UPDATES

ട്രെന്‍ഡിങ്ങ്

സിപിഎമ്മിനെ പ്രതിരോധത്തിലാക്കുന്ന സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മക്കള്‍

കോടിയേരിയുടെ മക്കള്‍ക്കെതിരെ ആരോപണങ്ങള്‍ ഉയരുന്നത് ഇതാദ്യമല്ല.

പാര്‍ട്ടി സ്ഥാപനത്തില്‍ തന്റെ മകന് കിട്ടിയ ജോലി രാജിവെയ്ക്കാന്‍ ഒരു മുന്‍ സംസ്ഥാന നേതാവ് തന്റെ മകനോട് ആവശ്യപ്പെട്ട കഥ കമ്മ്യൂണിസ്റ്റ് നേതാക്കളുടെ സുതാര്യമായ ജീവിത രീതിയുടെ ഉദാഹരണമായി പാര്‍ട്ടി പ്രവര്‍ത്തകര്‍ അഭിമാനത്തോടെ പറയാറുണ്ട്. തന്റെ സ്വാധീനം ഉപയോഗിച്ചാണ് ജോലി കിട്ടിയതെന്ന തോന്നല്‍ ജനങ്ങളിലും പാര്‍ട്ടി സഖാക്കളിലും ഉണ്ടാകാന്‍ പാടില്ല എന്നതായിരുന്നുവത്രെ ജോലി രാജിവെയ്ക്കാന്‍ നിര്‍ദ്ദേശിക്കാന്‍ കാരണം. അത്രയൊന്നും പഴക്കമില്ലാത്ത ആ സംഭവകഥയ്ക്ക് ശേഷമാണ് ഇന്നത്തെ സംസ്ഥാന സെക്രട്ടറി തന്റെ മക്കളുടെ പ്രവര്‍ത്തനങ്ങളാല്‍ നിരന്തരം ആരോപണം നേരിടുന്നത്. ആരോപണങ്ങളും ഉയര്‍ന്നുവരുമ്പോഴെല്ലാം, മക്കളെ ന്യായീകരിക്കാന്‍ സ്വന്തം നിലയില്‍ തയ്യാറാകുന്നതിന് പുറമെ പാര്‍ട്ടി നേതാക്കളെയും അണിനിരത്തേണ്ടിവരുന്ന അവസ്ഥയിലാണ് സിപിഎമ്മിന്റെ ഇപ്പോഴത്തെ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.

ഇപ്പോള്‍ ബിനോയ് കോടിയേരിക്കെതിരെ ഉയര്‍ന്നുവന്നിട്ടുള്ള ബലാല്‍സംഗ കേസിന്റെ നിജസ്ഥിതി എന്താണെന്നത് അന്വേഷണത്തിലൂടെ ബോധ്യപെടേണ്ടതാണെങ്കിലും സിപിഎമ്മിനെയും കോടിയേരി ബാലകൃഷ്ണനെയും പുതിയ ആരോപണം വല്ലാതെ പ്രതിരോധത്തിലാക്കുമെന്ന കാര്യം ഉറപ്പാണ്. ഇതാദ്യമല്ല, സിപിഎമ്മിന്റെ പൊളിറ്റ്ബ്യൂറോ അംഗം കൂടിയായ കോടിയേരി ബാലകൃഷ്ണന്റെ മക്കള്‍ ആരോപണ വിധേയരാകുന്നത്.

ഒമ്പത് വര്‍ഷക്കാലം വിവാഹ വാഗ്ദാനം ചെയ്ത് പിഡിപ്പിച്ചുവെന്ന് ആരോപണമാണ് ബിഹാര്‍ സ്വദേശിനി ഉന്നയിക്കുന്നത്. മുംബൈയില്‍ ബാര്‍ ഡാന്‍സറായിരുന്ന തനിക്ക് ബിനോയ് ബാലകൃഷ്ണന്‍ വിവാഹിതനായിരുന്നുവെന്ന് അറിയില്ലെന്നാണ് യുവതി പറയുന്നത്. ഈ മാസം 13 നാണ് പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്തത്. യുവതിയെ അറിയാമെന്ന് സമ്മതിച്ച ബിനോയ് ബാലകൃഷ്ണന്‍, എന്നാല്‍ ആരോപണങ്ങള്‍ നിഷേധിക്കുകയാണ്. ഭീഷണിപ്പെടുത്താനാണ് ഈ ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്നാണ് ബിനോയ് പറയുന്നത്. പണം തട്ടുകയെന്നതാണ് ആരോപണത്തിന്റെ പിന്നിലുള്ള ലക്ഷ്യമെന്നും ഇദ്ദേഹം മറുആരോപണം ഉന്നയിക്കുന്നു. ഇതിനെ നിയമപരമായി നേരിടുമെന്നാണ് അദ്ദേഹം പറയുന്നത്. ദുബായില്‍ ജോലി നോക്കുന്ന ബിനോയ് ഇതാദ്യമല്ല വിവാദത്തില്‍ പെടുന്നത്.

കഴിഞ്ഞവര്‍ഷമാണ് ദുബായിയില്‍ പണം തട്ടിപ്പ് നടത്തിയെന്ന ആരോപണം ബിനോയ്‌ക്കെതിരെ ഉയര്‍ന്നത്. ദുബായിയിലെ വ്യവസായിയാണ് കോടി കണക്കിന് രൂപയുടെ തട്ടിപ്പ് നടത്തി കടന്നു കളഞ്ഞെതെന്ന് ആരോപണവുമായി രംഗത്തെത്തിയത്. പണം തിരിച്ചുകിട്ടാനുള്ള ശ്രമങ്ങള്‍ വിജയിക്കാതെയായപ്പോള്‍ വ്യവസായി സിപിഎം പൊളിറ്റ് ബ്യൂറോയ്ക്ക് ഇത് സംബന്ധിച്ച പരാതി നല്‍കുകയായിരുന്നു. ദുബായ് പോലീസില്‍ നല്‍കിയ പരാതിയില്‍ ബിനോയുടെ പാസ്‌പോര്‍ട്ട് പിടിച്ചുവെയ്ക്കുകയും ദുബായില്‍നിന്ന് പുറത്തുപോകുന്നതിന് യാത്രാവിലക്ക് ഏര്‍പ്പെടത്തുകയും ചെയ്തിരുന്നു. പത്തുലക്ഷം ദിര്‍ഹം നല്‍കുന്നതില്‍ പരാജയപ്പെട്ടുവെന്നായിരുന്നു കേസ്.

ദുബൈയില്‍ ടൂറിസം മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ജാസ് ടൂറിസം എല്‍എല്‍സി എന്ന കമ്പനിയാണ് ബിനോയിക്കെതിരെ പരാതി നല്‍കിയത്. ബിനോയ് കമ്പനിയ്ക്ക് നല്‍കിയ ചെക്കുകള്‍ മടങ്ങുകയും ദുബൈയില്‍ നിന്നും മുങ്ങുകയും ചെയ്തപ്പോള്‍ ഇന്റര്‍പോളിന്റെ സാഹയം തേടിയിരുന്നു. പിന്നീട് ദിവസങ്ങള്‍ക്കുള്ളില്‍ കേസ് ഒത്തുതീര്‍പ്പാക്കുകയായിരുന്നു. കേസ് ഒത്തുതീര്‍പ്പാക്കിയതിന് പിന്നില്‍ രാഷ്ട്രീയ ഇടപെടലുകള്‍ ഉണ്ടായിരുന്നുവെന്ന് അന്ന് ആരോപണമുണ്ടായിരുന്നു. സിപിഎമ്മിന്റെ ദേശീയ നേതൃത്വത്തിന് കിട്ടിയ പരാതി പുറത്തായതിന് പിന്നില്‍ പാര്‍ട്ടിയിലെ തന്നെ ഒരു വിഭാഗം തന്നെയായിരുന്നുവെന്നും അന്ന് ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു.

സിനിമാതാരം കൂടിയായ ബിനീഷ് കോടിയേരിയുടെ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ചും നിരവധി ആരോപണങ്ങള്‍ കാലകാലങ്ങളില്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ ഇതെല്ലാം പാര്‍ട്ടി സെക്രട്ടറിയെ അപകീര്‍ത്തിപെടുത്താന്‍ ബോധപൂര്‍വം രാഷട്രീയ എതിരാളികള്‍ ഉന്നയിക്കുന്ന ആരോപണങ്ങളാണെന്നാണ് സിപിഎം നേതൃത്വവും പ്രതികരിച്ചത്. കോടിയേരി ബാലകൃഷ്ണന്‍ ആഭ്യന്തര മന്ത്രിയായിരിക്കെ മകന്‍ ബിനിഷ് കോടിയേരി അനധികൃതമായി പാസ്‌പോര്‍ട്ട് കൈപറ്റിയെന്ന ആരോപണം ഉണ്ടായി. കഴിഞ്ഞ യുഡിഎഫ് ഭരണകാലത്ത് ആഭ്യന്തര മന്ത്രിയായിരുന്ന തിരുവഞ്ചൂര്‍ രാധാകൃഷ്ണനാണ് ഈ ആരോപണം ഉന്നയിച്ചത്. ബിനീഷിനെതിരായ നിരവധി ക്രിമിനല്‍ കേസുകള്‍ കോടിയേരി ബാലകൃഷ്ണന്‍ ആഭ്യന്തര മന്ത്രിയായപ്പോള്‍ പിന്‍വലിക്കപ്പെട്ടുവെന്നും അദ്ദേഹം ആരോപിച്ചിരുന്നു.

മലയാളികളായ വന്‍ വ്യവസായികളുടെ ഗള്‍ഫിലെ സ്ഥാപനങ്ങളിലും സിപിഎമ്മിന്റെ ഉന്നത നേതാക്കളുടെ മക്കള്‍ ഉന്നത തസ്ഥികയില്‍ ജോലിക്ക് നിയോഗിക്കപ്പെട്ടത് സംബന്ധിച്ചും നേരത്തെ ആരോപണങ്ങളുണ്ടായിരുന്നു. വ്യവസായികളുമായുള്ള സിപിഎം സംസ്ഥാന നേതാക്കളുടെ വഴി വിട്ട ബന്ധമാണ് ഇതിലൂടെ പുറത്തുവരുന്നതെന്ന ആരോപണമാണ് രാഷ്ട്രീയ എതിരാളികള്‍ ഉന്നയിച്ചത്. രവിപിള്ളയുടെ ആര്‍ പി ഗ്രൂപ്പിന്റെ വൈസ് ചെയര്‍മാനായിരുന്നു ബിനീഷ്.

സിപിഎം നടത്തിയ ജനജാഗ്രതയാത്രയ്ക്കിടെ സ്വര്‍ണ കടത്ത് കേസിലെ പ്രതിയുടെ കാറില്‍ കോടിയേരി ബാലകൃഷ്ണന്‍ സഞ്ചരിച്ചതും വിവാദമായിരുന്നു. ജാഗ്രതകുറവുണ്ടായി എന്ന് ഏറ്റുപറഞ്ഞാണ് പാര്‍ട്ടി വിമര്‍ശനത്തെ പ്രതിരോധിച്ചത്.

കമ്മ്യൂണിസ്റ്റ് ജീവിതരീതിയെക്കുറിച്ച് പാര്‍ട്ടി സമ്മേളനങ്ങളിലും പ്രത്യേക പ്ലീനങ്ങളിലും മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കാറുണ്ട്. ഇതൊക്കെ നിലനില്‍ക്കെയാണ് പാര്‍ട്ടി സെക്രട്ടറിയുടെ മക്കള്‍ക്കെതിരെ നിരന്തരം ആരോപണങ്ങള്‍ ഉയരുന്നത്. ബംഗാളില്‍ എസ്എഫ് ഐ നേതാവും എം പിയുമായ ഋതബൃത ബാനര്‍ജിയെ സിപിഎം പുറത്താക്കിയത് അദ്ദേഹത്തിന്റെ ജീവിത രീതി പാര്‍ട്ടി നയങ്ങള്‍ക്ക് നിരക്കുന്നതല്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു.

Read More: സര്‍ജറി നടത്തുന്ന നാലാം ക്ലാസുകാരന്‍, ബംഗാളി ഡോക്ടര്‍, 200 രൂപയുടെ കോട്ടയ്ക്കല്‍ ലേഹ്യത്തിന് 2500 രൂപ; ഓപ്പറേഷന്‍ ക്വാക്കില്‍ കണ്ടെത്തിയത് ഞെട്ടിക്കുന്ന കാര്യങ്ങള്‍

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍