UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മുസ്ലീം സമുദായത്തെ താഴ്ത്തിക്കെട്ടുകയല്ല ലക്ഷ്യം- അലിഫിന്‍റെ സംവിധായകന്‍ എന്‍. കെ. മുഹമ്മദ് കോയ

Avatar

കേരള അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ മലയാള സിനിമ ഇന്ന് എന്ന വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്ന അലിഫിന്‍റെ സംവിധായകന്‍ എന്‍. കെ. മുഹമ്മദ് കോയയുമായി അഴിമുഖം പ്രതിനിധി അജിത്ത് ജി നായര്‍ സംസാരിക്കുന്നു. 


എന്താണ് അലിഫ്?

അലിഫ് എന്ന പേര് വന്നത് അറബിക് അക്ഷരമാലയിലെ ആദ്യ അക്ഷരമായ അലിഫില്‍ നിന്നാണ്. മുസ്ലിം പശ്ചാത്തലത്തിലുള്ള കുടുംബത്തിന്‍റെ കഥയാണ്‌ അലിഫ് പറയുന്നത്. ഈയൊരു പശ്ചാത്തലത്തിലുള്ള ചില സംഭവങ്ങള്‍ എന്നെ പ്രചോദിപ്പിച്ചിട്ടുണ്ട്. മൊത്തത്തില്‍ സിനിമയുടെ കഥ യഥാര്‍ത്ഥത്തില്‍ നടന്ന കാര്യങ്ങള്‍ ഒന്നുമല്ല. സ്ത്രീകളനുഭവിക്കുന്ന വിഷയങ്ങളിലേക്കാണ് വിരല്‍ ചൂണ്ടിയത്.എനിക്കു പരിചയമുള്ള മേഖലയായത് കൊണ്ടു മുസ്ലിം സമുദായത്തെ പശ്ചാത്തലമാക്കിയെന്നു മാത്രം. സ്ത്രീപക്ഷ പ്രശ്നങ്ങളും സ്ത്രീശാക്തീകരണവും കാണിക്കാനാണ് ശ്രമിച്ചിരിക്കുന്നത്. നാല് തലമുറയില്‍പ്പെട്ട സ്ത്രീ കഥാപാത്രങ്ങളെ ഇതില്‍ കാണാം.

സിനിമയ്ക്ക് സാമുദായികമായ എതിര്‍പ്പുകള്‍ ഉണ്ടായിട്ടുണ്ടോ?
അങ്ങനെ എതിര്‍പ്പുണ്ടാകാവുന്ന രീതിയിലൊന്നും ഞാന്‍ സിനിമയില്‍ പറഞ്ഞിട്ടില്ല. മുസ്ലിം പശ്ചാത്തലത്തില്‍ കഥയെടുത്തുവെന്നു വച്ച് മുസ്ലിം സമുദായത്തെ താഴ്ത്തി പറയാനൊന്നും ഉദ്ദേശിച്ചല്ല സിനിമയെടുത്തത്. മതങ്ങളെല്ലാം നമുക്ക് നല്ല കാര്യങ്ങളാണ് ഉപദേശിക്കുന്നത്‌. എന്നാല്‍ ഓരോരുത്തരും അതിനെ സമീപിക്കുന്ന രീതിയില്‍ വരുന്ന വ്യത്യാസങ്ങളാണ് അതിനെ ഒരു മോശപ്പെട്ടതാക്കുന്നത്. അതാണ്‌ സിനിമയുടെ ഫോക്കസ്.

സിനിമാ സംവിധാനത്തിലേക്ക് എത്തിയത്…
ഒരു ഗവണ്മെന്‍റ് ഡിപ്പാര്‍ട്ട്മെന്റില്‍ ജോലി ചെയ്യുന്ന എഞ്ചിനീയറാണ് ഞാന്‍. 1999 ഏറണാകുളത്തുവച്ച് മാക്ട ചലച്ചിത്ര അക്കാദമി നടത്തിയ സിനിമ വര്‍ക്ക്‌ഷോപ്പില്‍ ഞാനുള്‍പ്പെടെ 60ഓളം പേര്‍ പങ്കെടുത്തു. അന്ന് മുതല്‍ ഒരു സിനിമ ചെയ്യണമെന്ന താത്പര്യം മനസ്സിലുണ്ടായിരുന്നു. ഒരു മാസത്തെ വര്‍ക്ക്‌ഷോപ്പ് ആയിരുന്നു. ക്യാമറമാന്‍ സണ്ണി ജോസഫ്‌,പി.കെ നായര്‍ മുതലായവര്‍ ആയിരുന്നു ക്ലാസുകള്‍ എടുത്തിരുന്നത്. അങ്ങനെയാണ് ഫെസ്റിവലില്‍ പങ്കെടുക്കാനും നല്ല സിനിമകള്‍ കാണാനും ഇങ്ങനെയൊരു സിനിമയെടുക്കാനും പ്രേരണയായത്.

ചലച്ചിത്രമേഖലയിലെ അനുഭവങ്ങള്‍ ?
ഞാന്‍ ചെറുകഥകള്‍ എഴുതാറുണ്ട്. 1999ല്‍ സുന്ദര്‍ദാസിന്റെ അസിസ്റ്റന്‍റായി ‘വര്‍ണ്ണക്കാഴ്ച’യില്‍ വര്‍ക്ക് ചെയ്തു. മാക്ട ചലച്ചിത്ര കളരിക്ക് തൊട്ടു പിന്നാലെയായിരിന്നു അത്. പിന്നീടത് തുടരാന്‍ കഴിഞ്ഞില്ല. ജോലി സംബന്ധമായ കാരണങ്ങള്‍ ആയിരുന്നു അതിനു പിന്നില്‍. എങ്കിലും പത്തുപതിനഞ്ച് വര്‍ഷമായി മനസ്സില്‍ സിനിമ ഉണ്ടായിരുന്നു. കൂടാതെ ചലച്ചിത്ര കളരിയിലെ സുഹൃത്തുക്കളുമായും നല്ല ബന്ധമുണ്ടായിരുന്നു. അതിന്റെ സാക്ഷാത്കാരമാണ് ഈ സിനിമ.

ഏതൊക്കെ ഫെസ്റ്റിവലുകളില്‍ ആലിഫ് പ്രദര്‍ശിപ്പിച്ചിട്ടുണ്ട്?
പരമാവധി ഫെസ്റ്റിവലുകളില്‍ പ്രദര്‍ശിപ്പിക്കുക എന്നതാണ് ലക്ഷ്യം. ബംഗ്ലൂര്‍ ഫിലിം ഫെസ്റിവലില്‍ പ്രദര്‍ശിപ്പിച്ചു കഴിഞ്ഞു. IFFKയില്‍  മലയാളം സിനിമ ഇന്ന് വിഭാഗത്തിലാണ് പ്രദര്‍ശിപ്പിക്കുന്നത്.

അടുത്ത സിനിമ ഇപ്പോള്‍ ആലോചനയില്‍ ഉണ്ടോ?
ജനുവരി-ഫെബ്രുവരിക്കു ശേഷം ഈ സിനിമയുടെ ഒരു തിയേറ്റര്‍ റിലീസ് ആണ് ഉദ്ദേശിക്കുന്നത്. റിലീസ് കൊണ്ടു മെച്ചമുണ്ടെങ്കില്‍ തീര്‍ച്ചയായും അടുത്ത സിനിമ ചെയ്യും.  

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍