UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ബിഹാര്‍, മദ്യനിരോധനം എങ്ങനെ നടപ്പാക്കരുത് എന്നതിന് ഉദാഹരണമാകുമ്പോള്‍

Avatar

രമാ ലക്ഷ്മി
(വാഷിങ്ടണ്‍ പോസ്റ്റ്) 

ദശകങ്ങളോളം മഹുവ മരത്തിന്റെ കായ പുളിപ്പിച്ചുണ്ടാക്കുന്ന മദ്യമായിരുന്നു ദളിത് ജാതിക്കാരുടെ വാസസ്ഥലമായ ഈ നദിയോരഗ്രാമത്തിലെ പ്രധാന ഉപജീവനമാര്‍ഗം. ഏപ്രിലില്‍ സംസ്ഥാനത്ത് മദ്യനിരോധനം ഏര്‍പ്പെടുത്തിയതോടെ ഇവിടത്തെ വീടുകളില്‍ പൊലീസ് പരിശോധനകള്‍ ആരംഭിച്ചു. മദ്യപരെ പിന്തിരിപ്പിക്കുകയും ഗ്രാമവാസികളെ അറസ്റ്റ് ചെയ്യുകയും പതിവായി.

ഇതേത്തുടര്‍ന്ന് അവരുടെ പ്രധാനവരുമാന മാര്‍ഗം ഉപേക്ഷിക്കാന്‍ ഗ്രാമവാസികള്‍ തീരുമാനിച്ചു. 200 ഗാലന്‍ മദ്യം നദിയില്‍ ഒഴുക്കിയാണ് അവര്‍ തീരുമാനം അറിയിച്ചത്.

‘ഇനി ഞങ്ങള്‍ എന്തു ചെയ്യും? എവിടെപ്പോകും? കയ്യിലുള്ള പണവും ഭക്ഷണവും വളരെക്കാലത്തേക്കു നിലനില്‍ക്കില്ല,’ വര്‍ഷങ്ങളായി മദ്യം നിര്‍മിച്ചിരുന്ന ജാഗര്‍ രാജ് വംശി എന്ന അറുപതുകാരന്‍ ചോദിക്കുന്നു.

യാഥാസ്ഥിതിക സമൂഹം അംഗീകരിക്കുന്നില്ലെങ്കിലും മദ്യത്തിന് ഇന്ത്യയില്‍ വിലക്കുണ്ടായിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ സംസ്ഥാനങ്ങളില്‍ മദ്യനിരോധനം സ്ത്രീകളുടെ വോട്ട് നേടാനുള്ള വഴിയായി രാഷ്ട്രീയക്കാര്‍ കാണുന്നു.

മധ്യവര്‍ഗത്തിന്റെ വരുമാന വര്‍ധന, ചെറുപ്പക്കാരുടെ എണ്ണക്കൂടുതല്‍, പുറത്തുനിന്നു ഭക്ഷണം കഴിക്കാനുള്ള അവസരങ്ങളുടെ വര്‍ധന എന്നിങ്ങനെ പല കാരണങ്ങള്‍ മൂലം ഇന്ത്യയില്‍ മദ്യപാനം വര്‍ധിച്ചു വരികയാണ്. 1992 – 2012 കാലത്ത് മദ്യപാനത്തോത് വര്‍ധനയുടെ കാര്യത്തില്‍ 40 രാജ്യങ്ങളില്‍ ഇന്ത്യയുടെ സ്ഥാനം മൂന്നാമതാണെന്ന് പാരിസ് ആസ്ഥാനമായ ഓര്‍ഗനൈസൈഷന്‍ ഫോര്‍ ഇക്കണോമിക് കോ ഓപറേഷന്‍ ആന്‍ഡ് ഡവലപ്‌മെന്റ് കഴിഞ്ഞവര്‍ഷം കണ്ടെത്തിയിരുന്നു.

അതേ സമയം ഗ്രാമീണ വനിതകള്‍ മദ്യപന്മാരായ ഭര്‍ത്താക്കന്മാര്‍ക്കെതിരെ ശക്തമായ നിലപാടെടുക്കുന്നത് തിരഞ്ഞെടുപ്പുകളില്‍ അവഗണിക്കാനാകാത്ത വിഷയമാകുന്നു. ഘട്ടം ഘട്ടമായ മദ്യനിരോധനം നടപ്പാക്കുന്നതിനു തുടക്കമിട്ടത് കേരളമാണ്. തമിഴ്‌നാട് മദ്യനിരോധനം വീണ്ടും നടപ്പാക്കാന്‍ ആലോചിക്കുകയാണ്. 

മദ്യപരായ ഭര്‍ത്താക്കന്മാരെപ്പറ്റി തിരഞ്ഞെടുപ്പുകാലത്ത് തന്നോടു പരാതി പറഞ്ഞ സ്ത്രീകള്‍ക്കുനല്‍കിയ വാഗ്ദാനം പാലിക്കാനായാണ് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ്‌കുമാര്‍ മദ്യനിരോധനം നടപ്പാക്കിയിരിക്കുന്നത്.

മദ്യനിരോധനത്തിന് പാര്‍ശ്വഫലങ്ങളും അനവധിയാണ്. ആയിരങ്ങള്‍ ജയിലിലായി. മദ്യത്തിന്റെ കള്ളക്കടത്ത് കൂടി. മദ്യ ഉത്പാദനം നടക്കുന്നതു കണ്ടെത്താന്‍ സ്വയം പ്രഖ്യാപിത കാവല്‍ക്കാര്‍ ഇറങ്ങി.

ജയിലുകള്‍ എപ്പോഴും നിറഞ്ഞിരിക്കുന്ന സംസ്ഥാനത്ത് ഏപ്രിലിനുശേഷം മദ്യനിരോധനത്തെത്തുടര്‍ന്ന് അറസ്റ്റിലായവരുടെ എണ്ണം 14,000 കവിയും. 43,000 ഗ്യാലനിലധികം മദ്യം പിടിച്ചെടുത്തു. ആയിരക്കണക്കിനു മദ്യശാലകള്‍ അടച്ചു. മദ്യപിക്കുന്നതിന് 10 വര്‍ഷം വരെ ജയിലാണ് ശിക്ഷ. ജാമ്യം കിട്ടാന്‍ ആഴ്ചകളെടുക്കും.

മദ്യനിരോധന നിയമത്തിലെ ചില വ്യവസ്ഥകളാണ് ആളുകളെ പരിഭ്രാന്തരാക്കുന്നത്. ഉദാഹരണത്തിന് കുടുംബത്തിലെ ഒരാള്‍ മദ്യപിച്ചാല്‍ കുറ്റം എല്ലാവര്‍ക്കുമാകും. വാടകക്കാരന്‍ മദ്യപിച്ചാല്‍ വീട്ടുടമയെ അറസ്റ്റ് ചെയ്യാം. മദ്യം നിര്‍മിച്ചാല്‍ പിഴശിക്ഷ ലഭിക്കുക ഗ്രാമത്തിനു മുഴുവനുമാണ്.

‘ഞങ്ങള്‍ മദ്യനിരോധനത്തെ എതിര്‍ക്കുന്നില്ല. 21ാം നൂറ്റാണ്ടില്‍ അത് നടപ്പാക്കാനാകില്ല എന്നുമാത്രമാണ് ഞങ്ങള്‍ പറയുന്നത്,’ പ്രതിപക്ഷനേതാവ് (ബിജെപി) സുശീല്‍ മോദി പറയുന്നു. ‘എവിടെയും ഭയപ്പാടിന്റെ അന്തരീക്ഷമാണ്.’

വനിതാ വോട്ടര്‍മാര്‍ക്കു ചെവി കൊടുക്കുന്ന രാഷ്ട്രീയക്കാരന്‍ എന്ന പ്രതിച്ഛായ വര്‍ഷങ്ങളിലൂടെ നിതീഷ്‌കുമാര്‍ നേടിയെടുത്തതാണ്. പെണ്‍കുട്ടികളുടെ സ്‌കൂള്‍ വിദ്യാഭ്യാസത്തെ പ്രോല്‍സാഹിപ്പിക്കാന്‍ വിദ്യാര്‍ത്ഥിനികള്‍ക്ക് അദ്ദേഹത്തിന്റെ സര്‍ക്കാര്‍ സൈക്കിളുകള്‍ നല്‍കി. സര്‍ക്കാര്‍ ജോലികളില്‍ വനിതകള്‍ക്കും സംവരണം നല്‍കി. ഗ്രാമങ്ങളില്‍ സ്വയംസഹായ സംരംഭങ്ങളെ പ്രോല്‍സാഹിപ്പിച്ചു.

മദ്യപരായ ഭര്‍ത്താക്കന്മാരില്‍നിന്നു പീഡനം സഹിക്കേണ്ടിവന്ന ചില സ്ത്രീകളുടെ കദനകഥകളാണ് നിതീഷ് കുമാര്‍ മദ്യനിരോധനത്തിന് ആധാരമാക്കിയത്.

‘എന്റെ ഭര്‍ത്താവ് ശമ്പളമെല്ലാം മദ്യത്തിനായി ചെലവിട്ടു. ഞാന്‍ എന്തെങ്കിലും പറഞ്ഞാല്‍ കുപിതനായി എന്റെ നേരെ സാധനങ്ങള്‍ വലിച്ചെറിയുകയും എന്നെ അടിക്കുകയും ചെയ്തു. നീ ആരാണ് എന്നെ ചോദ്യം ചെയ്യാന്‍ എന്നായിരുന്നു ആക്രോശം,’ സുമേധി കുമാര്‍ എന്ന മുപ്പത്തിയഞ്ചുകാരി പറയുന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പാര്‍ട്ടിയെ കടപുഴക്കി മൂന്നാംതവണ അധികാരത്തിലെത്തിയപ്പോള്‍ നിതീഷ് കുമാര്‍ സമ്പൂര്‍ണ മദ്യനിരോധനം പ്രഖ്യാപിച്ചു. പ്രദേശത്തെ സ്ത്രീകളുടെ പൂര്‍ണ പിന്തുണ ഇതിനുണ്ടായിരുന്നു. നിരോധനം പാലിക്കപ്പെടുന്നു എന്നുറപ്പാക്കാന്‍ സ്ത്രീകള്‍ സ്‌ക്വാഡുകള്‍ രൂപീകരിച്ചു.

‘മദ്യപിക്കുന്ന പുരുഷന്മാരെ ഞങ്ങള്‍ വടികൊണ്ടും ചൂല്‍ കൊണ്ടും അടിക്കും. സ്ത്രീകള്‍ മദ്യ പൊലീസായിരിക്കുന്നു,’ സിമ്രൗക ഗ്രാമത്തിലെ സുനയന പ്രസാദ് പറയുന്നു.

ദേശമെങ്ങും മദ്യനിരോധനം നടപ്പാക്കണമെന്ന ആശയവുമായി രാജ്യമെങ്ങും സഞ്ചരിക്കുകയാണ് നിതീഷ് കുമാര്‍ ഇപ്പോള്‍. ദേശീയ മദ്യനിരോധന പ്രചാരകന്‍ എന്നാണ് ഒരു ടിവി ചാനല്‍ അദ്ദേഹത്തെ വിശേഷിപ്പിച്ചത്.

സര്‍ക്കാര്‍ നിര്‍മിത മദ്യം വില്‍ക്കാനായി ആയിരക്കണക്കിനു മദ്യഷാപ്പുകള്‍ തുറന്നതും നിതീഷ് കുമാറായിരുന്നു എന്നത് വൈരുദ്ധ്യമാണ്. കഴിഞ്ഞ ദശകത്തില്‍ മദ്യത്തില്‍നിന്നുള്ള സര്‍ക്കാരിന്റെ വരുമാനം പത്തുമടങ്ങ് വര്‍ധിച്ച് വര്‍ഷം 550 മില്യണ്‍ ഡോളറിലധികമായി.

ഏതാനും വര്‍ഷം മുന്‍പ് രാജ്യത്തെ മദ്യനിര്‍മാണശാല എന്ന പദവിയോളമെത്തിയിരുന്നു ബിഹാര്‍. കുറഞ്ഞ കൂലി, ഗോതമ്പിന്റെയും ബാര്‍ലിയുടെയും ലഭ്യത എന്നിവ മൂലം സ്വദേശ, വിദേശ കമ്പനികള്‍ ഇവിടെ പ്ലാന്റുകള്‍ സ്ഥാപിച്ചു. സര്‍ക്കാര്‍ സംരംഭകര്‍ക്ക് ആനുകൂല്യങ്ങളും നല്‍കി.

2012ല്‍ ഇവിടെയെത്തിയ കാള്‍സ്ബര്‍ഗ് എന്ന ഡച്ച് ബീര്‍ കമ്പനിയുടെ ഫാക്ടറി ഏപ്രില്‍ മുതല്‍ പ്രവര്‍ത്തന രഹിതമാണ്. 600 പേര്‍ക്കാണ് ഇതുമൂലം തൊഴില്‍ നഷ്ടപ്പെട്ടത്.

‘പാര്‍ട്ടികളിലും സൗഹൃദങ്ങളിലും ആഘോഷങ്ങളിലും സംഭാഷണങ്ങളിലും സംയോജിതശക്തി മദ്യമായിരുന്നു,’ പട്‌നയില്‍ മൂന്നു റസ്റ്ററന്റുകള്‍ അടച്ചുപൂട്ടേണ്ടിവന്ന സഞ്ജീവ് സിങ് പറയുന്നു.

കോര്‍പറേറ്റ് കോണ്‍ഫറന്‍സുകള്‍ക്കായുള്ള ഹോട്ടല്‍, റിസോര്‍ട്ട് ബുക്കിങ്ങുകളും താഴേക്കാണ്. പണക്കാര്‍ വിവാഹവേദികള്‍ സംസ്ഥാനത്തിനു പുറത്തേക്കു മാറ്റുന്നു.

കള്ളക്കടത്തുകാര്‍ മദ്യം മൂന്നിരട്ടി വിലയില്‍ വില്‍ക്കുന്നു. കാലിത്തീറ്റ, ഉപ്പ്, സൈക്കിള്‍ ഘടകങ്ങള്‍ എന്നിവയ്‌ക്കൊപ്പം ഒളിച്ചുകടത്താന്‍ ശ്രമിച്ച മദ്യം ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തു. സ്‌കൂള്‍ ബാഗുകളിലും പച്ചക്കറിക്കൂടകളിലും ഗ്യാസ് സിലിണ്ടറുകളിലും ആംബുലന്‍സുകളിലും നിന്നുവരെ മദ്യം പിടിച്ചെടുത്തിട്ടുണ്ട്.

പൊലീസ് വകുപ്പിനും ജോലി കൂടി. ഒരു ലക്ഷം പേര്‍ക്ക് 54 പൊലീസുകാര്‍ എന്നതാണ് ബിഹാറിലെ അനുപാതം. ഇന്ത്യയില്‍ ഏറ്റവും കുറഞ്ഞ അനുപാതമാണിത്. ചെക്ക്‌പോയിന്റുകളില്‍ ആവശ്യത്തിന് പട്രോള്‍ വാഹനങ്ങള്‍ പോലുമില്ല. ടോള്‍ ഫ്രീ നമ്പറുകള്‍ മദ്യത്തെപ്പറ്റിയുള്ള വിവരങ്ങള്‍കൊണ്ട് നിറയുകയാണ് ഇപ്പോഴും.

‘ചാരന്മാരെയും വിവരം നല്‍കുന്നവരെയും സൃഷ്ടിച്ച് മാത്രമേ മദ്യനിരോധനം ഫലവത്താക്കാന്‍ കഴിയൂ,’ മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥനായ മനു മഹാരാജ് പറയുന്നു.

മദ്യ വിജിലാന്റിസത്തിന്റെ ഉദാഹരണമായി ഈയിടെ നടന്ന സംഭവം. ഗ്രാമവാസികള്‍ ഒരാളെ നഗ്നനാക്കി മരത്തില്‍ കെട്ടിയിട്ടു മര്‍ദിച്ചു. അയാളുടെ പക്കല്‍ മദ്യക്കുപ്പികളുണ്ടായിരുന്നു എന്നതാണ് കാരണം. പട്‌നയില്‍ പോസ്റ്റല്‍ സര്‍വീസ് തലവന്റെ വീട്ടില്‍ പൊലീസ് നടത്തിയ റെയ്ഡ് പലരെയും ക്ഷുഭിതരാക്കി. മദ്യം സൂക്ഷിച്ചിട്ടുണ്ടെന്ന വിവരത്തെത്തുടര്‍ന്നായിരുന്നു റെയ്ഡ്. എന്നാല്‍ ഒന്നും കണ്ടെടുക്കാനായില്ല.

‘മദ്യാസക്തിയുള്ള സംസ്ഥാനമല്ല ബിഹാര്‍.  ഇത്തരമൊരു ഭീകരാവസ്ഥ സൃഷ്ടിക്കാന്‍ മാത്രം വലിയ പ്രശ്‌നമൊന്നും ഇവിടെയുണ്ടായിരുന്നില്ല,’ പൊളിറ്റിക്കല്‍ ഇക്കണോമിസ്റ്റായ ഷായ്ബാല്‍ ഗുപ്ത പറയുന്നു.

സിമ്രൗകയില്‍ മുന്‍പ് മദ്യപിച്ച് ഭാര്യ സുമേധിയുടെ ജീവിതം ദുരിതത്തിലാക്കിയിരുന്ന പ്രവീണ്‍ കുമാര്‍ താന്‍ ഇപ്പോഴും മദ്യം ആഗ്രഹിക്കാറുണ്ടെന്നു പറയുന്നു. എന്നാല്‍ പേടിയുണ്ടെന്നും. ‘ആരൊക്കെ എന്നെ ശ്രദ്ധിക്കുന്നു എന്ന് അറിയാനാകില്ല. ആര് പൊലീസിനെ അറിയിക്കുമെന്നും.’

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍