UPDATES

കുട്ടികളുടെ അശ്ലീല ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുന്ന പത്ത് പട്ടണങ്ങളില്‍ ആലപ്പുഴയും തിരുവനന്തപുരവും തൃശൂരും

ആലപ്പുഴ ലിസ്റ്റില്‍ നാലാമതും തിരുവന്തപുരം അഞ്ചാമതുമാണ്

കുട്ടികളുടെ അശ്ലീലദൃശ്യങ്ങള്‍ പ്രചരിപ്പിക്കുന്ന പത്ത് ഇന്ത്യന്‍ പട്ടണങ്ങളില്‍ കേരളത്തില്‍ നിന്നും മൂന്ന് പട്ടണങ്ങളും. ആലപ്പുഴയും തിരുവനന്തപുരവും തൃശൂരുമാണ് ഈ നാണംകെട്ട ലിസ്റ്റില്‍ ഇടംപിടിച്ച കേരള നഗരങ്ങള്‍. ആലപ്പുഴ ലിസ്റ്റില്‍ നാലാമതും തിരുവനന്തപുരം അഞ്ചാമതുമാണ്.

പ്രചരിപ്പിക്കപ്പെടുന്ന ഫയലുകളുടെ എണ്ണം അനുസരിച്ചാണ് ലിസ്റ്റ് തയ്യാറാക്കിയിരിക്കുന്നത്. അമേരിക്കന്‍ ഭാഷാ വിദഗ്ധനായ ജാ മെസ് കിര്‍ക് ജോണ്‍സ് കുട്ടികളുടെ അശ്ലീല ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചതിന് കഴിഞ്ഞയാഴ്ച ഹൈദരാബാദില്‍ പിടിയിലായതോടെയാണ് ഇന്ത്യന്‍ നഗരങ്ങള്‍ കേന്ദ്രീകരിച്ചുള്ള ഇത്തരം സംഘങ്ങള്‍ നിരീക്ഷണത്തിലായത്. സര്‍ക്കാര്‍ പുറത്തുവിട്ട രേഖകള്‍ അനുസരിച്ച് മെട്രോകളെ കൂടാതെ ഇന്ത്യയിലെ നിരവധി രണ്ടാംനിര നഗരങ്ങളില്‍ ഈ സംഘങ്ങളുടെ സാന്നിധ്യമുണ്ട്.

അമൃത്സര്‍ ആണ് ലിസ്റ്റില്‍ ഒന്നാം സ്ഥാനത്ത്. പിന്നാലെ ഡല്‍ഹി, ലക്‌നൗ, തൃശൂര്‍, തിരുവനന്തപുരം എന്നീ നഗരങ്ങളും വരുന്നു. ജൂലൈ ഒന്ന് മുതല്‍ ജനുവരി 15 വരെ അമൃത്സറില്‍ നിന്ന് 4.3 ലക്ഷത്തോളം ഇത്തരത്തിലുള്ള ഫയലുകളാണ് പ്രചരിപ്പിക്കപ്പെട്ടത്. ഡല്‍ഹിയില്‍ നിന്നും 2.4 ലക്ഷം ഫയലുകളും ലക്‌നൗവില്‍ നിന്നും 1.8 ലക്ഷം ഫയലുകളും ആലപ്പുഴയില്‍ നിന്നും 1.6 ലക്ഷം ഫയലുകളും തിരുവനന്തപുരത്ത് നിന്നും 1.1 ലക്ഷം ഫയലുകളും കഴിഞ്ഞ ആറ് മാസത്തിനുള്ളില്‍ പ്രചരിപ്പിക്കപ്പെട്ടു. അതേസമയം ഈ കാലയളവില്‍ ആഗ്ര, കാണ്‍പൂര്‍, ബാറക്പുര്‍, ഡിമാപുര്‍ എന്നീ നഗരങ്ങളില്‍ നിന്നും ഒരിക്കല്‍പ്പോലും കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്ന രേഖകള്‍ ഇന്റര്‍നെറ്റില്‍ തിരയപ്പെട്ടിട്ടില്ല. എന്നാല്‍ ഇന്ത്യയിലെ ഐപി അഡ്രസില്‍ നിന്നുള്ള തിരച്ചിലുകള്‍ മാത്രമാണ് പരിശോധിക്കപ്പെട്ടിരിക്കുന്നത്. ഐപി അഡ്രസുകള്‍ തെറ്റിദ്ധരിപ്പിക്കാനായി ദ ഒനിയന്‍ റൂട്ടര്‍ പോലുള്ള സേവനങ്ങള്‍ ഉപയോഗിക്കുന്നവരും ഉണ്ടെന്നതിനാല്‍ യഥാര്‍ത്ഥ കണക്കുകള്‍ ഇതിലും അധികമായിരിക്കുമെന്ന്‍ ടൈം ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.

കുട്ടികളുടെ അശ്ലീല ദൃശ്യങ്ങളുടെ പ്രചരണം കുട്ടികളുടെ ലൈംഗിക ദുരുപയോഗമായാണ് കണക്കാക്കപ്പെടുന്നതെന്ന് സെന്റര്‍ ഫോര്‍ ദി പ്രിവന്‍ഷന്‍ ആന്‍ഡ് ഹീലിംഗ് ഓഫ് സെക്ഷ്വല്‍ അബ്യൂസ് ഉദ്യോഗസ്ഥയായ വിദ്യ റെഡ്ഡി അറിയിച്ചു. സാങ്കേതിക വിദ്യയുടെ വികാസം ഇത്തരം ദൃശ്യങ്ങള്‍ പണ്ടത്തേതിനേക്കാള്‍ എളുപ്പത്തില്‍ ലഭ്യമാക്കുന്നുവെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു. അറസ്റ്റിലായ ജോണ്‍സ് ഫയല്‍ ഷെയറിംഗ് നെറ്റ്‌വര്‍ക്കായ ജിഗാ ട്രൈബും ഉപയോഗകിച്ചിരുന്നു. സമാനമനസ്‌കരായ 490 സുഹൃത്തുകളുമായി ഇയാള്‍ ഇതിലൂടെ ഫയലുകള്‍ പങ്കുവച്ചിരുന്നു.

2015-16 വര്‍ഷത്തില്‍ ഇത്തരത്തിലുള്ള 1,540 കേസുകളാണ് ദേശീയ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ രജിസ്റ്റര്‍ ചെയ്തത്. കുട്ടികളുടെ അശ്ലീലദൃശ്യങ്ങള്‍ ഡൗണ്‍ലോഡ് ചെയ്യുന്നതും കാണുന്നതും കുറ്റകൃത്യമാണെന്ന് പലര്‍ക്കും അറിയില്ലെന്ന് സൈബര്‍ ക്രൈം നിയമ വിദഗ്ധന്‍ പ്രശാന്ത് മാലി പറഞ്ഞു. അതേസമയം ഇത് ജാമ്യമില്ലാത്ത കുറ്റകൃത്യവും ഏഴ് വര്‍ഷം തടവ് ശിക്ഷയും 10 ലക്ഷം രൂപ പിഴ ശിക്ഷയും ലഭിക്കാവുന്ന കുറ്റവുമാണ്.

അതേസമയം ഓണ്‍ലൈനിലൂടെ കുട്ടികളുടെ അശ്ലീല ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുന്നത് അന്തര്‍ദേശീയ സ്വഭാവമുള്ള കുറ്റകൃത്യമാണെന്നത് ഇത്തരം കേസുകളുടെ പ്രതിബന്ധമാണെന്ന് മാലി വ്യക്തമാക്കി. ഒരു വ്യക്തി ഇന്ത്യയിലിരുന്ന് അശ്ലീല ദൃശ്യങ്ങള്‍ കാണുകയാണെങ്കിലും അതിന്റെ സര്‍വര്‍ റഷ്യയിലും പേ സൈറ്റ് സ്‌കോട്‌ലന്‍ഡിലും ആ സൈറ്റിനെ ഹോസ്റ്റ് ചെയ്യുന്ന സംവിധാനം ഓസ്‌ട്രേലിയയിലുമായിരിക്കാം.

ഇത്തരം കുറ്റകൃത്യങ്ങള്‍ തടയാന്‍ വിവിധ മന്ത്രാലയങ്ങളും വിദേശ കുറ്റാന്വേഷണ ഏജന്‍സികളെയും സാങ്കേതിക വിദഗ്ധരെയും ഇന്റര്‍പോളിനെയും എന്‍ജിഒകളെയും സംയോജിപ്പിച്ചുള്ള ദേശീയ സഖ്യം രൂപീകരിക്കുമെന്ന് കഴിഞ്ഞയാഴ്ച കേന്ദ്രമന്ത്രി മേനക ഗാന്ധി പ്രഖ്യാപിച്ചിരുന്നു. കുട്ടികളുടെ അശ്ലീല ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുന്ന വെബ്‌സൈറ്റുകളെ തടയാന്‍ ഈ സഖ്യം സഹായിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍