UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ആലപ്പുഴ സീമാസിലെ തൊഴിലാളി സമരം വിജയിച്ചു

Avatar

അഴിമുഖം പ്രതിനിധി

ആലപ്പുഴ സീമാസ് വെഡ്ഡിംഗ് കളക്ഷനിലെ തൊഴിലാളി സമരം വിജയകരമായ സമാപിച്ചു. അമ്പത്തിനാലോളം വരുന്ന സ്ത്രീ തൊഴിലാളികള്‍ കഴിഞ്ഞ ഒരാഴ്ച്ചയായി നടത്തിവന്ന സമരം ഇന്നു നടന്ന ചര്‍ച്ചയിലാണ് ഒത്തുതീര്‍ന്നത്. തൊഴിലാളികള്‍ മുന്നോട്ടുവച്ച ആവശ്യങ്ങളെല്ലാം അംഗീകരിച്ചതായി മാനേജ്‌മെന്റ് രേഖാമൂലം ഉറപ്പുനല്‍കി.

ഒത്തുതീര്‍പ്പില്‍ മാനേജ്‌മെന്റ് അംഗീകരിച്ച കാര്യങ്ങള്‍; 

തൊഴിലാളികള്‍ക്ക് സര്‍ക്കാര്‍ നിശ്ചയിച്ച മിനിമം വേതനം ലഭ്യമാക്കും. അഞ്ച് വര്‍ഷത്തില്‍ കൂടുതല്‍ സര്‍വീസ് ഉള്ള ജീവനക്കാര്‍ക്ക് ഏഴരശതമാനം അധികം തുക ശമ്പളമായി നല്‍കും. ഇതോടെ ഇവരുടെ അടിസ്ഥാന ശമ്പളം 8,300 രൂപയാകും അഞ്ചുവര്‍ഷത്തില്‍ കുറവ് എക്‌സ്പീരിയന്‍സുള്ളവര്‍ക്ക് 7750 രൂപ ലഭിക്കും. ട്രെയ്‌നി സ്റ്റാഫുകള്‍ക്ക് 7500 രൂപ ലഭിക്കും. നിലവില്‍ ഇവര്‍ക്ക് കിട്ടുന്നത് 5,500 രൂപയാണ്.

പുതിയ വ്യവസ്ഥയനുസരിച്ച് ജീവനക്കാര്‍ക്ക് ശമ്പളത്തിന്റെ 8.33 ശതമാനം ബോണസായി നല്‍കും. അഞ്ചുവര്‍ഷത്തില്‍ കൂടുതല്‍ സര്‍വീസുള്ളവര്‍ക്ക് 8.75 ശതമാനം ബോണസ് ആയി നല്‍കും.

തൊഴിലാളികള്‍ പ്രധാന പരാതികളായി പറഞ്ഞിരുന്ന ഫൈന്‍ ഈടാക്കലിന്റെ കാര്യത്തിലും മാനേജ്‌മെന്റ് വിട്ടുവീഴ്ച്ചയ്ക്ക് തയ്യാറായി. വൈകിവന്നാല്‍ ഫൈന്‍ ഈടാക്കുമെന്ന നിബന്ധന പിന്‍വലിച്ചു. മാസത്തില്‍ അഞ്ചുദിവസംവരെ വൈകിവന്നാല്‍ മാത്രം അരദിവസത്തെ ശമ്പളം പിടിക്കും. മെസ്സിന്റെ കാര്യത്തിലും ഹോസ്റ്റലിന്റെ കാര്യത്തിലുമുള്ള ജീവനക്കാരുടെ പരാതി പരിഹരിക്കും. ഒരു വര്‍ഷത്തെ പതിമൂന്നു ഔദ്യോഗിക അവധി ദിനങ്ങളും തൊഴിലാളികള്‍ക്ക് നല്‍കും. ഈ ദിവസങ്ങളില്‍ ജോലി ചെയ്യേണ്ടി വന്നാല്‍ ഇരട്ടി വേതനം നല്‍കണം. 

ഉച്ചഭക്ഷണത്തിന് നല്‍കിയിരുന്ന ഇടവേള അരമണിക്കൂറില്‍ നിന്നും മുക്കാല്‍ മണിക്കൂറാക്കി വര്‍ദ്ധിപ്പിച്ചു. സമരത്തില്‍ പങ്കെടുത്തതിന്റെ പേരില്‍ ഒരു തൊഴിലാളിയെയും ജോലിയില്‍ നിന്ന് പിരിച്ചു വിടുകയോ ട്രാന്‍സ്ഫര്‍ ചെയ്യുകയോ ഉണ്ടാകില്ലെന്നും മാനേജ്‌മെന്റ് ഉറപ്പ് നല്‍കി.

അസംഘടിത മേഖലയിലെ തൊഴില്‍ ചൂഷണങ്ങളുടെ മറ്റൊരു കഥയുമായി തുടങ്ങിയ സീമാസിലെ സമരം സിഐടിയുവിന്റെ നേതൃത്വത്തില്‍ സിപിഐഎം ഏറ്റെടുത്തിരുന്നു. സിഐടിയു സംസ്ഥാന കമ്മിറ്റിയംഗം പി പി ചിത്തരഞ്ജന്‍, എംഎല്‍എമാരായ ജി സുധാകരന്‍, തോമസ് ഐസക് എംഎല്‍എ എന്നിവര്‍ സമരത്തിന് നേരിട്ട് നേതൃത്വം നല്‍കിയിരുന്നു. സമരത്തില്‍ പങ്കെടുത്തവരെ, കസ്റ്റമേഴ്‌സിനെ തടസ്സപ്പെടുത്തിയെന്നാരോപിച്ച് പൊലീസ് അറസ്റ്റ് ചെയ്തു നീക്കാന്‍ ശ്രമിച്ചിരുന്നു. തോമസ് ഐസക്കിന്റെ നേതൃത്വത്തിലെത്തിയ പാര്‍ട്ടിക്കാര്‍ ഇടപെട്ടാണ് ഇവരെ സ്റ്റേഷനില്‍ നിന്ന് ഇറക്കിയത്. തുടര്‍ന്ന് തൊഴിലാളികള്‍ സമരം ശക്തമാക്കാന്‍ തീരുമാനിച്ചതോടെ സ്ഥാപനം അടച്ചിടാന്‍ മാനേജ്‌മെന്റ് തീരുമാനിച്ചു. ഈ നടപടിക്കെതിരെ തോമസ് ഐസക്ക് എംഎല്‍എ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ നടത്തിയ സീമാസ് ബഹിഷ്‌കരണ കാമ്പയിനിംഗിന് വിവിധമേഖലകളിലുള്ളവരുടെയടക്കം വലിയ പിന്തുണയാണ് ലഭിച്ചത്. സീമാസിന്റെ മറ്റുസ്ഥാപനങ്ങളും ബഹിഷ്‌കരിക്കാന്‍ സോഷ്യല്‍ മീഡിയയില്‍ ആഹ്വാനങ്ങള്‍ നടന്നിരുന്നു. വ്യാപകമായ പ്രതിഷേധം തങ്ങള്‍ക്കെതിരെ ഉയര്‍ന്ന സാഹചര്യത്തിലാണ് ഒത്തുതീര്‍പ്പു ചര്‍ച്ചയ്ക്ക് മാനേജ്‌മെന്റ് വഴങ്ങിയതും തൊഴലാളികളുടെ ആവശ്യങ്ങള്‍ അംഗീകരിച്ചതും.

സീമാസ് സമരവുമായി ബന്ധപ്പെട്ട് അഴിമുഖം മുന്‍പ് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടുകള്‍

സംസാരിച്ചാലും ലിഫ്റ്റില്‍ കയറിയാലും പിഴ; ആലപ്പുഴ സീമാസില്‍ നടക്കുന്ന തൊഴിലാളി പീഢനങ്ങള്‍
കട പൂട്ടുമെന്ന് മാനേജ്മെന്‍റ്; പിന്മാറില്ലെന്ന് തൊഴിലാളികള്‍; സീമാസില്‍ നടക്കുന്നത്

 

പതിവുപോലെ മുഖ്യധാരമാധ്യമങ്ങള്‍ ഈ തൊഴിലാളി സമരത്തിന്റെ മുന്നിലും മുഖം തിരിച്ചുനിന്നപ്പോള്‍ തുടക്കം മുതല്‍ സോഷ്യല്‍ മീഡിയയും ഓണ്‍ലൈന്‍ മാധ്യമങ്ങളും സമരത്തിന് ഒപ്പം നിന്നു. ആലപ്പുഴ സീമാസിലെ തൊഴിലാളി സമരത്തിന്റെ ഓരോഘട്ടത്തെ കുറിച്ചും വിശദമായി റിപ്പോര്‍ട്ട് ചെയ്ത് അഴിമുഖം അതിന്റെ കടമ നിര്‍വഹിച്ചിരുന്നു. ന്യായമായ ആവശ്യങ്ങള്‍ക്കായി നടത്തിയ ഈ സമരം വിജയിക്കുമ്പോള്‍, തൊഴിലാളികള്‍ക്കൊപ്പം നിന്ന് ആ വിജയത്തിന്റെ ചാരിതാര്‍ത്ഥ്യം അഴിമുഖവും പങ്കിടുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍