാളിത്യങ്ങളിലേക്ക് ചുരുങ്ങി, ജീവിത യാഥാർഥ്യ പാഠങ്ങൾക്കും. അത്തരം ആവർത്തിച്ചു വരുന്ന പാഠപുസ്തക തുടർച്ചകൾ ആസ്വദിക്കുന്നവർക്ക് അലമാര ആസ്വദിക്കാനാകും. അല്ലാത്തവർക്ക് ആവർത്തന വിരസമായ ഒന്നും.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

അപര്‍ണ്ണ

അപര്‍ണ്ണ

ഗവേഷക വിദ്യാര്‍ഥിയാണ് അപര്‍ണ്ണ. സമകാലിക സിനിമയെ വിശകലനം ചെയ്യുന്ന ഓഫ്-ഷോട്സ് എന്ന കോളം അഴിമുഖത്തില്‍ കൈകാര്യം ചെയ്യുന്നു.

More Posts - Website

Follow Author:
TwitterFacebookLinkedInPinterestGoogle Plus

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍