UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കേരള രാഷ്ട്രീയത്തില്‍ വെള്ളാപ്പള്ളി വേണോ? ആലപ്പുഴ തീരുമാനിക്കും

Avatar

ദില്‍ന മധു

കിഴക്കിന്റെ വെനീസ് അഥവ ആലപ്പുഴ. കായലുകളും കനാലുകളും ജലഗതാഗതവും മുഖമുദ്രയായ തീരദേശ ജില്ല. വിനോദ സഞ്ചാരികളുടെ ഇഷ്ടനാട്. പുന്നപ്ര- വയലാർ വിപ്ലവനാട്. തെക്കൻ കേളത്തിലെ ഉറച്ച ഇടത് പാളയം. നെല്ല്,  മത്സ്യം, കയർ, പരമ്പരാഗത തൊഴിൽ മേഖല അങ്ങനെ നീളുന്നു ആലപ്പുഴയുടെ സ്വത്വം. ഇടത് മനസ് സൂക്ഷിക്കുമ്പോഴും തെരഞ്ഞെടുപ്പുകളിൽ യു ഡി എഫിനെ പാടെ കയ്യൊഴിയാത്തതാണ് ചരിത്രം.

ജില്ലയിൽ ആകെയുള്ളത് ഒൻപത് നിയമസഭാ മണ്ഡലങ്ങളാണ്. ചേർത്തല, അരൂർ, ആലപ്പുഴ, അമ്പലപ്പുഴ, ഹരിപ്പാട്, മാവേലിക്കര, കായംകുളം, ചെങ്ങന്നൂർ, കുട്ടനാട്. ഏഴ് മണ്ഡലങ്ങളിൽ വിജയിച്ച്2011 ൽ ഇടതുപക്ഷം ജില്ലയിൽ കരുത്തുകാട്ടി. ലോക്സഭയിൽ യു ഡി എഫിനായിരുന്നു നേട്ടം. തദ്ദേശ തെരഞ്ഞെടുപ്പിൽ ഇടതു മുന്നണിക്ക് പൊതുവെ ഭേദപ്പെട്ട ഫലമെങ്കിലും, ചില പോക്കറ്റുകളിൽ കാലിടറി. ബിജെപി സാന്നിധ്യമറിയിച്ചു. കയ്യിലുള്ള രണ്ട് മണ്ഡലത്തിന് പുറമെ കുട്ടനാട്ടിലും ലീഡ് നേടാൻ യു ഡി എഫിനായി.

എസ് എൻ ഡി പി യുടെ നേതൃത്വത്തിൽ രൂപം കൊണ്ട ബി ഡി ജെ എസിന്റെ രാഷ്ട്രീയ ഭാവി ? കെ ആർ ഗൗരിയമ്മയും ജെ എസ് എസും? സി പി ഐ എമ്മിലെ വിഭാഗീയത? – നിയമസഭാ തെരഞ്ഞെടുപ്പോടെ ഉത്തരം കിട്ടേണ്ട നിരവധി ചോദ്യങ്ങളുണ്ട് ആലപ്പുഴയിൽ. മാറിയും മറിഞ്ഞും തിരിഞ്ഞും കറങ്ങിയും ഒടുവിൽ എൻ ഡി എ യിൽ എന്ന് ഉറപ്പിച്ചിട്ടുണ് ബി ഡി ജെ എസ്.  തദ്ദേശ തെരഞ്ഞെടുപ്പിൽ സ്വന്തം നാട്ടിൽ പോലും കരുത്തുകാട്ടാൻ എസ് എൻ ഡി പി ക്ക് സാധിച്ചിരുന്നില്ല . കൂട്ടകെട്ടുകൊണ്ട് വലിയ നേട്ടമില്ലെന്ന് ബിജെപിക്ക് ബോധ്യപ്പെട്ടിട്ടുണ്ട്. നിർണായക ശക്തിയാകും തെരഞ്ഞെടുപ്പിന് ശേഷമെന്ന വെള്ളാപ്പള്ളി നടേശന്റെ വാക്കുകൾ ആരും കാര്യമായി ഗൗനിക്കാതെയായി. എന്തായാലും ഡൽഹി ചർച്ചകളിലൂടെ വെള്ളാപ്പള്ളി ലക്ഷ്യമിടുന്ന മണ്ഡലങ്ങളിൽ പ്രധാനപ്പെട്ടവ ആലപ്പുഴയിൽ തന്നെയാകും.

ലയന നീക്കം പാളിയെങ്കിലും ഇടതു മുന്നണിയിൽ തന്നെയാണ് ജെ എസ് എസ് എന്നാണ് കെ.ആർ ഗൗരിയമ്മയുടെ വാദം. അരൂർ ഉൾപ്പെടെ നാലിൽ അധികം മണ്ഡലങ്ങൾ ജെ എസ് എസ് ആവശ്യപ്പെട്ടുമെന്നാണ് സൂചന. പ്രായാധിക്യം മൂലം ഗൗരിയമ്മ മത്സരിക്കില്ലെങ്കിലും ബന്ധുവിന് സീറ്റ് ഒപ്പിക്കാൻ ശ്രമമെന്നാണ് കേൾക്കുന്നത്. സമീപ കാലങ്ങളിൽ ഗൗരിയമ്മയോടും പാർട്ടിയോടും കാണിച്ച മൃദുസമീപനം സീറ്റ് നൽകുന്നതിലും സി പി ഐ എം തുടരുമോ എന്നാണ് കാണേണ്ടത്.

ജി സുധാകരനെന്നും തോമസ് ഐസക്കെന്നും ആലപ്പുഴയിൽ പാർട്ടി രണ്ടെന്നാണ് സംസാരം. ആലപ്പുഴ എസ് ഡി കോളെജുമായി ബന്ധപ്പെട്ട വിവാദം ഉൾപ്പെടെ ഉൾപ്പോര് ശക്തമാക്കിയിട്ടുണ്ട്.  തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നോടിയായി വിഭാഗീയത അവസാനിപ്പിക്കാനുള്ള സംസ്ഥാന നേതൃത്വത്തിന്റെ ശ്രമം ഫലം കണ്ട മട്ടില്ല. കഞ്ഞിക്കുഴി ഉൾപ്പെടെ സ്ഥിരം ‘പ്രശ്ന മേഖല ‘ കൂടി കണക്കിലെടുത്താൽ ഇടതിന് കാര്യമത്ര എളുപ്പമല്ല.

ജില്ലയിൽ ചെങ്ങന്നൂരാണ് ഐക്യമുന്നണി പ്രതീക്ഷ വെയ്ക്കുന്ന പ്രധാന മണ്ഡലം .കഴിഞ്ഞ തവണ ഇവിടെ പി സി വിഷ്ണുനാഥ് നേടിയ വിജയം മാത്രമാണ് യു ഡി എഫിന് ആശ്വാസം നൽകുന്നത്. 12,500 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് സി പി ഐ എമ്മിലെ സി എസ് സുജാതയെ വിഷ്ണുനാഥ് പരാജയപ്പെടുത്തിയത്. സോളാർ വിവാദവുമായി ബന്ധപ്പെട്ട് ആരോപണങ്ങൾ ഉയർന്നെങ്കിലും പി സി വിഷ്ണുനാഥ് മണ്ഡലത്തിൽ മൂന്നാം അങ്കത്തിന് ഇറങ്ങാൻ തന്നെയാണ് സാധ്യത. ജയ സാധ്യതയുള്ള സ്വതന്ത്ര സ്ഥാനാർത്ഥികളെ വരെ മണ്ഡലത്തിൽ സി പി ഐ എം തേടുന്നുണ്ട്. മുൻ സംസ്ഥാന അധ്യക്ഷൻ പി എസ് ശ്രീധരൻ പിള്ളയെ നിർത്തി ശക്തമായ പോരാട്ടത്തിന് ഒരുങ്ങുകയാണ് ബിജെപി . സ്വന്തം വോട്ട്  ഉറപ്പിക്കാൻ ബിജെപിക്ക് സാധിച്ചാൽ അത് ബാധിക്കുക യു ഡി എഫിനെ തന്നെയാകും.

ഹരിപ്പാട് വിട്ട് സുരക്ഷിത മണ്ഡലം തേടുന്നു എന്ന പ്രചാരണം തള്ളി രമേശ് ചെന്നിത്തല തന്നെ രംഗത്തെത്തിയിട്ടുണ്ട്. കഴിഞ്ഞ തവണ കൃഷ്ണപ്രസാദിന് മേൽ 5520 വോട്ടിന്റെ തിളക്കമില്ലാത്ത ജയമായിരുന്നു ചെന്നിത്തലയുടേത്. സി പി ഐ മത്സരിക്കുന്ന ഹരിപ്പാടിൽ പോരാട്ടം ആവർത്തിക്കാനാണ് സാധ്യത. 

ജൈവകൃഷി, മാലിന്യ നിർമ്മാർജ്ജന പദ്ധതികളിലൂടെ കൂടുതൽ ജനകീയനായ ഡോ. ടി.എം തോമസ് ഐസക്ക് ആലപ്പുഴ മണ്ഡലത്തിൽ വീണ്ടും മത്സരിക്കും. 2011 ൽ എ എം ആരിഫിനോട് തോറ്റ ഡി സി സി പ്രസിഡൻറ് എ എ ഷുക്കൂർ മണ്ഡലം മാറി ആലപ്പുഴയിൽ എത്തുമെന്ന് സൂചനയുണ്ട്. അരൂരിലും ഷുക്കൂറിന്റെ പേര് കേൾക്കുന്നു.  ജില്ല നേതൃത്വത്തിന് വിയോജിപ്പുള്ള ആരിഫിനെ വീണ്ടും മത്സരിപ്പിക്കുമോ എന്നതിലും വ്യക്തതയില്ല. അരൂരിലെ സാധ്യതാ പട്ടികയിൽ നടൻ സിദ്ദിഖിന്റെ പേരുണ്ടെന്ന വാർത്ത ഡിസിസി തന്നെ നിഷേധിച്ചിട്ടുണ്ട്. അമ്പലപ്പുഴയിൽ രണ്ട് വട്ടം വിജയിച്ച ജി.സുധാകരൻ മത്സരിച്ചേക്കില്ലെന്നും മണ്ഡലം മാറുമെന്നും വാർത്തകളുണ്ട്.  ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡൻറ് പ്രതിഭാഹരി ഉൾപ്പെടെയുള്ളവരുടെ പേര് പകരം ഉയർന്നു കേൾക്കുന്നു.

സംവരണ മണ്ഡലമായ മാവേലിക്കരയിൽ 2011 ലെ പോരാട്ടം ആവർത്തിച്ചേക്കും . അയ്യായിരത്തിൽ അധികം വോട്ടുകൾക്കാണ് സി പി ഐ എമ്മിലെ ആര്‍. രാജേഷ് ജെ എസ എസിലെ കെ കെ ഷാജു വിനെ അന്ന് പരാജയപ്പെട്ടുത്തിയത്. ജെ എസ് എസ് രാജൻ ബാബു വിഭാഗത്തിൽ നിന്ന് രാജിവെച്ച ഷാജു ഇത്തവണ കൈപ്പത്തി ചിഹ്നത്തിൽ മത്സരിക്കുമെന്നാണ് സൂചന.

കുട്ടനാട്ടിൽ എൻസിപിയുടെ തോമസ് ചാണ്ടി നേരത്തെ തന്നെ സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചുകഴിഞ്ഞു. എൽ ഡി എഫ് അധികാരത്തിൽ എത്തിയാൽ ജലവിഭവ വകുപ്പ് മന്ത്രിയാകുമെന്ന പ്രസ്താവന മുന്നണി നേതൃത്വത്തെ ചൊടിപ്പിച്ചിട്ടുണ്ട്. ഇരു മുന്നണിയിലും നിന്ന് കുട്ടനാട്ടിൽ വിജയിച്ച തോമസ് ചാണ്ടിക്ക് എതിരാളി മാണി കോൺഗ്രസിലെ മുൻ എംഎൽഎ കെസി ജോസഫ് ഫ്രാന്‍സിസ് ജോര്‍ജ്ജിന്‍റെ കൂടെ ഇടതുപാളയത്തില്‍ എത്തിയിരിക്കുകയാണ്. അതേസമയം മണ്ഡലം ഏറ്റെടുക്കാൻ കോൺഗ്രസിന് താല്പര്യം ഉള്ളതായാണ് റിപ്പോർട്ട്.

എം ലിജു, ഷാനിമോൾ ഉസ്മാൻ, എ എ ഷുക്കൂർ തുടങ്ങിയവരുടെ പേരുകളാണ് ജില്ലയിൽ വിവിധ മണ്ഡലങ്ങളിൽ കോൺഗ്രസ് പ്രധാനമായും പരിഗണിക്കുന്നത്.

(മാധ്യമ പ്രവര്‍ത്തകയാണ് ദില്‍ന)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍