UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പോലീസിന് ആരെയും കള്ളനാക്കാം; അല്ലെങ്കില്‍ ജോസിന്റെ ജീവിതം നോക്കൂ

Avatar

രാകേഷ് നായര്‍

കേരളത്തില്‍ ഇന്ന് നടക്കുന്ന മനുഷ്യാവകാശ ധ്വംസനങ്ങളില്‍ നമ്മുടെ പൊലീസുകാരും വലിയൊരു പങ്ക് വഹിക്കുന്നുണ്ട്. നിയമം ശിക്ഷിക്കാനുള്ള ഉപാധിമാത്രമെന്ന് ധരിച്ചുവച്ചിരിക്കുന്ന ചില കാക്കിയുടുപ്പുകാരാണ് ഇത്തരം മനുഷ്യാവകാശ ലംഘനങ്ങളുടെ സൂത്രധാരന്മാര്‍. നീതിനിര്‍വഹണം എന്ന വിശേഷണത്തിന്റെ മറപറ്റി വ്യക്തിഹത്യ നടത്തുന്ന ഇത്തരക്കാര്‍ പൊലീസ് സേനയ്ക്കും സമൂഹത്തിനും എത്രമേല്‍ ആപത്തും അപമാനവുമാണെന്ന് നാം ഇനിയും വേണ്ടവിധം തിരിച്ചറിഞ്ഞിട്ടുണ്ടോ? ഓരോ ദിവസവുമെന്നപോലെ പുറത്തുവരുന്ന വാര്‍ത്തകള്‍ നമ്മെ ഞെട്ടിക്കുന്നതാണ്. ജീവനും സ്വത്തിനും സംരക്ഷണം തരേണ്ടവര്‍ തന്നെ ജീവനൊടുക്കുന്നതിനുവരെ കാരണമാകുന്നത് ഈ സമൂഹവ്യവസ്ഥിതിയുടെ അപചയമാണ് കാണിക്കുന്നത്. ജോസഫ് ജോസ് എന്ന ചെറുപ്പക്കാരന്റെ ജീവിതമെടുത്ത് പന്താടിയൊരു പൊലീസ് കഥ കൂടി കേള്‍ക്കുക.

കണ്ണൂര്‍ തളിപ്പറമ്പ് സ്വദേശിയായ ജോസ് കെട്ടിടങ്ങളുടെ എക്‌സ്റ്റീരിയര്‍ വര്‍ക്കുകള്‍ കോണ്‍ട്രാക്റ്റ് എടുത്തു ചെയ്ത് ഉപജീവനം കഴിക്കുന്നൊരാളാണ്. ഭാര്യയും രണ്ടു ചെറിയ കുട്ടികളുമടങ്ങിയ കുടുംബം. കണ്ണൂരില്‍ വെച്ച് ഒരിക്കല്‍ ജോലിക്കിടയിലുണ്ടായ അപകടത്തില്‍ നട്ടെല്ലിന് സാരമായ ക്ഷതമേറ്റ ജോസിന് അതിന്റെ ചികിത്സാര്‍ത്ഥം ഉണ്ടായിരുന്ന വീടും പറമ്പും വില്‍ക്കേണ്ടി വന്നു. പിന്നീടാണ് എറണാകുളത്ത് കിഴക്കമ്പലം വില്ലേജിലുള്ള മലയിടംതുരുത്ത് എന്ന ഗ്രാമത്തില്‍ താമസമാക്കിയത്. വീണുപോയ ജീവിതം ജോസ് പതുക്കെ തിരിച്ചു പിടിക്കാന്‍ തുടങ്ങുകയായിരുന്നു. പക്ഷെ കഴിഞ്ഞമാസം ഫെബ്രുവരി നാലാം തീയതി വന്നൊരു ഫോണ്‍ കോളാണ് ജോസിന്റെ ജീവിതത്തെ വീണ്ടും വെല്ലുവിളിച്ചത്. ജോസഫ് ജോസ് പറയുന്നു ബാക്കി കാര്യങ്ങള്‍…

ഫെബ്രുവരി 4, അന്ന് എന്റെ ഫോണിലേക്ക് അപരിചിതമായ നമ്പറില്‍ നിന്നു വന്ന ഫോണ്‍കോള്‍ എനിക്കായി ഒരുക്കിയിരിക്കുന്നത് വലിയൊരു ആപത്തായിരുന്നുവെന്ന് അറിയില്ലായിരുന്നു. വിളിക്കുന്നത് പൊലീസുകാരാണെന്നും എന്നെ കാണണമെന്നും പറഞ്ഞു. ജോലി സംബന്ധമായി മറ്റൊരു സ്ഥലത്തായിരുന്ന ഞാന്‍ അവര്‍ പറഞ്ഞിടത്തു ചെന്നു. എന്താണെന്നോ ഏതിനാണെന്നോ ആറിയാതെ. എറണാകുളം മാര്‍ക്കറ്റ് റോഡിനടുത്തായിരുന്നു ഷാഡോ പൊലീസ് എസ് ഐ അനന്തലാലും മറ്റു അഞ്ചു പോലീസുകാരും എന്നെ കാത്തുനിന്നത്. ഞാന്‍ ചെന്നയുടനെ അവരെന്റെ വണ്ടിയുടെ കീ ഊരി കൈയിലെടുത്തു. ജോസിന് കണ്ണൂര് എത്ര കേസുകളുണ്ടെന്നായിരുന്നു പിന്നീടുള്ള ചോദ്യം. പറയത്തക്ക കേസുകളൊന്നും എന്റെ പേരില്‍ ഇല്ല, ആകെയുള്ളത് എന്റെ അളിയനും ഒരാളും തമ്മിലുണ്ടായ വഴക്കില്‍ ഇടപെട്ടതിനെ തുടര്‍ന്ന് ഒരിക്കല്‍ പൊലീസ് സ്റ്റേഷനില്‍ പോകേണ്ടി വന്നതാണ്. ആ സംഭവം നടക്കുന്നത് ഞാന്‍ കണ്ണൂരുള്ളപ്പോഴാണ്. ഒരു ദിവസം ജോലി കഴിഞ്ഞ് വീട്ടലേക്ക് തിരിച്ചുവരുമ്പോഴാണ് റോഡില്‍ ഏതോ ഒരാളും എന്റെ അളിയനുമായി കശപിശ നടക്കുന്നത് കാണുന്നത്. പെട്ടെന്നു തന്നെ ഞാനതില്‍ ഇടപെട്ട് ആ പ്രശ്‌നം ഒതുക്കി. അതു കഴിഞ്ഞാണ് അളിയനുമായി പ്രശ്‌നമുണ്ടാക്കിയയാള്‍ ഒരു പൊലീസുകാരനാണെന്ന് അറിയുന്നത്. കുറച്ചു കഴിഞ്ഞപ്പോള്‍ ഒരു പൊലീസ് ജീപ്പ് വന്ന് എന്നെ സ്റ്റേഷനിലേക്ക് കൂട്ടിക്കൊണ്ടുപോയി. അവിടെ ചെന്നപ്പോള്‍ എസ് ഐ നടന്നതിനെക്കുറിച്ചു ചോദിച്ചു. ഉള്ളകാര്യങ്ങള്‍ ഞാന്‍ പറഞ്ഞു. അവര്‍ക്ക് കാര്യങ്ങള്‍ ബോധ്യപ്പെട്ടതിനാലാകണം ഒരു പേപ്പറില്‍ എഴുതിയൊപ്പിട്ടിട്ട് പോയ്‌ക്കോളാന്‍ പറഞ്ഞു. പിന്നീട് ആ സംഭവുമായി ബന്ധപ്പെട്ട് യാതൊരു അന്വേഷണമോ ഒന്നും എനിക്കെതിരെ ഉണ്ടായതുമില്ല. ഞാന്‍ തന്നെ അങ്ങനെയൊരു സംഭവം നടന്നതുപോലും മറന്നു തുടങ്ങി. എന്നാല്‍ ഒന്നും അവസാനിച്ചിട്ടില്ലായിരുന്നുവെന്ന് എനിക്ക് മനസ്സിലായത് പതിമൂന്നു വര്‍ഷങ്ങള്‍ക്കിപ്പുറം ഇവര്‍ എന്നെ തേടി വന്നപ്പോഴായിരുന്നു.


(മാതൃഭൂമി)

അന്നത്തെ കേസില്‍ എനിക്കെതിരെ വാറണ്ട് ഉണ്ടായിരുന്നുവെന്നും ഞാനിപ്പോള്‍ പൊലീസ് തെരഞ്ഞുകൊണ്ടിരിക്കുന്ന പ്രതിയാണെന്നും എസ് ഐ അനന്ത്‌ലാല്‍ പറയുമ്പോള്‍ ഭയവും അത്ഭുതവും ഒരുമിച്ചാണ് ഉണ്ടായത്. പൊലീസുകാരനെ മര്‍ദ്ദിച്ച കേസില്‍ എനിക്കെതിരെയുള്ള കേസ് കോടതിയിലുണ്ടെന്നും കോടതി എനിക്കെതിരെ വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ടെന്നും ഞാനിപ്പോള്‍ പൊലീസിനെ വെട്ടിച്ച് മുങ്ങിനടക്കുന്ന പിടികിട്ടാ പുള്ളിയാണെന്നും അവര്‍ പറയുമ്പോഴാണ് ഞാന്‍ അറിയുന്നത്. പിറ്റേ ദിവസം എന്റെ വണ്ടിയില്‍ തന്നെ ഞാനും പൊലീസുകാരും തളിപ്പറമ്പ് കോടതിയിലേക്ക് പോയി. അന്നു തന്നെ കോടതിയില്‍ നിന്ന് ഞാന്‍ ജാമ്യമെടുക്കുകയും ചെയ്തു. അന്നത്തെ ദിവസം അവിടെയുള്ള എന്റെ സഹോദരിയുടെ വീട്ടിലാണ് തങ്ങിയത്. 

പിറ്റേദിവസം പത്രമെടുത്തു നോക്കിയപ്പോഴാണ് ഞാന്‍ തകര്‍ന്നുപോയത്. മലയാളത്തിലെ മൂന്ന് പ്രമുഖ പത്രങ്ങളായ മലയാള മനോരമ, മാതൃഭൂമി, ദേശാഭിമാനി എന്നിവയില്‍ എന്റെ ഫോട്ടോ സഹിതം വാര്‍ത്ത. പൊലീസിനെ വെട്ടിച്ച് പതിമൂന്നു വര്‍ഷങ്ങളായി പലസ്ഥലങ്ങളിലായി മുങ്ങിനടന്നിരുന്ന മോഷണക്കേസ് പ്രതി പിടിയിലായെന്നായിരുന്നു വാര്‍ത്ത. തളിപ്പറമ്പ് പൊലീസ് സ്റ്റേഷനില്‍ മോഷണം നടത്തിയ പ്രതിയായി ഞാന്‍ മാറിയിരിക്കുന്നു! കഴിഞ്ഞ പതിമൂന്നു വര്‍ഷങ്ങളായി ഞാന്‍ ഗോവയിലും മറ്റുമായി ഒളിവിലായിരുന്നുവത്രേ! ഇതുകൂടാതെ പൊലീസുകാരന്റെ ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തിയതിനും എനിക്കെതിരെ കേസുണ്ട്! മനസാവാചാ അറിയാത്ത കാര്യങ്ങളെല്ലാം എന്റെ മേല്‍ ആരോപിക്കപ്പെട്ടിരിക്കുന്നു. ഞാനൊരു കള്ളനാണെന്ന് ഇതാ പത്രങ്ങളില്‍ വന്നിരിക്കുന്നു. എന്റെ ജീവിതം, കുടുംബം എല്ലാം ഇവിടെ അവസാനിച്ചതായി എനിക്കു തോന്നി. പെട്ടെന്നു തന്നെ എന്റെ വക്കീലിനെ വിളിച്ചു. അദ്ദേഹം ഈ വിവരങ്ങള്‍ അറിഞ്ഞയുടനെ ദേശാഭിമാനിയിലേക്ക് വിളിച്ചു കാര്യങ്ങള്‍ തിരക്കി. വാര്‍ത്ത വന്നിരിക്കുന്നത് എറണാകുളത്ത് നിന്നാണെന്നും വിവരങ്ങളും പ്രതിയുടെ ഫോട്ടോയും സഹിതം പത്രങ്ങള്‍ക്ക് നല്‍കിയത് പൊലീസ് ആണെന്നും ദേശാഭിമാനിയില്‍ നിന്ന് മനസ്സിലാക്കാന്‍ സാധിച്ചു. എന്റെ വക്കീല്‍ ഉടന്‍ തന്നെ നടന്നതെല്ലാം വിവരിച്ചുകൊടുത്തു. പക്ഷെ പത്രങ്ങള്‍ക്ക് വാര്‍ത്ത തിരുത്തി കൊടുക്കണമെങ്കില്‍ ഞാന്‍ പറയുന്നത് സത്യമാണെന്നു ബോധ്യപ്പെടുത്തുന്ന തെളിവ് എന്തെങ്കിലും വേണം. അങ്ങനെയൊരു തെളിവ് എനിക്കെതിരെയുള്ള എഫ്‌ഐആര്‍ ആണ്. അതിന്റെ കോപ്പി ഹാജരാക്കാമെന്ന് പറഞ്ഞു. സ്റ്റേഷനില്‍ ചെന്ന് എഫ്‌ഐആറിന്റെ പകര്‍പ്പ് ചോദിച്ചപ്പോള്‍, അങ്ങനെയൊരു ഫയല്‍ അവിടെയില്ലെന്ന്! പത്തുപതിനാല് ദിവസം പുറകെ നടന്നു. ഒടുവില്‍ ഹൈക്കോടതിയെ സമീപിക്കുമെന്നു പറഞ്ഞപ്പോള്‍ എഫ്‌ഐആറിന്റെ കോപ്പി കിട്ടി. ഇതുമായി പത്രമോഫീസുകളില്‍ വീണ്ടും ചെന്നു. ദേശാഭിമാനി മാത്രം എന്നോട് നീതി കാട്ടി. മറ്റു രണ്ടു പത്രങ്ങളും പൊലീസിനെതിരെ എന്റെ ആരോപണം എന്ന നിലയില്‍മാത്രം ഒരു വാര്‍ത്ത നല്‍കി.


ദേശാഭിമാനി തിരുത്തി നല്കിയ വാര്‍ത്ത

ആരുടെയോ പക; അതു തകര്‍ത്തത് എന്റെ ജീവിതവും കുടുംബത്തിന്റെ മനസമാധാനവുമാണ്. പിടികിട്ടാപ്പുള്ളിയും മോഷണക്കേസ് പ്രതിയുമായ ഒരാളായി ഞാന്‍ മാറിയിരിക്കുകയാണല്ലോ. ഒരു തെറ്റും ചെയ്യാതെ കള്ളനെന്ന പേര് വീണാല്‍ അതിന്റെ മാനക്കേട് എത്രയാണെന്ന് അനുഭവിക്കുന്നവര്‍ക്കെ മനസ്സിലാകൂ. ഒരു ഗ്രാമത്തിന്റെ അന്തരീക്ഷത്തില്‍ എന്തുവാര്‍ത്തയും വളരെ വേഗം പടരും. അതുവരെ എന്നെ കണ്ടിരുന്ന കണ്ണിലൂടെയല്ല പിന്നെയാ നാട്ടുകാര്‍ എന്നെ കാണാന്‍ തുടങ്ങിയത്. ഞാനപ്പോള്‍ അവര്‍ക്കൊരു കള്ളനായി മാറി കഴിഞ്ഞല്ലോ. പത്രത്തില്‍ വാര്‍ത്ത വന്നതിനെ തുടര്‍ന്ന് പല വര്‍ക്കുകളും എനിക്ക് നഷ്ടപ്പെട്ടു. പലരും എന്നെ ജോലിക്ക് വിളിക്കാതെയായി. ഇന്റീരിയര്‍ ആന്‍ഡ് എക്‌സറ്റീരിയര്‍ വര്‍ക്കേഴ്‌സ് അസോസിയേഷന്റെ എറണാകുളം ജില്ലാ സെക്രട്ടറി കൂടിയായ എന്റെ കീഴില്‍ പത്തറുപത് തൊഴിലാളികള്‍ ജോലി നോക്കുന്നുണ്ടായിരുന്നു. ഞാന്‍ കാരണം അവരുടെ ജീവിതവും തുലാസിലായി. എന്റെ ഭാര്യ, എന്റെ കുഞ്ഞുങ്ങള്‍, അവരും ആ അപമാനത്തിന്റെ ഇരകളായി. ഒരു നിമിഷം ഞാനും ഭാര്യയും ആത്മഹത്യയെ കുറിച്ചു ചിന്തിച്ചു. പക്ഷെ, ഒരു തെറ്റും ചെയ്യാത്ത, ജീവിതമെന്ത് എന്ന് അറിഞ്ഞു തുടങ്ങിയിട്ടുപോലുമില്ലാത്ത എന്റെ കുഞ്ഞുങ്ങളെക്കുറിച്ച് ഓര്‍ത്തപ്പോള്‍, അവരെ കൊല്ലാന്‍ ഞങ്ങള്‍ക്ക് കഴിയുമായിരുന്നില്ല. എന്തുവന്നാലും നേരിടാന്‍ തന്നെ തീരുമാനിച്ചു. ഇതിനിടയില്‍ സത്യം തിരിച്ചറിഞ്ഞ ചിലരും എന്റെ ഭാഗത്ത് നില്‍ക്കാന്‍ തയ്യാറായി. കിഴക്കമ്പലം പഞ്ചായത്ത് മുന്‍ പ്രസിഡന്റ് അനില്‍ കുമാറിന്റെ നേതൃത്വത്തില്‍ കുറച്ചുപേര്‍ക്ക് എന്റെ നിരപരാധിത്വം ബോധ്യപ്പെടുകയും എനിക്ക് സംഭവിച്ച മാനഹാനിക്ക് കാരണക്കാരായവരെ കൊണ്ട് നിയമപരമായി തന്നെ ഉത്തരം പറയിപ്പിക്കണമെന്ന് തീരുമാനിക്കുകയും ചെയ്തു. അതിന്‍പ്രകാരം മനുഷ്യാവകാശ കമ്മിഷനും പൊലീസ് കംപ്ലയിന്റ് അതോറിറ്റിക്കും ആഭ്യന്തര മന്ത്രിക്കും മുഖ്യമന്ത്രിക്കുമൊക്കെ പരാതി നല്‍കിയിട്ടുണ്ട്.

ആരെയെങ്കിലും ശിക്ഷിക്കണമെന്ന് എനിക്കാഗ്രഹമില്ല. അറിഞ്ഞോ അറിയാതെയോ എന്നെ ദ്രോഹിച്ചവര്‍ക്കും ഒരു കുടുംബമുണ്ടെന്നും അവര്‍ക്കും മാനാഭിമാനങ്ങളുണ്ടെന്നും എനിക്ക് അറിയാം. ഞാനും എന്റെ കുടുംബവും കുടിച്ചതുപോലെ അവരും കണ്ണീരു കുടിച്ചാല്‍ എനിക്കുണ്ടായ അപമാനം ഇല്ലാതാകുമെന്ന് വിശ്വസിക്കുന്നുമില്ല. പക്ഷെ, ഇന്നെനിക്ക് സംഭവിച്ചത് നാളെ മറ്റൊരാള്‍ക്ക് ഉണ്ടാകരുതെന്ന പ്രാര്‍ത്ഥനയുണ്ട്. ചെയ്യാത്ത തെറ്റിന്റെ പേരില്‍ കുരിശിലേറിയ അവസാനത്തെ നിര്‍ഭാഗ്യവാന്‍ ഞാന്‍ ആകട്ടെ. എന്നെ കുരിശിലേറ്റിയവര്‍ക്ക് ചെയ്തത് തെറ്റാണെന്ന് മനസ്സിലാകാന്‍ ഒരവസരം നിയമം തന്നെ ഒരുക്കണമെന്ന ഒരു പ്രാര്‍ത്ഥന കൂടിയുണ്ട്.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍