UPDATES

ട്രെന്‍ഡിങ്ങ്

മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുമായി കൂട്ടുകൂടാത്ത ആരാണ് ഇവിടെയുള്ളത്: കെഎം മാണി

തീയില്‍ കുരുത്ത പാര്‍ട്ടിയാണ് കേരള കോണ്‍ഗ്രസ് അത് വെയിലത്ത് വാടില്ല

കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസും സിപിഎമ്മും കൂട്ടുകൂടിയതിനെക്കുറിച്ച് അത്രയ്‌ക്കൊന്നും പറയേണ്ട കാര്യമില്ലെന്ന് കെഎം മാണി. പ്രാദേശികമായുണ്ടാക്കിയ ധാരണ മാത്രമാണ് അത്. മാധ്യമങ്ങളാണ് പ്രശ്‌നം വഷളാക്കുന്നതെന്നും അദ്ദേഹം പത്രസമ്മേളനത്തില്‍ പറഞ്ഞു. സിപിഎം സഹകരണത്തോടെ കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞുടുപ്പില്‍ പാര്‍ട്ടിക്കുള്ളില്‍ ഭിന്നത രൂക്ഷമായതിനെ തുടര്‍ന്ന് നിലപാട് മയപ്പെടുത്തിയാണ് മാണി ഇന്ന് സംസാരിച്ചത്.

മാക്‌സിസ്റ്റ് പാര്‍ട്ടിയുമായി അസ്പര്‍ശ്യത കല്‍പ്പിക്കേണ്ട കാര്യം ഇവിടെ ഒരു രാഷ്ട്രീയ പാര്‍ട്ടിക്കുമില്ല. എകെ ആന്റണിയും മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുമായി കൂട്ടുകൂടിയിട്ടുണ്ടെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. കോട്ടയം ഡിസിസി പ്രസിഡന്റ് വാകത്താനം പഞ്ചായത്തില്‍ സിപിഎമ്മിന്റെ സഹായത്തോടെ ഭരിച്ചിട്ടുള്ളതും അദ്ദേഹം ചൂണ്ടിക്കാട്ടി. ഞങ്ങള്‍ യുഡിഎഫിന്റെ ഭാഗമല്ല. യുഡിഎഫിനോട് ഒരുകാര്യവും ആലോചിക്കേണ്ട ബാധ്യത തങ്ങള്‍ക്കില്ല. ഇന്നലത്തെ രാഷ്ട്രീയ നീക്കം കോട്ടയം ഡിസിസി വിലയ്ക്കുവാങ്ങിയതാണ്. യുഡിഎഫിനൊപ്പം നില്‍ക്കാന്‍ തന്നെ ആഗ്രഹിച്ചവരാണ് ഞങ്ങള്‍. അതിന് മാറ്റം വരുത്തിയത് ഡിസിസിയുടെ പ്രകോപനകരമായ പ്രസ്താവനകളാണ്.

ഇപ്പോഴത്തെ രാഷ്ട്രീയ നീക്കം ഏതെങ്കിലുമൊരു കൂട്ടുകെട്ടിലേക്കുള്ള ചവിട്ടുപടിയല്ല. അതേക്കുറിച്ച് പാര്‍ട്ടി തലത്തില്‍ ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കും. പിജെ ജോസഫും താനുമായി അഭിപ്രായ ഭിന്നതയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ജോസഫിന്റെ നിലപാട് തന്നെയാണ് തന്റെ നിലപാട്. അതിനാലാണ് ജോസഫ് പറഞ്ഞതുപോലെ വളരെ നിര്‍ഭാഗ്യകരമായ സംഭവമെന്ന് ഇതിനെക്കുറിച്ച് പറയുന്നത്. ഇജെ അഗസ്റ്റിയുടെ രാജി സ്ഥിരീകരിച്ചിട്ടില്ല.

തീയില്‍ കുരുത്ത പാര്‍ട്ടിയാണ് കേരള കോണ്‍ഗ്രസ് അത് വെയിലത്ത് വാടില്ല. ഇത് പ്രാദേശിക തലത്തിലുണ്ടായ വിഷയങ്ങളുടെ അടിസ്ഥാനത്തിലുണ്ടായ നടപടിയാണ്. പാര്‍ട്ടിയുടെ സംസ്ഥാന കമ്മിറ്റിയെടുത്ത നയപരമായ തീരുമാനമല്ല. ഇത് കേരള കോണ്‍ഗ്രസും മാക്‌സിസ്റ്റ് പാര്‍ട്ടിയും തമ്മിലുള്ള കൂട്ടുകൂടലുമല്ല. കേരള കോണ്‍ഗ്രസ് ഒരു മുന്നണിക്കും അപേക്ഷ കൊടുത്തിട്ടില്ല. ആരുടെ മുന്നിലും അപേക്ഷയുമായി കുനിഞ്ഞ് നിന്നിട്ടില്ല. പാര്‍ട്ടിയുടെ ചരിത്രം അതല്ല. കോണ്‍ഗ്രസ് നേതാക്കള്‍ ചുമ്മ വര്‍ത്തമാനം പറയുകയാണ്. അവര്‍ സംസാരിച്ച ഭാഷയില്‍ സംസാരിക്കാന്‍ താന്‍ ആഗ്രഹിക്കുന്നില്ല.

കേരളത്തിലെ സാഹചര്യത്തില്‍ കേരള കോണ്‍ഗ്രസിന്റെ സഹായം കോണ്‍ഗ്രസിനും കോണ്‍ഗ്രസിന്റെ സഹായം കേരള കോണ്‍ഗ്രസിനും വേണ്ടി വരും. കേരള കോണ്‍ഗ്രസിന്റെ സഹായം കോണ്‍ഗ്രസിന് വേണ്ടെങ്കില്‍ കോണ്‍ഗ്രസിന്റെ സഹായം കേരള കോണ്‍ഗ്രസിനും വേണ്ട. ഞങ്ങള്‍ യുഡിഎഫ് വിരുദ്ധരോ കോണ്‍ഗ്രസ് വിരുദ്ധരോ അല്ല. വേണമെങ്കില്‍ ഒരുമിച്ച് പോകാം. ബന്ധം പോയാല്‍ രണ്ട് കൂട്ടര്‍ക്കും നഷ്ടമുണ്ടാകും. ജോസ് കെ മാണിക്കെതിരെ അജണ്ടയുള്ളവരാണ് ഗൂഢാലോചന ആരോപിക്കുന്നത്. അതിനാലാണ് ലണ്ടനിലിരിക്കുന്ന ജോസിനെതിരെ ആരോപണം ഉന്നയിക്കുന്നത്. ജോസ് കെ മാണിയെ കോട്ടയംകാര്‍ക്കെല്ലാം അറിയാം. അവന്‍ മാനം മര്യാദയ്ക്ക് നടക്കുന്നവനാണ്. എനിക്കതില്‍ അഭിമാനമുണ്ട്.

അന്ധമായ വിരോധം ആരോടുമില്ല, അസ്പര്‍ശ്യത ആരോടുമില്ല. എന്നാല്‍ അന്ധമായ അടുപ്പവും ആരോടുമില്ല. ശരിയേതാണ് തെറ്റേതാണ് വിവേചിച്ചു നോക്കി ശരിയുടെ കൂടെ നില്‍ക്കും. സിപിഐയ്ക്ക് കേരള കോണ്‍ഗ്രസിനെ ഭയമാണ്. ഞങ്ങള്‍ അങ്ങോട്ട് ചെന്നാല്‍ തങ്ങളുടെ സ്ഥാനം പോകുമെന്ന പേടിയാണ് അത്. ഞങ്ങള്‍ വരല്ലേ വരല്ലേയെന്ന് പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കുകയാണ് അവര്‍. അതേസമയം കോണ്‍ഗ്രസും മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിക്കാരും തങ്ങളെ ദ്രോഹിച്ചിട്ടുണ്ടെന്നും ദ്രോഹിച്ചവരോടൊന്നും പിണക്കമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ശത്രുവിനെ സ്‌നേഹിക്കുക എന്ന നിലപാടാണ് പാര്‍ട്ടിക്കുള്ളത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍