UPDATES

ആലപ്പുഴ സീമാസ് സമരം; പ്രക്ഷോഭ തീ എറണാകുളത്തേക്കും പടരുമെന്ന് പി രാജീവ്

അഴിമുഖം പ്രതിനിധി

ആലപ്പുഴ സീമാസ് വെഡ്ഡിംഗ് കളക്ഷനിലെ തൊഴിലാളികള്‍ തുടര്‍ന്നുവരുന്ന സമരത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചുകൊണ്ട് സിപിഐഎം എറണാകുളം ജില്ലാ സെക്രട്ടറി പി രാജീവിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. ആലപ്പുഴയിലെ തൊഴിലാളികളുടെ ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ മാനേജ്‌മെന്റ് തയ്യാറാകുന്നില്ലെങ്കില്‍ ഈ സമരം എറണാകുളം ജില്ലയിലുള്ള സീമാസ് സ്ഥാപനങ്ങളിലേക്കും വ്യാപിപ്പിക്കുമെന്നാണ് രാജീവ് വ്യക്തമാക്കുന്നത്. അടിമത്വഭാവത്തോടെ തൊഴിലാളികളെ സമീപിക്കുന്ന മാനേജ്‌മെന്റിനോടുള്ള പ്രതികരണമായി സീമാസ് സ്ഥാപനങ്ങള്‍ ബഹിഷ്‌കരിക്കാന്‍ എല്ലാവരും തയ്യാറാകണമെന്ന് രാജീവ് ആവശ്യപ്പെടുന്നു.

കഴിഞ്ഞ ദിവസം തോമസ് ഐസക് എംഎല്‍എ ബൊയ്‌ക്കോട്ട്‌ സീമാസ് കാമ്പയിനിംഗിന് ആഹ്വാനം ചെയ്തിരുന്നു. സീമാസിന്റെ എല്ലാ വസ്ത്രസ്ഥാപനങ്ങളും ബഹിഷ്‌കരിച്ച് തൊഴിലാളി സമരത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കാന്‍ അദ്ദേഹം തന്റെ ഫേസ്ബുക്കിലൂടെ ആവശ്യപ്പെട്ടിരുന്നു. സംവിധായകന്‍ ആഷിഖ് അബു തുടങ്ങി നിരവധിപേര്‍ ബൊയ്‌ക്കോട്ട്‌ സീമാസ് പ്രചരണത്തിന് പിന്തുണ നല്‍കൊണ്ട് ഈ സന്ദേശം കൂടുതല്‍ പേരിലേക്ക് ഷെയര്‍ ചെയ്യുന്നുണ്ട്. ഈ സാഹചര്യത്തിലാണ് സമരം എറണാകുളം ജില്ലയിലേക്കും വ്യാപിപ്പിക്കുമെന്ന് സിപിഐഎം ജില്ലാ സെക്രട്ടറിയുടെ മുന്നറിയിപ്പും. രാജിവിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം;

ആലപ്പുഴ സീമാസിലെ തൊഴിലാളികളുടെ സമരം വിജയിക്കേണ്ട സമരമാണ്. അത് തൊഴിലാളികളുടെ അവകാശങ്ങള്‍ക്കു വേണ്ടിയുള്ള സമരം മാത്രമല്ല, മനുഷ്യവാകാശങ്ങള്‍ക്കു വേണ്ടിയുള്ള സമരം കൂടിയാണ്. ഭക്ഷണം കഴിക്കാന്‍ പോലും അനുവദിക്കാത്ത രൂപത്തില്‍, പ്രാഥമിക ആവശ്യങ്ങള്‍ പോലും നിര്‍വ്വഹിക്കാന്‍ സമയം അനുവാദിക്കാത്ത രൂപത്തില്‍ ഒരു അടിമത്ത സംവിധാനം നിലനില്‍ക്കുന്നു എന്ന് തോന്നിപ്പിക്കുന്ന രൂപത്തിലാണ് വാര്‍ത്തകള്‍ വന്നു കൊണ്ടിരിക്കുന്നത്. ആലപ്പുഴയിലെ സീമാസ് എന്ന് പറയുമ്പോള്‍ പെരുമ്പാവൂരും, മൂവാറ്റുപുഴയിലും, ആലുവയിലുമൊക്കെയുള്ള സീമാസിന്റെ ഒരു ഭാഗം തന്നെയാണ്. അടിമത്വത്തിലുടെ തൊഴിലാളികളെ സമീപിക്കുന്ന സ്ഥാപനങ്ങളില്‍ നിന്ന് വസ്ത്രങ്ങള്‍ വാങ്ങിക്കേണ്ടതുണ്ടോ എന്ന് ചിന്തിക്കാന്‍ ജനങ്ങള്‍ നിര്‍ബന്ധിതരാകും എന്ന് ഉടമകള്‍ ഓര്‍ക്കേണ്ടതുണ്ട്. അടിയന്തിരമായി തൊഴിലാളികളുടെ അവകാശങ്ങള്‍ അംഗീകരിച്ചു കൊടുക്കുവാന്‍ ഉടമകള്‍ തയ്യാറാകുന്നില്ല എങ്കില്‍ ഈ പ്രക്ഷോഭത്തിന്റെ തീ.. എറണാകുളം ജില്ലയിലെ സ്ഥാപനങ്ങളിലേക്കും പടര്‍ന്നു കയറും എന്നുള്ള കാര്യത്തില്‍ സംശയിക്കേണ്ടതില്ല. ആലപ്പുഴ തൊഴിലാളികളുടെ സമരത്തിന് എല്ലാവിധ ഐക്യാദര്‍ഢ്യവും പ്രഖ്യാപിക്കുന്നു.

ബൊയ്ക്കോട്ട് സീമാസ് ആഹ്വാനവുമായി തോമസ് ഐസക് എംഎല്‍എ
സംസാരിച്ചാലും ലിഫ്റ്റില്‍ കയറിയാലും പിഴ; ആലപ്പുഴ സീമാസില്‍ നടക്കുന്ന തൊഴിലാളി പീഢനങ്ങള്‍
കട പൂട്ടുമെന്ന് മാനേജ്മെന്‍റ്; പിന്മാറില്ലെന്ന് തൊഴിലാളികള്‍; സീമാസില്‍ നടക്കുന്നത്

 

നവോമി ക്ലീന്‍ അവരുടെ ഫേന്‍സസ് ആന്‍ഡ് വിന്‍ഡോസ് എന്ന പുസ്തകത്തില്‍ വിവിധ സമരങ്ങളെ കുറിച്ച് പ്രതിപാതിക്കുന്ന കൂട്ടത്തില്‍ സ്വെറ്റ് ഷോപ്പുകളെ ബഹിഷ്‌കരിച്ച വിദ്യാര്‍ത്ഥി സമൂഹത്തെകുറിച്ച് പറയുന്നുണ്ട്. അഡീഡാസിന്റെയും മറ്റും സ്ഥാപനങ്ങളില്‍, വിയര്‍പ്പുശാലകളായി മാറിയ അടിമ തൂല്യ വ്യവസ്ഥ നിലനിന്നിരുന്ന സ്ഥാപനങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ ബഹിഷ്‌കരിച്ചു കൊണ്ട് വിദ്യാര്‍ത്ഥികള്‍ ആരംഭിച്ച പ്രക്ഷോഭം.ആഗോളവല്‍കരണ നയങ്ങള്‍ക്കെതിരെയുള്ള പ്രക്ഷോഭത്തിന്റെ ഒരു ഭാഗമായി നവോമി വിശദീകരിക്കുന്നുണ്ട്. അത്തരം ഇടപെടലിന്റെ കൂടി ആവശ്യകതയിലേക്ക് ഇന്നത്തെ സാഹചര്യങ്ങള്‍ നയിക്കുന്നുണ്ടോ എന്ന് ചര്‍ച്ച ചെയ്യപ്പെടെണ്ടതുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍