UPDATES

ന്യൂസ് അപ്ഡേറ്റ്സ്

അലഹബാദ് ഹൈക്കോടതിയില്‍ നടന്നത് ഇന്ത്യന്‍ ജുഡീഷ്യറിക്കുള്ള ഒരു മുന്നറിയിപ്പാണ്

Avatar

ടീം അഴിമുഖം

“Heaven is above all yet; there sits a judge, that no king can corrupt.” – Henry VIII by Shakespeare. 

 

എന്തുകൊണ്ടാണ് ഇന്ത്യന്‍ ജുഡീഷ്യല്‍ സംവിധാനം പലപ്പോഴും ആദരിക്കപ്പെടുകയും ആഘോഷിക്കപ്പെടുകയുമൊക്കെ ചെയ്യുന്നത്? രാഷ്ട്രീയപരമായ പക്ഷപാതിത്വമില്ലായ്മയും ശക്തമായ ചില വിധികളുമൊക്കെയാണ് അതിന്റെ പ്രാഥമിക കാരണങ്ങളെന്ന് നമുക്ക് കാണാം. എപ്പോഴൊക്കെ നമ്മുടെ ഉദ്യോഗസ്ഥവൃന്ദം അവരെ ഏല്‍പ്പിച്ചിരിക്കുന്ന ഉത്തരവാദിത്തങ്ങളില്‍ നിന്ന് മാറി നില്‍ക്കുന്നുവോ അപ്പോഴൊക്കെ നമ്മുടെ ജുഡീഷ്യറി ഫലപ്രദമായി അവിടെ ഇടപെട്ടിട്ടുണ്ട്. ജുഡീഷ്യറി അമിതമായി കൈകടത്തുന്നു എന്നൊക്കെ ഇടയ്ക്ക് വിമര്‍ശനങ്ങള്‍ ഉണ്ടാകാറുണ്ടെങ്കിലും സാധാരണക്കാരെ സംബന്ധിച്ച് അതു നല്‍കുന്നത് വലിയൊരു ആശ്വാസമാണ്.

 

മേല്‍ക്കോടതികള്‍ മാത്രമല്ല, നമ്മുടെ താഴേത്തട്ടിലുള്ള കോടതികള്‍ പോലും ശക്തമായ സ്വാതന്ത്ര്യബോധത്തോടെയാണ് പ്രവര്‍ത്തിക്കുന്നത് എന്നത് പലപ്പോഴും വിലയിരുത്തപ്പെട്ടിട്ടുള്ള കാര്യമാണ്. എന്നാല്‍ ഈയിടെ നടക്കുന്ന ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ഇന്ത്യന്‍ ജുഡീഷ്യറിയെ സംബന്ധിച്ച് നമ്മള്‍ പറയുന്നതൊക്കെ അതിശയോക്തിയുള്ളതല്ലേ എന്ന് സംശയിക്കേണ്ടി വരും. അതിലൊന്നാണ് കഴിഞ്ഞ ദിവസം അലഹബാദില്‍ ഉണ്ടായത്, അതാകട്ടെ, അങ്ങേയറ്റം അസ്വസ്ഥപ്പെടുത്തുന്നതുമാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസം അലഹബാദ് ഹൈക്കോടതി സന്ദര്‍ശിച്ചപ്പോള്‍ ഒരു ജഡ്ജി അദ്ദേഹത്തിന്റെ കാല്‍ തൊട്ട് വന്ദിച്ചതും ചില ജഡ്ജിമാര്‍ പ്രധാനമന്ത്രിക്കൊപ്പം സെല്‍ഫി എടുക്കാന്‍ തിരക്കുകൂട്ടിയതുമൊക്കെയാണ് ആ കാര്യങ്ങള്‍. ഒരു ജഡ്ജി പ്രധാനമന്ത്രിയെക്കുറിച്ച് വിശേഷിപ്പിച്ചതാകട്ടെ, ‘Man of the moment’ എന്നും.

 

ജഡ്ജി പ്രധാനമന്ത്രിയുടെ കാല്‍ തൊട്ടു വന്ദിച്ച കാര്യത്തെ കുറിച്ച് തങ്ങള്‍ക്ക് അറിവില്ലെന്നാണ് അലഹബാദ് ഹൈക്കോടതി ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് പ്രതികരിച്ചത്. ജഡ്ജിമാരും പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയില്‍ ബാര്‍ അസോസിയേഷന്‍ അംഗങ്ങളെ പങ്കെടുപ്പിച്ചിരുന്നില്ല, അതുപോലെ ബാര്‍ അസോസിയേഷനുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തിയപ്പോള്‍ ജഡ്ജിമാരും ഉണ്ടായിരുന്നില്ല. 

 

അലഹബാദ് ഹൈക്കോടതി ജഡ്ജിമാരുടെ പെരുമാറ്റം അങ്ങേയറ്റം നിരാശയുളവാക്കുന്നതാണെന്നാണ് പല നിരീക്ഷകരും വിശേഷിപ്പിച്ചത്. എന്നാല്‍ നാം കുറച്ചുകൂടി വിശദമായി പരിശോധിച്ചാല്‍ ഇത്തരത്തിലുള്ള നെഗറ്റീവ് കാര്യങ്ങള്‍ ഇന്ത്യ ജുഡീഷ്യറിയെ പടിപടിയായി വിഴുങ്ങന്നതിന്റെ നിരവധി ഉദാഹരണങ്ങള്‍ കാണാന്‍ കഴിയും.

 

 

അലഹാബാദ് ഹൈക്കോടതിയുടെ 150-ാം വാര്‍ഷികം കഴിഞ്ഞ മാര്‍ച്ച് 13-ന് രാഷ്ട്രപതി പ്രണബ് മുഖര്‍ജി ഉദ്ഘാടനം ചെയ്തിരുന്നു. ഈ ആഘോഷത്തിന്റെ ഭാഗമായാണ് മോദി അവിടം സന്ദര്‍ശിച്ചത്. അലഹബാദിലെത്തിയ പ്രധാനമന്ത്രി ആദ്യം ബി.ജെ.പി ഭാരവാഹികളുടെ യോഗത്തില്‍ പങ്കെടുക്കുകയും വൈകിട്ട് ഹൈക്കോടതിയിലെ ചായസത്ക്കാരത്തിനെത്തുകയുമായിരുന്നു. രാഷ്ട്രീയക്കാരുടെ മുന്നില്‍ തലകുനിക്കുന്ന പരിപാടി അലഹബാദ് ഹൈക്കോടതിയില്‍ ഇപ്പോള്‍ ഒരു പതിവ് കാഴ്ചയായി മാറിത്തുടങ്ങിയിട്ടുണ്ട്. വിരമിച്ച ശേഷമുള്ള പദവികളിലാണ് പലരുടേയും കണ്ണ് എന്നതു തന്നെയാണ് ഇതിന്റെ പ്രധാന കാരണം. സര്‍ക്കാരിനൊപ്പം നില്‍ക്കുന്നതാണ് എപ്പോഴും തങ്ങള്‍ക്ക് ഗുണകരമായിരിക്കും എന്ന് പല ജഡ്ജിമാര്‍ക്കും ഇപ്പോള്‍ അറിയാം.

 

അലഹബാദ് ഹൈക്കോടതി പലപ്പോഴും ചരിത്രത്തില്‍ അടയാളപ്പെടുത്തിട്ടുള്ളത് അതിലെ അങ്ങേയറ്റം സ്വതന്ത്രരായ ചില ജഡ്ജിമാരുടേയും ചരിത്രപരമായ ചില വിധികളുടേയും പേരിലാണ്. ഇന്ദിരാ ഗാന്ധിയെ പ്രധാനമന്ത്രി പദത്തില്‍ നിന്ന് ഇറക്കിവിടാന്‍ കാരണമായ വിധി പുറപ്പെടുവിച്ച ജസ്റ്റിസ് ജഗ്‌മോഹന്‍ ലാല്‍ സിന്‍ഹ ആ വിധി പറഞ്ഞത് ഈ കോടതിയില്‍ നിന്നാണ്. ഇന്ദിരാ ഗാന്ധിയുമായി കൂടിക്കാഴ്ചയ്ക്ക് വിസമ്മതിച്ച അന്തരിച്ച ജസ്റ്റിസ് ബി.എന്‍ ഖഡ്ജു ഇരുന്നതും ഇതേ കോടതിയിലാണ്. ജസ്റ്റിസ് ഖഡ്ജുവിനെ ജമ്മു-കാശ്മീര്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിയമിക്കാന്‍ ഇന്ദിരാ ഗാന്ധി ആലോചിക്കുന്നുവെന്നും അവര്‍ അലഹബാദില്‍ എത്തുമ്പോള്‍ കൂടിക്കാഴ്ച നടത്തണമെന്നും ഖഡ്ജുവിന്റെ സഹപ്രവര്‍ത്തകനായ ഒരു ജഡ്ജി അദ്ദേഹത്തെ അറിയിക്കുകയായിരുന്നു. എന്നാല്‍ ജസ്റ്റിസ് ഖഡ്ജു ഇതിനോട് പ്രതികരിച്ചത്, ഇത്തരത്തിലുള്ള നിയമന കാര്യങ്ങള്‍ വരേണ്ടത് തന്റെ ചീഫ് ജസ്റ്റിസ് വഴിയാണ് എന്നാണ്. ഒപ്പം, എല്ലാ രാഷ്ട്രീയക്കാരില്‍ നിന്നും അദ്ദേഹം കൃത്യമായ അകലം പാലിക്കുകയും ചെയ്തു. മോദിയുമായി കഴിഞ്ഞ ദിവസം ചായസത്ക്കാരത്തില്‍ പങ്കെടുത്ത ജഡ്ജിമാരുടെപെരുമാറ്റവുമായി ചേര്‍ത്തുവായിക്കുമ്പോഴേ ഇതിലെ വൈരുദ്ധ്യം മനസിലാവൂ.

 

ബി.എസ്.പി എം.എല്‍.എമാരെ അയോഗ്യരാക്കുന്നതുമായി ബന്ധപ്പെട്ട കേസില്‍ ഡിവിഷന്‍ ബഞ്ചിലുള്ള തന്റെ സീനിയര്‍ ജഡ്ജിയെ കാഴ്ചക്കാരനായി ഇരുത്തി അന്തരിച്ച ജസ്റ്റിസ് എം.എ ഖാന്‍ മുലായം സിംഗ് യാദവിന് അനുകുലമായി വിധി പറഞ്ഞത് ജുഡീഷ്യല്‍ സംവിധാനത്തെ തന്നെ അമ്പരപ്പിക്കുന്നതായിരുന്നു. എന്താണ് സംഭവിക്കുന്നതെന്ന് സീനിയര്‍ ജഡ്ജിക്ക് മനസിലാകുന്നതിന് മുമ്പ് തന്നെ തന്റെ വിധി അസല്‍ വിധിയായി ജസ്റ്റിസ് ഖാന്‍ വായിക്കുകയായിരുന്നു. ഇതിന്റെ ഗുണവും അദ്ദേഹത്തിന് ലഭിച്ചു. വൈകാതെ ചീഫ് ഇന്‍ഫര്‍മേഷന്‍ കമ്മീഷണറായി അദ്ദേഹം നിയമിതനായി.

 

സമാജ്‌വാദി പാര്‍ട്ടിയില്‍ നിന്ന് ആനുകൂല്യം നേടുന്നതില്‍ യാതൊരു വൈമുഖ്യവും പ്രകടിപ്പിക്കാതിരുന്ന ഒരാളാണ് ജസ്റ്റിസ് വിഷ്ണു സഹായി. വിരമിക്കുന്നതിന് തൊട്ടുമുമ്പ് അദ്ദേഹം ബി.എസ്.പിക്ക് എതിരായി വിധി പറഞ്ഞത് ലക്‌നൗവിലെ എല്ലാ പത്രങ്ങളുടേയും മുഖ്യ തലക്കെട്ടായിരുന്നു. വിധി പറഞ്ഞതിനു തൊട്ടു പിന്നാലെ അദ്ദേഹം വിരമിച്ചെങ്കിലും അദ്ദേഹത്തെ കാത്തിരുന്നത് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ അംഗത്വമായിരുന്നു. ജസ്റ്റിസ് സഹായി വീണ്ടും വാര്‍ത്തകളില്‍ നിറഞ്ഞത് മുസഫര്‍നഗര്‍ കലാപത്തിന്റെ മുഴുവന്‍ ഉത്തരവാദിത്തവും ലോക്കല്‍ ഇന്റലീജന്റസ് യൂണിറ്റിലെ ഇന്‍സ്‌പെക്ടറുടേയും ജില്ലാ പോലീസ് മേധാവിയുടേയും മേല്‍ ചാര്‍ത്തിക്കൊണ്ടായിരുന്നു. സംസ്ഥാനത്തെ സമാജ്‌വാദി പാര്‍ട്ടി സര്‍ക്കാരിനും മുഴുവന്‍ സീനിയര്‍ ഉദ്യോഗസ്ഥര്‍ക്കും അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള കമ്മീഷന്‍ ക്ലീന്‍ ചീട്ട് നല്‍കുകയും ചെയ്തു.

 

കഴിഞ്ഞ ഞായറാഴ്ച അലഹബാദില്‍ നടന്നത് ഒരു ഒറ്റപ്പെട്ട കാര്യമായിരിക്കും എന്ന് നമുക്ക് പ്രതീക്ഷിക്കാം, അതൊരു കീഴ്‌വഴക്കമാകില്ല എന്നും. ചില ജഡ്ജിമാരുടെ ഭാഗത്തു നിന്നുണ്ടാകുന്ന ഇത്തരം നടപടികള്‍ കൊണ്ട് തളര്‍ത്തിക്കളയാവുന്നതല്ല ഇന്ത്യന്‍ ജുഡീഷ്യറിയുടെ സ്വതന്ത്ര സ്വഭാവം എന്നും നമുക്ക് കരുതാം. അത്തരം പുഴുക്കുത്തുകളെ കണ്ടെത്തുകയും ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയെ ഇത്തരം മോശം പ്രവണതകള്‍ വിഴുങ്ങാതിരിക്കാനുമുള്ള കരുതലുമാണ് ഉണ്ടാകേണ്ടത്.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍