UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഇന്ത്യന്‍ തൊഴിലാളിവര്‍ഗം ഇന്ന്‍ സമരത്തില്‍; അതിലേക്ക് നയിച്ച കാരണങ്ങള്‍

Avatar

അഴിമുഖം പ്രതിനിധി

ഏതാണ്ട് 15 കോടി തൊഴിലാളികളാണ് ഇന്ന് രാജ്യത്തുടനീളം സമരം ചെയ്യുന്നത്. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ തങ്ങള്‍ക്കും തങ്ങളുടെ ജീവനോപാധികള്‍ക്കും അന്തസ്സിനുമെതിരെ നടത്തിവരുന്ന ആക്രമണങ്ങല്‍ അവസാനിപ്പിക്കുക എന്നതാണ് തൊഴിലാളികളുടെ ആവശ്യം. കഴിഞ്ഞ വര്‍ഷവും ഇതേ ദിവസം 15 കോടിയോളം തൊഴിലാളികള്‍ തങ്ങളുടെ ജീവിതത്തെ ബാധിക്കുന്ന പല പ്രശ്‌നങ്ങളും ഉന്നയിച്ച് സമരം നടത്തിയിരുന്നു. ട്രേഡ് യൂണിയനുകള്‍ പറയുന്നത് ഇന്നത്തെ സമരം മുന്‍ വര്‍ഷത്തെ സമരത്തേയും കവച്ചു വയ്ക്കുമെന്നാണ്.

തൊഴിലാളികളുടെ പ്രധാന ആവശ്യങ്ങള്‍ എന്തെല്ലാം?

1. പൊതുവിതര സംവിധാനം സാര്‍വത്രികമാക്കി മാറ്റി വിലക്കയറ്റം നിയന്ത്രിക്കാന്‍ അടിയന്തിര നടപടികള്‍ സ്വീകരിക്കുകയും ചരക്കു വിപണിയിലെ ഊഹക്കച്ചവടം നിരോധിക്കുകയും ചെയ്യുക.
കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ നിരവധി അവശ്യവസ്തുക്കളുടെ വില കുത്തനെ ഉയര്‍ന്നിട്ടുണ്ട്. ചില സമയങ്ങളില്‍ പരിപ്പു വര്‍ഗ്ഗങ്ങളെ പോലെ അരിക്കും നൂറു ശതമാനത്തിലേറെ വില ഉയര്‍ന്നിട്ടുണ്ട്. പിന്നെ ഉള്ളി, ഉരുളക്കിഴങ്ങ് മുതലായവയ്ക്ക് ചില സീസണുകളില്‍ ഉണ്ടായ വിലക്കയറ്റം. തൊഴിലാളികളുടെ കുടുംബ ബജറ്റ് ആകെ താറുമാറാക്കി പോഷകാഹാരങ്ങളൊക്കെ വെട്ടിക്കുറച്ച് അതിജീവിക്കാന്‍ മാത്രം പാകത്തിലാക്കുകയാണ് ഇതിന്റെയൊക്കെ അന്തിമ ഫലം. രാജ്യത്തെ 56 ശതമാനം സ്ത്രീകളും അത്രത്തോളം തന്നെ കുട്ടികളും നേരത്തെ തന്നെ പോഷകാഹാരക്കുറവുള്ളവരാണ്.

2. തൊഴില്‍ സൃഷ്ടിപ്പിനായി ശക്തമായ നടപടികളെടുത്ത് തൊഴിലില്ലായ്മയെ നിയന്ത്രിക്കുക
ഇന്ത്യയില്‍ പ്രതിവര്‍ഷം 1.2 കോടി ജനങ്ങള്‍ തൊഴില്‍ സജ്ജരായി രംഗത്തിറങ്ങുന്നുണ്ടെന്ന് കേന്ദ്രത്തിന്റെ കണക്കുകള്‍ തന്നെ പറയുന്നു. ഇതിനകം തന്നെ 10 കോടിയിലേറെ തൊഴില്‍രഹിതരും അതിലേറെ കോടികള്‍ വരുന്ന തൊഴിലാളികള്‍ എന്നു വിളിക്കപ്പെടുമെങ്കിലും തുച്ഛം വേതനത്തിന് തൊഴില്‍ ചെയ്യാന്‍ നിര്‍ബന്ധിതരായ വിഭാഗവുമുണ്ട്-മറഞ്ഞിരിക്കുന്ന തൊഴില്‍രഹിതര്‍. സ്ത്രീകളുടെ ജോലിക്കാര്യം എടുക്കാനില്ല. 15 മുകളില്‍ പ്രായമുള്ള സ്ത്രീകളുടെ 27 ശതമാനം മാത്രമാണ് തൊഴില്‍ രംഗത്തുള്ളത്. ലോകത്ത് ഏറ്റവും കുറഞ്ഞ നിരക്കാണിത്. മൊത്തം യുവജനങ്ങളുടെ 25 ശതമാനം തൊഴില്‍രഹിതരും ആശയറ്റവരും രോഷാകുലരായും തുടരുമ്പോള്‍ ഇന്ന് ജോലിയുള്ളവര്‍ ഒരു അനിശ്ചിത ഭാവിയെയാണ് അഭിമുഖീകരിക്കുന്നത്.

3. ആനുപാതിക വര്‍ധനയോടെ പ്രതിമാസം 18,000 രൂപയില്‍ കുറയാത്ത മിനിമം വേതനം
മിനിമം വേതന നിരക്കുകള്‍ സുപ്രീം കോടതി ഉത്തരവുകളും സ്ഥാപിത തത്വങ്ങളും ഒരു കൂസലുമില്ലാതെ ലംഘിച്ച് ക്രൂരമാം വിധം കുറഞ്ഞ തോതിലാണ് സംസ്ഥാന സര്‍ക്കാരുകള്‍ നിശ്ചിയിച്ചിരിക്കുന്നതെന്നാണ് യൂണിയനുകളുടെ വാദം. മൂന്ന് അംഗങ്ങളുള്ള ഒരു തൊഴിലാളിയുടെ കുടുംബത്തിന് ആവശ്യമായ ഭക്ഷണം, പാര്‍പ്പിടം, വസ്ത്രം എന്നീ സൗകര്യങ്ങള്‍ക്ക് 20,000 രൂപ ചെലവ് വരുമെന്ന് വിദഗ്ധര്‍ കണക്കുകൂട്ടുന്നു. 1957-ലെ ഇന്ത്യന്‍ തൊളിലാളി സമ്മേളനം നിശ്ചയിച്ച തത്വങ്ങളേയും 1992-ല്‍ സുപ്രീം കോടതി നിശ്ചിച്ച മാനദണ്ഡങ്ങളേയും അടിസ്ഥാനമാക്കിയാണിത്. യാതൊരു അടിസ്ഥാനവുമില്ലാതെയാണ് മിനിമം വേതം 6,098 രൂപയായി കഴിഞ്ഞ വര്‍ഷം കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നത്. കൂടുതല്‍ പ്രായോഗിക കണക്കായ 20,000-നു പകരം തൊഴിലാളി യുണിയനുകള്‍ ആവശ്യപ്പെടുന്നത് 18,000 രൂപയും.

4. സ്ഥിര ജോലികളിലേക്കുള്ള നിയമനങ്ങള്‍ കരാറടിസ്ഥാനത്തിലാക്കുന്നത് അവസാനിപ്പിക്കുക. ഒരേ ജോലിക്ക് സ്ഥിര തൊഴിലാളികള്‍ക്കു നല്‍കുന്ന എല്ലാ ആനുകൂല്യങ്ങളും കരാര്‍ തൊഴിലാളികള്‍ക്കും നല്‍കുക.
പൊതുമേഖലായ സ്ഥാപനങ്ങളില്‍ പോലും 22 ശതമാനം തോഴിലാളികളും ജീവനക്കാരും കരാറടിസ്ഥാനത്തില്‍ നിയമിതരായവരാണ്. സ്വാകാര്യ മേഖയുടെ കാര്യമെടുത്താല്‍ അതിലേറെ കഷ്ടം. സ്ഥിരസ്വഭാവമുള്ള ജോലികള്‍ക്ക് കരാറടിസ്ഥാനത്തില്‍ തൊഴിലാളികളെ നിയമിക്കുന്നത് വിലക്കുകയും സ്ഥിര ജീവനക്കാര്‍ക്കും കരാറുകാര്‍ക്കും ഒരേ വേതനവും ആനുകൂല്യവും നല്‍കണമെന്നും അനുശാസിക്കുന്ന വ്യക്തമായ നിയമങ്ങള്‍ ഇവിടെയുണ്ട്. സര്‍ക്കാരിന്റെ വിഷമാവസ്ഥയും കോടതിയുടെ അലംഭാവവും മുതലെടുത്തത് തൊഴില്‍ദാതാക്കളാണ്. ഇതിന്റെ ഫലമെന്നോളം കരാര്‍ ജീവനക്കാര്‍ക്ക് കുറഞ്ഞ വേതനത്തിന് കൂടുതല്‍ സമയം ജോലി ചെയ്യേണ്ടി വരുന്നു. ഇത് തൊഴിലാളികള്‍ക്കിടയിലെ ഐക്യത്തെ തകര്‍ക്കുകയും അവരുടെ സംഘടിത ശക്തിയെ ദുര്‍ബലപ്പെടുത്തുകയും ചെയ്യുന്നു. എല്ലാത്തരത്തിലുമുള്ള കരാര്‍ തൊഴിലുകള്‍ അവസാനിപ്പിക്കണമെന്നാണ് യൂണിയനുകളുടെ ആവശ്യം. അതോടൊപ്പം കരാര്‍ ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നതിന് സ്ഥിര, കരാര്‍ തൊഴിലാളികളുടെ കൂട്ടായ ഒരു പോരാട്ടം തുടങ്ങേണ്ടതുണ്ടെന്നും അവര്‍ ആവശ്യപ്പെടുന്നു.

5. മാറ്റി നിര്‍ത്തലോ ഒഴിവാക്കലോ ഇല്ലാതെ എല്ലാ അടിസ്ഥാന തൊഴില്‍ നിയമങ്ങളും ശക്തമായി നടപ്പിലാക്കുക. തൊഴില്‍ നിയമലംഘനങ്ങള്‍ക്കും തൊഴില്‍ നിയമ ഭേദഗതിക്കുമെതിരെ ശക്തമായ ശിക്ഷാ നടപടികള്‍ സ്വീകരിക്കുക.
കടുത്ത ചൂഷണങ്ങളുള്ള സാഹചര്യങ്ങളിലും തങ്ങള്‍ക്കു പിടിച്ചു നില്‍ക്കാമെന്ന ഉറപ്പ് നല്‍കി തൊഴിലാളികളുടെ രക്ഷയ്‌ക്കെത്തുന്നത് തൊഴില്‍ നിയമങ്ങളാണ്. മിനിമം വേതനം, തൊഴില്‍ സമയം,  തൊഴില്‍ സുരക്ഷ, വൈദ്യ സഹായം, പ്രൊവിഡന്റ് ഫണ്ട്, അവധി ആനുകൂല്യങ്ങള്‍ എന്നിവയ്‌ക്കെല്ലാമുള്ള നിയമപരമായ സംരക്ഷണം പൊരുതി നേടിയത് പതിറ്റാണ്ടുകള്‍ക്കു മുമ്പ് നടന്ന തൊഴിലാളി സമരങ്ങളിലൂടെയാണ്. ബിജെപി ഭരിക്കുന്ന പല സംസ്ഥാനങ്ങളിലേയും തൊഴില്‍ നിയമങ്ങള്‍ മൊത്തമായി തന്നെ പൊളിച്ചെഴുതപ്പെട്ടിട്ടുണ്ട്. തൊഴിലാളികളെ എപ്പോള്‍ എങ്ങനെ വേണമെങ്കിലും നിയമിക്കാനും പിരിച്ചുവിടാനും സേവന വ്യവസ്ഥകളില്‍ മാറ്റം വരുത്താനും തൊഴില്‍ദാതാക്കള്‍ക്ക് ഇവിടെ കഴിയും. ഇതിനു പുറമെ നിലവിലുള്ള തൊഴില്‍ നിയമങ്ങളെ മറികടക്കുന്ന പുതിയ നിയമങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ തയാറാക്കിയിട്ടുമുണ്ട്. അനുകമ്പയില്ലാത്ത ആര്‍ത്തിപൂണ്ട വ്യവസായികളുടെ ദയാവായ്പിനായി തൊഴിലാളികളെ എറിഞ്ഞ് കൊടുത്തുകൊണ്ട് മുന്‍ സര്‍ക്കാരുകളെല്ലാം ചേര്‍ന്ന് തൊഴില്‍ നിയമം നടപ്പിലാക്കുന്ന രീതിയെ പാടെ തകര്‍ത്തിരിക്കുന്നു. ഇപ്പോള്‍ ഇതൊന്നു കൂടി അടിച്ചമര്‍ത്തപ്പെടുകയും ചെയ്തിരിക്കുന്നു. തങ്ങളുടെ നിയമപരമായ അവകാശങ്ങള്‍ക്കു വേണ്ടി തൊഴിലാളികള്‍ മൂന്നോട്ടു വരികയും പൊരുതുകയും ചെയ്തില്ലെങ്കില്‍ ട്രേഡ് യൂണിയന്‍ രൂപീകരിക്കാനുള്ള അവകാശം പോലും അവര്‍ തട്ടിപ്പറിക്കും.

6. എല്ലാവര്‍ക്കും സാര്‍വത്രിക സാമൂഹിക സുരക്ഷ
എല്ലാ തൊഴിലാളികള്‍ക്കും 3000 രൂപയില്‍ കുറയാത്ത വര്‍ധിപ്പിച്ച പെന്‍ഷന്‍ പ്രതിമാസം നല്‍കുക എന്നത് ഒരു പ്രധാന ആവശ്യമാണ്. അസംഘടിത മേഖലയിലെ ലക്ഷക്കണക്കിന് വരുന്ന തൊഴിലാളികള്‍ക്ക് ഇഎസ്‌ഐ, ഇപിഎഫ് ആനുകൂല്യങ്ങള്‍ നല്‍കാതെ കേന്ദ്ര സര്‍ക്കാര്‍ ഈയിടെ കൂടുതല്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവരാന്‍ പല ശ്രമങ്ങളും നടത്തി. പരിധി നിശ്ചയിക്കുക, പിഎഫ് തുകയെടുത്ത് അസ്ഥിരമായ ഓഹരി കമ്പോള ഊഹക്കച്ചവടത്തില്‍ നിക്ഷേപിക്കാനും പിഎഫ് പിന്‍വലിക്കുന്നതില്‍ നിന്ന് തൊഴിലാളികളെ തടയാനും ശ്രമങ്ങളുണ്ടായി.

7. ബോണസ്, പ്രൊവിഡന്റ് ഫണ്ട് എന്നിവയ്ക്കുള്ള യോഗ്യതയ്ക്കും നല്‍കുന്ന തുകകള്‍ക്കുമുള്ള എല്ലാ നിയന്ത്രണങ്ങളും എടുത്തു കളയുക. ഗ്രാറ്റുവിറ്റി അളവ് വര്‍ധിപ്പിക്കുക.
തൊഴിലാളികളുടെ പരിശ്രമത്തിലൂടെ തൊഴില്‍ദാതാവ് ഉണ്ടാക്കുന്ന ലാഭത്തിന്റെ ഒരു ചെറിയ ഓഹരിയാണ് ബോണസ്. ഉദാഹരണത്തിന് ഒരു വ്യവസായി ഒരു വര്‍ഷം 40 ശതമാനം ലാഭം ഉണ്ടാക്കുന്നുവെന്ന് കരുതുക. അങ്ങനെയാണെങ്കില്‍ തൊഴിലാളികളുടെ ബോണസ് എന്തിന് 8.33 ശതമാനത്തില്‍ പരിമിതപ്പെടുത്തണം? ലാഭമുണ്ടാക്കുന്നതിന് ഒരു പരിധിയുമില്ലെങ്കില്‍ തൊഴിലാളിക്ക് ലഭിക്കുന്ന ബോണസ് ഓഹരിക്കും പരിധി ഉണ്ടാകാന്‍ പാടില്ല. തൊഴില്‍ദാതാവില്‍ നിന്നും ആവശ്യപ്പെടുന്ന സംഭാവനയല്ല ഇതെന്നും യൂണിയനുകള്‍ വ്യക്തമാക്കുന്നു.

8. അപേക്ഷ സമര്‍പ്പിക്കപ്പെട്ടതു മുതല്‍ 45 ദിവസത്തിനകം രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കുകയും അന്താരാഷ്ട്ര തൊഴിലാളി സംഘടനയുടെ സി87, സി98 ഉടമ്പടികള്‍ അംഗീകരിക്കുകയും ചെയ്യുക.
ട്രേഡ് യൂണിയന്‍സ് നിയമത്തില്‍ മുന്‍ സര്‍ക്കാരുകള്‍ പലതരത്തിലുമുള്ള ഭേദഗതികള്‍ വരുത്തുകയും മാനേജ്‌മെന്റുകളില്‍ നിന്നും തൊഴിലാളി യൂണിയനുകളുടെ രജിസ്‌ട്രേഷനും അംഗീകാരവും നേടിയെടുക്കുക എന്നത് തൊഴിലാളികളെ സംബന്ധി്ച്ചിടത്തോളം ബാലികേറാമലയാക്കുകയും ചെയ്തിട്ടുണ്ട്. ഈ അവകാശത്തെ ഒന്നു കൂടി പരിമിതപ്പെടുത്താനാണ് ഇപ്പോഴത്തെ സര്‍ക്കാരിന്റെ ശ്രമം.

9. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ കീഴിലുള്ള പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വില്‍പ്പന നിര്‍ത്തുക. 
പൊതു മേഖലാ സ്ഥാപനങ്ങള്‍ ശക്തിപ്പെടുത്താന്‍ സര്‍ക്കാരുകള്‍ നടപടികളെടുക്കണമെന്നാണ് യുണിയനുകളുടെ ആവശ്യം. ഇന്‍ഷൂറന്‍സ്, റെയില്‍വേ, പ്രതിരോധം എന്നീ രംഗങ്ങളിലെ നേരിട്ടുള്ള വിദേശ നിക്ഷേപത്തിനും യൂണിയനുകള്‍ എതിരാണ്. സമ്പദ് വ്യവസ്ഥയുടെ സുപ്രധാനവും തന്ത്രപരവുമായ മേഖലകളെല്ലാം നിയന്ത്രിക്കുന്നത് പൊതുമേഖലയാണ്. അതുവഴി സ്വകാര്യ മേഖലുടെ കൊള്ളയില്‍ നിന്ന് സംരക്ഷണമേകുകയും ചെയ്യുന്നു. എന്നാല്‍ നവ ഉദാരവല്‍ക്കരണ നയങ്ങള്‍ രാജ്യത്ത് ഏറ്റെടുത്ത് നടപ്പാക്കാന്‍ തുടങ്ങിയതു മുതല്‍ പൊതു മേഖലയെ സ്വകാര്യവല്‍ക്കരിക്കുന്നതിനും ചില വ്യവസായ മേഖലകളില്‍ വിദേശ മൂലധനം സ്വീകരിക്കാനുമുള്ള വ്യവസ്ഥാപിതമായ ശ്രമങ്ങളാണ് നടന്നു വരുന്നത്.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍