അലന്‍സിയറിന്റെ പെര്‍ഫോമന്‍സ് ആവേശം തരുന്നതാണെങ്കില്‍ മറ്റൊരു മലയാളിയും ബോളിവുഡ് താര റാണിയുമായ വിദ്യബാലന്‍ നിരാശപ്പെടുത്തിയിരിക്കുകയാണ്.
‘ഇത് എന്റെ പ്രതിഷേധമല്ല. പ്രതിരോധമാണ്. ഞാനൊരു ആക്ടറാണ്. ഞാന്‍ ഈ ഭൂമിയില്‍ ജീവിക്കുന്ന മനുഷ്യനാണ്. തണുപ്പു കൂടുമ്പോള്‍ പുതപ്പെടുത്തു മൂടുകയും. ചൂടുകൂടുമ്പോള്‍ ഫാനിടുകയും ചെയ്യുന്ന ഒരാള്‍. എന്നെ എന്റെ പേരിന്റെ പേരില്‍ പാക്കിസ്ഥാനിലേക്കോ മറ്റു രാജ്യത്തെക്കോ കടത്തിക്കളയോ എന്നു തീരുമാനിക്കുന്ന ഒരു അവസ്ഥയിലേക്കാണ് എന്റെ രാജ്യം പോകുന്നത്.’ ‘എന്റെ നാടിനേക്കുറിച്ച് എനിക്ക് അഭിമാനം. അടുത്ത നാടിനേക്കുറിച്ച് അതിലേറെ അഭിമാനം. എന്നിട്ടും എന്നോട് ചോദിക്കുന്നു ഞാന്‍ ആരാണെന്ന്?
(നടന്‍ അലന്‍സിയര്‍ കാസര്‍ഗോഡ് നടത്തിയ ഏകാംഗ നാടകത്തിലെ സംഭാഷണം).
‘ഞാനൊരു ആക്ടര്‍’ ആണെന്ന അലന്‍സിയറിന്റെ പ്രസ്താവനയോട് എല്ലാ ബഹുമാനത്തോടെയും യോജിക്കുന്നു. ഒരു നടന്‍/കലാകാരന്‍ എന്തായിരിക്കണമെന്നതിന് ഇനി ഇദ്ദേഹത്തെ ഉദാഹരണം പറയും.
എന്നാല്‍ ഏകാകിയായ പ്രതിഷേധക്കാരാ, നിങ്ങളെ തേടി എത്തുന്നവരെ കരുതിയിരിക്കുക. പേര്, മതം, പ്രതിഷേധം എല്ലാം അലന്‍സിയര്‍ എന്ന വ്യക്തിയെ ഒരു വിഭാഗത്തിന്റെ ശത്രുവാക്കിയിരിക്കുന്നു. ഏറ്റവും മോശമായി, മര്യാദകെട്ട് (പക്ഷെ അതിനെയവര്‍ വിമര്‍ശനം എന്നും അഭിപ്രായ സ്വാതന്ത്ര്യം എന്നും വിളിക്കും) അധിക്ഷേപിക്കും. നിങ്ങളുടെ പേര് നിങ്ങള്‍ക്ക് വിദേശവിധേയത്വം ഉണ്ടെന്നതിന്റെ ഉദാഹരണമായി ചൂണ്ടിക്കാട്ടും. രാജ്യത്തെനെതിരായി സംസാരിക്കുന്നവനായി (രാജ്യം എന്നാല്‍ പ്രധാനമന്ത്രി എന്നവര്‍ തിരുത്തി കഴിഞ്ഞു) കുറ്റം ചുമത്തും. രാജ്യം വിട്ടുപോകാന്‍ അവരുടെ നേതാവ് അലറി വിളിക്കും. അവര്‍ ഒരിക്കലും നിങ്ങള്‍ക്ക് ഒരു കലാകാരന്റെ പരിഗണന തരില്ല. ലോകത്തെ ഒരേകാധിപതിയും അയാളുടെ പരിവാരങ്ങളും കലാകാരനോട് സഹിഷ്ണുത കാണിച്ചിട്ടില്ല. ഒരുപക്ഷേ ഇവിടെവച്ചു നിങ്ങള്‍ കൊല്ലപ്പെടില്ല എന്നുമാത്രം ആശ്വസിക്കുക.
അലന്‍സിയര്‍, താങ്കള്‍ക്ക് രാഷ്ട്രീയം ഉണ്ടെന്നതില്‍ സംശയമില്ല. പക്ഷേ ഏതെങ്കിലും കക്ഷിരാഷ്ട്രീയത്തിന്റെ വക്താവാണെന്നു കരുതുന്നുമില്ല. പക്ഷേ ഇനി നിങ്ങള്‍ക്കുമേല്‍ ഒരു രാഷ്ട്രീയം ചാര്‍ത്തപ്പെടും. വൈക്കം മുഹമ്മദ് ബഷീര്‍ പറയുന്നുണ്ട്; ‘ഞാന്‍ മനുഷ്യ പാര്‍ട്ടിയാണ്, അവന്റെ നന്മയിലും ഉയര്‍ച്ചയിലും വിശ്വസിക്കുന്ന പാര്‍ട്ടി’. തന്നെ കുറിച്ചു മാത്രമല്ലാതെ അപരന്റെ നന്മയെക്കുറിച്ചും സ്വാതന്ത്ര്യത്തെയും അവകാശത്തെയും കുറിച്ചും ചിന്തിക്കുന്നവര്‍ എല്ലാവരും ബഷീര്‍ പറഞ്ഞപോലെ മനുഷ്യ പാര്‍ട്ടിക്കാര്‍ ആയിരിക്കും. തീര്‍ച്ചയായും അലന്‍സിയര്‍, താങ്കള്‍ തെരുവില്‍ ഇറങ്ങിയതിനു കാരണവും അതുതന്നെയായിരിക്കണം.
മുപ്പതിലേറെ വര്‍ഷമായി ഒരേ സൂപ്പര്‍ താരങ്ങളെ ആരാധിക്കുന്നവരാണു ഞങ്ങള്‍. ആര്‍പ്പു വിളിക്കാന്‍ ഇനം തിരിച്ചുള്ള താരങ്ങള്‍ വേറെയുമുണ്ട്. പക്ഷേ അവരൊന്നും ഇന്നേവരെ കാണിക്കാത്ത പെര്‍ഫോമന്‍സ് കണ്ടപ്പോഴാണ്, കലാകാരന്‍ എന്നു വിളിക്കേണ്ടത് താങ്കളെ പോലെയുള്ളവരെയാണെന്നു തിരിച്ചറിയുന്നത്. സ്വന്തം പ്രവര്‍ത്തന മേഖല കഴിഞ്ഞ ഒരു മാസത്തോളമായി സമരം മൂടി കിടക്കുകയാണ്, കൂട്ടത്തില്‍ ഒരുവനെ വളഞ്ഞിട്ട് ആക്രമിക്കുകയാണ്, സ്വന്തം അഭിപ്രായം പറഞ്ഞതിന്റെ പേരില്‍ മതവും രാഷ്ട്രീയവും കുത്തിയിളക്കി. പക്ഷേ ഒരു താരവും അതൊന്നും അറിഞ്ഞമട്ടില്ല. അല്ലെങ്കില്‍ പ്രതികരിക്കാന്‍ തോന്നുന്നില്ല. അതല്ലെങ്കില്‍ മൗനം കൊണ്ട് അവഗണിച്ചു കളയുന്നു, കടലനിക്കരെ ആയിരുന്നതിനാല്‍ ഇവിടെ നടന്നതൊന്നും അറിഞ്ഞില്ലെന്നു നിസ്സംഗനായി പറയുന്നു. എന്നിട്ടും അവരൊക്കെ ഉത്തമരായ കലാകാരന്മാരാകുന്നു.
കോട്ടയത്ത് നടന്ന ഒരു സാഹിത്യ സമ്മേളനത്തിന്റെ വേദിയില്‍ ഇഎംഎസും എന്‍ എന്‍ പിള്ളയുമുണ്ട്. ആദ്യം പ്രസംഗിച്ച പിള്ള പറഞ്ഞു; ‘നമ്മുടെ സമൂഹം ദ്രവിച്ച കുറെ തൂണുകളിലാണ് നില്‍ക്കുന്നതെന്നു ഞാന്‍ വിശ്വസിക്കുന്നു. അതുകൊണ്ട് എന്റെ ഓരോ നാടകവും ഈ ഓരോ തുണുകളിലുമുള്ള ഓരോ ഇടിയായിരിക്കണം എന്നാണ് എന്റെ ആഗ്രഹം. അങ്ങനെ ഇടിക്കാന്‍ കഴിഞ്ഞാല്‍ പിന്നീട് നമ്മള്‍ ഒത്തൊരുമിച്ചു തള്ളിയാല്‍ തകര്‍ന്നുവീഴാവുന്നതേയുള്ളൂ. അതില്‍ നിന്നും നമുക്ക് പുതിയ മറ്റൊന്നു പണിയാം. എന്റെ ഇടിയില്‍ ആ തൂണുകള്‍ അല്‍പമെങ്കിലും അനങ്ങിയാല്‍, ഞാന്‍ കൃതാര്‍ത്ഥനായി.’ എന്‍ എന്‍ പിള്ളയ്ക്കുശേഷം പ്രസംഗിച്ച ഇഎംഎസ് പറഞ്ഞു: പിള്ളയുടെ നാടകങ്ങള്‍ നമ്മുടെ സമൂഹത്തിന്റെ ദ്രവിച്ച തൂണുകളിലുള്ള ഇടിയാണ്. പിള്ള ഇടിക്കുന്നുണ്ട്, ഇടി കൊള്ളുന്നുമുണ്ട്, പക്ഷേ ഇടിക്കുന്ന കൈകളില്‍ ചളി പുരണ്ടിട്ടില്ലേ എന്നൊരു സംശയം.
ഇഎംഎസ് ഈ സംശയം പ്രകടിപ്പിച്ചശേഷം ഉടന്‍ വേദി വിട്ടെങ്കിലും അതേ വേദിയില്‍ തന്റെ മറുപടി പറയാന്‍ എന്‍എന്‍ പിള്ള എന്ന കലാകാരന്‍ മറന്നില്ല. എഴുതുന്ന എന്റെ കൈകളില്‍ ചളി പുരണ്ടിട്ടുണ്ടോ എന്നും അതിന്റെ ധമനിക്കുള്ളില്‍ സിഫിലസത്തിന്റെ അണുക്കളുണ്ടോ എന്നും അദ്ദേഹത്തിനു നോക്കേണ്ട കാര്യമില്ല. അതൊരു രാഷ്ട്രീയക്കാരന്‍ അന്വേഷിക്കേണ്ട വിഷയവുമല്ല. ജീര്‍ണതയും വ്രണങ്ങളും ചൂണ്ടിക്കാട്ടുകയാണ് കലാകാരന്റെ ധര്‍മം. അതു മാറ്റേണ്ട ചുമതല രാഷ്ട്രീയക്കാരന്റെതാണ്.
ഇഎംഎസിന്റെ ചാതുര്യമുള്ള രാഷ്ട്രീയക്കാര്‍ ഇന്നില്ലെന്നതു വ്യക്തം. പക്ഷേ എന്‍ എന്‍ പിള്ളയെ പോലെ ഭ്രാന്തിനു ചികിത്സ ഷോക് ട്രീറ്റ്‌മെന്റ് ആണെന്നും സാരോപദേശമല്ലെന്നും വിളിച്ചു പറയുന്ന കലാകാരന്‍ ഇപ്പോഴും ഉണ്ടെന്ന് ഉറപ്പിക്കുന്നുണ്ട് അലന്‍സിയര്‍. ദന്തഗോപുരവാസിയല്ല, സമൂഹത്തിന്റെ ഭാഗമായി, സമൂഹത്തിനു വേണ്ടി സംസാരിക്കുന്നവനായിരിക്കും യഥാര്‍ത്ഥ കലാകാരന്‍ എന്ന് ഉറക്കെ വിളിച്ചു പറയുന്ന അലന്‍സിയാര്‍മാരെയാണ് നമ്മള്‍ പിന്തുണയ്‌ക്കേണ്ടത്. അവര്‍ ഒറ്റപ്പെട്ടുപോകാന്‍ അനുവദിക്കരുത്.
അലന്‍സിയറിന്റെ പെര്‍ഫോമന്‍സ് ആവേശം തരുന്നതാണെങ്കില്‍ മറ്റൊരു മലയാളിയും ബോളിവുഡ് താര റാണിയുമായ വിദ്യബാലന്‍ നിരാശപ്പെടുത്തിയിരിക്കുകയാണ്. ഇവിടുത്തെ ബഹുഭൂരിപക്ഷം താരങ്ങളെയും പോലെ വിദ്യയും സ്വന്തം താത്പര്യങ്ങള്‍ മാത്രം സംരക്ഷിച്ചിരിക്കുന്നുവെന്നാണ് കമല്‍ ചിത്രമായ ആമിയില്‍ നിന്നും പിന്മാറിയ തീരുമാനത്തിലൂടെ വ്യക്തമാക്കിയിരിക്കുന്നത്. ഏതു ചിത്രത്തില്‍ അഭിനയിക്കണം എന്നത് വിദ്യയുടെ സ്വാതന്ത്ര്യത്തിന്റെ ഭാഗമാണ്. പല പ്രശ്‌നങ്ങള്‍ കൊണ്ട് അഭിനേതാവിന് അവര്‍ കരാറായ ചിത്രത്തില്‍ നിന്നും പിന്മാറാം. ഇവിടെ വിദ്യയുടെ പിന്മാറ്റം ഒരു രാഷ്ട്രീയപ്രശ്‌നമായി മാറിയിരിക്കുന്നു. സംഘപരിവാറിന്റെ ആക്രമണം നേരിട്ടുകൊണ്ടിരിക്കുന്ന ഒരാളുടെ ചിത്രത്തില്‍ നിന്നാണ് വിദ്യ പിന്മാറിയിരിക്കുന്നത്. മാധവിക്കുട്ടിയെന്ന കമല സുരയ്യയുടെ ജീവിത കഥ പറയുന്ന സിനിമ എന്നും അതിനു പ്രത്യേകതയുണ്ട്.
ഹിന്ദുത്വ അജണ്ടവാദികളുടെ മതരാഷ്ട്രീയ തന്ത്രങ്ങള്‍ നാടിനെ ശിഥിലമാക്കി തീര്‍ക്കുന്ന കാലത്ത് അതിനോട് ഇണങ്ങും വിധം ഒരു തീരുമാനമാണ് വിദ്യ എടുത്തതെങ്കില്‍ ഒരു കലാകാരിയുടെ സാമൂഹിക പ്രതിബദ്ധത അവര്‍ക്ക് നഷ്ടപ്പെട്ടിരിക്കുന്നു എന്നു പറയേണ്ടി വരും. പ്രധാനമന്ത്രി മോദിയെ അപമാനിച്ച, ദേശീയഗാനത്തെ അവഹേളിച്ച ഒരാളുടെ ചിത്രത്തില്‍ താന്‍ അഭിനയിക്കുന്നില്ലെന്ന തരത്തില്‍ വിദ്യയുടെ പേരില്‍ വാര്‍ത്തകളിറക്കി ഒരു വിഭാഗം മാധ്യമങ്ങളും ബിജെപി-സംഘപരിവാറുകാരും ആഘോഷങ്ങള്‍ നടത്തിയിരുന്നു. സംഘപരിവാര്‍ രാഷ്ട്രീയത്തെക്കാള്‍ ചീഞ്ഞ മാധ്യമപ്രവര്‍ത്തനം നടത്തിയവരോടാണ് കൂടുതല്‍ ചെടുപ്പ് തോന്നുന്നത്. മാധ്യമപ്രവര്‍ത്തനത്തിന്റെ യാതൊരു എത്തിക്‌സും പുലര്‍ത്താതെ സാമാന്യ മര്യാദ പോലും കാണിക്കാതെ ഉത്തരവാദിത്വപ്പെട്ട ഒരു സ്റ്റേറ്റ്‌മെന്റ് പോലുമില്ലാതെ ഊഹവാര്‍ത്തകള്‍ ചമച്ചു വിടുമ്പോള്‍ അതുണ്ടാക്കുന്ന പ്രത്യാഘാതങ്ങളെക്കാള്‍ തങ്ങളുടെ വായന കൂടണം എന്നു മാത്രം ചിന്തിക്കുന്ന തലച്ചോറുകള്‍ ആറ്റം ബോംബുകളെക്കാള്‍ അപകടമാണ്.
ഇപ്പോള്‍ പുറത്തു വരുന്ന വാര്‍ത്തകള്‍ ആദ്യമുള്ള തിരക്കഥയില്‍ കമല്‍ മാറ്റങ്ങള്‍ വരുത്തിയതാണ് വിദ്യയെ സിനിമയില്‍ നിന്നും പിന്മാറാന്‍ നിര്‍ബന്ധിതയാക്കിയതെന്നാണ്. മാധവിക്കുട്ടിയുടെ ജീവിതമല്ല, മാധവിക്കുട്ടിയില്‍ നിന്നും കമല സുരയ്യയിലേക്കുള്ള മതപരിവര്‍ത്തനമാണ് കമല്‍ സിനിമയാക്കുന്നതെന്നു തിരിച്ചറിഞ്ഞാണുപോലും വിദ്യ ഈ സിനിമയില്‍ അഭിനയിക്കേണ്ടെന്നു തീരുമാനിച്ചതെന്ന്. കമല്‍ തന്റെ തിരക്കഥ എങ്ങനെയുള്ളതാണെന്നു പറഞ്ഞിട്ടില്ല, വിദ്യ ബാലന്‍ തന്റെ പേരില്‍ വരുന്ന വാര്‍ത്തകളെല്ലാം സത്യമാണെന്നും പറഞ്ഞിട്ടില്ല. പക്ഷേ എഴുതുന്നവര്‍ ഫാസിസ്റ്റ് പ്രചാരകരെ സന്തോഷിപ്പിച്ചുകൊണ്ടേയിരിക്കുന്നു.
ഇവിടെ കാര്യങ്ങള്‍ക്കു വ്യക്തത വരുത്തേണ്ടത് വിദ്യ ബാലനാണ്. കമലിന്റെ ഭാഗത്തു വീഴ്ചയുണ്ടെങ്കില്‍ അതു പറയണം. അതല്ല വരുന്ന വാര്‍ത്തകള്‍ ശരിയാണെങ്കില്‍ അതു സമ്മതിക്കണം. പ്രധാനമന്ത്രിയേയും ദേശീയഗാനത്തെയും അപമാനിച്ചവന്റെ സിനിമ വേണ്ടെന്ന സംഘപരിവാര്‍ ആക്രോശം അനുസരിച്ചോ, അതോ മതം മാറിയ മാധവിക്കുട്ടിയുടെ കഥയോട് താതപര്യമില്ലാത്തതോ കാരണം എന്നു വ്യക്തമാക്കണം. രണ്ടായാലും വിദ്യ എന്ന കലാകാരിക്ക് അവിടെ ന്യായീകരിക്കാന്‍ ഒന്നുമില്ല. അതേസമയം കേന്ദ്രഗവണ്‍മെന്റിന്റെ പദ്ധതികളുടെ ബ്രാന്‍ഡ് അംബാസിഡറും ഹിന്ദി സിനിമാലോകത്ത് നിലനിന്നു പോകാന്‍ ആഗ്രഹിക്കുന്നതുമായ ഒരു താരത്തിനു പറയാന്‍ ന്യായങ്ങള്‍ പലതും കാണാം.
മാധവിക്കുട്ടിയെ കുറിച്ച് അല്‍പമെങ്കിലും വായിച്ചറിവ് കിട്ടിയുണ്ടാവണം വിദ്യയ്ക്ക്. ഒരു എഴുത്തുകാരിയെന്ന നിലയ്ക്കല്ലെങ്കിലും മറ്റൊരു സ്ത്രീയെന്ന നിലയ്‌ക്കെങ്കിലും മാധവിക്കുട്ടിയെ മനസിലാക്കാന്‍ വിദ്യയ്ക്കു കഴിഞ്ഞിട്ടുണ്ടാവണം. മാധവിക്കുട്ടിയില്‍ നിന്നും കമല സുരയ്യയിലേക്കുള്ള മാറ്റം എങ്ങനെയായിരുന്നുവെന്നു മനസിലാക്കേണ്ടതും ഏതെങ്കിലും സംഘപരിവാറുകാരന്റെ വിശദീകരണത്തില്‍ നിന്നാകരുതായിരുന്നു.
കമല്‍ എന്ന സംവിധായകനെ കുറിച്ചും വിദ്യയ്ക്ക് ആരും പറഞ്ഞു തരേണ്ടതില്ല. ദേശീയ പുരസ്‌കാരം ഉള്‍പ്പെടെ വാങ്ങിയ, 40 ലേറെ സിനിമകള്‍ ചെയ്ത മുന്‍നിര സംവിധായകരില്‍ ഒരാളാണ് കമല്‍. ആ കമല്‍ പെട്ടെന്നൊരു ദിവസം കമാലുദ്ദീന്‍ മുഹമ്മദ് ആക്കി മാറ്റപ്പെടുമ്പോള്‍ ഒരു കലാകാരി എന്ന നിലയ്ക്ക് അതിനെ പ്രതിരോധിക്കുകയും അദ്ദേഹത്തിനു പിന്തുണ കൊടുക്കേണ്ടതുമായിരുന്നു വിദ്യ ചെയ്യേണ്ടത്. കലാകാരനു ജാതിയും മതവും ഇല്ലെന്നും അവന്റെ മതം കലയാണെന്നും സേവനം സമൂഹത്തിനുവേണ്ടിയാണെന്നും തിരിച്ചറിയാനുള്ള ബുദ്ധി കോടികള്‍ പ്രതിഫലം പറ്റുന്ന താരങ്ങള്‍ക്ക് ഇല്ലാതെ പോകുന്നതാണ് ഇത്തരം ദുരനുഭവങ്ങള്‍ക്ക് കാരണം.
കമല്‍ ആണോ കമല സുരയ്യയാണോ യഥാര്‍ത്ഥ പ്രശ്‌നം എന്നു കൂടി വിദ്യ അന്വേഷിച്ചു നോക്കണം. ഒരു പക്ഷേ കമല്‍ അല്ല മാധവികുട്ടിയുടെ ജീവിതം സിനിമയാക്കുന്നതെങ്കില്‍ കൂടി അതും പുറത്തുവരണം എന്നില്ല. കാരണം മാധവിക്കുട്ടിയെന്ന കമല സുരയ്യയുടെ പുനര്‍വായന ഇഷ്ടപ്പെടാത്തവര്‍ ഇവിടെയുണ്ട്. അവരുടെ ചൂണ്ടയില്‍ കുടുങ്ങിയതാണ് വിദ്യബാലന്‍ എന്ന അഭിനേത്രിയെങ്കില്‍, നിങ്ങള്‍ സമൂഹത്തിനു നല്‍കുന്നത് വലിയ നിരാശയാണ്.
കഥാപാത്രത്തെ ഉള്‍ക്കൊള്ളാന്‍ കഴിയാതെ വന്നതാണ് താന്‍ പിന്മാറാന്‍ കാരണമെന്ന വിദ്യയുടെ അനൗദ്യോഗിക നിലപാടും അതു ശരിവയ്ക്കുന്ന കമലിനെയും വിശ്വസിക്കാനാണ് കൂടുതല്‍ പേര്‍ക്കും ഇഷ്ടം. അതല്ല സത്യമെങ്കില്‍ വിദ്യബാലനോടുള്ള സഹതാപം പ്രകടിപ്പിക്കുന്നു; എന്നിട്ട് ഞങ്ങള്‍ അലന്‍സിയറിനു ചുറ്റും നിന്നും കൈയടിക്കട്ടെ…