UPDATES

ബീഫ് രാഷ്ട്രീയം

അമിത് ഷായ്ക്ക് കേരളത്തിലേക്ക് സ്വാഗതം: ഹാഷ് ടാഗ് അലവലാതിഷാജി

ബീഫ് നിരോധനത്തിനെതിരെ പ്രതിഷേധവുമായി തുനിഞ്ഞിറങ്ങിയിരിക്കുന്ന മലയാളി ഈ മൂന്ന് ദിവസവും ഷായെ പൊങ്കാലയില്‍ കുളിപ്പിക്കുമെന്ന് ഉറപ്പ്

കേരളത്തിലെ ബിജെപി പ്രവര്‍ത്തകരെല്ലാം രണ്ട് ദിവസമായി തങ്ങളുടെ ദേശീയ അധ്യക്ഷന്‍ അമിത് ഷായെ വരവേല്‍ക്കാന്‍ കാത്തിരിക്കുകയാണ്. ഇന്ന് രാവിലെ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വിമാനമിറങ്ങിയ അദ്ദേഹത്തിന് പാര്‍ട്ടി സംസ്ഥാന നേതൃത്വവും പ്രവര്‍ത്തകരും ഗംഭീര സ്വീകരണം തന്നെയാണ് ഒരുക്കിയതും.

അതേസമയം മറ്റ് പാര്‍ട്ടിക്കാരായ മലയാളികളും അദ്ദേഹത്തെ സ്വാഗതം ചെയ്യുകയായിരുന്നു. പക്ഷെ അത് സമൂഹ മാധ്യമങ്ങളിലൂടെയായിരുന്നുവെന്ന് മാത്രം. അലവലാതിഷാജി എന്ന ഹാഷ് ടാഗ്(#AlavalathiShaji) ഉപയോഗിച്ചാണ് കേരളത്തിലെ നെറ്റിസണ്‍സ് അമിത് ഷായെ സ്വാഗതം ചെയ്യുന്നത്. ഇന്നലെ മുതലാണ് ഈ ഹാഷ് ടാഗ് പ്രചരിക്കാന്‍ തുടങ്ങിയത്. കാര്‍ട്ടൂണുകളും സിനിമയിലെ ദൃശ്യങ്ങളും ട്രോളുകളുമെല്ലാം ഹാഷ് ടാഗിനൊപ്പം ഉപയോഗിക്കുന്നുണ്ട്.

ജയന്റെ ഡയലോഗിനെ അനുസ്മരിപ്പിച്ച് ‘നീയാണോടാ, ബീഫ് തിന്നാന്‍ അനുവദിക്കാത്ത അലവലാതി ഷാജി’ എന്ന ഡയലോഗും ജയന്റെ ചിത്രത്തിനൊപ്പം പ്രചരിക്കുന്നു. കൂടാതെ ആമേന്‍ എന്ന ചിത്രത്തിലെ ബീഫ് ഫ്രൈ നല്‍കി അമിത് ഷായ്ക്ക് സ്വീകരണം എന്ന ട്രോളും പ്രചരിക്കുന്നുണ്ട്. നിരവധി വീഡയോകളും അമിത് ഷായ്ക്ക് പൊങ്കാലയിട്ടുകൊണ്ട് പ്രചരിക്കുന്നുണ്ട്.

ഇതിന് മുമ്പും അമിത് ഷാ കേരളത്തില്‍ വന്നിട്ടുണ്ടെങ്കിലും ഈ രീതിയില്‍ പരിഹസിച്ചുകൊണ്ട് മലയാളികള്‍ അദ്ദേഹത്തെ സ്വീകരിക്കുന്നത് ആദ്യമായാണ്. അതിന് കാരണം തങ്ങളുടെ ഇഷ്ടഭക്ഷണമായ ബീഫിന് നിരോധനമേര്‍പ്പെടുത്തുന്ന സര്‍ക്കാര്‍ നീക്കവും. കേന്ദ്രസര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ കന്നുകാലി വില്‍പ്പന നിയന്ത്രണ വിജ്ഞാപനമാണ് ഏവരെയും പ്രകോപിപ്പിച്ചിരിക്കുന്നത്.

ഇന്ന് കൊച്ചിയില്‍ തങ്ങുന്ന ബിജെപി ദേശീയ അധ്യക്ഷന്‍ ശനിയാഴ്ച ദിവസം മുഴുവന്‍ തിരുവനന്തപുരത്തുണ്ടാകും. ഞായറാഴ്ചയും തിരുവനന്തപുരത്ത് പരിപാടികളുള്ള അദ്ദേഹം വൈകിട്ടോടെ തിരികെ മടങ്ങും. ഏതായാലും ബീഫ് നിരോധനത്തിനെതിരെ പ്രതിഷേധവുമായി തുനിഞ്ഞിറങ്ങിയിരിക്കുന്ന മലയാളി ഈ മൂന്ന് ദിവസവും ഷായെ പൊങ്കാലയില്‍ കുളിപ്പിക്കുമെന്ന് ഉറപ്പ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍