UPDATES

ഓഫ് ബീറ്റ്

ലഹരിയെ സദാചാരപട്ടികയില്‍ നിന്നു മോചിപ്പിക്കേണ്ടതുണ്ട്- ഡോ. എ.കെ ജയശ്രീ സംസാരിക്കുന്നു

ഗവണ്മെന്റോ ലഹരി ഒരു മറയാക്കി കുറ്റകൃത്യം ചെയ്യുന്നവരോ അല്ല പ്രശ്‌നം, മദ്യവും മദ്യശാലകളുമാണെന്ന തരത്തില്‍ സ്ത്രീവിമോചനാശയങ്ങളെ വഴിതിരിച്ചു വിടാനും ഈ ചിന്താഗതിക്ക് സാധിക്കുന്നു

ഡോ. എ.കെ ജയശ്രീ

ലഹരിയില്‍ നിന്ന് മുക്തി നല്‍കുന്ന ധാരാളം സ്ഥാപനങ്ങളുണ്ട്. എന്നാല്‍ ലഹരിക്ക് മുക്തി നല്‍കാന്‍ ആരുണ്ടാകും? മനുഷ്യന്റെ സാംസ്‌കാരിക ജീവിതത്തോടൊപ്പം ഉയിര്‍ കൊണ്ടതാണ് ലഹരിയുടെ ഉപയോഗവും. പുകയില, കള്ള്, കറുപ്പ്, കഞ്ചാവ് എന്നിവയെല്ലാം സസ്യങ്ങളില്‍ നിന്ന് കണ്ടെടുത്തവയാണ്. ഒറ്റയ്ക്ക് ആനന്ദം നേടാനും ഉത്സവങ്ങളിലും ആഘോഷങ്ങളിലും രസം കൂട്ടാനുമാണ് ഇവ ഉപയോഗിച്ചു തുടങ്ങിയത്. സാമൂഹ്യജീവിതത്തിന്റെ സങ്കീര്‍ണ്ണതക്കൊപ്പം ലഹരിയുടെ ഉപയോഗത്തിലേയും അനന്തരഫലങ്ങളിലേയും സങ്കീര്‍ണ്ണതകളും കൂടി വന്നു. ഇവയുടെ ഓരോന്നിന്റേയും സാമൂഹ്യവും നിയമപരവുമായ പദവി വ്യത്യാസപ്പെട്ടിരിക്കുകയും മാറി വരുകയും ചെയ്യുന്നു. ചിലത് ചിലപ്പോള്‍ കൂടുതല്‍ സ്റ്റാറ്റസ് നല്‍കുന്നു. ഉദാഹരണത്തിന് സിഗററ്റ് ഒരു കാലത്ത്, ഏറെക്കുറെ ഇപ്പോഴും ഉയര്‍ന്ന പദവിയുടേയും പൗരുഷത്തിന്റേയും ബിംബമാണ്. കള്ളും നാടന്‍ ചാരായവും ദരിദ്രന്റേതും വിദ്യാഭ്യാസം കുറഞ്ഞവന്റേതുമാണ്. നാടന്‍ ചാരായം ഇപ്പോള്‍ നിരോധിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. ആല്‍ക്കഹോളിന്റെ വിദേശനിര്‍മ്മിത ഇനങ്ങള്‍ സ്റ്റാറ്റസ് വര്‍ദ്ധിപ്പിക്കുന്നു. കഞ്ചാവും കറപ്പും മറ്റും പണ്ട് സന്യാസിമാരും സാധാരണക്കാരും യഥേഷ്ടം ഉപയോഗിച്ചിരുന്നതാണ്. എന്നാല്‍ മയക്കുമരുന്നു നിരോധനനിയമം വന്നതോടെ അതിന്റെ അന്തസ്സ് പൊയ്പ്പോയി എന്നു മാത്രമല്ല അതുപയോഗിക്കുന്നവര്‍ കുറ്റവാളികളും വൃത്തികെട്ടവരുമായി മാറി.

ലോകത്തെവിടെയാണെങ്കിലും രണ്ട് തരം സമീപനമാണ് ലഹരിയുടെ കാര്യത്തില്‍ മുന്നിട്ടു നില്‍ക്കുന്നത്. ഒന്ന്, നിരോധനം; രണ്ട്, നിയമപരമായ അനുമതി. ഇതിനിടയില്‍ സംവാദത്തിനും മയപ്പെടുത്തലിനും ഒത്തുതീര്‍പ്പിനും അല്‍പ്പം ഇടം നല്‍കുന്നത് മെഡിക്കല്‍ സയന്‍സാണ്. ലഹരി ഉപയോഗിക്കുന്നതും ലഹരിക്കടിപ്പെടുന്നതും രണ്ടാണെന്ന് ഇത് വേര്‍തിരിക്കുന്നു. ലഹരിക്കടിപ്പെടുന്നത് ഒരു രോഗമാണെന്ന് കണക്കാക്കുന്നു. ഇത് ചികിത്സയിലൂടെ പൂര്‍ണ്ണമായി മാറ്റാന്‍ കഴിയില്ലെങ്കിലും നിയന്ത്രണ വിധേയമാക്കാമെന്ന് ആശ്വാസം നല്‍കുന്നു. ഇതിനോടനുബന്ധിച്ച ലജ്ജയും കുറ്റബോധവും മാറ്റേണ്ടത് ചികിത്സയുടെ അനിവാര്യതയായും കാണുന്നു. ഇതെല്ലാമാണെങ്കിലും മെഡിക്കല്‍ സയന്‍സ് കൈകാര്യം ചെയ്യുന്നവരും സാമൂഹികതയുടെ ഭാഗമായതിനാല്‍ നിലവിലുള്ള ആശയങ്ങള്‍ അവരേയും സ്വാധീനിക്കും. ലഹരിക്കടിപ്പെട്ടവരോടുള്ള പുച്ഛവും പരിഹാസവും ചിലപ്പോഴെങ്കിലും ചികിത്സകരുടേയും കൗണ്‍സിലര്‍മാരുടേയും മുഖഭാവത്തിലും സംസാരത്തിലും നിഴലിക്കും. എന്താണെങ്കിലും, അവഗണിക്കപ്പെട്ടു പോയവര്‍ക്ക് ജീവിതത്തിലേക്ക് തിരിച്ചു വരാനുള്ള അവസരം ഒരുക്കുന്നതിന് ആരോഗ്യസ്ഥാപനങ്ങള്‍ സഹായിക്കുന്നുണ്ട്. ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഉപജീവനത്തിനും സേവനത്തിനുമുള്ള അവസരവും കിട്ടുന്നു.

ലഹരി ഉപയോഗിക്കുന്നതു മൂലമുള്ള ആരോഗ്യപ്രശ്‌നങ്ങളെക്കുറിച്ചും വിമുക്തിയെക്കുറിച്ചും ധാരാളം ചര്‍ച്ചകളും പുസ്തകങ്ങളും നമ്മുടെ നാട്ടില്‍ പ്രചാരത്തിലുണ്ട്. ലഹരിവിരുദ്ധ പ്രവര്‍ത്തനം നടത്തുന്നവര്‍ക്ക് മദ്യം വിറ്റ് വരുമാനമുണ്ടാക്കുന്ന ഗവണ്മെന്റ് തന്നെ അവാര്‍ഡുകളും നല്‍കും. എന്നാല്‍, ലഹരിയുടെ സാമ്പത്തികവും രാഷ്ട്രീയവും വേണ്ട പോലെ ചര്‍ച്ച ചെയ്യപ്പെടുന്നില്ല. മദ്യവില്‍പ്പന കോടികളുടെ ആദായമുണ്ടാക്കുന്നു എന്നത് ധാരാളമായി ഉയര്‍ന്നു കേള്‍ക്കുന്നത് വിസ്മരിക്കുകയല്ല. രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്ക് തമ്മിലും ഒരേ പാര്‍ട്ടിയില്‍ പെടുന്ന നേതാക്കള്‍ക്ക് തമ്മിലും അധികാരനേട്ടങ്ങള്‍ക്കായുള്ള മത്സരങ്ങളില്‍ ഇതൊരു പ്രധാനവിഷയം തന്നെയാണ്. ഇവയെല്ലാം തന്നെ അടിസ്ഥാന തത്ത്വമായി സ്വീകരിക്കുന്നത് ലഹരിയോടുള്ള സദാചാരപരമായ സമീപനമാണ്. അതുകൊണ്ട് തന്നെ ലഹരി വിറ്റ് അമിതലാഭവും അധികാരവും നേടുന്നവരും ലഹരി പാടില്ല എന്നു ശഠിക്കുന്നവരും അതിന്റെ രാഷ്ട്രീയക്കളികള്‍ക്ക് ഒരേ കളമാണ് വരക്കുന്നത്.

ലഹരി ഒരു സദാചാരസംഹാരിയായി നില കൊള്ളുമ്പോഴാണ് അതിനെ സാമ്പത്തികവും അധികാരപരവുമായ നേട്ടങ്ങള്‍ക്കായി ഉപയോഗിക്കാന്‍ കഴിയുന്നത്. അതിനോടുള്ള അഭിലാഷം വളര്‍ത്തിയെടുക്കുകയും അത് ശ്രമപ്പെട്ട് കയ്യെത്തിപ്പിടിക്കാന്‍ പാകത്തില്‍ നിര്‍ത്തി ഈ അഭിലാഷം വര്‍ദ്ധിപ്പിക്കുകയും ലിംഗപരമായ വേര്‍തിരിവ് നിലനിര്‍ത്തി പൗരുഷത്തിന്റെ അടയാളമാക്കി മാറ്റുകയും ചെയ്യുന്നതെല്ലാം ഇതിന്റെ സാമ്പത്തിക അജന്‍ഡയാണ്. അഭിലാഷങ്ങള്‍ വളര്‍ത്തുകയും അഭിലഷണീയമായ വസ്തു ദുര്‍ല്ലഭമാക്കി നിര്‍ത്തുകയും ചെയ്യുക എന്നത് വാണിജ്യതന്ത്രമാണ്. സദാചാരത്തിന്റെ മേലങ്കി അണിയിക്കുന്നത്, ഇതിന് പുതിയൊരു പരിവേഷം നല്‍കുകയും ചെയ്യുന്നു. മദ്യപാനം ഒരു കോമഡി വിഷയം കൂടിയാണ്. അതില്‍ നിന്നുണ്ടാവുന്ന എല്ലാ പ്രശ്‌നങ്ങളേയും താല്‍ക്കാലികമായി മാറ്റി വച്ച് മദ്യപാനികള്‍ നമ്മളെ ചിരിപ്പിച്ചു കൊണ്ടിരിക്കും. ഏറെക്കുറെ ഇതൊരു സൗകര്യമായെടുത്തു കൊണ്ട് മദ്യപാനികള്‍ അമിതാഭിനയവും നടത്തും. ഇത് ചിലപ്പോഴെങ്കിലും തമാശക്കപ്പുറം കലഹമോ ലഹളയോ ഒക്കെയായി മാറും. ചുരുക്കത്തില്‍ മദ്യപാനം ഒരു വ്യത്യസ്തലോകം തന്നെ സൃഷ്ടിക്കുന്നുണ്ട്. പുരുഷന്മാരുടെ സൗഹൃദവും ചെറുലോകങ്ങളും നിര്‍മ്മിച്ചെടുക്കുന്നതില്‍ മദ്യത്തിന് വാഹകധര്‍മ്മമാണുള്ളത്. വികാരവായ്പും ഊഷ്മളതയും ഉള്ളു തുറക്കലും പരിഭവവും ഒക്കെയായി ഇത് പുതിയൊരു ലഹരിയുണര്‍ത്തുന്നു. ഇതേ കാര്യം സ്ത്രീകളുടെ കൂട്ടായ്മകളിലും അപൂര്‍വ്വമായി നടക്കാറുണ്ട്. എന്നാല്‍ സാമൂഹ്യാനുമതിയില്ലാത്തതിനാല്‍ അത് വ്യവഹരിക്കപ്പെടുന്നത് വേറെ തരത്തിലാണ്.

ലോകത്ത് പൊതുവായും, കേരളത്തില്‍ പ്രത്യേകിച്ചും ലഹരി പുരുഷവല്‍ക്കരിക്കപ്പെട്ടിട്ടുണ്ട്. ലഹരി ഉപയോഗത്തില്‍ നിന്ന് സ്ത്രീകളെ പൊതുബോധം നിഷ്‌കാസനം ചെയ്തിരിക്കുന്നു. സ്ത്രീകളാരും ലഹരി ഉപയോഗിക്കുന്നില്ല എന്നിതിനര്‍ഥമില്ല. വളരെ സുരക്ഷിതമായ (എല്ലാ അര്‍ത്ഥത്തിലും) ഒരന്തരീക്ഷമുണ്ടാക്കി കൊണ്ട് മാത്രമാണ് അവര്‍ക്കത് ചെയ്യാന്‍ കഴിയുക. ഉന്നത നിലവാരം പുലര്‍ത്തുന്ന സ്ത്രീകള്‍ ചിലപ്പോള്‍ ഉപയോഗിച്ചാലും അത് മറച്ച് വച്ച് സല്‍പ്പേര് നിലനിര്‍ത്താന്‍ നിര്‍ബ്ബന്ധിതരായിരിക്കും. ഒരിക്കല്‍ കേരളത്തിനു പുറത്തുള്ള ഏതോ ബാറില്‍ നിന്ന് ഐ. എ. എസ് പരിശീലകരായ സ്ത്രീകളെ പിടി കൂടി ബാറില്‍ നിന്ന് പുറത്തു കൊണ്ടു വരുന്ന രംഗം ടി. വിയില്‍ കണ്ടു. അവര്‍ ഷാള്‍ കൊണ്ട് മുഖം മറച്ചിരുന്നു. അവിടെ നിയമമൊന്നുമല്ല, സാമൂഹ്യമായ മാമൂലുകളാണ് അവരെ നിയന്ത്രിച്ചതെന്ന് വ്യക്തം.

സത്യത്തില്‍ പുരുഷവല്‍ക്കരിക്കപ്പെട്ട ലഹരിയുടെ ലോകമാണ് അതിനെ ഇത്ര അപകടകാരിയാക്കുന്നത്. അത് കുടുംബത്തിന്റെ ശ്വാസംമുട്ടലില്‍ നിന്ന് പുരുഷന് മോചനം നല്‍കാനുള്ള ഒരുപാധി കൂടിയായാണ് നിര്‍വ്വഹിക്കപ്പെടുന്നത്. ഇവിടെ പല തരം കളികളാണ് നടക്കുന്നത്. സ്ത്രീകള്‍ അറിഞ്ഞോ അറിയാതെയോ അതിലെ കരുക്കളാവുകയും ചെയ്യുന്നു. കുടുംബത്തിലെ സമാധാനം നില നിര്‍ത്താനുള്ള ബാദ്ധ്യത സ്ത്രീക്കാണ്. സ്ത്രീ അത് നിര്‍വ്വഹിച്ചില്ലെങ്കില്‍ മദ്യം കഴിക്കാനുള്ള ധാര്‍മ്മികമായ അവകാശം പുരുഷനുണ്ടാകുന്നു. അങ്ങനെ മദ്യപാനിയാകുന്ന പുരുഷനെ സ്‌നേഹം കൊണ്ട് തിരിച്ചു കൊണ്ട് വരാനുള്ള ബാദ്ധ്യതയും സ്ത്രീക്കുണ്ട്. കൗണ്‍സിലിംഗിലൊക്കെ അതൊരു പ്രധാന അടവാണ്. കുടുംബത്തെ മുറുക്കിപ്പിടിച്ച് അത് തന്റെ സുരക്ഷിതസ്ഥാനമായി സങ്കല്‍പ്പിച്ചിട്ടുള്ള സ്ത്രീക്ക് പിന്നെ തന്റെ എതിരായി കാണാന്‍ കഴിയുന്നത് മദ്യത്തേയും മദ്യശാലകളേയുമാണ്. അങ്ങനെ മദ്യത്തിനും മദ്യശാലകള്‍ക്കുമെതിരായ സമരം സ്ത്രീവിമോചനത്തിന്റെ പാതയായി മാറുന്നു. മദ്യത്തിന് ജീവനോ ബോധമോ കര്‍ത്തൃത്വമോ ഇല്ല. അതിലേക്ക് കുറ്റം ചാര്‍ത്താന്‍ എളുപ്പമാണ്. അതിന് പ്രതിവാദിക്കാനോ പ്രതികരിക്കാനോ കഴിയില്ല. മദ്യഷോപ്പുകള്‍ക്കെതിരെ സമരം ചെയ്ത് അത് താല്‍ക്കാലികമായി അവിടെ നിന്ന് മാറ്റാന്‍ കഴിയും. എന്നാല്‍, വീട്ടിലെ പുരുഷന്മാരുടെ അധികാരാധിപത്യങ്ങള്‍ ഉറപ്പിക്കുന്ന ഒരു ഉപാധിയായി മദ്യം മനസ്സിലാക്കപ്പെടുകയാണെങ്കില്‍ അത് സ്വന്തം വിശ്വാസത്തോടും സ്‌നേഹിക്കുന്ന ആളിനോടുമുള്ള കലാപത്തിലാണ് എത്തുക. ഇതൊട്ടും എളുപ്പമായ കാര്യമല്ല. അതു കൊണ്ടാകാം മദ്യവിരുദ്ധസമരത്തിന് സ്ത്രീസംഘടനകള്‍ മുന്നിട്ടിറങ്ങുന്നത്. മദ്യം, സ്ത്രീയുടെ കണ്ണീരിന്റെ കാരണഭൂതമായാണ് കണക്കാക്കപ്പെടുന്നത്. ഈയിടെ ബാറുകള്‍ പൂട്ടുന്ന ചര്‍ച്ചയുമായി ബന്ധപ്പെട്ട് സാറാ ജോസഫ്, ‘മദ്യപിക്കുന്നവരുടെ പെണ്ണുങ്ങള്‍ക്കും പറയാനുണ്ടെ’ന്ന് എഴുതിയപ്പോള്‍ ‘ മദ്യപിക്കുന്ന പെണ്ണുങ്ങള്‍ക്കും പറയാനുണ്ട്?’ എന്നതും പ്രസക്തമല്ലേ എന്ന ചോദ്യം ഒരു സുഹൃത്ത് പൊതുവായി ഉയര്‍ത്തുകയുണ്ടായി. ഇന്നത്തെ സാഹചര്യത്തില്‍ അതെവിടെ പറയും? ആരു പറയും? പറയാന്‍ അസാധാരണധൈര്യം വേണം. പറഞ്ഞാല്‍ തന്നെ കണ്ണീരിന്റെ ശക്തിയില്‍ അത് മുങ്ങി പോയേക്കും. മര്യാദ കെട്ട പെരുമാറ്റത്തിനു മദ്യം കാരണമായി പ്രദര്‍ശിപ്പിക്കുന്ന പുരുഷനെ താങ്ങുകയില്ല എന്ന് സ്ത്രീകള്‍ തീരുമാനിച്ചെങ്കില്‍ തന്നെ കാര്യങ്ങള്‍ മാറിയേനെ.

ലഹരിയുടെ അമിതോപയോഗത്തിന്റെ മോശം ഫലങ്ങളില്‍ നിന്ന് മുക്തി തേടാന്‍ അതിനെ സദാചാരത്തിന്റെ രസായിയില്‍ നിന്ന് പുറത്തു കൊണ്ട് വരിക തന്നെ വേണം. ലോകമെമ്പാടും അതിനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട്. ഇന്നത്തെ അവസ്ഥയില്‍ അതിന് ഇടനില വഹിക്കുന്നത് പൊതുജനാരോഗ്യമാണെന്ന് മാത്രം. ലോകാരോഗ്യസംഘടന ഒരുപാട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നെ ലഹരിയുമായി ബന്ധപ്പെട്ട അപമാനകരവും കുറ്റബോധമുണ്ടാക്കുന്നതുമായ സംജ്ഞകള്‍ ചികിത്സാനിഘണ്ടുവില്‍ നിന്ന് എടുത്തു മാറ്റാനുള്ള തീരുമാനമെടുത്തിട്ടുണ്ട്. മയക്കുമരുന്നുപയോഗിക്കുന്നവര്‍ക്കെതിരെയുള്ള കടുത്ത ശിക്ഷകള്‍ ഒഴിവാക്കാനും മറ്റും മനുഷ്യാവകാശത്തിനായി പ്രവര്‍ത്തിക്കുന്ന അന്താരാഷ്ട്ര ഏജന്‍സികള്‍ രാഷ്ട്രങ്ങളോടാവശ്യപ്പെടുന്ന കാലമാണിത്.

ഗവണ്മെന്റോ ലഹരി ഒരു മറയാക്കി കുറ്റകൃത്യം ചെയ്യുന്നവരോ അല്ല പ്രശ്‌നം, മദ്യവും മദ്യശാലകളുമാണെന്ന തരത്തില്‍ സ്ത്രീവിമോചനാശയങ്ങളെ വഴിതിരിച്ചു വിടാനും ഈ ചിന്താഗതിക്ക് സാധിക്കുന്നു. സദാചാരവും അതിന്റെ മറുവശമായ ക്രിമിനല്‍ ലോകവും കൈ കോര്‍ത്ത് പിന്തുണക്കുന്ന സാമ്പത്തിക അധികാരക്കെട്ടുപാടുകളില്‍ നിന്ന് മുക്തി നേടാന്‍ ലഹരിയെ അനുവദിച്ചാല്‍ അത് സാമൂഹിക ജീവിതത്തിലെ ഒരു സാധാരണകാര്യം മാത്രമായിരിക്കും. അങ്ങനെയായാല്‍ മരുന്നുകളും മറ്റും ശ്രദ്ധിച്ച് ഉപയോഗിക്കുന്നതു പോലെ അതീവശ്രദ്ധയോടെ ലഹരിയും ഉപയോഗിക്കാന്‍ ആളുകള്‍ക്ക് സാധിക്കും. അടിപ്പെടുന്ന ഒരു ചെറിയ വിഭാഗത്തെ മോചിപ്പിക്കാന്‍, മറ്റുള്ളവര്‍ക്ക് കഴിയുകയും ചെയ്യും.എന്നാല്‍ ഇടനിലക്കാര്‍ എപ്പോഴും ഇടനിലക്കാര്‍ മാത്രമാണ്. മാറ്റത്തിന് രാസത്വരകമാകേണ്ടത് രാഷ്ടീയസമീപനമാണ്. അതിന്, ലഹരിയെ അധോലോകത്തില്‍ നിന്ന് വേര്‍പെടുത്തി പൊതുജീവിതത്തിന്റെ ഭാഗമാക്കണം. സദാചാരക്കണ്ണടയില്‍ നിന്ന് മാറ്റി നോക്കിയാലേ അതിനു കഴിയൂ. ഇതിന് തടസ്സം നില്‍ക്കുന്ന സാമ്പത്തികതാല്‍പ്പര്യങ്ങളെ തുറന്നു കാട്ടണമെങ്കിലും അതാവശ്യമാണ്. ചെറിയ രാജ്യങ്ങള്‍ക്ക് ആയുധം വാങ്ങാന്‍ മയക്കുമരുന്ന് അധോലോകം തന്നെ നിലനില്‍ക്കണം. അധികാരത്തിന്റെ രംഗത്തുള്ളവര്‍ക്ക് സൗകര്യം പോലെ എടുത്തുപയോഗിക്കാനും എതിരാളികളെ തക്ക അവസരത്തില്‍ അടിക്കാനുമുള്ള ഒരു ആയുധമായി ഒളിപ്പിച്ച് നിര്‍ത്തുക എന്നതാണിതിന്റെ സൂക്ഷ്മ രാഷ്ട്രീയം. ഒരു വശത്ത് സാമ്പത്തികലാഭം എളുപ്പത്തിലുണ്ടാക്കുകയും മറുവശത്ത് എപ്പോഴും ലഹരിക്കടിപ്പെടുന്നവരെ കുറ്റവാളികളായി, സ്വയം തിരുത്തേണ്ടവരെന്ന രീതിയില്‍ നില നിര്‍ത്തുകയുമാണ് കേരളത്തിലെ ഗവണ്മെന്റും മറ്റും ചെയ്യുന്നത്.

പിന്‍കുറിപ്പ്: പുകയില ആരോഗ്യത്തിന് ഹാനികരമാണ്

(കടപ്പാട്: പാഠഭേദം മാസിക)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍