UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഒരു കൊടും ഹാക്കറെ കുടുക്കിയ കഥ; സൈബര്‍ കൊള്ളയിലൂടെ മോഷ്ടിക്കപ്പെട്ടത് 300 ദശലക്ഷം ഡോളര്‍

Avatar

എലെന്‍ നകാഷിമാ 
(വാഷിംഗ്ടണ്‍ പോസ്റ്റ്)

ജൂണ്‍ 28, 2012, ഉച്ചതിരിഞ്ഞ സമയം. അമേരിക്ക തേടുന്ന സൈബര്‍ കുറ്റവാളികളുടെ പട്ടികയില്‍ മുമ്പന്‍ വ്ലാഡിമര്‍ ഡ്രിങ്ക്മാനും ഭാര്യയും ആംസ്റ്റര്‍ഡാമിലെ ഒരു ഹോട്ടലില്‍ നിന്നും തിരക്കിട്ട് ഒരു കാറില്‍ കയറി. പൊലീസ് തങ്ങളെ തേടിയെത്തുന്നുണ്ടെന്ന് അവര്‍ക്കപ്പോള്‍ ഒരു രഹസ്യവിവരം ലഭിച്ചതെ ഉണ്ടായിരുന്നുള്ളൂ. പക്ഷേ പൊലീസിന്റെ ഒരു കാര്‍ അവരുടെ വഴി തടഞ്ഞു. റഷ്യക്കാരനെ പിടികൂടി കൈവിലങ്ങുവെച്ചു. യു എസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ കംപ്യൂട്ടര്‍വിവരം ചോര്‍ത്തല്‍ പദ്ധതിയുടെ സൂത്രധാരന്‍ എന്നതായിരുന്നു കുറ്റം.

നീണ്ടന്നേരത്തെ വാദപ്രതിവാദങ്ങള്‍ക്കൊടുവില്‍ ഡ്രിങ്ക്മാനെ യു എസിന് കൈമാറാന്‍ ഡച്ച് കോടതി അനുവദിച്ചു.

ചില്ലറ ചോര്‍ത്തലൊന്നുമല്ല 34കാരനായ ഡ്രിങ്ക്മാന്റെ മേല്‍ ആരോപിക്കപ്പെട്ടിട്ടുള്ളത്: ഓഹരി വിപണി നസ്ഡാക്‌ലെ വിവരങ്ങള്‍ള്‍,Heartland Payment Systems-ലെ 130 ദശലക്ഷം ക്രെഡിറ്റ് കാര്‍ഡ് നമ്പറുകള്‍, 7 ഇലവെന്‍, ഹാന്‍ഫോദ് ബ്രദേര്‍സ് സൂപ്പര്‍ മാര്‍ക്കറ്റ് ശൃഖല, വിസ, ഡൌ ജോണ്‍സ്, ജെറ്റ് ബ്ലു തുടങ്ങിവയില്‍ നടത്തിയ സൈബര്‍ കൊള്ള, ഇങ്ങനെ പോകുന്നു കുറ്റങ്ങള്‍.

കുറ്റക്കാരനെന്ന് വിധിച്ചാല്‍ 30 വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാം. 300 ദശലക്ഷത്തിലേറെ ഡോളറിന്റെ നഷ്ടവും വ്യക്തിവിവരങ്ങളുടെ മോഷണവും വരുത്തിയ ഒരു വലിയ കൂട്ടത്തിന്റെ ഭാഗമാണ് ഇയാളെന്ന് പ്രോസിക്യൂഷന്‍ ആരോപിക്കുന്നു.

സൈബര്‍ കുറ്റകൃത്യലോകത്തെ വലിയൊരു വിചാരണയാണ് ഇത്. ഇത്തരം വിവരം ചോര്‍ത്തലുകാര്‍ വിദഗ്ദ്ധമായി മറഞ്ഞിരിക്കുന്നതുകൊണ്ടും, പലരും കുറ്റവാളി കൈമാറ്റം സാധ്യമല്ലാത്ത മുന്‍ സോവിയറ്റ് റിപ്പബ്ലിക്കുകളിലായതുമാണ് കാരണം.

എന്നാല്‍ ഡ്രിങ്ക്മാനെതിരെ തെളിവൊന്നുമില്ലെന്നും, റഷ്യയാണ് ഇത്തരം ചോര്‍ത്തലുകളുടെ കേന്ദ്രമെന്നും വരുത്താനുള്ള ഒരു പ്രോസിക്യൂഷന്‍ തന്ത്രമാണ് ഇതെന്നാണ് ഡ്രിങ്ക്മാന്റെ അഭിഭാഷകന്റെ വാദം. എന്നാല്‍ യഥാര്‍ത്ഥ കുറ്റവാളിയെത്തന്നെയാണ് പിടികൂടിയതെന്ന് യു എസ് അധികൃതര്‍ ഉറപ്പിച്ച് പറയുന്നു.

അനെക്സും ഗ്രിഗും സ്മിയും 
ആംസ്റ്റര്‍ഡാമിലെ ആ ഹോട്ടലിലേക്ക് വര്‍ഷങ്ങളുടെ ദൂരമുണ്ടായിരുന്നു. 

ഡ്രിങ്ക്മാന്‍ നെതര്‍ലാന്‍ഡ്‌സില്‍ ഉണ്ടെന്ന് രഹസ്യാന്വേഷണ സംഘത്തിന് അറിയില്ലായിരുന്നു. അയാളുടെ കൂട്ടാളിയായ ദിമിത്രി സിമിലാനെറ്റ്‌സ്,31, അയിരുന്നു അവരുടെ ലക്ഷ്യം. 

മോഷ്ടിച്ച ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങള്‍ വില്‍ക്കുന്ന Dumps Marketഎന്നൊരു സംവിധാനം 2004ല്‍ അന്വേഷണ ഏജന്‍സി പൂട്ടിച്ചിരുന്നു. ഇതില്‍നിന്നും കിട്ടിയ വിവരങ്ങള്‍വെച്ചാണ് അന്വേഷണം തുടര്‍ന്നത്. 

ഇതില്‍ സ്‌കോര്‍പ്പോ എന്ന വിളിപ്പേരുള്ള ഒരു വിവരമോഷ്ടാവിനെ അവര്‍ ശ്രദ്ധിച്ചു. അതായിരുന്നു ഡ്രിങ്ക്മാനിലേക്ക് നയിച്ചത്. എന്നാല്‍ 2004ല്‍ത്തന്നെ സ്‌കോര്‍പ്പോ അപ്രത്യക്ഷനായി, അതോടെ ഡ്രിങ്ക്മാനും. 

അതിനിടെ 2003ല്‍ ഒരു എടിഎം തട്ടിപ്പ് കേസില്‍ പിടികൂടിയ ആല്‍ബര്‍ട് ഗോന്‍സാലസ് അന്വേഷകരുമായി ഇക്കാര്യത്തില്‍ സഹകരിച്ചു. അയാളുമായി ഇന്റര്‍നെറ്റ് വഴി ബന്ധപ്പെട്ടിരുന്ന രണ്ടുപേരായിരുന്നു ആ വഴി മുന്നോട്ട് പോയപ്പോള്‍ സ്മി എന്ന മറ്റൊരാളിലെത്തി. 

കൂട്ടത്തില്‍ അനക്‌സായിരുന്നു ഏറ്റവും രഹസ്യസ്വഭാവം സൂക്ഷിച്ചത്. മോസ്‌കോവില്‍ കഴിഞ്ഞിരുന്ന സിമിലാനെറ്റ്‌സ് അഥവാ സ്മി കുറച്ചുകൂടി പരസ്യജീവിതം ഉള്ളയാളായിരുന്നു. മോസ്‌കോ 5 എന്ന പേരില്‍ ഒരു ഓണ്‍ലൈന്‍ കളികളുടെ സംഘം വിജയകരമായി നടത്തിവന്നു. ഫെയ്‌സ്ബുക്കിലും, അതിന്റെ റഷ്യന്‍ രൂപം വികെയിലും അയാള്‍ക്ക് അകൗണ്ടും ഉണ്ട്.

ഗോന്‍സാലെസും കൂട്ടാളികളായ ഗ്രിഗ്,അനേക്‌സ്, സ്മി എന്നിവരും ചേര്‍ന്നാണ് മിക്ക വന്‍ ചോര്‍ത്തലുകളും നടത്തിയത്. കൂട്ടത്തിലെ എല്ലാവര്‍ക്കും നിശ്ചിത പണികളുണ്ടായിരുന്നു കമ്പ്യൂട്ടര്‍ സംവിധാനത്തില്‍ കടന്നുകയറല്‍, വിവരങ്ങള്‍ മോഷ്ടിക്കല്‍, വില്‍പ്പന അങ്ങനെ. ഗ്രിഗാണ് സംവിധാനം പൊളിച്ച് അകത്തു കയറുക. അത് കഴിഞ്ഞാല്‍ ശൃംഖലയിലേക്ക് അനക്‌സ് കൂടുതല്‍ പരതും, തിരയും, ചോര്‍ത്തൂം. വില്‍പ്പന സിമിലാനെറ്റ്‌സ്. 

ഗോന്‍സാലെസിനെ പിടിച്ചതോടെ അനക്‌സിനെയും ഗ്രിഗിനെയും പിടികൂടാന്‍ വഴിതെളിഞ്ഞു. സിമിലാനെട്‌സാണ് അവരിലേക്കുള്ള അടുത്ത വഴി. 

അവര്‍ ക്ഷമയോടെ കാത്തിരുന്നു. 

ആംസ്റ്റര്‍ഡാമിലെ ഒരു അവധിക്കാലം.

2012 ജൂണ്‍ അവസാനം; ആ അവസരം വന്നു. ആംസ്റ്റര്‍ഡാമില്‍ പുഞ്ചിരിച്ചുനില്‍ക്കുന്ന തന്റെ ചിത്രം സിമിലാനെറ്റ്‌സ് ഇന്റെര്‍നെറ്റില്‍ ഇട്ടുവെച്ചു. പിന്നെ മറ്റ് ചില ആംസ്റ്റര്‍ഡാം ചിത്രങ്ങളും. 

നൂറുകണക്കിനു വരുന്ന പ്രദേശത്തെ ഹോട്ടലുകളിലെല്ലാം അന്വേഷകര്‍ വലവിരിച്ചു. തെരച്ചില്‍ അമ്പത് ഹോട്ടലുകളിലേക്കെത്തി. ഒടുവില്‍ ജൂണ്‍ 26നു ആറാമത്തെ ഹോട്ടലിലെ ഫോണ്‍ മണിയടിച്ചു. ‘സിമിലാനെറ്റ്‌സ് ഉണ്ടോ?’ ‘ഉണ്ടല്ലോ, പക്ഷേ ഈ അര്‍ദ്ധരാത്രിക്ക് ഉണര്‍ത്തണോ?’ഹോട്ടല്‍ ജോലിക്കാരന്‍ ചോദിച്ചു. ‘വേണ്ട, ഉറങ്ങിക്കോട്ടെ’ അന്വേഷകര്‍ മറുപടി നല്കി. 

അമേരിക്കക്കാര്‍ ഡച്ച് രഹസ്യ പോലീസിനെ വിവരമറിയിച്ചു. പിറ്റെന്നു രാവിലെ മനോര്‍ ഹോട്ടലില്‍ പോലീസെത്തി. ‘ഉണ്ട്, സിമിലാനെറ്റ്‌സും ഭാര്യയും ഇവിടെയുണ്ട്. പിന്നെ വേറൊരു കാര്യം അയാള്‍ രണ്ടു മുറികള്‍ വാടകക്കെടുത്തിട്ടുണ്ട്.’

‘ മറ്റെ മുറിയിലെ അതിഥി?’

‘ഒരു വ്‌ലാഡിമിര്‍ ഡ്രിങ്ക്മാന്‍’

വലിയ മീനാണ് വലയില്‍ കുടുങ്ങിയിരിക്കുന്നതെന്ന് യു എസ് അന്വേഷകര്‍ക്ക് മനസിലായി. 

ഡ്രിങ്ക്മാനാണ് സ്‌കോര്‍പ്പോ എന്നും അവര്‍ക്കറിയാമായിരുന്നു. പഴയ രേഖകള്‍ അതിവേഗം തപ്പി. 

DumpasMarket പേജില്‍ 2004ല്‍ ഇട്ടിരുന്ന ഒരു സ്‌ക്രീന്‍ ഷോട്ട് തെളിഞ്ഞുവന്നു. റഷ്യന്‍ ഭാഷയില്‍ അഡ്മിനിസ്‌ട്രേറ്റര്‍ക്ക് ഒരു സന്ദേശം ‘എന്റെ പേര് അനെക്‌സിന്‍ എന്നാക്കി മാറ്റണം,എന്ന് സ്‌കോര്‍പ്പോ’

അനക്‌സാണ് പിടിയില്‍! 

ന്യൂ ജഴ്‌സിയിലെ കാര്യാലയത്തില്‍ ഏറെസ് ലിബെര്‍മാന്‍ എന്ന പ്രോസിക്യൂട്ടര്‍ ഡ്രിങ്ക്മാനെതിരായ കുറ്റാരോപണ പട്ടിക തയ്യാറാക്കാന്‍ തുടങ്ങി. 

ജൂണ്‍ 28നു രാവിലെ 8.30. ഡച്ച് പോലീസുമായി യു എസ് രഹസ്യാന്വേഷകര്‍ എത്തി. സിമിലാനെറ്റ്‌സിനെ പിടികൂടി. ബല്‍ജിയത്തിലേക്കുള്ള ഒരു വിനോദസഞ്ചാര ബസിലായിരുന്നു അയാള്‍. അയാളുടെ ഭാര്യയെ പിടികൂടാന്‍ വകുപ്പൊന്നുമില്ലായിരുന്നു. അവര്‍ ഞെട്ടിപ്പോയി. തിരക്കിട്ട് ആരെയൊക്കെയോ ഫോണില്‍ വിളിച്ചുകൊണ്ടിരുന്നു. 

ഡ്രിങ്ക്മാന്‍ ഹോട്ടലിന്റെ മുന്നില്‍ നിന്നും കാര്‍ വിളിച്ച് പിന്‍സീറ്റിലേക്ക് കയറുന്നതെ ഉണ്ടായിരുന്നുള്ളൂ. അയാള്‍ ചെറുത്തുനില്‍ക്കാനൊന്നും പോയില്ല. വളരെ സുഗമമായ ദൗത്യം. 

ജൂലായ് ആദ്യം അന്വേഷകരും വിചാരണ അഭിഭാഷകരും ആംസ്റ്റര്‍ഡാമിലെത്തി. ചോദ്യംചെയ്യലില്‍ ഡ്രിങ്ക്മാന്‍ ഒന്നും വിട്ടുപറഞ്ഞില്ല. പക്ഷേ സിമിലാനെറ്റ്‌സ് പറഞ്ഞുനിര്‍ത്തിയപ്പോള്‍ ഡ്രിങ്ക്മാനെതിരായ തെളിവുകളായി. 

ജൂലായില്‍ ന്യൂജഴ്‌സിയിലെ ഒരു കോടതി ഡ്രിങ്ക്മാനൊപ്പം, അലക്‌സാണ്ടര്‍ കലിനിന്‍ എന്ന ഗ്രിഗടക്കമുള്ള സംഘാംഗങ്ങളെ ചേര്‍ത്ത് കുറ്റം ചുമത്തി. ഗൂഡാലോചനയടക്കമുള്ള കുറ്റങ്ങള്‍. 

അനക്‌സ് എന്ന പേരില്‍ പ്രവര്‍ത്തിച്ചിരുന്നത് ഡ്രിങ്ക്മാനായിരുന്നു എന്നു തെളിയിക്കാനാകുമോ എന്നതാണ് നിര്‍ണായകചോദ്യം. 

ഡ്രിങ്ക്മാന്‍ അന്വേഷകര്‍ക്ക് മുമ്പാകെ കുറ്റസമ്മതം നടത്തിയിട്ടുണ്ട്. എന്നാല്‍ അതൊന്നും കോടതിയില്‍ തെളിവല്ലെന്ന് അയാളുടെ അഭിഭാഷകന്‍ പറയുന്നു. 

കുറച്ച് ആഴ്ച്ചകള്‍ക്കുളില്‍ ഡ്രിങ്ക്മാനെ തങ്ങള്‍ക്ക് വിട്ടുകിട്ടും എന്നാണ് യു എസ് അധികൃതര്‍ കരുതുന്നത്. സ്മിലാനെറ്റ്‌സ് ഇപ്പോള്‍ ന്യൂജഴ്‌സിയിലെ തടവില്‍ വിചാരണ കാത്തു കഴിയുകയാണ്.ഇനിയും പിടികിട്ടാത്ത കലിനിന്‍ റഷ്യയിലെവിടെയോ ആണെന്ന് കരുതുന്നു.

അയാള്‍ക്കും വി കെയില്‍ (ഫെയ്‌സ്ബുക്കിന്റെ റഷ്യന്‍ പതിപ്പ്) ഒരു പുറമുണ്ട്. അയാളുടെ വെബ് വിലാസത്തില്‍ ഇങ്ങനെയൊരു ഉപവാക്യമുണ്ട് ; നിനക്കു പറ്റുമെങ്കില്‍ എന്നെ പിടിക്കാന്‍ നോക്ക്!

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍