UPDATES

വിദേശം

മധുവിധുകാലം കഴിഞ്ഞു; ഗ്രീസില്‍ അപസ്വരങ്ങള്‍ക്ക് തുടക്കമോ?

Avatar

നിക്കോസ് ക്രിസോളോറസ്, എലിനി ക്രെപ
(ബ്ലൂംബര്‍ഗ് ന്യൂസ്)

ഗ്രീസില്‍ ആഭ്യന്തര അസംതൃപ്തിയുടെ പ്രഥമസൂചനകള്‍ കണ്ടുതുടങ്ങി. പ്രധാനമന്ത്രി അലക്‌സി സിപ്രാസിന്റെ ചെലവുചുരുക്കല്‍ നയ വിരുദ്ധ സര്‍ക്കാര്‍ തങ്ങള്‍ക്കെതിരായ ആദ്യ പ്രതിഷേധറാലിയെ അഭിമുഖീകരിക്കുന്നത് കഴിഞ്ഞ ദിവസമാണ്. മൂന്നുമാസം മുമ്പാണ് സിപ്രാസ് അധികാരത്തിലെത്തുന്നത്.

രാജ്യത്തിന്റെ വടക്കന്‍മേഖലയിലുള്ള ഒരു സ്വര്‍ണ്ണഖനിയുടെ അനുമതി പിന്‍വലിക്കാനിടയുള്ള നീക്കത്തിനെതിരെ നാലായിരത്തോളം ഖനിത്തൊഴിലാളികളും അവരുടെ കുടുംബങ്ങളുമാണ് വ്യാഴാഴ്ച്ച ഏതന്‍സിന്റെ മുഖ്യചത്വരമായ സിന്റാഗ്മയില്‍ തടിച്ചുകൂടിയത്. ഖനനപദ്ധതിയിലുള്ള നിക്ഷേപം ഈ നീക്കംവഴി തടയപ്പെടും.

‘സര്‍ക്കാര്‍ ഒരു തീരുമാനത്തിലെത്തുകയും ഇതിന് വ്യക്തമായ ഒരുത്തരം നല്‍കുകയും വേണം’ ഖനികളുടെ ഭാവിയെ സംബന്ധിച്ച് തൊഴിലാളികളുടെ പ്രതിനിധിയായ ഗിയോര്‍ഗോസ് ഹാറ്റ്‌സിസ് സ്‌കൈ ടെലിവിഷനോട് പറയുകയുണ്ടായി. ‘പ്രധാനമന്ത്രി തന്നെ വന്ന് ഈ പദ്ധതിയിലുള്ള നിക്ഷേപം നിയമപരമാണെന്നു പറയുകയും തുടരാന്‍ അനുവദിക്കുകയും ചെയ്താലേ ഞങ്ങള്‍ ഇതില്‍നിന്നു പിന്‍മാറുകയുള്ളൂ.’

സിപ്രാസിനെ അധികാരത്തിലേറ്റിയ ജനുവരി 25ലെ ബാലറ്റിനുശേഷം ആദ്യത്തെ ബഹുജന പ്രതിഷേധപ്രകടനമായിരുന്നു ഇത്. അഭിപ്രായവോട്ടുകള്‍ കാണിക്കുന്നത് ഇപ്പൊഴും സിരിസയ്ക്ക് പ്രതിപക്ഷകക്ഷികളെ അപേക്ഷിച്ച് വന്‍ മുന്‍തൂക്കമുണ്ട്. ഭൂരിപക്ഷം ജനങ്ങളും രാജ്യത്തിന്റെ രക്ഷാധനവുമായി ബന്ധപ്പെട്ട് ചെലവുചുരുക്കല്‍ വ്യവസ്ഥകള്‍ കൊണ്ടുവരുന്നതിനോടുള്ള സര്‍ക്കാറിന്റെ നിരാസത്തെ പിന്തുണയ്ക്കുമ്പൊഴും സിപ്രാസിന്റെ നയങ്ങള്‍ക്കുള്ള വ്യാപകമായ പൊതുജനപിന്തുണ കുറഞ്ഞുവരികയാണെന്നാണ് ഈ പ്രകടനം ചൂണ്ടിക്കാണിക്കുന്നത്.

‘മധുവിധുകാലം കഴിഞ്ഞിരിക്കുന്നു’ : ഹിതപരിശോധന വിചക്ഷണനും മാസിഡോണിയ സര്‍വ്വകലാശാലയിലെ രാഷ്ട്രമീമാംസാ പ്രൊഫസറുമായ നിക്കോസ് മാരന്റസിഡിസ് പറയുന്നു. ‘സിരിസയുടെ മേല്‍ക്കോയ്മ തര്‍ക്കവിധേയമാണെന്ന് ഇതിന് അര്‍ത്ഥമില്ല. പക്ഷേ, സര്‍ക്കാര്‍ ചെയ്യുന്നതെന്തിനെയും ഗ്രീസിലെ പൊതുജനാഭിപ്രായം സാധൂകരിക്കുന്ന ഘട്ടം നമ്മള്‍ പിന്നിട്ടിരിക്കുന്നു.’

എല്‍ഡൊറാഡോ ഗോള്‍ഡ് കോര്‍പ്പറേഷന്‍ പ്രവര്‍ത്തിപ്പിക്കുന്ന സ്‌കൗറീസ് ഖനിയുടെ സംസ്‌കരണകേന്ദ്രത്തിന് പാരിസ്ഥിതികാനുമതി നിഷേധിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതോടെയാണ് ഖനിത്തൊഴിലാളികള്‍ റാലിയുമായി മുന്നോട്ടുവന്നത്. ഈ തീരുമാനം മൂലം ഭീഷണിയിലാകുന്നത് കമ്പനിയുടെ വെബ്‌സൈറ്റ് പ്രകാരം 5,000 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്ന നൂറുകോടി യു.എസ്. ഡോളറിന്റെ നിക്ഷേപപദ്ധതിയാണ്.

പാര്‍ലമെന്റിനു പുറത്ത് ഖനിത്തൊഴിലാളികള്‍ സര്‍ക്കാരിനെതിരായി മുദ്രാവാക്യങ്ങളുയര്‍ത്തുമ്പോള്‍ ഭീകരാക്രമണങ്ങള്‍ക്ക് ഇരയായവര്‍ നീതിന്യായമന്ത്രാലയം മുന്നോട്ടുവെച്ച ഒരു ബില്ലിനെതിരെ പാര്‍ലമെന്റ് കെട്ടിടത്തിനകത്ത് പ്രകടനം നടത്തുകയായിരുന്നു. കുറ്റാരോപിതനായ ഒരു കൊലയാളിയുടെ ജയില്‍മോചനത്തിനു വഴിയൊരുക്കുന്നതായിരുന്നു ഈ ബില്‍ .

സവ്വാസ് ക്‌സിറോസ് നവംബര്‍ 25ന് അഞ്ചുപേരെ കൊന്ന ഗറില്ല സംഘത്തിലെ അംഗമാണ്. ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെട്ട സിറോസിന് തന്റെ ശിക്ഷയുടെ ബാക്കിക്കാലം വീട്ടുതടവില്‍ കഴിയാന്‍ കഴിയും ഈ ബില്ലുവഴി. കാര്യമായ ശാരീരിക വൈകല്യമുള്ള തടവുപുള്ളികളെ ചില നിയന്ത്രണങ്ങളോടെ ജയിലിനു പുറത്തേക്ക് അനുവദിക്കുന്നതായിരുന്നു ബില്‍. 2002ല്‍ ഒരു ബോംബ് സ്ഥാപിക്കുന്നതിനിടെ കയ്യില്‍വെച്ച് പൊട്ടിത്തെറിച്ചതിനെത്തുടര്‍ന്ന് സിറോസ് അംഗഭംഗത്തിനിരയായിരുന്നു.

‘സിറോസിന്റെ കേസ് അപ്രസക്തമായ കാര്യമാണ്. പക്ഷേ, മറ്റു നീക്കങ്ങളുമായി ചേര്‍ത്തുവെക്കുമ്പോള്‍ അത് സര്‍ക്കാര്‍ കുറ്റകൃത്യങ്ങളെപ്രതി മൃദുസമീപനമുള്ളവരാണ് എന്ന പ്രതീതി ശക്തമാക്കുന്നു.’ മാരന്റസിഡിസ് പറയുന്നു.

ഏതന്‍സിന്റെ പ്രാന്തപ്രദേശങ്ങളിലുള്ള ഒരു കരുതല്‍ തടവറയില്‍നിന്ന് പ്രമാണപത്രങ്ങളില്ലാത്ത കുടിയേറ്റക്കാരെ വിട്ടുപോകാന്‍ അനുവദിക്കാനുള്ള തീരുമാനത്തെ ഭൂരിപക്ഷം ഗ്രീക്കുകാരും എതിര്‍ത്തിരുന്നു, മാരന്റസിഡിസ് പറയുന്നു. രണ്ടാഴ്ച്ച മുന്‍പ് പ്രതിഷേധക്കാര്‍ ഏതന്‍സ് സര്‍വ്വകലാശാലയുടെ കേന്ദ്രകെട്ടിടം ഉപരോധിക്കവേ, അതിസുരക്ഷാതടവറകളുടെ നിര്‍മ്മാണത്തിനുള്ള നിയമനടപടികള്‍ നിര്‍ത്തിവെക്കുന്ന കാര്യവും സര്‍ക്കാര്‍ പറയുകയുണ്ടായി. 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍