UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ജനറല്‍ വി കെ സിങ്; വിവാദങ്ങളുടെ ഉറ്റതോഴന്‍

Avatar

അഴിമുഖം പ്രതിനിധി

തന്റെ ഉദ്യോഗക്കയറ്റം തടഞ്ഞെന്ന് സേന മേധാവി ദല്‍ബീര്‍ സിങ്ങിന്റെ ആരോപണത്തോടെ മറ്റൊരു വിവാദത്തില്‍ ചെന്നു പതിച്ചിരിക്കുകയാണ് വിദേശകാര്യ സഹമന്ത്രി ജനറല്‍ വി കെ സിങ്. താന്‍ സേന മേധാവിയാകുന്നത് തടയാന്‍ ഇപ്പോള്‍ വിദേശകാര്യ മന്ത്രിയും മുന്‍ സൈനിക മേധാവിയുമായിരുന്ന ജനറല്‍ വി കെ സിങ് ശ്രമിച്ചെന്നാണ് നിലവിലെ സൈനിക മേധാവി (Chief of Army Staff) ദല്‍ബീര്‍ സിങ് സുപ്രീം കോടതിയില്‍ സത്യവാങ്മൂലം നല്കിയിരിക്കുന്നത്. ഇതാദ്യമായാണ് ഒരു സൈനിക മേധാവി തന്റെ മുന്‍ഗാമിക്കും ഒരു കേന്ദ്രമന്ത്രിക്കുമെതിരെ ഇത്തരം പരാതി ഉന്നയിക്കുന്നത്.

ദല്‍ബീര്‍ സിങ്ങിന്റെ നിയമനം പക്ഷപാത സമീപനം മൂലമാണെന്നും തന്നെ മറികടന്നാണെന്നും കാണിച്ച് വിരമിച്ച ലെഫ്.ജനറല്‍ രവി ദസ്ഥാനെ നല്കിയ ഹര്‍ജി കേള്‍ക്കുന്ന സുപ്രീം കോടതി ബഞ്ച് മുമ്പാകെയാണ് സത്യവാങ്മൂലം നല്കിയത്. 

2012-ല്‍ അന്നത്തെ സേന മേധാവി വി കെ സിങ് ദല്‍ബീറിന് അച്ചടക്ക, അന്വേഷണ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നതായി ദസ്താനെയുടെ പരാതിയില്‍ പറയുന്നു. എന്നാല്‍ ഈ ശിക്ഷ റദ്ദാക്കിയ അടുത്ത സൈനിക മേധാവി ബിക്രം സിങ് 2014-ല്‍ ഇയാളെ സൈനിക കമാണ്ടറുടെ പദവിയിലേക്ക് സ്ഥാനക്കയറ്റം നല്കി. എന്നാല്‍ ഈ വിലക്ക് അന്യായവും ദുരുദ്ദേശപരവും ആണെന്ന് ദല്‍ബീര്‍ സിങ് സത്യവാങ്മൂലത്തില്‍ പറഞ്ഞു. ബാഹ്യമായ കാര്യങ്ങള്‍ കൊണ്ടാണ് തന്നെ ശിക്ഷിച്ചതെന്നും അതില്‍ പറയുന്നുണ്ട്. നിയമവിരുദ്ധമായ ഒരു വിലക്ക് തന്റെ സ്ഥാനക്കയറ്റത്തിനെ ചോദ്യം ചെയ്യാന്‍ ദസ്താനയ്ക്ക് ഉപയോഗിക്കാനാവില്ല.

സത്യവാങ്മൂലത്തില്‍ വി കെ സിങ്ങിനെതിരെ ദല്‍ബീര്‍ സിങ് ആഞ്ഞടിക്കുന്നു;“അന്വേഷണ കോടതി അന്തിമമായി തീരുമാനിച്ചതിന്നും ഒരു മാസത്തിനും ശേഷം എനിക്കെതിരെ നടപടിയെടുത്തത് അന്നത്തെ COAS ആസൂത്രണം ചെയ്തു നടപ്പാക്കിയ പക്ഷപാതപരവും ദുരുദ്ദേശപരവും ഏകപക്ഷീയവുമായ നടപടിയായിരുന്നു.”

അസമില്‍  നടന്ന ഒരു സൈനിക ദൌത്യത്തില്‍ തന്റെ ഉത്തരവാദിത്തങ്ങള്‍ കയ്യൊഴിഞ്ഞു എന്നാരോപിച്ചാണ് ദിമാപ്പൂരിലെ 3 കോര്‍പ്സ് കമാണ്ടറായിരുന്ന ദല്‍ബീറിനെതിരെ വി കെ സിങ് അച്ചടക്ക നടപടി എടുത്തത്. അല്ലാത്തപക്ഷം 2014-ല്‍ സേനാ മേധാവിയായി ചുമതലയേറ്റെടുക്കേണ്ടിയിരുന്നു ദല്‍ബീര്‍ സിങ്. ജോര്‍ഹാട് ദൌത്യത്തെക്കുറിച്ച് പരാമര്‍ശിക്കവേ താനന്നു വാര്‍ഷിക അവധിയിലായിരുന്നു എന്നും 2011 ഡിസംബര്‍ 26-നാണ് തിരികെ ജോലിയില്‍ പ്രവേശിച്ചതെന്നും ദല്‍ബീര്‍ പറയുന്നു. 2012 മെയ് 31-നു വി കെ സിങ് വിരമിച്ചതോടെ സേനാ മേധാവിയായ ജനറല്‍ ബിക്രം സിങ് ദല്‍ബീറിന്റെ വിലക്ക് നീക്കുകയും കിഴക്കന്‍ കമാണ്ട് GOC-യായി 2012 ജൂണ്‍ 15 മുതല്‍ക്കുള്ള നിയമനം ശരിവെക്കുകയും ചെയ്തു.

വി കെ സിങ് ചില സൈനികോദ്യഗസ്ഥര്‍ക്കെതിരെ നടപടിക്ക് ശുപാര്‍ശ ചെയ്തിരുന്നെങ്കിലും ദല്‍ബീര്‍ സിങ്ങിന്റെ പേര് അതിലുണ്ടായിരുന്നില്ല എന്ന് ബിക്രം സിങ്ങിന്റെ ഉത്തരവില്‍ ചൂണ്ടിക്കാട്ടുന്നു. “എന്നിട്ടും എന്തടിസ്ഥാനത്തിലാണ് അദ്ദേഹം തന്റെ തീരുമാനം 18-05-2012-നു മാറ്റിയതെന്ന് ഒട്ടും വ്യക്തമല്ല.” പ്രതിരോധ മന്ത്രാലയം നല്കിയ മറുപടി സൂചിപ്പിച്ചുകൊണ്ട്,“ഇന്ത്യന്‍ സര്‍ക്കാരും പ്രതിരോധ മന്ത്രാലയവും അടക്കമുള്ളവര്‍ക്ക് എന്നോടു കാണിച്ച അനീതിയും എന്റെ അഭിമാനവും സൈനിക കീര്‍ത്തിയും സത്യസന്ധതയും ബോധ്യപ്പെട്ടു എന്ന് വ്യക്തമാണ്,” എന്ന് ദല്‍ബീറിന്റെ സത്യവാങ്മൂലം പറയുന്നു.

സേനാമേധാവി എന്ന നിലയില്‍ വി കെ സിങ്ങിന്റെ സേവനകാലം വിവാദത്തിലാകുന്നത് ഇതാദ്യമല്ല. 2012ല്‍ ആദ്യം തന്റെ ജനന തിയതിയില്‍ മാറ്റം വരുത്തി സേനാമേധാവിയായി കൂടുതല്‍ കാലം തുടരാന്‍ സിങ് സുപ്രീം കോടതിയില്‍ ഹര്‍ജി നല്കിയിരുന്നു. എന്നാല്‍ 1950 മെയ് 10 എന്ന തന്റെ ജനന തീയതി അംഗീകരിക്കുന്നു എന്ന് സിങ് സര്‍ക്കാരിന് ഉറപ്പുനല്‍കിയത് കോടതി ചൂണ്ടിക്കാണിച്ചു. സിങ്ങിന്റെ ശ്രമം പൊളിഞ്ഞു. തുടര്‍ന്നിങ്ങോട്ട് ബി ജെ പി എം പിയും മന്ത്രിയുമായ സിങ് മാധ്യപ്രവര്‍ത്തകരെ ‘presstitutes’ എന്ന് വിളിച്ചതടക്കം നിരവധി വിവാദങ്ങളില്‍ നിറഞ്ഞുനിന്നു.

വി കെ സിങ്ങിന്റെ ഭാര്യയുടെ പരാതി
അതിനിടെ സിങ്ങിന്റെ ഭാര്യ ഭാരതി സിങ്, തന്റെ ഭര്‍ത്താവിന്റെ ചില ശബ്ദരേഖകളും ദൃശ്യങ്ങളും കൈവശമുണ്ടെന്ന് പറഞ്ഞ് പ്രദീപ് ചൌഹാന്‍ എന്നൊരാള്‍ തന്നെ ഭീഷണിപ്പെടുത്തി രണ്ടുകോടി രൂപ തട്ടിയെടുക്കാന്‍ ശ്രമിക്കുന്നു എന്ന് ഡല്‍ഹിയിലെ തുഗ്ലക്ക് റോഡ് പോലീസ് സ്റ്റേഷനില്‍ ആഗസ്ത് 12-നു പരാതി നല്കി. പണം തന്നില്ലെങ്കില്‍ ഇവ പരസ്യമാക്കുമെന്ന് ഇയാള്‍ ഭീഷണിപ്പെടുത്തിയതായി പരാതിയില്‍ പറയുന്നു. ഇവയിലെ ഉള്ളടക്കം തനിക്കറിയില്ലെന്നും ഭാരതി സിങ് പറയുന്നു. “കഴിഞ്ഞ തവണ  ആഗസ്ത് 6-നു അര്‍ദ്ധരാത്രിയോടെ ഇയാള്‍ പല തവണ എന്നെ വിളിച്ച് ഭീഷണിപ്പെടുത്തി. തോക്ക് കൈവശം വെച്ചുനടക്കുന്ന അപകടകാരിയായ ഒരാളാണ് ഇയാള്‍,” പരാതിയില്‍ പറയുന്നു.

ബുധനാഴ്ച്ച രാത്രി ചൌഹാന്‍റെ രണ്ടു മിനിട്ടുള്ള ഒരു ദൃശ്യം അയാളുടെ ഭീഷണിപ്പെടുത്തലിന് തെളിവായി സിങ്ങിന്റെ അഭിഭാഷകര്‍ പോലീസിന് കൈമാറി. സിങ് ഇയാളെ ഒരിക്കലും കണ്ടിട്ടില്ലെന്നും ഭാരതി സിങ് ഇയാളെ ഒരുതവണ മാത്രമേ കണ്ടിട്ടുള്ളൂവെന്നും അവര്‍ അവകാശപ്പെട്ടു.

ഇപ്പോള്‍ യുട്യൂബില്‍ നിന്നും നീക്കം ചെയ്ത ആ ദൃശ്യത്തില്‍ ജനറല്‍ വി കെ സിങ്ങും കുടുംബവും തന്നെ ഭീഷണിപ്പെടുത്തുന്നു എന്നാണ് ചൌഹാന്‍ പറയുന്നത്. “എന്റെ പക്കല്‍ വി കെ സിങ്ങിനെതിരെ ചില ദൃശ്യങ്ങളും ശബ്ദരേഖയുമുണ്ട് എന്നാണ് കാരണം. അതുകൊണ്ടാണ് ഞാനീ ദൃശ്യം പങ്കുവെക്കുന്നത്. എനിക്കെന്തെങ്കിലും സംഭവിച്ചാല്‍ ഇവരായിരിക്കും അതിന്നുത്തരവാദികള്‍.”

തന്റെ പരാതി ഗൌരവമായി എടുത്തില്ലെന്ന് പറഞ്ഞ് AAP നേതാവ് സഞ്ജയ് സിങ്ങിനെയും ചൌഹാന്‍ കുറ്റപ്പെടുത്തുന്നു. ഒടുവില്‍ രാഹുല്‍ ഗാന്ധിയോടാണ് ചൌഹാന്‍ സഹായം അഭ്യര്‍ത്ഥിക്കുന്നത്,“എന്നെ വിളിക്കൂ, സഹായിക്കൂ. ഞാനിത് (ദൃശ്യ,ശബ്ദ രേഖകള്‍)രാഹുല്‍ ഗാന്ധിജിക്കല്ലാതെ ആര്‍ക്കും നല്‍കില്ല.”

അന്വേഷണം ആരംഭിച്ചതായി ഡല്‍ഹി പോലീസ് പറഞ്ഞു. ചൌഹാനെ ഇതിനകം പൊലീസ് മൂന്നുതവണ ചോദ്യം ചെയ്തു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍