UPDATES

കേരളം

ഐസക്കിന്റെ ആലപ്പുഴയില്‍ നിന്നൊരു മറുപടി; തെരഞ്ഞെടുപ്പു വിശകലനം ഭള്ള് പറച്ചിലാകരുത്

എല്‍ഡിഎഫ് തോറ്റത് മാലിന്യ സംസ്‌കരണ നയം മൂലമാണെന്ന് വിലയിരുത്തുകയാണെങ്കില്‍ യുഡിഎഫ് ജയിച്ചത് ഈ രംഗത്തെ അവരുടെ നയത്തിനുള്ള അംഗീകാരമാണെന്നല്ലേ അര്‍ത്ഥം

(പ്രിയന്‍ അലക്‌സ് എഴുതിയ തോമസ് ഐസക്കിന്റെ ആലപ്പുഴയില്‍ ഇടതിന് എന്തുപറ്റി? എന്ന ലേഖനത്തിനുള്ള മറുപടി )

ആലപ്പുഴ നഗരസഭയിലെ എല്‍ഡിഫ് പരാജയത്തെക്കുറിച്ച് പ്രിയന്‍ അലക്‌സ് അഴിമുഖത്തില്‍ എഴുതിയിരുന്നു. ലേഖനത്തില്‍ പറയുന്ന സൈദ്ധാന്തിക പ്രശ്‌നങ്ങളോട് പ്രതികരിക്കാന്‍ ഞാന്‍ ആളല്ല. അതിനു പ്രാപ്തിയുള്ളവര്‍ അത് ചെയ്യട്ടെ. ആലപ്പുഴ നഗരത്തില്‍ നടപ്പിലാക്കിയ ഉറവിട മാലിന്യ സംസ്‌കരണ പദ്ധതി നഗരവാസികള്‍ തള്ളിക്കളഞ്ഞു, അതിന്റെ പ്രതിഫലനമാണ് തെരഞ്ഞെടുപ്പു പരാജയം എന്നാണ് അദ്ദേഹത്തിന്റെ വാദം. ഈ തെരഞ്ഞെടുപ്പ് പോരാട്ടത്തിന്റെ പ്രധാന അജണ്ട ഇതായിരുന്നോ എന്നൊക്കെ പരിണിതപ്രജ്ഞരായ ആരെങ്കിലും പരിശോധിക്കട്ടെ. പ്രത്യേകിച്ചും ആലപ്പുഴയില്‍. പ്രിയന്‍ അലക്‌സിന്റെ വാദങ്ങള്‍ ഏതാണ്ട് ഇതാണ് (സൈദ്ധാന്തിക പ്രശ്‌നങ്ങള്‍ തൊടുന്നില്ല);

1. നഗര സഭ നിര്‍വഹിച്ചു പോന്നിരുന്ന ജോലി നാട്ടുകാരുടെ തലയില്‍ കെട്ടിവെയ്ക്കുകയാണ് ഉറവിട മാലിന്യ സംസ്‌കരണം ചെയ്യുന്നത്. ഇതിനോടുള്ള നഗരവാസികളുടെ പ്രതിഷേധമാണ് കണ്ടത് (ഇത്ര നാളും ഭരണകൂടത്തിന്റെ തലയിലായിരുന്നത് തങ്ങളുടെ തലയിലേക്കു വരുന്നതിനെ അവരെങ്ങനെ അംഗീകരിക്കും എന്നാണ് അദ്ദേഹം ചോദിക്കുന്നത്. അതുകൊണ്ടാണ് ഭരണകൂടത്തോട് go to your classes എന്ന് ജനങ്ങള്‍ ഈ തെരഞ്ഞെടുപ്പിലൂടെ പറഞ്ഞിരിക്കുന്നത്. ആ വെല്ലുവിളി ഇനി കോണ്‍ഗ്രസാണ് ഏറ്റെടുക്കേണ്ടത് എന്നും അദ്ദേഹം പറയുന്നു).

2.ഇതിനു തെളിവെന്താ? ഈ പദ്ധതി ആരംഭിച്ച കിടങ്ങാം പറമ്പ്, വാട്‌സണ്‍ പാര്‍ക് സ്ഥിതി ചെയ്യുന്ന വഴിച്ചേരി തുടങ്ങിയ വാര്‍ഡുകളില്‍ എല്‍ഡിഎഫ് തോറ്റു. ഈ പദ്ധതിക്കെതിരെ ജനം വോട്ടു ചെയ്ത് എന്നതിന് ഇതില്‍ പരം തെളിവ് വേണോ?

3. പ്ലാസ്റ്റിക് കിറ്റ് നിരോധനം ജനത്തിന് പിടിച്ചിട്ടില്ല. അവര്‍ അതിനോടും പ്രതികരിച്ചു.

4. ബാക്കിയുള്ളതൊക്കെ അദ്ദേഹത്തിന്റെ പതിവ് ഐസക്ക് വധം ബാലെയാണ്.

നഗരസഭ പോയെങ്കിലും ഐസക്കിന്റെ മണ്ഡലത്തിലെ എല്ലാ പഞ്ചായത്തുകളും എല്‍ഡിഎഫ് ജയിച്ചെന്നും ഇതിന്റെ ബലത്തില്‍ ഐസക് ഒരിക്കല്‍ കൂടി ജയിക്കും എന്നും അദ്ദേഹം വിലപിക്കുന്നതും കാണാം. തെരഞ്ഞെടുപ്പു ഫലം വന്നു കൊണ്ടിരുന്ന സന്ദര്‍ഭത്തില്‍ ഇദ്ദേഹത്തിന്റെ ഒരു ഫേസ്ബുക്ക് പോസ്റ്റ് ശ്രദ്ധിച്ചിരുന്നു. മാരാരിക്കുളത്തെങ്ങും പച്ചക്കറി ഇല്ലേ , അവിടെ എല്‍ഡിഎഫ് തോറ്റല്ലോ എന്നൊക്കെ പറഞ്ഞൊരു പോസ്റ്റ്. എന്തായാലും മാരാരിക്കുളം വടക്കും, തെക്കും എന്ന രണ്ടു പഞ്ചായത്തുകള്‍ ഉണ്ട്. ഇവിടെയെല്ലാം സാമാന്യം നന്നായി എല്‍ഡിഎഫ് ജയിച്ചതില്‍ ഹതാശനായി ഇദ്ദേഹം അതിനെക്കുറിച്ച് എന്തായാലും പിന്നെ മിണ്ടീട്ടില്ല എന്നാണ് തോന്നുന്നത്.

ഐസക് പ്രതിനിധീകരിക്കുന്ന ആലപ്പുഴ അസംബ്ലി മണ്ഡലത്തില്‍ മാരാരിക്കുളം വടക്ക്, മാരാരിക്കുളം തെക്ക്, ആര്യാട്, മണ്ണഞ്ചേരി എന്നീ പഞ്ചായത്തുകളും ആലപ്പുഴ നഗരസഭയിലെ 25 വാര്‍ഡുകളുമാണ് ഉള്ളത്. പഞ്ചായത്തുകള്‍ നാലും എല്‍ഡിഎഫ് ജയിച്ചു. നേരത്തെ പോയിരുന്ന ആര്യാട് തിരിച്ചു പിടിക്കുകയും ചെയ്തു. ഈ മണ്ഡലത്തില്‍ രണ്ട് ജില്ലാ പഞ്ചായത്ത് ഡിവിഷനുകള്‍ ഉണ്ട്. ആര്യാടും, മാരാരിക്കുളവും. കഞ്ഞിക്കുഴി ഡിവിഷന്റെ ഒരു കഷണവും കൂടി ഉണ്ട്. മൂന്നും നല്ല ഭൂരിപക്ഷത്തില്‍ എല്‍ഡിഎഫ് ജയിച്ചു. ആര്യാട്, മാരാരിക്കുളം ഡിവിഷനുകളിലായി എല്‍ഡിഎഫിന് 10,912 വോട്ടുകളുടെ ഭൂരിപക്ഷം ഉണ്ട്. കഞ്ഞിക്കുഴി ഡിവിഷന്‍ 8,070 വോട്ടുകളുടെ ഭൂരിപക്ഷത്തിനായിരുന്നു വിജയം. രണ്ട് ബ്ലോക്ക് പഞ്ചായത്തുകളും എല്‍ഡിഎഫിന് തന്നെ.

നഗരസഭയിലെ ആകെ 52 വാര്‍ഡുകളില്‍ 25 എണ്ണമാണ് ആലപ്പുഴ അസംബ്ലി മണ്ഡലത്തിലുള്ളത്. 2010 ലെ നഗരസഭാ തെരഞ്ഞെടുപ്പില്‍ ഈ 25 വാര്‍ഡുകളിലും കൂടി യുഡിഎഫിന് 18,981 വോട്ടുകളാണ് കിട്ടിയത്. ഒമ്പതു വാര്‍ഡുകളില്‍ യുഡിഎഫ് റിബലുകള്‍ മത്സരിച്ചിരുന്നു. ഇവര്‍ 4,044 വോട്ടുകള്‍ കരസ്ഥമാക്കിയിരുന്നു. രണ്ടും കൂടി ചേര്‍ത്താല്‍ 2010ലെ യുഡിഎഫ് വോട്ടുകള്‍ 23,025 ആണ്. എല്‍ഡിഎഫിന് 2010-ല്‍ കിട്ടിയത് 18,246 വോട്ടുകളാണ്.

ഇത്തവണ യുഡിഎഫ് ആലപ്പുഴയില്‍ റിബല്‍ ശല്യം നേരിട്ടില്ല. എന്നിട്ടും യുഡിഎഫിന് കിട്ടിയത് 18,719 വോട്ടുകള്‍. 23,025ല്‍ നിന്നാണ് ഈ പതനം എന്നര്‍ക്കോണം. എല്‍ഡിഎഫിന് 18,017 വോട്ടുകളാണ് കിട്ടിയത്. 2010 നേക്കാള്‍ 229 വോട്ടുകള്‍ കുറവ്. എന്നാല്‍ ബിജെപിയുടെ വോട്ടുകള്‍ 1,717ല്‍ നിന്നും 7,426 ആയി വര്‍ദ്ധിച്ചു. ആലപ്പുഴ നഗരത്തിലെ ഹിന്ദു ഭൂരിപക്ഷ പ്രദേശമാണ് ഈ വടക്കന്‍ ഭാഗം. ഇത് കാണിക്കുന്നതെന്താണ്? സംസ്ഥാനത്താകെ നഗരങ്ങളില്‍ പ്രകടമായ ഒരു പ്രവണത ആലപ്പുഴയിലും ദൃശ്യമായി എന്നാണ്. അതിനെ ഉറവിട മാലിന്യ സംസ്‌കരണ പരിപാടിയോടുള്ള വിദ്വേഷ പ്രകടനമായിട്ടു വിലയിരുത്താന്‍ ചെറിയ തോതിലുള്ള ലാഘവത്വം ഒന്നും പോര.

പ്രിയന്‍ എടുത്തു പറഞ്ഞ രണ്ടു വാര്‍ഡുകളാണല്ലോ കിടങ്ങാംപറമ്പും, വഴിച്ചേരിയും. അതൊന്നു പ്രത്യേകം പരിശോധിക്കാം. കിടങ്ങാംപറമ്പ് വാര്‍ഡില്‍ 2010ല്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി 284 വോട്ടുകളും യുഡിഎഫ് റെബല്‍ 345 വോട്ടുകളും നേടി. രണ്ടും കൂടി ചേര്‍ത്താല്‍ 629. അന്ന് എല്‍ഡിഎഫിന് 460 വോട്ടാണ് കിട്ടിയത്. ബിജെപിക്ക് 363 വോട്ടുകളും ലഭിച്ചു. അതിശക്തമായ ചതുഷ്‌കോണ മത്സരത്തില്‍ പ്രബലമായൊരു വലതു വാര്‍ഡ് എല്‍ഡിഎഫ് വിജയിക്കുകയായിരുന്നു. ഇത്തവണ യുഡിഎഫിന് 521 വോട്ടുകള്‍ കിട്ടി. ബിജെപി വോട്ടുകള്‍ 475 ആയി വര്‍ദ്ധിച്ചു. തോറ്റിട്ടും എല്‍ഡിഎഫ് വോട്ട് 460ല്‍ നിന്നും 492 ആയി കൂടി.

2010ല്‍ വഴിച്ചേരിയില്‍ മൂന്നു യുഡിഎഫ് സ്ഥാനാര്‍ഥികള്‍ മത്സരിച്ചിരുന്നു. 352+250+166 എന്നിങ്ങനെ ആകെ യുഡിഎഫിന് കിട്ടിയത് 768 വോട്ടുകള്‍. ഈ സാഹചര്യത്തില്‍ 502 വോട്ടുകള്‍ കിട്ടിയ എല്‍ഡിഎഫ് അവിടെ ജയിക്കുകയായിരുന്നു. ഇത്തവണ യുഡിഎഫിന് 775 വോട്ടുകള്‍ ലഭിച്ചു. എല്‍ഡിഎഫിനാകട്ടെ 464 വോട്ടുകളെ നേടാനായുള്ളൂ. ഇവിടെ ബിജെപിക്ക് സ്ഥാനാര്‍ഥി ഉണ്ടായിരുന്നില്ല എന്നത് പ്രത്യേകം ശ്രദ്ധിക്കണം.

ഇത്തരത്തില്‍ ബിജപി-യുഡിഎഫ് ബാന്ധവം സംശയിക്കാവുന്ന നിരവധി വാര്‍ഡുകള്‍ ആലപ്പുഴ നഗരസഭയിലുണ്ട്. ഉദാഹരണത്തിന്, നെഹ്രുട്രോഫി വാര്‍ഡ്. അവിടെ യുഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് ലഭിച്ച വോട്ട് വെറും 36 ആണ്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് 628 വോട്ടുകള്‍ കിട്ടിയ വാര്‍ഡാണിത്. ഇപ്പോള്‍ ബിജെപിക്ക് 690 വോട്ടുകളാണ് കിട്ടിയത്. ബിജെപി-യുഡിഎഫ് ബാന്ധവമല്ലാതെ മറ്റെന്താണിത്?

ഈ പ്രവണത എന്തുകൊണ്ട് എന്നത് എല്‍ഡിഎഫ് സഗൗരവം പരിശോധിക്കേണ്ടത് തന്നെയാണ്, തര്‍ക്കമില്ല. എന്നാല്‍ ഇത് ഉറവിട മാലിന്യ സംസ്‌കരണ പരിപാടിയോടുള്ള ദേഷ്യ പ്രകടനമാണ് എന്നൊക്കെ വിലയിരുത്തുന്നത് അല്‍പം കടന്ന കൈയാണെന്നു മാത്രമേ പറയാനുള്ളൂ. തെരഞ്ഞെടുപ്പു വിശകലനം എന്നത് ഭള്ളുപറച്ചിലല്ല എന്നോര്‍ക്കണം.

എല്‍ഡിഎഫ് തോറ്റത് മാലിന്യ സംസ്‌കരണ നയം മൂലമാണെന്ന് വിലയിരുത്തുകയാണെങ്കില്‍ യുഡിഎഫ് ജയിച്ചത് ഈ രംഗത്തെ അവരുടെ നയത്തിനുള്ള അംഗീകാരമാണെന്നല്ലേ അര്‍ത്ഥം!. എന്തായിരുന്നു ആലപ്പുഴയില്‍ യുഡിഎഫ് പ്രകടന പത്രികയിലെ മാലിന്യ സംസ്‌കരണ നയം? യുഡിഎഫ് സര്‍ക്കാരിന്റെ നയം വന്‍കിട പദ്ധതികളും, ഇന്‍സെന്റട്ടറുകളും എല്ലാമാണല്ലോ? എന്നാല്‍ ആലപ്പുഴയിലെ യുഡിഎഫ് പ്രകടന പത്രിക നോക്കൂ.

ആലപ്പുഴയില്‍ ‘നിര്‍മല ഭവനം നിര്‍മല നഗരം’ പദ്ധതിയിലൂടെ നടപ്പിലാക്കിയ വീടുകളിലെ മാലിന്യ സംസ്‌കരണ പരിപാടികളും, തുമ്പൂര്‍മുഴി കമ്പോസ്റ്റിംഗും വ്യാപകമാക്കും എന്നാണു യുഡിഎഫ് വാഗ്ദാനം ചെയ്തിരിക്കുന്നത്. മാലിന്യ സംസ്‌കരണ കോറിഡോര്‍ പോലുള്ള മനസിലാകാത്ത കാര്യങ്ങള്‍ ഉണ്ടെങ്കിലും യുഡിഎഫ് പ്രകടന പത്രികയിലെ മാലിന്യ സംസ്‌കരണ നിര്‍േദശങ്ങളുടെ കാതല്‍ ഉറവിട മാലിന്യ സംസ്‌കരണവും, വികേന്ദ്രീകൃത മാലിന്യ സംസ്‌കരണ പരിപാടിയുമാണ് എന്ന് കാണണം. സംസ്ഥാനത്തെ ഏതാണ്ട് എല്ലാ നഗരസഭകളിലും ഈ ദിശയിലുള്ള നിര്‍ദേശങ്ങളാണ് പ്രകടന പത്രികകളില്‍ വന്നിട്ടുള്ളത്. യുഡിഎഫ് സര്‍ക്കാരിന്റെ നയത്തില്‍ നിന്നും വിഭിന്നമായി ഇത്തരമൊരു നിലപാട് സ്വീകരിക്കാന്‍ ആലപ്പുഴയിലെ യുഡിഎഫിനെ പോലും നിര്‍ബന്ധിതമാക്കും വിധം ഈ പദ്ധതി സ്വീകാര്യമായതെങ്ങനെ എന്ന് കാണണമെങ്കില്‍ ഭള്ളു പറച്ചില്‍ മാറ്റി വച്ച് ചിട്ടയായി കാര്യങ്ങള്‍ പരിശോധിക്കാന്‍ തയ്യാറാകണം.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions) 

അഴിമുഖം യൂട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

 

 

Avatar

ഗോപന്‍ മുകുന്ദന്‍

സാമൂഹ്യ പ്രപവര്‍ത്തകന്‍

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍