UPDATES

ഓട്ടോമൊബൈല്‍

ന്യൂജെന്‍കാരുടെ ബൈക്കുകളാണ്; പക്ഷേ നിരത്തുകളില്‍ പൊലിയുന്ന ജീവനും കൂടുകയാണ്

കൊച്ചി നഗരത്തില്‍ ഒരു വര്‍ഷത്തിനിടക്ക് 150ലേറെ അപകടങ്ങളാണ് സൂപ്പര്‍ബൈക്കുകള്‍ ഉണ്ടാക്കിയിരിക്കുന്നതെന്നാണ് അനൗദ്യോഗിക കണക്കുകള്‍

ഇത് സൂപ്പര്‍ ബൈക്കുകളുടെ ന്യുജെന്‍ കാലമാണ്. പറക്കമെത്തുന്നതിന് മുന്നേ യുവാക്കള്‍ ബൈക്കുകളില്‍ പാറിപ്പറക്കുന്നു. ലക്ഷങ്ങള്‍ വിലമതിപ്പുള്ള ഇത്തരം ബൈക്കുകള്‍ നിരത്തുകളിലെ താരമാണിപ്പോള്‍. എന്നാല്‍ ജീവനെടുക്കുന്ന കൊലകൊല്ലികളായി ഈ ബൈക്കുകള്‍ മാറുന്നുവെന്ന കാര്യം ആരും ഗൗനിക്കുന്നില്ല. കണക്കുകള്‍ പരിശോധിച്ചാല്‍ ബൈക്കുകള്‍ ഉണ്ടാക്കുന്ന അപകടങ്ങള്‍ ക്രമാതീതമായി വര്‍ധിക്കുന്നതായി കാണാം. പോലിസിനോ മോട്ടോര്‍വാഹന വകുപ്പിനോ നിയന്ത്രിക്കാന്‍ സാധിക്കുന്നതല്ല ഇത്തരം അപകടങ്ങള്‍. യുവാക്കളുടെ മാത്രം ജീവനല്ല ഇവ കവര്‍ന്നെടുക്കുന്നത്. റോഡ് നിയമങ്ങള്‍ പാലിച്ച് മാന്യമായി വാഹനമോടിക്കുന്നവരും യുവാക്കളുടെ ഈ അഭ്യാസങ്ങളില്‍പ്പെട്ട് ജീവന്‍ നഷ്ടമാകുന്നുണ്ട്.

പല ബൈക്കുകളും വിദേശങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്യുന്നതാണ്. അതല്ലാതെ നാട്ടിലും സി.സി കൂടിയ സൂപ്പര്‍ ബൈക്കുകള്‍ സുലഭം. സെക്കന്‍ഡുകള്‍ കൊണ്ട് നൂറ് കിലോമീറ്റര്‍ വേഗതയിലേക്ക് പറന്നുയരുവാന്‍ ഇത്തരം ബൈക്കുകള്‍ക്ക് കഴിയും. സ്പോര്‍ട്‌സ് ബൈക്കുകള്‍ക്ക് 250 സി.സിക്ക് മുകളില്‍ ഉണ്ടായിരിക്കും. എടുത്തുയര്‍ത്തിയും കിടന്നും ചാഞ്ഞും മറിഞ്ഞുമൊക്ക നമ്മുടെ നിരത്തിലൂടെ യുവാക്കള്‍ ഇതില്‍ ചീറിപായുന്നത് കാണാം. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് സാധാരണരീതിയുള്ള ഗതാഗതം സുഗമമല്ലാത്ത നമ്മുടെ റോഡുകളിലാണ് ഇത്തരം അഭ്യാസങ്ങള്‍ എന്നോര്‍ക്കണം. കുണ്ടും കുഴിയും വിസ്താരമില്ലാത്തതും തിരക്കുപിടിച്ചതുമായ നമ്മുടെ റോഡുകളിലൂടെയുള്ള ഈ മരണപ്പാച്ചില്‍ കലാശിക്കുന്നത് ദുരന്തങ്ങളിലേക്കായിരിക്കും.

കേരളത്തിലിറങ്ങിയിട്ടുള്ള സൂപ്പര്‍ബൈക്കുകളില്‍ പലതും ഇതിനോടകം അപകടത്തില്‍പ്പെട്ടിട്ടുണ്ട് എന്നു മോട്ടോര്‍വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ തന്നെ സാക്ഷ്യപ്പെടുത്തുന്നുണ്ട്. ഇതില്‍ ഭൂരിഭാഗവും മരണത്തിലാണ് കലാശിച്ചിരിക്കുന്നത്. ഗുരുതര പരിക്കേറ്റ് കിടപ്പിലായിപ്പോയവരും ഏറെയുണ്ട്. കൊച്ചിയില്‍ സുപ്പര്‍ബൈക്കുള്‍ ഉപയോഗിക്കുന്നവര്‍ക്ക് പ്രത്യേക പരിശീലനം നല്‍കുവാന്‍ തന്നെ അധികൃതര്‍ മുന്നോട്ട് വന്നിട്ടുണ്ട്. ബൈക്ക് ഡീലര്‍മാരുടെ നേതൃത്വത്തിലാണ് ഇത്തരം പരിശീലനം സംഘടിപ്പിക്കുന്നത്. സൂപ്പര്‍ ബൈക്കുകള്‍ ഓടിക്കുന്നവര്‍ക്കും വാങ്ങാന്‍ പോകുന്നവര്‍ക്കും വേണ്ടിയാണ് ഇത്തരത്തില്‍ പരിശീലനം സംഘടിപ്പിക്കുന്നത്. മോട്ടോര്‍വാഹന വകുപ്പാണ് ഇത് സംബന്ധിച്ച ബോധവത്കരണ ക്ലാസ് സംഘടിപ്പിക്കുന്നത്.

200 സി.സിക്ക് മുകളിലുള്ള ബൈക്കുകളെയാണ് സൂപ്പര്‍ബൈക്കുകളായി പ്രധാനമായും കണക്കാക്കുന്നത്. സൂപ്പര്‍ബൈക്കുകള്‍ എത്രത്തോളം അപകടത്തില്‍പ്പെടുന്നുവെന്നതിന്‌റെ കൃത്യമായ കണക്ക് മോട്ടോര്‍വാഹന വകുപ്പിന്‌റെ കൈവശമോ, പോലിസിന്‌റെ കൈവശമോ ഇല്ല. അപകടത്തില്‍പ്പെടുന്ന ബൈക്കുകള്‍ അറ്റകുറ്റപണികള്‍ക്കായി അംഗീകൃത സര്‍വ്വീസ് സെന്‌റുകളിലാണ് എത്തിക്കാറുളളത്. ഇത്തരം അപകടങ്ങളെക്കുറിച്ച് ഇവര്‍ വിവരം നല്‍കണമെന്ന് പറഞ്ഞാലും ഇതും നടപ്പാകാറില്ല. കൊച്ചി നഗരത്തില്‍ ഒരു വര്‍ഷത്തിനിടക്ക് 150-ലേറെ അപകടങ്ങളാണ് സൂപ്പര്‍ബൈക്കുകള്‍ ഉണ്ടാക്കിയിരിക്കുന്നതെന്നാണ് അനൗദ്യോഗിക കണക്കുകള്‍ പറയുന്നു. ഇൗ ബൈക്കുകള്‍ കവര്‍ന്നിരിക്കുന്ന ജീവനിലധികവും കാല്‍നട യാത്രക്കാരുടേതാണ്. മോട്ടോര്‍ വാഹന വകുപ്പിന്‌റെ കൊച്ചിയിലെ മാത്രം കണക്ക് അനുസരിച്ച് 2016 ജനുവരി മുതല്‍ ആഗസ്ത് വരെ 230 സൂപ്പര്‍ ബൈക്കുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

സംസ്ഥാനത്ത് ഏറ്റവും അധികം സൂപ്പര്‍ബൈക്കുകള്‍ രജിസ്റ്റര്‍ ചെയ്യുന്ന ജില്ല കൂടിയാണ് എറണാകുളം. കേരളത്തിലെ റോഡുകള്‍ക്ക് അനുയോജ്യമായ തരത്തിലുള്ളവയല്ല നിരത്തില്‍ ഇന്ന് നാം കാണുന്ന സൂപ്പര്‍ബൈക്കുകള്‍. എന്നാല്‍ നിലവിലുള്ള നിയമം അനുസരിച്ച് ഇത്തരം വാഹനം വില്‍ക്കുന്നത് തടയാനോ നിയന്ത്രിക്കുവാനോ സര്‍ക്കാരിനും സാധിക്കില്ല. സൂപ്പര്‍ ബൈക്ക് ഓടിച്ച് ആളുകള്‍ മരിച്ചാല്‍ വാഹനമോടിക്കുന്നയാളുടെ ലൈസന്‍സ് റദ്ദാക്കുമെന്നാണ് മോട്ടോര്‍വാഹന വകുപ്പ് പറയുന്നത്. എന്നാല്‍ ഇത് പലപ്പോഴും നടപ്പാകാറില്ലാത്തതിനാല്‍ റോഡിലൂടെയുള്ള കസര്‍ത്ത് തുടരുകയാണ് പതിവ്.

ചെറുപ്പത്തിന്‍റെ ആവേശത്തിലാണ് പലരും വേണ്ടത്ര നൈപുണ്യമില്ലാത്ത ഇത്തരം ബൈക്കുകളുമായി പുറത്തേക്ക് ഇറങ്ങുന്നത്. സാധാരണ ബൈക്കുകള്‍ ഉപയോഗിക്കുന്ന രീതിയില്‍ സ്പോര്‍ട്സ് ബൈക്കുകള്‍ കൈകാര്യം ചെയ്താല്‍ അപകടം ഉറപ്പാണ്. കൊച്ചിയില്‍ 1699 സി.സി ശേഷിയുള്ള ബൈക്കുകള്‍ വരെയുണ്ട്. നാല് ലക്ഷം മുതല്‍ മുപ്പത് ലക്ഷം വരെയാണ് ഇത്തരം ബൈക്കുകളുടെ വില. ഇത്തരം ബൈക്കുകള്‍ അപകടങ്ങള്‍ വരുത്തി വയ്ക്കുമ്പോള്‍ അധികൃതരെ മാത്രം കുറ്റം പറഞ്ഞ് മാറ്റി നിര്‍ത്തുവാന്‍ സാധിക്കില്ല. പൊടിമീശമുളക്കുന്നതിന് മൂന്നേ ലക്ഷങ്ങള്‍ മുടക്കി ഇത്തരം ബൈക്കുകള്‍ മക്കള്‍ക്ക് വാങ്ങി നല്‍കുന്ന രക്ഷിതാക്കളാണ് ആദ്യ കുറ്റക്കാര്‍. മകന്‌റെ ചേതനയറ്റ ശരീരം വിട്ടിലെത്തുമ്പോള്‍ മാത്രമായിരിക്കും വേഗത്തേക്കുറിച്ചും മരണത്തെക്കുറിച്ചും ഈ രക്ഷിതാക്കള്‍ ചിന്തിക്കുക.

‘സൂപ്പര്‍ ബൈക്കുകള്‍ ഉണ്ടാക്കുന്ന അപകടങ്ങളെ പലപ്പോഴും നോക്കി നില്‍ക്കാന്‍ മാത്രമേ സാധിക്കുന്നുള്ളു. കണ്ണിമവെട്ടുന്ന സമയം കൊണ്ടാണ് ഇവ റോഡിനെ ചോരക്കളമാക്കി മാറ്റുന്നത്. ഇത്തരം അപകടങ്ങള്‍ കുറക്കാന്‍ അധികാരികള്‍ക്ക് അവരുടേതായ പരിമിതിയുണ്ട്’, ഇത് പറയുന്നത് കൊച്ചയിലെ മോട്ടോര്‍വാഹന വകുപ്പിലെ ഒരു ഉദ്യോസ്ഥനാണ്.

സൂപ്പര്‍ ബൈക്കുകളുടെ കാര്യത്തില്‍ അധികാരികള്‍ ചില നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുവാന്‍ സാധിക്കും. ആര്‍ക്കും ഉപയോഗിക്കുവാന്‍ പോകുന്ന പാകത്തിലാകരുത് ഇതിന്‌റെ വിപണനം. യോഗ്യരായവര്‍ക്ക് മാത്രം മാനദണ്ഡങ്ങള്‍ പാലിച്ച് ഇത് വില്‍ക്കണം. ഇക്കാര്യത്തില്‍ മോട്ടോര്‍വാഹന വകുപ്പ് വാഹന ഡീലര്‍മാരുമായി കൈകോര്‍ക്കാവുന്നതാണ്. പരീശിലനത്തിനും നിരീക്ഷണത്തിനും പ്രത്യേകം ടെസ്റ്റുകള്‍ നടത്തിയതിനുശേഷം മാത്രമേ ഇത്തരം ആളുകള്‍ക്ക് വാഹനം റോഡില്‍ ഇറക്കുന്നതിനുള്ള അനുമതി നല്‍കാവൂ. അപകടത്തില്‍പ്പെട്ടാല്‍ കര്‍ശന നടപടി ഇവര്‍ക്കെതിരെ സ്വീകരിക്കുകയും വേണം.

(സ്വതന്ത്ര മാധ്യമ പ്രവര്‍ത്തകനാണ് ലേഖകന്‍)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions) 

 

Avatar

ജിന്‍സ് ഉമ്മന്‍

സ്വതന്ത്ര മാധ്യമ പ്രവര്‍ത്തകന്‍

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍